വസീറലി ഇല്ലാത്ത വീട്
കൂടല്ലൂരിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന എം.ടി. യുടെ അയല്ക്കാരനാണ് ബാല സാഹിത്യകാരനായ വസീറലി. താന്നിക്കുന്നിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ പള്ളിമഞ്ഞാലിൽ തറവാട്. 1946- ൽ ഈ തറവാട്ടിലാണ് വസീറലി ജനിച്ചത്. വർഷങ്ങളായി ഞങ്ങൾ പരസ്പരം അറിയുന്നവരാണ് . എം.ടി. യുടെ തറവാട്ടിലും, ജേഷ്ഠൻ എം.ടി.ബി. നായരുടെ വീട്ടിലും പലവട്ടം ഞാൻ പോയിട്ടുണ്ടെങ്കിലും തൊട്ടപ്പുറത്തുള്ള വസീറലിയുടെ വീട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. കണ്ടു മുട്ടുമ്പോഴെല്ലാം അദ്ദേഹം എന്നെ ക്ഷണിക്കാറുണ്ട്. ഞാൻ ക്ഷണം സ്വീകരിക്കാറുമുണ്ട്. ബാല സാഹിത്യകാരനായ വസീറലിയെക്കുറിച്ച് ഒരു ലേഖനം എഴുതണമെന്നും അതിനുവേണ്ടി ഒരു ദിവസം വിസ്തരിച്ചൊരു സന്ദർശനം നടത്തണമെന്നും ഞാൻ മനസ്സിൽ കരുതിയിരുന്നു.
അങ്ങിനെയിരിക്കെ ഈ ജനവരിയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. തനിമ കലാസാഹിത്യ വേദിയുടെ സാംസ്കാരിക സഞ്ചാരം പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം അന്ന് പട്ടാമ്പിയിലെത്തിയത് കലാ സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങിലേക്ക് സംഘാടകർ എന്നെയും ക്ഷണിച്ചിരുന്നു. അന്ന് എന്നെ പൊന്നാട അണിയിച്ച് ഫലകം നല്കി ആശ്ലേഷിച്ചത് വസീറലിയായിരുന്നു.
“വഴിയിൽ നിന്ന് മാറ്റണം മുള്ള് / നാട്ടീന്ന് മാറ്റണം കള്ള് / തെങ്ങീന്നു മാറ്റണം ചെള്ള് / മനസ്സീന്നു മാറ്റണം ഭള്ള് ” എന്നൊരു കുറും കവിതയും അദ്ദേഹം ചൊല്ലി. കവി കുഞ്ഞുണ്ണി മാഷെപ്പോലെ ആറ്റി കുറുക്കി കുട്ടി കവിത എഴുതുന്ന ബാല സാഹിത്യകാരനാണ് വസീറലി. പത്തിലേറെ പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . ‘വില്ലൻ ചെല്ലൻ ‘, മണിതത്ത ‘ . ‘മൃഗലോകം ‘ , ‘ചിങ്കനും കുങ്കനും ‘, ‘ബഡായി രാമു ‘ , ‘കണ്ണപ്പൻ കാള ‘ , ‘ചൊക്കന്റെ സ്നേഹം ‘ , ‘കുട്ടിക്കവിതകൾ ‘ , എന്നിവ പ്രധാന കൃതികളാണ്.
മനസ്സിലെന്നും കവിതകളുമായി നടന്ന തനി ഗ്രാമീണനായിരുന്നു വസീറലി. താങ്ങാനും കൊള്ളാനും ആരുമില്ലാത്തത്കൊണ്ട് അർഹിക്കുന്ന അംഗീകാരമൊന്നും അദ്ധേഹത്തെ തേടിയെത്തിയില്ല . ഇക്കാര്യത്തിൽ പരിഭവം പറയാനോ പരാതിപ്പെടാനോ അദ്ദേഹം മുതിർന്നിട്ടില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. അങ്ങിനെയിരിക്കെ ദീർഘ കാലത്തെ ആഗ്രഹ പ്രകാരം ഏപ്രിൽ ആദ്യ വാരത്തിൽ വസീറലിയും, സഹധർമ്മണി സൈനബയും ഉംറ നിർവഹിക്കാൻ മെക്കയിലേക്ക് പോയി. ഏപ്രിൽ 15 ന് അദ്ദേഹം പുണ്യ ഭൂമിയിൽ വെച്ച് മരണപ്പെട്ടു. ഇക്കാര്യം പത്ര വാർത്തയിൽ നിന്നാണ് നാടറിഞ്ഞത് . മെക്കയുടെ മണ്ണിൽ തന്നെ അദ്ദേഹം അലിഞ്ഞു ചേർന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിക്കാനായി സുഹൃത്തുക്കളായ എ.എച്..തൃത്താലയും, കുട്ടി കൂടല്ലൂരും എന്റെ കൂടെ ഉണ്ടായിരുന്നു.
ദീർഘ കാലം പ്രവാസിയായിരുന്ന കുട്ടി കൂടല്ലൂരും , എഴുത്തുകാരനായ എ.എച്. തൃത്താലയും വസീറലിയുടെ ആത്മ സുഹൃത്തുക്കളാണ്. ഞങ്ങൾ ചെല്ലുമ്പോൾ വൃക്ഷലതാദികൽ നിറഞ്ഞ വസീറലിയുടെ വീടിനു മുകളിൽ കാല വർഷ മേഘ മാലകൾ ഞാന്നു കിടന്നിരുന്നു. മുറ്റത്ത് വേരോളം കായ്ച്ചു നില്ക്കുന്ന പ്ലാവിന്റെ ഇലകളിൽ നിന്ന് കുറും കവിതകൾ പോലെ അടർന്നു വീഴുന്ന ജല കണങ്ങളും. ഉമ്മറത്ത് മൂത്ത മകൻ റോഷൻ അക്തറും സഹോദരിയുടെ മകൻ ഫുഅഹദും ഉണ്ടായിരുന്നു. വസീറലി ഇല്ലാത്ത വീട്ടിലിരുന്നുകൊണ്ട് ഞങ്ങൾ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വീണ്ടും മറിച്ചു നോക്കി നെടുവീർപ്പിട്ടു.
പേരക്കുട്ടികൾ തയ്യാറാക്കിയ സ്മരണിക കണ്ട് ഞങ്ങൾ വിസ്മയിച്ചു. വസീറലി കൂടല്ലൂർ എന്ന ബാല സാഹിത്യകാരന്റെ മിക്ക കഥകളും കവിതകളും കുറിപ്പുകളും വാർത്തകളും എല്ലാം സമാഹരിച്ച് ബൈൻഡ് ചെയ്തു വൃത്തിയായി തയ്യാറാക്കിയ കൊച്ചു മക്കളെ ഞങ്ങൾ ഹൃദയം കൊണ്ട് ആശ്ലേഷിച്ചു . അപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു. അഹദ് കൊണ്ടു വന്ന ചായ കുടിച്ച് , ഇലച്ചാർത്തുകളിൽ നിന്ന് ഉതിർന്നു വീഴുന്ന മഴയെ ആവാഹിച്ച് ഞങ്ങൾ പുറത്തിറങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന് വസീറലി കൈ വീശി ഞങ്ങളെ യാത്രയാക്കുന്നതു പോലെ തോന്നി.
Recent Comments