സാഹിത്യത്തിന്റെ നാലുകെട്ടില്‍ കാരണവന്‍മാരുടെ സംഗമം
തൃശൂര്‍: സാഹിത്യ അക്കാദമിയുടെ മരച്ചുവടുകളില്‍ സൌഹൃദത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ദിനങ്ങളുമായി നാലുകെട്ട്. മലയാളിയുടെ വായനയുടെ ചരിത്രത്തിലെ സുവര്‍ണ ബിന്ദുവായ നാലുകെട്ട് എന്ന നോവലിന്റെ അന്‍പതാം വാര്‍ഷികാഘോഷം നടക്കുന്ന അക്കാദമി വളപ്പില്‍ ഉത്സവഛായയാണ്. നാലുകെട്ടിന്റെ കഥാകാരനായ എം. ടി. വാസുദേവന്‍ നായരുടെ സാന്നിധ്യം അവിടെ വാക്കുകളിലും വരകളിലും നിറയുന്നു. നമ്പൂതിരി വരച്ച നാലുകെട്ട് ചിത്രങ്ങള്‍ നോവലിലേക്ക് ചിത്രങ്ങളിലൂടെ നടത്തുന്നൊരു യാത്രയാണ്.
കേരളത്തിലെ നാലുകെട്ടുകളുടെ അന്‍പതോളം ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഗൃഹനിര്‍മാണത്തിന്റ അത്ഭുതലോകത്തേക്കു പോലും നാലുകെട്ട് എന്ന നോവല്‍ വഴി തുറക്കുന്ന മാസ്മരിക കാഴ്ചയാണിത്. വിനയനാണ് ഫൊട്ടോഗ്രഫര്‍. നാലുകെട്ടിന്റെ വിവിധ ഭാഷയിലെ പതിപ്പുകള്‍ പ്രദര്‍ശനത്തിനുണ്ട്. പുതിയ പതിപ്പ് വില്‍പ്പനയ്ക്കുണ്ട്. ചിമ്മിനിവെളിച്ചത്തിലിരുന്ന് നാലുകെട്ട് വായിച്ചതിന്റെ സ്മരണയുമായാണ് എം. മുകുന്ദന്റെ അധ്യക്ഷപ്രസംഗം തുടങ്ങിയത്.
മണ്ണെണ്ണക്ഷാമം കാരണം വിളക്കണയ്ക്കാന്‍ അമ്മ പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ടും മണ്ണെണ്ണ തീരും വരെ വായിച്ചു. വെളുപ്പിന് മൂന്നിന് വിളക്കു കെടുമ്പോള്‍ നോവലിലെ ഏതാനും പേജുകള്‍ ബാക്കിയായിരുന്നു. സൂര്യനുദിച്ച ഉടനെ അതും തീര്‍ത്തുവെന്ന് മുകുന്ദന്‍ പറഞ്ഞു. പുനര്‍വായനയുടെ സുഖത്തിനായി പലരും വീണ്ടും നാലുകെട്ട് അന്വേഷിക്കുന്നുണ്ടായിരുന്നു. അക്കാദമി അങ്കണം ഏറെക്കാലത്തിനു ശേഷം സാഹിത്യകാരന്മാരുടെ പൊതുവേദിയായി. മിക്കപ്പോഴും ഒരു യോഗത്തിനായി പലപ്പോഴായി എത്തി പിരിഞ്ഞു പോകുകയാണ് പതിവ്.
എന്നാല്‍ ഇത്തവണ പഴയകാല സാഹിത്യ സമ്മേളനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് അവര്‍ അക്കാദമിയുടെ മുറ്റത്തുനിന്ന് വായനക്കാരനുമായി സംവദിക്കുന്നു. കാക്കനാടന്‍, കോവിലന്‍, അക്കിത്തം, കെ. ജി. ശങ്കരപ്പിള്ള തുടങ്ങി രാവുണ്ണി, അശോകന്‍ ചരുവില്‍ വരെ നീളുന്ന പല തലമുറകളുടെ കൂട്ടായ്മ. നൂറിലേറെ സാഹിത്യകാരന്മാരാണ് നാലു ദിവസത്തെ ആഘോഷത്തിനിടയില്‍ വേദിയിലെത്തുന്നത്.
