ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു
കാണ്‍പൂര്‍: സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ധീരസാന്നിധ്യവും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ) പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി(97) അന്തരിച്ചു. കാണ്‍പുര്‍ മെഡിക്കല്‍സെന്ററില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 11.40 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിനൊപ്പം പക്ഷാഘാതംകൂടിയുണ്ടായതാണ് ആരോഗ്യനില വഷളാക്കിയതും മരണകാരണമായതും. മകളും സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവുമായ സുഭാഷിണി അലി മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
നേരത്തെ നിശ്ചയിച്ചത് പ്രകാരം ഭൗതികദേഹം കാണ്‍പൂര്‍ മെഡിക്കല്‍ കോളേജിന് ദാനം ചെയ്യും. ഉച്ചയ്ക്ക് ശേഷം കാണ്‍പൂരിലെ അവരുടെ പഴയ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് എന്നിവര്‍ ഡല്‍ഹിയില്‍ നിന്നും കാണ്‍പൂരിലേക്ക് തിരിച്ചു. കേന്ദ്രമന്ത്രി വയലാര്‍ രവി ആദരാഞ്ജലി അര്‍പ്പിക്കാനായി ഉച്ചയ്ക്ക് ശേഷം കാണ്‍പൂരിലെത്തും. ചൊവ്വാഴ്ച രാവിലെ മൃതദേഹം പൊതുദര്‍ശനത്തിനായി കാണ്‍പൂരിലെ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റും. തുടര്‍ന്ന് ഉച്ചയോടെ വിലാപയാത്രയായി കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച് മൃതദേഹം കൈമാറും. കണ്ണ് ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കിയിരുന്നതിനാല്‍ കണ്ണുകള്‍ ഇന്ന് ഉച്ചയോടെ നീക്കം ചെയ്തു
കഴിഞ്ഞ 65 വര്‍ഷമായി കാണ്‍പുരിലെ പാവപ്പെട്ടവരുടെ അഭയകേന്ദ്രമായ സ്വന്തം ക്ലിനിക്കില്‍ ബുധനാഴ്ചവരെയും ഡോ. ലക്ഷ്മീസെഹ്ഗാള്‍ പോയിരുന്നു. സുഭാഷ്ചന്ദ്ര ബോസിന്റെ ആശയങ്ങളില്‍ ആകൃഷ്ടയായി, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്ന ഈ ഡോക്ടറെ ലോകമറിഞ്ഞത് ക്യാപ്റ്റന്‍ ലക്ഷ്മി എന്ന പേരിലാണ്.
ഐ.എന്‍.എയുടെ വനിതാ വിഭാഗമായ ഝാന്‍സി റാണി റജിമെന്റിന്റെ ക്യാപ്റ്റനായിരുന്നു ലക്ഷ്മീസെഹ്ഗാള്‍. പക്ഷേ, കാണ്‍പുരിലെ പാവപ്പെട്ടവര്‍ക്കും പണിയാളര്‍ക്കും അവര്‍ ‘മമ്മിജി’യാണ്. പ്രാര്‍ഥനയില്‍ വിശ്വാസമില്ലാത്ത, പ്രവൃത്തിയില്‍ വിശ്വസിക്കുന്ന, മനുഷ്യസ്‌നേഹിയായ ഡോക്ടര്‍. 1998 ല്‍ രാജ്യം അവരെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.
2002 ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചു. ബി.ജെ.പി നോമിനിയായി കലാം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായി ഇടതുപക്ഷം ലക്ഷ്മിയെ മത്സരിപ്പിക്കുകയായിരുന്നു.
പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗമായി 1914 ഒക്‌ടോബര്‍ 24 നായിരുന്നു ജനനം. കോണ്‍ഗ്രസ് തറവാട്ടില്‍ ജനിച്ച ലക്ഷ്മിയില്‍ രാഷ്ട്രീയ ആഭിമുഖ്യം ചെറുപ്പകാലത്ത് തന്നെ പ്രകടമായിരുന്നു. മദിരാശിയിലെ പഠനകാലത്ത് കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകയായി. ലക്ഷ്മിയെ കമ്മ്യൂണിസത്തിലേക്ക് വഴിതിരിച്ചുവിട്ടത് സരോജനി നായ്ഡുവിന്റെ സഹോദരിയായ സുഹാസിനിയും അവരുടെ ഭര്‍ത്താവ് എ.സി നാരായണന്‍ നമ്പ്യാരുമാണ്.
എം.ബി.ബി.എസ് പഠനത്തിന് ശേഷം സിംഗപൂരിലെത്തിയതോടെ അവരുടെ ജീവിതത്തിന് വഴിത്തിരിവായി. 1943 ല്‍ സുഭാഷ് ചന്ദ്രബോസുമായുള്ള കൂടിക്കാഴ്ച അവരുടെ ജീവിതം മാറ്റിമറിച്ചു. ബോസിന്റെ നിര്‍ദേശാനുസരണം ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ ഏകദേശം ആയിരം സ്ത്രീകള്‍ അടങ്ങുന്ന സേനാവ്യൂഹം രൂപവത്കരിക്കപ്പെട്ടു. അതോടെ അവര്‍ ക്യാപ്റ്റന്‍ ലക്ഷ്മിയായി. ഇന്ത്യയുടെ മോചനത്തിനായി പോരാടി.
1945 ആയപ്പോഴേക്കും ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി സഖ്യം പരാജം ഏറ്റുവാങ്ങി. ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള റജിമെന്റ് പിരിച്ചുവിട്ട് നാട്ടിലേക്ക് മടങ്ങാന്‍ സുഭാഷ് ചന്ദ്രബോസ് നിര്‍ദേശിച്ചു. ഇതിനിടയില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ജയില്‍ മോചിതയായ ശേഷം 1947 മാര്‍ച്ച് ഒമ്പതിന് ഐ.എന്‍.എയിലെ സഹപ്രവര്‍ത്തകനായിരുന്ന പ്രേം കുമാര്‍ സൈഗാളിനെ ലക്ഷ്മി വിവാഹം കഴിച്ചു. ഇന്ത്യ വിഭജനത്തോടെ കാണ്‍പൂരിലേക്ക് താമസം മാറി. തുടര്‍ന്നിങ്ങോട്ട് തന്റെ ആസ്പത്രിയിലെത്തുന്ന രോഗികള്‍ക്ക് ആശ്വാസത്തിന്റെ ശുശ്രൂഷകയായി ജീവിതം നീക്കിവെച്ചു. 1971 ലാണ് അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാജ്യസഭയിലും ഇടക്കാലത്ത് ആ ശബ്ദം മുഴങ്ങി. ബംഗ്ലാദേശ് അഭയാര്‍ഥികള്‍ക്കായി കൊല്‍ക്കത്തയില്‍ റിലീഫ് ക്യാമ്പുകളില്‍ ചികിത്സാ സഹായവുമായി അവര്‍ ഓടിയെത്തി.
രണ്ട് പ്രാവശ്യം മദിരാശി അസംബ്ലിയിലേക്കും ഒരു പ്രാവശ്യം ലോക്‌സഭാ അസംബ്ലിയിലേക്കും അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Recent Comments