കൂടല്ലൂരിലെ കാറ്റും മയ്യഴിയിലെ ഓളങ്ങളും
ഒരു കൈയില്‍ തൂലികയും മറുകൈയില്‍ കത്രികയുമായി കഥ രചിക്കുന്ന മാന്ത്രികനാണ് എം.ടി. എം.ടിയുടെ കഥകളില്‍ നിന്ന് അക്ഷരമൊന്ന് പോലും കൂട്ടിച്ചേര്‍ക്കാനോ എടുത്തുകളയാനോ ആര്‍ക്കുമാകില്ല. ഭാഷയുടെ വിസ്മയങ്ങള്‍ തീര്‍ത്ത കഥാകാരനേക്കാള്‍ പിഴവുകളില്ലാത്ത എഡിറ്ററാണ് അദ്‌ദേഹം. ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ ഊഷ്മളത ഞങ്ങള്‍ക്കിടയിലുണ്ട്.
‘കൂടല്ലൂരിലെ കാറ്റിനെ തേടി മയ്യഴിപ്പുഴയുടെ ഓളങ്ങളില്‍ നിന്നെത്തിയ കഥാകാരന്റെ വാക്കുകളാണിത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ആല്‍ക്കമിസ്റ്റ് ഹേ ഫെസ്റ്റിവല്‍ വേദിയില്‍ മലയാളത്തിന്റെ രണ്ട് മഹാ മേരുക്കള്‍ മനസുകള്‍ പങ്കുവെച്ചു. പിന്നിട്ട വഴികളിലേക്കൊരു തിരനോട്ടമായിരുന്നു അത്. തൂലികത്തുമ്പില്‍ മലയാളിയെ തറച്ചിട്ട രണ്ട് മഹാരഥന്മാര്‍- എം.ടിയും മുകുന്ദനും. മയ്യഴിയുടെ കഥാകാരന്‍ കൂടല്ലൂരിന്റെ ആത്മാവുമായി നടത്തിയ സംഭാഷണം…. പ്രസക്ത ഭാഗങ്ങളിലേക്ക്…
മുകുന്ദന്‍: എന്റെ ഗുരുവാണ് മുമ്പില്‍ ഇരിക്കുന്നത്. ആഴ്ചപ്പതിപ്പില്‍ എന്റെ കഥ തിരഞ്ഞെടുത്ത് അച്ചടിച്ച് എന്നെ എഴുത്തുകാരനാക്കിയ പ്രിയഗുരു. എം.ടി ഏകാന്തനായ കാഥികനാണ്. ആള്‍ക്കൂട്ടത്തില്‍ തനിയെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാള്‍ എങ്ങനെയാണ് എഴുത്ത് തപസ്യയാക്കിയത്?
എം.ടി: എന്റെ തുടക്കത്തെക്കുറിച്ച് ഏറെ മലയാളികള്‍ക്ക് അറിയാം. എങ്കിലും തുടക്കം എപ്പോള്‍ പറഞ്ഞാലും അത് മാറില്ല. എന്റെ രചനകളിലും ആ പശ്ചാത്തലം കടന്നുവരാറുണ്ട്. ഞാന്‍ ഒരു ഗ്രാമത്തിലാണ് ജനിച്ചത്- കൂടല്ലൂര്‍. ഇടത്തരം നായര്‍ കുടുംബത്തില്‍. ഞങ്ങളുടെ തറവാട്ടില്‍ നിന്ന് 6 മൈല്‍ അപ്പുറമായിരുന്നു റയില്‍വേ സ്‌റ്റേഷന്‍. ഞാന്‍ പഠിച്ച സ്‌കൂളിലേക്ക് 6 മൈല്‍ നടക്കണം. പോസ്റ്റ് ആഫീസിലേക്ക് നാലുമൈല്‍ പോകണം. ശരിക്കുപറഞ്ഞാല്‍ പുസ്തകങ്ങളോട് ഇണചേരാന്‍ പ്രയാസമുള്ള കുട്ടിക്കാലമായിരുന്നു അത്. എങ്കിലും വായന ഒരു ഭ്രാന്തായിരുന്നു. അക്ഷരങ്ങള്‍ നിറയ്ക്കുന്ന ഇന്ത്രലോകത്തില്‍ എത്താന്‍ എന്ത് സഹനവും നടത്തിയ കാലം. അന്ന് നാട്ടില്‍ ഇംഗ്‌ളിഷ് പത്രമുള്ളത് ഞങ്ങളുടെ അയല്‍വീട്ടില്‍ മാത്രമാണ്. പോസ്റ്റാഫീസില്‍ തപാല്‍ വഴി മൂന്ന് ദിവസം മുമ്പത്തെ പത്രം എത്തും. നാലുമൈല്‍ നടന്ന് പോസ്റ്റാഫീസില്‍ നിന്ന് അയല്‍പക്കത്തേക്ക് പത്രം എത്തിക്കുന്നത് ഞാനാണ്. ഈ നാലുമൈല്‍ യാത്രക്കിടയിലാണ് ഞാന്‍ പത്രം വായിക്കുക. ആര്‍ത്തിയോടെ പത്രത്തിന് ചുറ്റുമുള്ള കെട്ട് അതീവ ശ്രദ്ധയോടെ അഴിച്ച്, പ്രധാന വാര്‍ത്തകളെല്ലാം വായിച്ചുതീര്‍ക്കും. വീടെത്തും മുമ്പ് പത്രം മടക്കി പഴയപടി കെട്ടിവെക്കും. രമണന്റെ കൈയ്യെഴുത്തു പ്രതി കിട്ടുമെന്നറിഞ്ഞപ്പോള്‍ അതിനുവേണ്ടി വളരെ ദൂരം എന്നെ പറഞ്ഞയച്ചു ഓപ്പ. ഒരു രാത്രി കൊണ്ട് രമണന്‍ മുഴുവന്‍ പകര്‍ത്തിയെഴുതി യഥാര്‍ത്ഥ പ്രതി തിരിച്ചുകൊടുത്തു ഞങ്ങള്‍. ഹൈസ്‌കൂളിലെ ഇടുങ്ങിയ വായനശാലയില്‍ ആകര്‍ഷകമായ പുസ്തകങ്ങള്‍ കുറവായിരുന്നു. എങ്കിലും അവയെല്ലാം വായിച്ചു. വായനയോടുള്ള അടിമപ്പെടലാണ് എന്നെ എഴുത്തുകാരനാക്കിയത്. കടലോളം വായിക്കുമ്പോള്‍ ഒരു കുമ്പിള്‍ വെള്ളത്തോളം എഴുതാം.
കുട്ടികള്‍ വായിക്കണം, പഠിക്കണം, വലിയവനാകണം, ഇതൊന്നും അക്കാലത്ത് (എന്റെ ബാല്യത്തില്‍) മുതിര്‍ന്നവരുടെ ചിന്താമണ്ഡലത്തിലേ വന്നിരുന്നില്ല. രാമായണം തെറ്റില്ലാതെ വായിച്ചാല്‍ എല്ലാമായി എന്ന് ചിന്തിച്ചിരുന്നവരാണ് അവര്‍. കന്നുകാലികളെ കുളിപ്പിക്കാന്‍ പുഴയില്‍ കൊണ്ടുപോകുമ്പോള്‍ കാലികള്‍ നെല്‍ച്ചെടി തിന്നാതെ കൊണ്ടുപോകുന്നവന്‍ മിടുക്കനെന്നും.
ബാലനായ എന്നെ അന്ന് ഏറെ വിസ്മയിപ്പിച്ച ഒരു സംഭവമുണ്ട്. ഒരിക്കല്‍ എനിക്ക് ഒരു മാസിക കിട്ടി. ഏടുകള്‍ മറിച്ച് നോക്കിയപ്പോള്‍ നടുവിലെ നാലുപേജില്‍ അന്നത്തെ പ്രശസ്തരായ എഴുത്തുകാരുടെ ഫോട്ടോകള്‍. തകഴി, കേശവദേവ്, ബഷീര്‍, ചങ്ങമ്പുഴ. അന്ന് ഇതില്‍പ്പരം ആനന്ദം നല്‍കുന്ന മറ്റൊരു കാഴ്ചയില്ലെന്ന് തോന്നി. എല്ലാ ചിത്രങ്ങളും വലിയ കാര്‍ഡ്‌ബോര്‍ഡില്‍ വെട്ടിയൊട്ടിച്ചു. ചുവരില്‍ തൂക്കിയിട്ടു. ഈ ഫോട്ടോകളില്‍ നിന്നാണ് എനിക്ക് അക്ഷരങ്ങളുടെ വരം ലഭിച്ചതെന്ന്‌പോലും അന്ന് ഞാന്‍ വിശ്വസിച്ചു.