നടന്‍ കൂടിയായ വി. കെ. ശ്രീരാമന്‍ ആകാരംകൊണ്ടും ജോലികൊണ്ടും ഈ കൂട്ടായ്മയുടെ നെടുംതൂണാണ്. ദിവസങ്ങളോളമായി ശ്രീരാമനും സംഘവും നാലുകെട്ടിനായി ഉറങ്ങാതിരിക്കുകയായിരുന്നു. സന്ധ്യയോടെ കണ്യാര്‍കളിക്ക് കേളി കൊട്ടി. മുറ്റത്തെ മരങ്ങളില്‍ മുഴുവന്‍ വെളിച്ചം വീശുന്ന ദീപപ്രഭ തെളിഞ്ഞുവന്നു. അക്കാദമിയുടെ നാലുപാടും വര്‍ണദീപങ്ങള്‍ നിരന്നു. ഇനി ഞായറാഴ്ചവരെ അക്കാദമിയില്‍ അക്ഷരോത്സവമാണ്. ഒരു എഴുത്തുകാരനും പുസ്തകത്തിനും കിട്ടുന്ന അത്യപൂര്‍വ ബഹുമതി. എം. ടിയുടെ നാലുകെട്ടിന്റെ അന്‍പതാം വാര്‍ഷികം സാഹിത്യ അക്കാദമി ആഘോഷിക്കുന്നതിനെ വിമര്‍ശിച്ച എം. വി. ദേവനെതിരെ വേദിയില്‍ ശബ്ദമുയര്‍ന്നു.
എം.ടിയെ അദ്ദേഹം മാടമ്പി നായര്‍ എന്നു വിളിച്ചതാണ് രോഷത്തിന് ഇടയാക്കിയത്. മാടമ്പി പ്രയോഗം ഭംഗിയായില്ലെന്നും ഇതെല്ലാം പറഞ്ഞതുകൊണ്ട് എം.ടിക്കല്ല ദേവനാണ് ക്ഷീണം വരുന്നതെന്നും കാക്കനാടന്‍ പറഞ്ഞു. എതിരാളികള്‍ ഇത്രയും മ്ളേച്ഛരാകരുതെന്ന് കോവിലന്‍ പറഞ്ഞു. എംടിയോടൊപ്പം ആയുഷ്ക്കാലം മുഴുവന്‍ ഉണ്ടാകുമെന്ന് പറയാന്‍ വേണ്ടി മാത്രമാണ് ആരോഗ്യമില്ലാത്ത താന്‍ വന്നതെന്നും കോവിലന്‍ പറഞ്ഞു.
ബഷീറിന്റ നൂറാം ജന്മവാര്‍ഷികം ഒാര്‍മിപ്പിച്ചതിന് ദേവനോട് നന്ദിപറയാമെന്ന് അക്കിത്തം. എംടി കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റാകേണ്ടത് മലയാളിയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്ദിയും സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന്റെ ജൂബിലിയും അക്കാദമി ആഘോഷിക്കുമെന്ന് അധ്യക്ഷത വഹിച്ച അക്കാദമി പ്രസിഡന്റ് എം. മുകുന്ദന്‍ പറഞ്ഞു. നമ്പൂതിരി വരച്ച നാലുകെട്ട് ചിത്രങ്ങള്‍ അക്കിത്തം പ്രകാശനം ചെയ്തു. നാലുകെട്ടുകളുടെ വിനയന്‍ എടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം നടന്‍ മുരളി ഉദ്ഘാടനം ചെയ്തു.
നാലുകെട്ടിന്റെ ഇംഗീഷ് പരിഭാഷ എം. കെ. സാനുവും കാലത്തിന്റെ നാലുകെട്ട് എന്ന പുസ്തകം കെ. പി. ശങ്കരനും പ്രകാശനം ചെയ്തു. ശോഭന പരമേശ്വരന്‍ നായര്‍, ദേവകി നിലയങ്ങോട്, യൂസഫ് ഹാജി കൂടല്ലൂര്‍, പുരുഷന്‍ കടലുണ്ടി, രാവുണ്ണി എന്നിവര്‍ പ്രസംഗിച്ചു. ആഘോഷം 13ന് സമാപിക്കും.
നാലുകെട്ടിന്റെ നാലു നാൾ
Recent Comments