ചരിത്രത്തിലെ കൂടല്ലൂരും ആത്മാവ്‌ നഷ്‌ടപ്പെട്ട നിളയും

സുലൈമാന്‍ കൂടല്ലൂര്‍

Nila

മരണപ്പെട്ട നിളയുടെ കണ്‍തടങ്ങളില്‍ ഊറിക്കൂടിയ കണ്ണുനീര്‍ത്തുള്ളികള്‍, ജനിച്ചു പിച്ചവെച്ചു നടന്ന സ്വന്തം നാടിന്റെ ഓര്‍മ്മകള്‍, പട്ടണത്തിന്റെ മുഖഛായ പടര്‍ന്നു കയറുന്ന പെരുമ്പിലാവിലനുഭവപ്പെടുന്ന ഏകാന്തതയില്‍ വിലപിക്കുകയാണിവന്‍. ഓടും തോറും കാലു കള്‍ കുഴഞ്ഞുപോകുന്ന നിളയുടെ മണല്‍പരപ്പില്‍.. ഓടി ഓടി കാലുകള്‍ക്ക്‌ കൈവന്ന കരുത്ത്‌ കൊണ്ട്‌ മാത്രം ജീവിത പ്രതിസന്ധികളെ സധൈര്യം നേരിടാഌള്ള കരുത്ത്‌ കൈവരിച്ചു എന്ന്‌ അഭിമാനിക്കുകയും ചെയ്യുന്നു.

കൂടല്ലൂരിനെ പറ്റി ഓര്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്‌ നിളാ നദിയാണ്‌. ആനമലയില്‍ നിന്നുല്ഭവിച്ച്‌ പൊന്നാനി അറബിക്കടലില്‍ ലയിച്ചു ചേരുന്നുവെങ്കിലും വെള്ള്യാങ്കല്ല്‌ മുതല്‍ പേരശ്ശന്നൂര്‍ കടവില്‍ മുട്ടി നില്‍ക്കുന്ന വള്ളാഞ്ചേരിക്കയം വരെയാണ്‌ നി ളയുടെ സമൃദ്ധി. നിളയുടെയും തൂതപ്പുഴ യുടേയും സംഗമസ്‌ഥാനത്തു നിന്ന്‌ ഏകദേശം ഇരുന്നൂറ്‌ മീറ്റര്‍ പടിഞ്ഞാറുള്ള വള്ളാഞ്ചേരിക്കയം വേനല്‍ കാലത്ത്‌ നാനാ ദിക്കില്‍ നിന്നും വരുന്ന മീന്‍പിടുത്തക്കാരുടെ കൊയ്‌ത്തുപാടമായിരുന്നു.

കള്ളക്കര്‍ക്കിടകത്തില്‍ ഇരു കരയും മുട്ടി ഌരയും പതയുമായി നിറഞ്ഞു നില്‍ക്കുന്ന പുഴ ഏതു സമയത്താണ്‌ കര കവിഞ്ഞൊഴുകി അപകടമുണ്ടാകുന്നതെന്ന്‌ മുന്നറിയിപ്പ് നല്‍കുന്നതിനു വേണ്ടി, അര്‍ദ്ധരാത്രിയിലും കൂട്ടക്കടവിലുണ്ടായിരുന്ന സ്രാമ്പി (നമസ്‌ക്കാര പള്ളി) യുടെ കല്‍പ്പടവുകളില്‍ കാവലിരുന്നിരുന്ന ഒരുപറ്റം ചെറുപ്പക്കാരില്‍ ഒരാളായി ഞാഌമുണ്ടായിരുന്നു.1976 കാലഘട്ടത്തില്‍ ചുമലിലേറ്റിയ മുളം തണ്ടുകളില്‍ തൂങ്ങിയ വടം കയറുകളില്‍ കരിങ്കല്ലുകള്‍ (ആ പ്രദേശത്ത്‌ ഏറ്റവും ഉയരം കൂടിയ ആമീന്‍ ഗേവിന്ദന്‍ നായരുടെ അത്രയും നീളമുള്ള) തൂക്കി ഹേ,ഹൈ ഹൗ ഹൈ എന്ന ശബ്‌ദത്തോടെ പൊന്നാനിയില്‍ നിന്നും വന്ന കരിമല്ലമ്മാരായ മാപ്പിളമാര്‍ നിളയുടെ മാറില്‍ നിരത്തി കൂപ്പ് കെട്ടിക്കൊണ്ടാണ്‌ നിളയുടെ ഗര്‍ജ്ജനം തടഞ്ഞു നിര്‍ത്തിയത്‌. ഇത്തരം എട്ട്‌ കൂപ്പുകള്‍ ശുഷ്‌ക്കിച്ച നിളയുടെ മാറിലേക്ക്‌ നീളുന്ന ദംഷട്രകളെപ്പോലെ ഇന്നും നിലനില്‍ക്കുന്നു.

