പ്രഥമ ദേശാഭിമാനി പുരസ്കാരം എം ടിക്ക്

തിരുവനന്തപുരം : സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍നായര്‍ക്ക്. പ്രസിദ്ധീകരണത്തിന്റെ 75 വര്‍ഷത്തിലേക്ക് കടന്ന ദേശാഭിമാനിപ്ളാറ്റിനംജൂബിലി ആഘോഷങ്ങളുടെ ‘ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരിയില്‍ സമ്മാനിക്കുമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദനും ജനറല്‍ മാനേജര്‍ കെ ജെ തോമസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിന്റെ യശസ്സുയര്‍ത്തിയ സാഹിത്യ-സാംസ്കാരിക സംഭാവനകള്‍ കണക്കിലെടുത്താണ് എം ടിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. എം ടി എന്ന് മലയാളികള്‍ അഭിമാനപൂര്‍വം ഉരുവിടുന്ന രണ്ടക്ഷരം ഇന്ന് രാജ്യത്തിന്റെ സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നു. എഴുത്തുകാരന്‍, പത്രാധിപര്‍, ചലച്ചിത്രകാരന്‍, സാംസ്കാരികപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ തിളങ്ങുന്ന ബഹുമുഖപ്രതിഭയാണദ്ദേഹം. സാഹിത്യത്തിനുള്ള ജ്ഞാനപീഠപുരസ്കാരം നേടിയ എം ടി ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രകാരനുമാണ്. നോവലും കഥകളുമായി മലയാളിക്ക് വിശിഷ്ടമായ സര്‍ഗപ്രപഞ്ചം അദ്ദേഹം സമ്മാനിച്ചു.

വിവര്‍ത്തനങ്ങളിലൂടെ മറുനാട്ടുകാര്‍ക്കും എം ടി കൃതികള്‍ പരിചിതമാണ്. എട്ട് നോവലുകള്‍, പതിനെട്ട് കഥാസമാഹാരങ്ങള്‍, മൂന്ന് ബാലസാഹിത്യകൃതികള്‍, മൂന്ന് സാഹിത്യപഠനങ്ങള്‍, രണ്ട് പ്രബന്ധസമാഹാരങ്ങള്‍, രണ്ട് യാത്രാവിവരണങ്ങള്‍, ഒരു നാടകം തുടങ്ങിയവ എം ടിയില്‍നിന്ന് ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ചു. ദേശാഭിമാനിയുടെ പ്രഥമപുരസ്കാരം എം ടിക്ക് നല്‍കുന്നതിനൊപ്പം ഫെബ്രുവരിയില്‍ കോഴിക്കോട്ട് വിപുലമായ എം ടി സാഹിത്യോത്സവവും സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളില്‍ സമഗ്രസംഭാവന നല്‍കിയ പ്രതിഭകളെ എല്ലാ വര്‍ഷവും പുരസ്കാരം നല്‍കി ആദരിക്കും. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി എം മനോജ്, കണ്‍സല്‍ട്ടന്റ് എഡിറ്റര്‍ ആര്‍ എസ് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *