തീ അണയാത്ത മൂശ

Akkitham and MT

എം.ടി. വാസുദേവന്‍നായര്‍

എന്നില്‍ കവിയായി ജനിച്ച്, മനുഷ്യനായി വളര്‍ന്ന്, ജ്യേഷ്ഠസഹോദരനായി മാറിയ അക്കിത്തത്തിന്റെ വളര്‍ച്ചയും പരിണാമദശകളും നിള നോക്കിനില്ക്കുന്ന കൗതുകത്തോടെയും ആരാധനയോടെയും കണ്ടുനിന്നവനാണ് ഞാന്‍. പുഴ വറ്റുന്നു. പക്ഷേ, അക്കിത്തത്തിന്റെ മനസ്സില്‍ കവിതയും കാരുണ്യവും വറ്റുന്നില്ല. അത് എന്നും ഒരു പുണ്യംപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. കവിതയിലും ജീവിതത്തിലും നന്മയെ ഉപാസിക്കുകയും ഉജ്ജീവിപ്പിക്കുകയും ചെയ്ത ഈ മനുഷ്യന്‍ എന്റെ മനസ്സില്‍ കുടിയിരിക്കാന്‍ തുടങ്ങുന്നത് 1942 മുതലാണ്. അന്ന് ഞാന്‍ കുമരനല്ലൂര്‍ ഹൈസ്‌കൂളില്‍ ‘ഫസ്റ്റ്‌ഫോമി’ല്‍ ചേര്‍ന്നപ്പോള്‍ അക്കിത്തം അവിടെ പത്തിലോ പതിനൊന്നിലോ പഠിക്കുന്നു. അനിയന്‍ അക്കിത്തം വാസുദേവന്‍ എന്റെ ക്ലാസിലും. എന്റെ ജ്യേഷ്ഠന്‍ അക്കിത്തത്തിന്റെ മനയ്ക്കല്‍ നിത്യസന്ദര്‍ശകനാണ്. അവിടെ പത്തായപ്പുരയില്‍ അടുക്കായി വച്ചിരിക്കുന്ന പുസ്തകമായിരുന്നു ലക്ഷ്യം. ക്രമേണ ഞാനും മനയിലെ ഗ്രന്ഥപ്പുരയില്‍ വായനയുടെ ലോകം കണ്ടു. എത്രയെത്ര ഗ്രന്ഥങ്ങള്‍! ഭാരതീയസംസ്‌കൃതിയുടെ ഈടുവയ്പുകളായ മഹാഗ്രന്ഥങ്ങള്‍ തുടങ്ങി നവീനാശയങ്ങള്‍ വെളിച്ചംപകരുന്ന ആധുനിക പുസ്തകങ്ങള്‍ വരെ. അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ഒരു ലോകം. ഒഴിവുകാലത്ത് ഒരഭയകേന്ദ്രംതന്നെയായി അവിടം. ഓരോ തവണയും പത്ത് പുസ്തകമെടുക്കും. എന്റെ വായനയെയും എഴുത്തിനെയും കരുപ്പിടിപ്പിക്കാനുള്ള ഊര്‍ജ്ജസംഭരണിപോലെ ആ പുസ്തകകോശം ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്.

എസ്.എസ്.എല്‍.സി. കഴിഞ്ഞ ഞാന്‍ ചെറുമാസികകളില്‍ എഴുതാന്‍ തുടങ്ങിയപ്പോഴും സാഹിത്യസംബന്ധിയായ സംശയങ്ങളും അന്വേഷണവുമായി സമീപിച്ചത് അക്കിത്തത്തെയാണ്–അധ്യാപകരെപ്പോലും കാണിക്കാതെ വച്ചിരുന്ന എന്റെ എഴുത്തുകളെക്കുറിച്ചുള്ള അ’ിപ്രായമറിയാനും ആശ്രയിച്ചത് മറ്റാരെയുമല്ല. അക്കിത്തം മനയിലില്ലെങ്കില്‍ പ്രസിദ്ധീകരിച്ചവ അവിടെവച്ച് പോരും. അദ്ദേഹം വന്ന് അത് വായിച്ച് ഒരറ്റത്ത് കുറിപ്പെഴുതും. എല്ലാം പ്രോത്സാഹജനകമായ ആശയങ്ങള്‍. നിരൂപണമോ വിമര്‍ശമോ, ഉപദേശമോ പതിവില്ല–എഴുത്തിന്റെ വിസ്മയത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്ന മാര്‍ഗരേഖകള്‍ മാത്രം. സ്‌കൂളിലും പുറത്തും അക്ഷര ശ്ലോക മത്സരങ്ങള്‍ ഏറെ നടന്നിരുന്ന കാലം. സമ്മാനം നേടാനുള്ള വഴിയില്‍ മുള്ളുപോലെ ഉടക്കിനിന്ന ‘ണ’ വച്ച് തുടങ്ങുന്ന ശ്ലോകം വേണം. വഴിയില്‍ അക്കിത്തം നില്ക്കുന്നു.

