പുസ്തകവും വായനയും മരിക്കാതെ നിലനിര്‍ത്തുന്നത് മലയാളികളാണ് ; എം.ടി
ലോക സാഹിത്യത്തിന്റെ ആത്മാവ് തൊട്ടറിയുന്നതിന് അന്യഭാഷകള്‍ സ്വായത്തമാക്കുന്നവരാണ് മലയാളികളെന്ന് എം.ടി. വാസുദേവന്‍നായര്‍ . ബംഗാളി, മറാഠി ഭാഷകളിലെ കൃതികള്‍ മലയാളത്തിലേക്ക് ഒന്നിലേറെ തവണ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നത് മലയാളികളുടെ സാഹിത്യ പ്രേമത്തിന്റെ നേര്‍സാക്ഷ്യമാണ്. ബംഗാളി സാഹിത്യകാരന്‍ ശരത്ചന്ദ്ര ബാനര്‍ജി മലയാളിക്ക് സുപരിചിതനായി മാറിയത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ എംടി: ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസം എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു കൃതി വായിച്ച ശേഷം മറ്റുള്ളവര്‍ക്ക് കൈമാറാനായി അതു പകര്‍ത്തിയെഴുതുന്ന ശീലം കൊണ്ടുനടന്നിരുന്ന വീട്ടമ്മമാരുണ്ടായിരുന്ന നാടാണ് കേരളം.
ഒരു രൂപ വിലയുണ്ടായിരുന്ന ചങ്ങമ്പുഴയുടെ കാവ്യപുസ്തകമായ രമണന്റെ ആയിരക്കണക്കിന് കോപ്പികള്‍ വാങ്ങിയിരുന്നത് സാധാരണക്കാരായ തൊഴിലാളികളായിരുന്നു. ചങ്ങമ്പുഴ ക്ഷയ രോഗബാധിതനായി കിടക്കുന്നു എന്ന വാര്‍ത്തയറിഞ്ഞ് ഇതേ വായനക്കാര്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് സ്വരുക്കൂട്ടിയ ചെറു തുകകള്‍ മണിയോര്‍ഡറുകളായി പ്രിയപ്പെട്ട കവിക്ക് അയച്ചുകൊടുത്തു. ഈ മണിയോര്‍ഡറുകള്‍ കൈകാര്യം ചെയ്യാനായി പുതിയ തപാല്‍ ഓഫിസ് തുറന്ന സാഹചര്യം പോലും അവിടെയുണ്ടായി. പുസ്തകം മരിക്കുന്നുവോ എന്ന ആശങ്കയ്ക്ക് കാലപ്പഴക്കമുണ്ട്. 1968ല്‍ ഇതേ വിഷയത്തില്‍ ഒരു പുസ്തകം പോലും ഇറങ്ങുകയുണ്ടായി. അതില്‍ ലോകത്തെ പ്രമുഖ എഴുത്തുകാര്‍ ലേഖനങ്ങളിലൂടെ തങ്ങളുടെ ആശങ്കകള്‍ പങ്കിട്ടു. ഇത്തരത്തില്‍ ആശങ്കകള്‍ ഉയരുമ്പോഴെല്ലാം, പുസ്തകവും വായനയും ശക്തമായി തിരിച്ചുവരികയാണുണ്ടായത്.
ലോക ഭാഷയെയും പുസ്തകങ്ങളെയും കുറിച്ച് എപ്പോഴും ഉത്കണ്ഠ പുലര്‍ത്തുന്നവരാണ് മലയാളികള്‍. പുസ്തകവും വായനയും മരിക്കാതെ നിലനിര്‍ത്തുന്നത് ഇവരാണെന്നും എം.ടി.പറഞ്ഞു. ലോകത്തിന്റെ ഏതുകോണിലായിരുന്നാലും ,അക്ഷരങ്ങളെയും ,പുസ്തകങ്ങളെയും നെഞ്ചോടു ചേര്‍ത്തുപിടിക്കാനുള്ള മലയാളിയുടെ മഹാമനസ്‌കതയുടെ പുണ്യമാണ് വായന ശക്തിയുക്തമായി മുന്നോട്ടു പോകുന്നതിന്റെ പ്രധാന കാരണം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എന്റെ കുട്ടിക്ക് മാതൃഭാഷ അറിയാം എന്നത് അഭിമാനമായി കരുതുന്ന ഒരു ജനതയായി മലയാളി വളര്‍ന്നതിനെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
അടുത്ത കാലത്ത് മലയാളത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ മരണം. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. അതുകൊണ്ടുതന്നെ വലിയൊരു കൂട്ടം വായനക്കാരെ മരിക്കും വരെ തന്നോട് ചേര്‍ക്കാന്‍ പുനത്തിലിന് സാധിച്ചു. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ഓര്‍മകളുടെ ഭ്രമണപഥം എന്ന പുസ്തകം പ്രവാസി വ്യവസായി സോഹന്റോയിക്ക് നല്‍കി എം.ടി പ്രകാശനം ചെയ്തു.
Recent Comments