കിഴക്കേ പുഴയും, വടക്കേപുഴയും , തെക്ക്‌ താണിക്കുന്നും , പടിഞ്ഞാറ്‌ മുത്തു വിളയും കുന്നും (ശിവന്റെ അമ്പലവും ജുമാഅത്ത്‌ പള്ളിയും ഒരേ മതിലിനോടൊട്ടി നില്‍ക്കുന്ന ആ സ്ഥലം തികച്ചും മത സൗഹാര്‍ദത്തിത്തിന്റെ മുത്ത്‌ തന്നെയായിരുന്നു) അതിരിടുന്ന കൂടല്ലൂര്‍…

ഈ നാലതിരുകളില്‍ നിന്നും സന്ധ്യാസമയങ്ങളില്‍ കൂട്ടക്കടവ്‌ അങ്ങാടിയിലേക്ക്‌ ഒഴുകിയെത്തുന്ന ചെറുപ്പ ക്കാരും പുരുഷാരവും ഒരിക്കലും വടക്കുമുറിക്കു വേണ്ടിയോ, തെക്കും മുറിക്കു വേണ്ടിയോ, പടിഞ്ഞാറ്റു മുറിക്കുവേണ്ടിയോ, പാറപ്പുറത്തിഌ വേണ്ടിയോ പ്രത്യേകം പ്രത്യേകം വാദിച്ചിരുന്നില്ല. കൂടല്ലൂരിഌ വേണ്ടി മാത്രം വാദിക്കുന്ന കൂട്ടായ്‌മയായിരുന്നു അന്നുണ്ടായിരുന്നത്‌.

പകിട കളിയില്‍ പത്മനാഭന്‍ നായര്‍ , ഫുട്‌ബോള്‍ മത്സരത്തില്‍ മൈതാനങ്ങളില്‍ ഉരുണ്ടുരുണ്ട്‌ പോയി എതിര്‍ ടീമിന്റെ വലകുലുക്കിയിരുന്ന സൈതാലി , അബ്‌ദുള്ള സാഹിബില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ ചെസ്സ്‌ ബോര്‍ഡില്‍ കരുക്കള്‍ നീക്കിയിരുന്നവര്‍, ആനയും അമ്പാരിയും ഗാനമേളയും ഉള്‍പ്പെടുന്ന നേര്‍ച്ചാഘോഷം നടത്തിയിരുന്ന എം.വി കുഞ്ഞാന്‍ക്ക – കൂടല്ലൂരിന്റെ പ്രതീകങ്ങളായിരുന്നു, ഇവര്‍. ഌസ്രത്തുള്‍ ഇസ്ലാം സംഘത്തിന്റെ നേതൃത്വത്തില്‍ പ്രാസംഗികരായ വൈലിത്തറയേയും, കുറ്റിപ്പുഴയേയും കൊണ്ടുവന്നു മത പ്രസംഗം നടത്തിയതും , പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ വാഴാവിലമ്മയുടെ തിരുമുറ്റത്ത്‌ ഗുരുതി വേല നടത്തിയിരുന്നതും, വലിയവളപ്പില്‍ പേരുകേട്ട ആട്ടുത്സവം നടത്തിയുരുന്നതും കൂടല്ലൂരിന്റെ കൂട്ടായ്‌മയുടെ ഭാഗങ്ങളാണ്‌.

ആ തലമുറയിലെ യുവാക്കള്‍ കൂടല്ലൂരിനു വേണ്ടി നയിച്ച സമരപാതകളും അയവിറക്കാതെ ഈ വിവരണം പൂര്‍ണവാമുകയില്ല. അവയില്‍ ഏറ്റവും പ്രധാനം പതിനാലോളം ബസ്സുകള്‍ ഓടിയിരുന്ന തൃത്താല കുമ്പിടി റോഡില്‍ ജീപ്പ്‌ സര്‍വ്വീസിന്റെ അതിപ്രസരം കാരണം എല്ലാ ബസ്സുകളും നിന്നുപോയതും, അതിനെതിരെ ഉണ്ടായ സംഘടിത ശക്തി ഇരുപത്തിനാലോളം വരുന്ന ജീപ്പുകള്‍ കൂട്ടക്കടവില്‍ ഒരു ദിവസം പിടിച്ചിട്ടതും കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പട്ടാമ്പിയില്‍ നിന്നും പോലീസുകാരുടെ ഇടിവണ്ടിവന്ന് പോലീസുകാര്‍ എന്നെയും മഹമൂദ്‌, ദേവീദാസന്‍, വിശ്വനാഥന്‍, തുടങ്ങിയവരെ ഇടിവണ്ടിയില്‍ കയറ്റിക്കൊണ്ടുപോവുകയും , സ്റ്റേഷനില്‍ ചെന്ന ഞങ്ങള്‍ നാടിന്റെ വിഷമസ്ഥിതി സര്‍ക്കിള്‍ ഇന്‍സ്‌പെകടറെ ധരിപ്പിക്കുകയും അടുത്ത ദിവസം ജില്ലയില്‍ ബന്തായിട്ടു പോലും തൃത്താല കുമ്പിടി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകള്‍ ഓടിത്തുടങ്ങുകയും ചെയ്‌തത്‌. എന്റെ അഌഭവങ്ങളി ല്‍ കൂടല്ലൂരിന്റെ ചരിത്രം നിളാ നദിയില്‍ നിന്നകന്നു പോകുന്നില്ല..

പക്ഷെ, ഇന്ന്‌ ഒരു നാടിന്‌ പണം നേടാഌള്ള ഒരേയൊരു മാര്‍ഗം ഞങ്ങള്‍ ജീവവായു പോലെ കരുതിയ ആ മണല്‍പരപ്പാണെന്നു വരുമ്പോള്‍ കൂടല്ലൂരിനോട്‌ ഉള്ളിന്റെ ഉള്ളില്‍ എന്തോ ഒരു വികാരം രൂപപ്പെടുന്നു. അതിനെ വെറുപ്പെന്ന് പറയാന്‍ ഇപ്പോഴും മടി തോന്നുന്നു..

You may also like...

Leave a Reply

Your email address will not be published. Required fields are marked *