‘എന്താ വാസു?’ ‘ണ’ വച്ചൊരു ശ്ലോകം. ‘ണ’യില്‍ തെളിഞ്ഞ ശ്ലോകം–സ്രഗ്ദ്ധരയിലായിരുന്നുവോ? എന്റെ ‘ശോക’ത്തില്‍നിന്ന് ജനിച്ച അക്കിത്തത്തിന്റെ ശ്ലോകത്തില്‍ സമ്മാനം സാഹ്ലാദമായി വിരിഞ്ഞു.

1946-ല്‍ ആദ്യകൃതിയായി വന്ന ‘വീരവാദം’, ‘വിജിഗീഷുവായ്ശ്ശീര്‍ഷം’ പൊക്കി നിന്നിടുമെന്നും ഗജതുല്യമെന്നന്തര്‍ നിഷ്ഠതന്‍ സഹിഷ്ണുത’ എന്ന് സത്യത്തിന്റെ വീരവാദം മുഴക്കിയത് സാമൂഹിക നീതിബോധവും മാമൂല്‍ നിഷേധവും ഉച്ചത്തിലുണര്‍ത്താനായിരുന്നു.

”ഇച്ചത്ത യാഥാസ്ഥിതികത്വ സിംഹം
ഗര്‍ജിക്കുമെന്നോര്‍ത്തു പരുങ്ങിടാതെ
പുറത്തിറങ്ങീടുക ജന്മസൗഖ്യം
തിരിഞ്ഞു നമ്പൂതിരി കന്യകേ നീ”
എന്ന് ആഹ്വാനം ചെയ്ത ‘ഋതുമതിയുടെ മുമ്പില്‍’ എന്ന കവിത ഈ സമാഹാരത്തിലെയാണ്. ‘കരിഞ്ചന്ത’, ‘കോവിലിലേക്ക്’ തുടങ്ങിയ മറ്റു കവിതകളില്‍ ചിലതെല്ലാം അന്നുതന്നെ ചര്‍ച്ചാവിഷയമായതോര്‍ക്കുന്നു. അന്നത്തെ സാമൂഹികപരിഷ്‌കരണസംരംഭത്തിന്റെ പ്രധാന കര്‍മ്മരംഗമായ നാടകപ്രസ്ഥാനത്തിന് രചനയും അഭിനയവും സംഘടനാ പ്രവര്‍ത്തനവുമായി ഏറെ സംഭാവന അക്കിത്തത്തില്‍നിന്നുണ്ടായി. എം.ആര്‍.ബി.യുടെ ‘മറക്കുട’യ്ക്കുള്ളിലെ മഹാനരകത്തിലെ അന്തര്‍ജ്ജന വേഷത്തില്‍ അക്കിത്തം പ്രത്യക്ഷപ്പെട്ടത് ഓര്‍മ്മയിലുണ്ട്. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’യില്‍ അക്കിത്തം ശ്രീധരന്‍നായരായിരുന്നു. വി.ടി.യും ഇടശ്ശേരിയും പി.സി.യും അക്കിത്തത്തിലൂടെയാണ് എന്നില്‍ കടന്നുവരുന്നത്. പൊന്നാനി കലാസമിതിയും തുടര്‍ന്ന് മലബാര്‍ കേന്ദ്രകലാസമിതിയും കാഴ്ചവച്ച സാഹിത്യയത്‌നങ്ങള്‍ ചരിത്രമാണ്. എസ്.കെ. പൊറ്റെക്കാട്ടും പി.സി.യും കെ.ടി. മുഹമ്മദും തിക്കോടിയനും അന്ന് അക്കിത്തത്തോടൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരാണ്. കോളേജ് പഠനം കഴിഞ്ഞ് പട്ടാമ്പിയില്‍ താത്കാലികാടിസ്ഥാനത്തിലുള്ള അധ്യാപകജോലിക്കുശേഷം ഞാന്‍ എം.ബി. ട്യൂട്ടോറിയല്‍ നടത്തിയിരുന്ന പാലക്കാട്ടെ മൂസ്സതിനെ ചെന്നുകണ്ടു. കൈയില്‍ അക്കിത്തത്തിന്റെ കത്തുണ്ടായിരുന്നു. അങ്ങനെ ട്യൂട്ടോറിയല്‍ അധ്യാപനവും ഗൈഡെഴുത്തും, ‘മലയാളി’ ദൈ്വവാരിക പ്രവര്‍ത്തനവുമായി കഴിയാന്‍ തുടങ്ങി. അതിനുശേഷമാണ് ‘മാതൃഭൂമി’യില്‍ ചേരുന്നത്. അന്ന് ആകാശവാണിയില്‍ ജോലി ചെയ്യുകയാണ് അക്കിത്തം. കുറച്ചുമാസം