വാഹനം തടഞ്ഞുനിര്‍ത്തി; രോഗി മരിച്ചു
ആനക്കര: നെഞ്ചുവേദനകൊണ്ട് പുളഞ്ഞ രോഗിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കാര്‍ ചിലര്‍ ആനക്കര സെന്ററില്‍ തടഞ്ഞുനിര്‍ത്തിയതായി പരാതി. തുടര്‍ന്ന്, ആസ്പത്രിയിലെത്തും മുമ്പേ രോഗി ഹൃദയാഘാതംമൂലം മരിച്ചു. വ്യാഴാഴ്ചനടന്ന ഈ സംഭവത്തിന്റെ പേരില്‍ വെള്ളിയാഴ്ച ആനക്കരയില്‍ സംഘര്‍ഷമുണ്ടായി.
കൂടല്ലൂര്‍ ഇടപ്പറമ്പില്‍ മുഹമ്മദാലിയെയാണ് (53) നെഞ്ചുവേദനയെത്തുടര്‍ന്ന് കാറില്‍ മുന്‍വശത്തെ ലൈറ്റ് തെളിയിച്ച് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. എടപ്പാളിലേക്ക് കൊണ്ടുപോകുംവഴി ചിലര്‍ ആനക്കര അങ്ങാടിയില്‍ വണ്ടി തടഞ്ഞുനിര്‍ത്തുകയായിരുന്നെന്നാണ് പരാതിയുയര്‍ന്നത്.
ലൈറ്റിട്ടുവരുന്ന കാര്‍ കുമ്പിടിയിലെ വാഹനത്തില്‍ത്തട്ടി നിര്‍ത്താതെ വരികയാണെന്നും തടയണമെന്നും കുമ്പിടിയിലുള്ള ഒരാള്‍ ആനക്കരയിലെ ചിലരെ ഫോണില്‍വിളിച്ച് ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ നമ്പറുകളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ആനക്കരയില്‍ വാഹനം തടഞ്ഞവരോട് കാറിലെ രോഗിയെ ചൂണ്ടിക്കാട്ടി വണ്ടിവിടാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍, ജനക്കൂട്ടം പലവിധത്തില്‍ പ്രതികരിച്ചു. ചിലര്‍ വാഹനത്തിനുമുന്നില്‍നിന്ന് ആളെ വലിച്ചുമാറ്റാന്‍ ശ്രമിച്ചു. മറ്റു ചിലര്‍ വാഹനത്തില്‍ ഇടിച്ചും വാഹനത്തിലുള്ളവരെ അസഭ്യം പറഞ്ഞും പ്രശ്‌നം രൂക്ഷമാക്കി.
കാറിലിരുന്ന ഒരാളെ പുറത്തിക്കി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. തുടര്‍ന്ന്, ജനങ്ങളില്‍ ചിലര്‍തന്നെ ഇയാളെ മറ്റൊരു വാഹനത്തില്‍ക്കയറ്റി കാറിന് പിറകെ ആസ്പത്രിയിലേക്ക് പറഞ്ഞയച്ചു.
വാഹനവുമായി ഡ്രൈവര്‍ രോഗിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും പത്തുമിനിട്ട് മുമ്പ് രോഗിക്ക് ഹൃദയാഘാതമുണ്ടായെന്നും നേരത്തെ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞെന്ന് മരിച്ചയാളുടെ ബന്ധുക്കള്‍ പറഞ്ഞു. കൂടല്ലൂര്‍ക്കാരായ നാട്ടുകാരും മരിച്ചയാളുടെ ബന്ധുക്കളും ഇക്കാര്യമുന്നയിച്ച് വെള്ളിയാഴ്ച ആനക്കരയില്‍ എത്തി. തടഞ്ഞിട്ടവരെ ആനക്കരയില്‍ ഇവര്‍ തിരയാന്‍ തുടങ്ങിയതോടെ സംഘര്‍ഷവും തുടങ്ങി. സംഭവമറിഞ്ഞെത്തിയ പോലീസ് ഇരുവിഭാഗത്തെയും ശാന്തരാക്കി. പ്രശ്‌നം നിയമപരമായി പരിഹരിക്കുമെന്ന് പോലീസ് ഉറപ്പുനല്‍കി.
ആയിഷക്കുട്ടിയാണ് മുഹമ്മദാലിയുടെ ഭാര്യ. മക്കള്‍: റെജീന, റഫീക്ക്, റഹീന, റാഷിദ്.
മരുമകന്‍: മന്‍സൂറലി.
Recent Comments