മുകുന്ദന്‍: എം.ടി പറയുമ്പോള്‍ അത് മനസില്‍ ചിത്രങ്ങളായി വിരിയുന്നു. കാരണം എനിക്കും സമാനമായ അനുഭവങ്ങളാണുള്ളത്. ഞാനും ഒരു ഗ്രാമത്തിന്റെ പുത്രനാണ്. അന്ന് റേഡിയോ ഇല്ല, ടിവിയില്ല, വൈദ്യുതിയുമില്ല. ചുവരില്‍ തൂക്കിയ റാന്തലിന്റെ ഇരുണ്ട വെളിച്ചത്തിലാണ് അക്ഷരങ്ങളുമായി സൗഹൃദം ആരംഭിച്ചത്. വായന തുടരുമ്പോള്‍ അമ്മ വഴക്കുപറയും. മണ്ണെണ്ണ തീര്‍ന്നുപോയാല്‍ പിന്നെ അടുത്ത മാസം റേഷന്‍ മണ്ണെണ്ണ കിട്ടുംവരെ ഇരുട്ടിലാകും എന്ന പേടിയാണ് അമ്മയ്ക്ക്. രാത്രിയില്‍ വായിച്ച് വായിച്ച് ഞാന്‍ ഉറങ്ങിപ്പോകും. കഥകള്‍ വായിച്ച് കണ്ണുകള്‍ തളര്‍ന്നുറങ്ങുമ്പോഴും നെഞ്ചില്‍ ചേര്‍ന്നു കിടക്കുന്ന പുസ്തകത്താളുകളിലൂടെ ഹൃദയം വായന തുടരും. പുലര്‍ച്ചെ മണ്ണെണ്ണ തീര്‍ന്നിട്ടുമുണ്ടാകും. എന്റെ നോവലുകളിലെ വിഷാദം കൊണ്ടുവന്നത് ബാല്യകാലത്തെ റാന്തലിന് ചുവട്ടിലെ മങ്ങിയ വായനകളാണെന്ന് തോന്നുന്നു.
എം.ടി എന്റെ ഗുരുവാണെന്ന് അവകാശപ്പെടുന്നത് ആഴ്ചപ്പതിപ്പില്‍ എന്റെ കഥ പ്രസിദ്ധീകരിച്ചതുകൊണ്ട് മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിലെയും വിദേശ ക്‌ളാസിക്കുകളിലെയും ഒരുപാട് എഴുത്തുകാരെ എനിക്ക് പരിചയപ്പെടുത്തിയതും എം.ടിയാണ്. എം.ടിയുമായുള്ള ചെറിയ കൂടിക്കാഴ്ചയിലെവിടെയോ ആണ് ഈ പേരുകള്‍ എനിക്ക് വീണുകിട്ടിയത്.
ലോകസാഹിത്യത്തിലൂടെയുള്ള വായന എപ്പോഴെങ്കിലും എഴുത്തില്‍ അനുഗ്രഹമായിട്ടുണ്ടോ?
എം.ടി: സോള്‍ബെല്ലോയെയും മോപ്പസാങിനെയും മറ്റനേകം ലോക കഥാകാരന്മാരെയും ലാറ്റിന്‍ അമേരിക്കന്‍ യൂറോപ്യന്‍ സാഹിത്യവുമെല്ലാം വായിക്കുമ്പോഴും എന്റെ എഴുത്തിന്റെ ഉറവ എന്റെ ജീവിതവും നാട്ടുവഴികളും ബാല്യവും അനുഭവങ്ങളുമാണ്. വിശ്വസാഹിത്യത്തിന്റെ പകിട്ട് എഴുത്തിന്റെ കാര്യത്തില്‍ അരങ്ങിലല്ല, പിന്നാമ്പുറങ്ങളിലെവിടെയോ ആണ്. മുകുന്ദന്‍ എന്തുപറയുന്നു?
മുകുന്ദന്‍: ഒരു അന്താരാഷ്ട്ര കാഴ്ചപ്പാട് എന്റെ എഴുത്തുകളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയില്‍ ഏറെ സ്വാധീനം ചെലുത്തിയ രണ്ട് പ്രധാന എഴുത്തുകാര്‍ മോപ്പസാങും ചെക്കോവുമാണ്. രചനാശൈലിയിലും നാടകീയതയിലും മോപ്പസാങ് നമ്മെ ആകര്‍ഷിച്ചുവെങ്കില്‍ സങ്കീര്‍ണ്ണമായ നിഗൂഢതയാണ് ചെക്കോവിന്റെ കൃതികള്‍ക്ക്. ഞാന്‍ വോട്ട് ചെയ്യുന്നത് ചെക്കോവിനായിരിക്കും. കാരണം, എന്റെ കഥകളില്‍ ഈ നിഗുഢതയുടെ വശ്യത കൊണ്ടുവരാനാണ് എനിക്കിഷ്ടം. ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിന്റെ വശ്യതയിലേക്ക് നടത്തിയ പരീക്ഷണമാണ് ഡല്‍ഹി. അത് വിജയിക്കുകയും ചെയ്തു. എന്താണ് നമുക്ക് നഷ്ടമാകുന്നതെന്നാണ് എം.ടിക്ക് തോന്നുന്നത്? മുമ്പ് ആസ്വദിച്ച ലളിതമായ ജീവിതമാണ് ഇല്ലാതായതെന്നാണ് എന്റെ പക്ഷം.
എം.ടി : പണ്ടത്തെ എഴുത്തുകാരെല്ലാം കഷ്ടപ്പാടുകള്‍ അനുഭവിച്ചവരായിരുന്നു. എഴുതിയ പുസ്തകം സ്വന്തമായി പ്രസിദ്ധീകരിച്ച് കോളേജുകളില്‍ ചെന്ന് വിറ്റിരുന്ന കേശവദേവിനെയും ബഷീറിനെയും കോളേജില്‍ വെച്ച് ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് എഴുത്തുകാരെല്ലാം ദരിദ്രരായിരുന്നു. കാശ് ചോദിക്കുന്നത് അപരാധവും. താന്‍ എഴുതിയ കൃതിക്ക് വള്ളത്തോള്‍ ആദ്യമായി പ്രതിഫലം ചോദിച്ച് വാങ്ങിയപ്പോള്‍ അന്നുണ്ടായ അവഹേളനം ചെറുതായിരുന്നില്ല. ഇന്ന് സ്ഥിതി മാറി.
മുകുന്ദന്‍: ഈയിടെ ഒരു പഴയ ഫോട്ടോ കണ്ടു. ബ്‌ളാക്ക് ആന്‍ഡ് വൈറ്റ്. ബഷീര്‍ കള്ളമുണ്ടുടുത്ത് ഇരുന്ന് മീന്‍ വെട്ടുന്നു. അരികില്‍ എം.ടി. ഇങ്ങനെ ഒരു ചിത്രം ഇപ്പോള്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. വിഖ്യാതനായ എഴുത്തുകാരന്‍ മീന്‍ വെട്ടുന്നു! ഈ ലാളിത്യമാണ് ചോര്‍ന്നുപോയതെന്ന് തോന്നുന്നു. ആധുനികരെന്നാണ് ഞങ്ങളെ നിരൂപകര്‍ വിളിക്കുന്നത്. എനിക്ക് തോന്നുന്നു, ആധുനികത ആരംഭിച്ചത് എം.ടിയില്‍ നിന്നാണെന്ന്.
എം.ടി: ഉള്ളടക്കമാണോ അതോ ശൈലിയാണോ പ്രധാനം എന്നതായിരുന്നു അന്നത്തെ വാദം. സാമൂഹ്യ പ്രസക്തമാകണം സാഹിത്യം എന്നായിരുന്നു മുന്നിട്ട് നിന്നത്. തകഴിയുടെയും കേശവദേവിന്റെയും കൃതികളിലെല്ലാം ഈ സാമൂഹ്യ പ്രസക്തി കാണാം. ഭാഷാ സൗന്ദര്യത്തെപ്പറ്റി അവര്‍ ആകുലരായിരുന്നില്ല. ഞാന്‍ ഭാഷയുടെ താളത്തിനും ശൈലിക്കും കൂടുതല്‍ പ്രാധാന്യം നല്‍കി.
മുകുന്ദന്‍: ദീര്‍ഘദര്‍ശിയായ ഒരു എഴുത്തുകാരനാണ് എം.ടി എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഞാനും പുനത്തിലും (പുനത്തില്‍ കുഞ്ഞബ്ദുള്ള) സേതുവുമെല്ലാം അടുത്ത തലമുറയാണ്. തലമുറകളുടെ അകലമില്ലാതെ ഇരുവരും ചിരിച്ചു. മലയാള സാഹിത്യത്തിന്റെ മുല്ലപ്പൂമണം അവിടെയെങ്ങും പരന്നു.
Recent Comments