ഞങ്ങളൊന്നിച്ച് ഒരു ലോഡ്ജില്‍ താമസിച്ചു. നിലത്ത് പായ വിരിച്ചു കമിഴ്ന്നു കിടന്നാണ് അന്ന് അക്കിത്തത്തിന്റെ എഴുത്ത്. ചിലപ്പോളിത് പുലര്‍ച്ചവരെ നീളും. പിറ്റേന്ന് വായിച്ചുതരും. ഘനഗംഭീരമായ ആ ശബ്ദത്തിന്റെ മുഴക്കം കവിതയുടെ അന്തര്‍നാദം വിടര്‍ത്തും. ആ കവിതകള്‍ പലതും എനിക്ക് മനഃപാഠമാണ്. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ‘ബലിദര്‍ശനം, ‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’, ‘വെണ്ണക്കല്ലിന്റെ കഥ’ എന്നീ കാവ്യങ്ങള്‍ ഇന്നും എനിക്ക് പ്രചോദനമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എ.എന്‍.എ. എന്ന പേരില്‍ അക്കിത്തം എഴുതിയ പുസ്തകനിരൂപണം ഏറെ ശ്രദ്ധേയമായിരുന്നു. അഴീക്കോടിന്റെ രമണനും ചങ്ങമ്പുഴക്കവിതയും എന്ന ഗ്രന്ഥത്തിന് ‘ചങ്ങമ്പുഴയുടെ കീര്‍ത്തിതല്പം’ എന്നപേരില്‍ എഴുതിയ നിരൂപണം ചങ്ങമ്പുഴക്കവിതയെ സൂക്ഷ്മതലത്തില്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നു. ഇത് പ്രശംസയോ ഖണ്ഡനവിമര്‍ശനമോ അല്ല–ഒരുതരം അനാലിസിസ്. ‘മംഗളോദയ’ത്തില്‍ വന്ന തൂലികാചിത്രങ്ങള്‍ ശക്തിസൗന്ദര്യത്താല്‍ ശ്രദ്ധേയമായി. നാടോടിപ്പാട്ടുകള്‍, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കവിയുടെ സം’ാവനയുണ്ട്. പി. കുഞ്ഞിരാമന്‍ നായര്‍ പറയുമ്പോലെ അക്കിത്തത്തിന്റെ മൂശയിലെന്നും ഒരു കവിതയുടെ കനല്‍ക്കട്ടയുണ്ട്. തീ അണയാത്ത ഈ മൂശയില്‍നിന്ന് മനുഷ്യസ്‌നേഹവും നന്മയും കവിതയുടെ ലാവണ്യരൂപമായി ഉരുത്തിരിയുന്നു. തീക്ഷ്ണമായ സെന്‍ഷ്വല്‍ ലൗ പ്രകാശിപ്പിക്കുകയാണ് ‘മധുവിധു’വിലെ കവിതകള്‍. ദാമ്പത്യത്തിന്റെ മാധുര്യവും വികാരവായ്പും പ്രേമത്തിന്റെ തീവ്രതയും കാല്പനികതയ്ക്കപ്പുറം ചെന്നെത്തുന്ന മറ്റെന്തോ ആയി മാറുന്നത് കവിയുടെ ആത്മപ്രഹര്‍ഷത്തിന്റെ അനുഭവമേഖലയില്‍നിന്നുതന്നെ ലൗകികതയുടെ സാന്ദ്രാനന്ദമായിത്തീരുന്ന ‘മധുവിധു’ക്കവിതകളില്‍ ഭടന്റെ ശാപം, മധുവിധു, നിന്റെ നിറം തുടങ്ങിയവ ഇന്നും ഓര്‍മ്മയിലുണ്ട്. ഈ കൃതിയില്‍ തരിക്കുന്ന ജ്വാലയുടെ തീക്ഷ്ണത കെടാത്ത ഭൗമികപ്രണയത്തിന്റെ കാമവും കമനീയതയുമാണ്. പലരും ചൂണ്ടിക്കാട്ടുംപോലെ ചങ്ങമ്പുഴയുടെ സ്വാധീനത്തില്‍നിന്നല്ല, ആത്മനിഷ്ഠമായ അനുഭൂതിസങ്കല്പനങ്ങളില്‍നിന്നുതന്നെയാവണം ഈ രചനയുടെ പിറവി.

രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലോ ആത്മീയസത്യങ്ങളിലോ ഒരാള്‍ വിശ്വസിക്കുന്നതിനും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനും അടിസ്ഥാനപരമായ കാരണം ഒന്നുതന്നെ–മനുഷ്യസ്‌നേഹം. സജീവ രാഷ്ട്രീയാംശമുള്‍ക്കൊണ്ട് വളന്റിയര്‍കാരനായും മറ്റും അക്കിത്തം പ്രവര്‍ത്തിച്ചിരുന്നു. മനുഷ്യരാശിയെച്ചൊല്ലിയുള്ള ഉത്കണ്ഠയും വേദനയും വെമ്പലുമാണ് മനുഷ്യനെ തപസ്വിയോ വിപ്ലവകാരിയോ ആക്കുന്നത്. അഹിംസാത്മകമായ മാര്‍ക്ഷത്തില്‍ ചരിക്കാനാണ് അക്കിത്തം സ്വയം നിയോഗിക്കപ്പെടുന്നത്. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ ഇതിന്റെ മൂര്‍ത്തചിത്രം തന്നെ. എന്നാല്‍ അക്കിത്തത്തിന്റെ കവിഹൃദയത്തില്‍ വന്ന പരിവര്‍ത്തനസ്വഭാവത്തിന്റെ നിദര്‍ശനമാണിതെന്ന് ചൂണ്ടിക്കാട്ടുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. അക്കിത്തം അന്നും ഇന്നും ഒരാള്‍തന്നെ. ഒരു മാറ്റവും ആ ജീവിതത്തിന്റെയോ കാവ്യത്തിന്റെയോ ദര്‍ശനത്തില്‍ വന്നണഞ്ഞതായി എനിക്ക് അനുഭവപ്പെടുന്നില്ല. എന്നെ വാസുവെന്ന് വിളിച്ച് എന്തും കല്പിക്കാനുള്ള അധികാരം ഈ ജ്യേഷ്ഠസഹോദരനുണ്ട്.

പ്രത്യയശാസ്ത്രങ്ങളും മാര്‍ക്ഷങ്ങളും, വിതച്ച ജീവിതത്തിന്റെ വൈതരണികളില്‍ അഹിംസയും നന്മയും മാനവികതയും വിരിയിച്ചെടുക്കുന്ന അക്കിത്തം ജന്മനാ കവിയാണ്. ആത്മാന്വേഷണത്തിന്റെ വഴിയില്‍ മിഴിനീരുറഞ്ഞുണ്ടാകുന്നതാണ് അക്കിത്തത്തിന്റെ കല. അക്കിത്തത്തിന്റെ ഭാഗവത വിവര്‍ത്തനം വലിയ സംഭാവനയാണ്. ഭാരതീയചിന്തയുടെയും ജ്ഞാനത്തിന്റെയും തപസ്യ ഇതിന്റെ പിന്നിലുണ്ട്. ഗുരുവും ശിഷ്യനും–ഇടശ്ശേരിയും അക്കിത്തവും–മനുഷ്യനെയും അവന്റെ നൊമ്പരത്തെയും സ്വന്തം മണ്ണടരില്‍നിന്ന് തേടിയെടുത്തവരാണ്. അവരുടെ ‘മനുഷ്യരുടെ’ ചൂടും ചൂരും മണ്ണിന്റെയാണ്. നിളയൂട്ടുന്ന മാനവികസംസ്‌കൃതി കാലത്തിലൂടെ ഒഴുകുന്നു. നിളയുടെ നീളമേറുകയാണ്–അതിന്റെ തീരഭൂമികകളില്‍ പുതിയ പച്ചപ്പുകള്‍ അവശേഷിപ്പിച്ചുകൊണ്ട്.

അവലംബം: തിരഞ്ഞെടുത്ത കവിതകള്‍ അക്കിത്തം
[hr]Summary in English: M.T. Vasudevan Nair Nostalgic Moments Spent with Akkitham M.T. Vasudevan Nair knew Akkitham Achuthan Namboothiri when he was in first form at Kumaranelloor in 1942. Akkitham was then in Std. 10th or 11th and his younger brother Akkitham Vasudevan was with him. For M.T. Akkitham was his inspiration in writing. M.T. Vasudevan Nair has many nostalgic moments to share with his readers. On Akkitham’s 88th birthday, M.T. shares many of his experiences with the readers.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *