നാടിന്റെ പ്രാർത്ഥനകളും സ്നേഹവും ഏറ്റുവാങ്ങി ഭാസ്കരൻ തിരികേ ജീവിതത്തിലേക്ക്..
രാജ്യം ഇന്ന് സ്വാതന്ത്രദിനം ആഘോഷിക്കുമ്പോൾ കൂടല്ലൂരിന് പറയാനുള്ളത് ജാതിമതരാഷ്ട്രീയഭേദമന്യേ ഒരു നാട് ഒരുമിച്ചു ഒരു ജീവന് കാവലായ സഹാനുഭൂതിയുടെ ചരിതമാണ്..
ഇരു വൃക്കകളും തകരാറിലായ പുളിക്കപ്പറമ്പിൽ ഭാസ്കരൻ എന്ന വാസുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചെത്തിക്കാനായ ചാരിതാർഥ്യത്തിലാണ് കൂടല്ലൂർ ഗ്രാമം. ഒരു പക്ഷെ മുൻപ് കണ്ടിട്ടില്ലാത്ത വിധം കൂടല്ലൂരിലെ വിവിധ സംഘടനകളും കൂട്ടായ്മകളും കൈമെയ് മറന്നു മുന്നോട്ടിറങ്ങിയപ്പോൾ സമീപ പ്രദേശങ്ങളിൽ നിന്നും മറ്റും സഹായഹസ്തങ്ങൾ ഗ്രാമത്തിലേക്ക് നീണ്ടു.
നവ മാധ്യമ കൂട്ടായ്മയായ കൂടല്ലൂർക്കൂട്ടത്തിൽ നിന്നും തുടക്കം കുറിച്ച സഹായ പ്രവർത്തികൾ പിന്നീട് ജനകീയ കമ്മിറ്റി രൂപീകരിച്ചു ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ വേഗത കൈവരിച്ചു. ഇ. പരമേശ്വരൻ കുട്ടി ചെയർമാനായും ഹാരിഫ് നാലകത്ത് കൺവീനറും ആയി രൂപീകരിച്ചു സമിതി നടത്തിയ പ്രവർത്തനങ്ങൾക്ക് കൂടല്ലൂരിലെ അനേകം വ്യക്തിത്വങ്ങൾ മുന്നോട്ടിറങ്ങി നടത്തിയ പരിശ്രമങ്ങൾ ഊർജ്ജമേകി. കുമ്പിടി എസ്.ബി.ടി.യില്‍ സമിതിയുടെ നേതൃത്വത്തില്‍ അക്കൗണ്ടും തുടങ്ങിയിരുന്നു.
ഏകദേശ ചെലവായ പതിനഞ്ചുലക്ഷം ഒരു വലിയ ദൗത്യമായി മുന്നിൽ നിന്നെങ്കിലും നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും അനേകം പേരാണ് കാരുണ്യപ്രവാഹമായി ഒഴുകിയെത്തിയത്. സ്പർശം, ശിഹാബ് തങ്ങൾ റിലീഫ് സെൽ, കെ.എം.സി.സി, ഡി. വൈ. എഫ്.ഐ, യൂത്ത് കോൺഗ്രസ്, ജവഹർ ബാല ജന വേദി, ആനക്കര സർവ്വീസ് സഹകരണ ബാങ്ക്, റാസ് അൽ ഖൈമ മസ്ജിദ് തഖ്വ കമ്മിറ്റി തുടങ്ങീ ഒട്ടേറെ സംഘടനകളും സ്ഥാപനങ്ങളും ചികിത്സാസഹായത്തിൽ പങ്കു ചേർന്നു. ഇതിനു പുറമെ പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ച സഹായവും പിന്തുണയും ഏറെയാണ്.
പല സ്ഥാപനങ്ങളിലെയും ജോലിക്കാർ തങ്ങളുടെ ഒരു ദിവസത്തെ വേതനം ഈ സദ്പ്രവർത്തിക്കായി മാറ്റിവെക്കുന്നത് നാം കണ്ടു. അരുണോദയം വായനശാല, ഫിഫാ കൂടല്ലൂർ, ലോർഡ്സ് ക്ലബ് തുടങ്ങിയ കലാകായിക സാംസ്കാരിക സംഘടനകളും ഈ ഉദ്യമത്തിന്റെ ഭാഗമായി.
പ്രദേശത്തെ വിദ്യാലങ്ങളിൽ നിന്നു കുട്ടികൾ പിരിച്ചെടുത്ത തുക പുതു തലമുറയിൽ നിന്നും ഒട്ടേറെ പ്രതീക്ഷക്കു വക നൽകുന്നതായിരുന്നു. കുട്ടികളുടെ ചെറു സംഘങ്ങൾ വരെ ഇതിനു വേണ്ടി തങ്ങളുടെ പോക്കറ്റ് മണി മാറ്റി വെച്ചു.
നാട്ടുകാർ ഏറ്റെടുത്ത ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നല്ലൊരു തുക സ്വരൂപിക്കാൻ കൂടല്ലൂർക്കൂട്ടത്തിനു കഴിഞ്ഞു. ഓട്ടോ ഡ്രൈവേഴ്സ് യൂണിയനും വിവിധ സംഘടനകളും കൂട്ടത്തിന്റെ ഉദ്യമത്തിൽ പങ്കു ചേർന്നു. ചികിത്സസഹായ ചർച്ചകൾക്കും ഏകോപനത്തിനും മറ്റും കൂടല്ലൂർക്കൂട്ടം വേദിയായി. തൃത്താലപ്പെരുമ, തൃത്താലക്കൂട്ടം, തൃത്താല മനസ്സ് തുടങ്ങിയ കൂട്ടായ്മകളും തങ്ങളുടേതായ സാന്നിധ്യം അറിയിച്ചു. മിംസ് ആശുപത്രിയിലെ ചികിത്സാ ചിലവിൽ നിന്നും പത്തു ശതമാനം ആനുകൂല്യം നേടിയെടുക്കാനും ചില വ്യക്തികളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകൾക്കു സാധിച്ചു.
ഒരു നാടിന്റെ പ്രാർത്ഥനയും സ്നേഹവും ഏറ്റുവാങ്ങി ഇക്കഴിഞ്ഞ ആഗസ്ത് ഒന്‍പതിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഭാസ്കരൻ ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ.
വീണ്ടും സഹായങ്ങളുമായി മുന്നോട്ടു വരുന്ന പല സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ
തുടങ്ങി വെച്ച ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യപ്രാപ്തിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ജനകീയ സമിതി.
കൂടല്ലൂർക്കാർ ഈ ഒത്തൊരുമയിൽ നിന്ന് അനുഭവിച്ചറിഞ്ഞ ഐക്യവും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഇവിടത്തെ നാട്ടുകാർ. മതനിരപേക്ഷതയും സഹിഷ്ണുതയും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും മാതൃകയായി മാറിയ കൂടല്ലൂരിലെ സുമനസ്സുകൾക്കു ഒരിക്കൽ കൂടി സ്വാതന്ത്രദിനാശംസകൾ !!
Recent Comments