ഗുണ്ടര്‍ട്ട് അവാര്‍ഡ് എംടിക്ക്
കോഴിക്കോട്: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളത്തിന് സമര്‍പ്പിച്ച സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളസംസ്കാരവും മലയാളഭാഷാസംസ്കാരവും എത്ര ദരിദ്രമാവുമായിരുന്നുവെന്ന് പുനര്‍വായന നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജീവന് ടി.വി. ഏര്‍പ്പെടുത്തിയ ഗുണ്ടര്‍ട്ട് പുരസ്കാരം എം.ടി. വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുണ്ടര്‍ട്ട് വിദ്യാഭ്യാസരംഗത്ത് നല്കിയ സേവനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരള വിദ്യാഭ്യാസമേഖല എത്ര ശോഷിക്കുമായിരുന്നു എന്ന് ചിന്തിച്ചാലേ ആദ്ദേഹം നല്കിയ സംഭാവനകളുടെ മഹത്ത്വം മനസ്സിലാവുകയുള്ളൂ -മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ പുതിയ വായനസംസ്കാരം സൃഷ്ടിക്കാന്‍ എം.ടി.ക്ക് കഴിഞ്ഞു. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളിലേക്കും കാണാക്കയങ്ങളിലേക്കും കടന്നുചെല്ലുന്ന സൃഷ്ടികളാണ് എം.ടി.യുടേത്. മലയാള സാഹിത്യ പത്രപ്രവര്‍ത്തനത്തിന് പുതിയ മുഖവും മാനവും നല്കാന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലത്ത് എം.ടി.ക്ക് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവന് ടി.വി. എം.ഡി. ബേബി മാത്യു സോമതീരം അധ്യക്ഷതവഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ., മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ബിഷപ്പ് ഡോ. റോയിസ് മനോജ് വിക്ടര്‍, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്, ഗോകുലം ഗ്രൂപ്പ് എം.ഡി. ഗോകുലം ഗോപാലന് എന്നിവര്‍ സംസാരിച്ചു. പി.ജെ. ആന്റണി സ്വാഗതവും വൈസ് ചെയര്മാന് ദിനേശ് നന്പ്യാര് നന്ദിയും പറഞ്ഞു.
Recent Comments