മാതൃഭൂമി സാഹിത്യപുരസ്‌കാരം – 2005
മാതൃഭൂമി സാഹിത്യപുരസ്‌കാരം – 2005 – എം.ടി .വാസുദേവന്‍നായര്‍
മാടത്തില്‍ തെക്കേപ്പാട്ട് വാസുദേവനെ എല്ലാവര്‍ക്കുമറിയില്ലെങ്കിലും എം.ടി യെന്ന രണ്ടക്ഷരത്തിലുടെ എം.ടി വാസുദേവന്‍ നായര്‍ മലയാളിക്ക് സുപരിചിതനാണ്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത് , തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍ ,മാധ്യമപ്രവര്‍ത്തകന്‍ എന്നിങ്ങനെ തൊട്ടയിടങ്ങളെല്ലാം പൊന്നാക്കിയെടുത്തൂ മൗനത്തിന്റെ ഈ സര്‍ഗ്ഗസമുദ്രം. എഴുത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച് മലയാളിയുടെ മനസ്സില്‍ എം.ടി കുടിയേറിയിരിക്കുന്നു . ഏത് തരത്തിലുള്ള വായനക്കാരനും (സാധരണക്കാരന്‍ മുതല്‍ ബൗദ്ധീകവ്യവഹാരം നയിക്കുന്നവര്‍ വരെ ) എംടിയിലേക്ക് ഒരു പാലമുണ്ടെന്നതാണ് എംടിഎഴുത്തിലെ അപൂര്‍വത. ആ ചാരുതയുടെ നിറവ് മലയാളസാഹിത്യത്തിന് മുതല്‍ക്കൂട്ടാവുന്നു.
ജീവിതത്തിന്റെ നിശബ്ദതയും നിസ്സഹായാവസ്ഥയും മറുപുറവും ആറ്റിക്കുറുക്കിയ ഭാഷയില്‍ എംടി പറഞ്ഞ് വെയ്ക്കുന്നു. ഗൃഹാതുരത നിറഞ്ഞ ഒരു കാലത്തെ ഓര്‍മ്മിപ്പിക്കുന്നൂ അദ്ദേഹത്തിന്റെ പല രചനകളും.ആള്‍ക്കൂട്ടത്തില്‍ ഒറ്റയായിപ്പോകുന്നവര്‍ നിസ്സംഗതയുടെ മൗനം ശീലിക്കുന്നൂ എംടിയന്‍ എഴുത്തില്‍ . മഞ്ഞിലെ വിമലയായും രണ്ടാമൂഴത്തിലെ ഭീമനായും കാലത്തിലെ സേതുവായും കുട്ട്യേടത്തിയായും ഒക്കെ വായനക്കാരുടെ മനസ്സില്‍ വേദന പടര്‍ത്തുന്നുണ്ട് ഇപ്പോഴും. സാമൂഹിക പ്രതിബന്ധതയും കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലവും ലാളിത്യവും അദ്ദേഹത്തിന്റെ കഥളെ സ്‌നേഹിക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചു.
പഴയ ബ്രിട്ടീഷ് രാജിലെ മലബാര്‍ജില്ലയിലെ കൂടല്ലൂരില്‍ 1933 ആഗസ്ത് ഒന്‍പതിന് പുന്നയൂര്‍ കുളം സ്വദേശിയായ ടി. നാരായണന്‍ നായരുടെയും അമ്മാളുഅമ്മയുടെയും മകനായി ജനനം. കൂടല്ലൂരിലും തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തുമായി ബാല്യകാലം ചെലവിട്ട അദ്ദേഹം കുമാരനെല്ലൂര്‍ ഹൈസ്‌കൂള്‍, പാലക്കാട് വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 1953 ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ബിരുദ പഠനകാലത്താണ് ആദ്യ കഥാ സമാഹാരമായ രക്തം പുരണ്ട മണല്‍ത്തരികള്‍ പുറത്തിറങ്ങുന്നത്.
1954 ല്‍ മാതൃഭൂമി സംഘടിപ്പിച്ച ലോക ചെറുകഥാമത്സരത്തിന്റെ മത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടിയതയോടെയാണ് എം.ടി എന്ന എഴുത്തുകാരന്‍ വായനക്കാരിലേക്ക് ഉറച്ച ശബ്ദമായി ഉണരുന്നത്. 1957 ല്‍ അദ്ദേഹത്തിന്റെ പാതിരാവും പകല്‍വെളിച്ചവും എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ടു.
നാലുകെട്ടാണ് (1959) പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ആദ്യനോവല്‍.
മഞ്ഞ്, കാലം, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപൊന്ന് (എന്‍.പി മുഹമ്മദിനൊപ്പം), രണ്ടാമൂഴം, വരണാസി എന്നിവയാണ് പ്രശസ്തമായ നോവലുകള്‍.ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ടിയേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം, നിന്റെ, നിന്റെ ഓര്‍മ്മക്ക്, വാനപ്രസ്ഥം, ദാറുല്‍സലാം, രക്തം പുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലോക്, നീലത്താമര എന്നിവയാണ് പ്രസിദ്ധ ചെറുകഥകള്‍
1963 ല്‍ സ്വന്തം ചെറുകഥയായ മുറപ്പെണ്ണ് തിരക്കഥയാക്കി സിനിമാലോകത്തേക്ക് ചുവടുവെച്ചു. അമ്പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട് എം.ടി. നിര്‍മ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സ്വന്തമായി സംവിധാനം ചെയ്തും കഴിവ് തെളിയിച്ചു. തകഴിയെക്കുറിച്ചും മോഹിനിയാട്ടത്തെക്കുറിച്ചും ഹൃസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
കാലം എന്ന നോവലിന് 1970 ല്‍ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. നാലുകെട്ട് (1958), ഗോപുരനടയില്‍ (നാടകം 1982), സ്വര്‍ഗം തുറക്കുന്ന സമയം (ചെറുകഥ 1986) എന്നിവ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി .. 1973 ല്‍ അദ്ദേഹത്തിന്റെ നിര്‍മ്മാല്യം എന്ന ചലച്ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും ലഭിച്ചു.
ഇരുട്ടിന്റെ ആത്മാവ് (1967), നിര്‍മാല്യം (1974), ഓപ്പോള്‍ (1981), ആരൂഡം (1983), പരിണയം (1995), ഒരു ചെറു പുഞ്ചിരി (2001), ഒരുവടക്കന്‍ വീരഗാഥ (1990), കടവ് (1992), സദയം (1993) എന്നീ സിനിമകള്‍ക്ക് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഓളവും തീരവും, നിര്‍മ്മാല്യം, ബന്ധനം, ഓപ്പോള്‍, തൃഷ്ണ, വളര്‍ത്തുമൃഗങ്ങള്‍, ആരൂഡം, അനുബന്ധം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതംഗമയ, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, കടവ്, പരിണയം, ദയ, ഒരു ചെറുപുഞ്ചിരി, പഴശ്ശിരാജ എന്നീ ചലച്ചിത്രങ്ങള്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും കരസ്ഥമാക്കി.
1995-ല്‍ സമഗ്രസംഭാവനയ്ക്കുള്ള ജ്ഞാനപീഠം ലഭിച്ചു. 2005-ല്‍ പത്മഭൂഷന്‍ ബഹുമതി നേടി.
പ്രസിദ്ധ നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് എം.ടി.യുടെ ഭാര്യ.
Recent Comments