ചിന്തയുടെ കടവിലെത്തിയ വര്‍ണ്ണസല്ലയം

Art of Achuthan Kudallur- ചിന്തയുടെ കടവിലെത്തിയ വര്‍ണ്ണസല്ലയം

Achuthan Kudallur

പ്രതിനിധാനരീതിയില്‍നിന്നുള്ള കലാകാരന്റെ പൂര്‍ണ്ണമോ ഭാഗികമോ ആയ വിടുതലാണ്‌ അമൂര്‍ത്തകല. ഒരു വ്യക്തിയെയോ സ്ഥലത്തെയോ വസ്‌തുവിനെയോ അല്ല അമൂര്‍ത്തചിത്രത്തില്‍ കാണുക. അമൂര്‍ത്ത കലയില്‍ സവിശേഷമുദ്ര പതിപ്പിച്ച ചിത്രകാരനാണ്‌ അച്യുതന്‍ കൂടല്ലൂര്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അമൂര്‍ത്തകലയില്‍ ധ്യാനസ്ഥലിയൊരുക്കുന്നു. കാഴ്‌ചകള്‍ പുറന്തിരിയുന്ന കാഴ്‌ചയാണ്‌ അമൂര്‍ത്തകലയിലെ സ്ഥായീഭാവമെന്നു പറയാം. `യാഥാര്‍ത്ഥ്യമെന്നത്‌ ഇതാണ്‌’ എന്നു ദ്യോതിപ്പിക്കുന്ന സമൂര്‍ത്തതയുടെ നിര്‍ണ്ണയങ്ങളെ ചൊടിപ്പിച്ചുകൊണ്ട്‌, “ആ കാഴ്‌ചയുടെ മറുവശം ഇങ്ങനെയാവാം” എന്ന വ്യഞ്‌ജനയിലണയുന്ന കലയാണ്‌ അമൂര്‍ത്തത. വക്രമോ അതിശയോക്തിപരമോ ആയ രീതിയില്‍പ്പോലും അത്‌ ചിത്രീകരിക്കുന്നില്ല.

അമൂര്‍ത്തകലയില്‍ ഒരു രചനയുടെ വിഷയം ആധാരമാക്കപ്പെടുന്നത്‌ നിറങ്ങളിലൂടെയും രൂപങ്ങളിലൂടെയും തൂലികാചലനങ്ങളിലൂടെയുമാണ്‌ എന്ന്‌ അച്യുതന്‍ കൂടല്ലൂര്‍ തെളിയിക്കുന്നു. രൂപരഹിതമായ രൂപങ്ങളുടെ സമ്മിളിതാവിഷ്‌കാരത്തിനു വേണ്ടിയുള്ള വാഞ്‌ഛ അതില്‍ തുടിക്കുന്നു.?

ലോകത്തിലെ ദൃശ്യസൂചകങ്ങളില്‍നിന്നുള്ള ഒരു പ്രത്യേക തലത്തിലുള്ള വിമോചനം കാംക്ഷിച്ചുകൊണ്ട്‌ രൂപം, നിറം, വര എന്നിവയുടേതായ ഒരു ദൃശ്യഭാഷ സൃഷ്‌ടിക്കുന്നുണ്ട്‌ അദ്ദേഹം. ഇത്തരമൊരു ദൃശ്യാനുഭവത്തിലൂടെ ഭാവുകത്വപരമായി ചില പുതിയ ആകാശങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. രൂപാത്മകകല(figurative art)യില്‍നിന്ന്‌ സ്വയം വിടുതല്‍ പ്രാപിച്ച അമൂര്‍ത്തകല രൂപത്തെ സംബന്ധിച്ചുള്ള പൂര്‍വ്വനിശ്ചിതത്വങ്ങളെ കാരുണ്യപൂര്‍വ്വം തള്ളിക്കളയുന്നു. ഇത്‌ കലാകാരന്റെ മാത്രമല്ല, കലയുടെ കൂടി സ്വത്വപ്രഖ്യാപനമായി പരിണമിക്കുന്നു. `ആയിത്തീര്‍ന്ന ലോകത്തിന്റെ’ വീണ്ടുവിചാരങ്ങളുടെ അനിഷേധ്യ മായ തീര്‍പ്പുകള്‍ക്കുള്ളിലാണ്‌ `രൂപം’ നിലനില്‍ക്കുന്നത്‌. രൂപം സമം യാഥാര്‍ത്ഥ്യം എന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുവാന്‍ ഇത്‌ എളുപ്പവഴിയൊരുക്കുന്നു! പശ്ചാത്തലമാണ്‌ രൂപത്തിന്റെ സ്വഭാവത്തെയും ധര്‍മ്മത്തെയും പരുവപ്പെടുത്തുന്നത്‌. ഇത്‌ പലപ്പോഴും രൂപത്തെ പശ്ചാത്തലത്തില്‍നിന്നും കുതറിനില്‍ക്കു വാന്‍ പ്രേരിപ്പിക്കുകയും, അങ്ങനെ രൂപം എന്നതു മാത്രമായുള്ള യാഥാര്‍ത്ഥ്യം പിറക്കുകയും ചെയ്യുന്നു. രൂപത്തിനെതിരെയുള്ള കലാപമായിട്ടാണ്‌ അമൂര്‍ത്തകല ആവിര്‍ഭവിക്കുന്നതുതന്നെ. രൂപത്തിന്റെ കൃത്യ മായ വടിവുകള്‍ക്ക്‌ അമൂര്‍ത്തകലയില്‍ അത്രമേല്‍ പ്രാധാന്യം വരുന്നില്ല. നിറങ്ങളുടെ അനുസ്യൂതിയിലാണ്‌ അമൂര്‍ത്തകല പുലരുന്നത്‌. നിറങ്ങളുടെ തോറ്റങ്ങളില്‍ രൂപം മിന്നിമറയുന്ന ദൃശ്യാനുഭവമാണ്‌ അത്‌ പകരുന്നത്‌. അച്യുതന്‍ കൂടല്ലൂരിന്റെ കലയില്‍ ഇതിന്റെ പെരുമയാര്‍ന്ന മാതൃക നമുക്കു ദര്‍ശിക്കുവാന്‍ കഴിയും.

`ലോകത്തിന്റെ യാഥാര്‍ത്ഥ്യ’ത്തില്‍ നിന്ന്‌ `കലയിലെ യാഥാര്‍ത്ഥ്യ’ത്തിലേക്കുള്ള ചുവടുവെപ്പാണ്‌ അമൂര്‍ത്തകലയില്‍ സംഭവിക്കുന്നത്‌ എന്ന്‌ അച്യുതന്‍ കൂടല്ലൂരിന്റെ ചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. കാണുന്ന ഒന്നിനെ ആധാരമാക്കിയുള്ള വ്യാഖ്യാനമാണ്‌ സമൂര്‍ത്തത(Realism)യെങ്കില്‍, കാണാത്ത ഒന്നിനെ തേടുന്ന കലാത്മകപഥമാണ്‌ അമൂര്‍ത്തത എന്നു പറയേണ്ടിവരും. `കൃത്യത’ എന്നതിനെ `ശാസ്‌ത്രീയത’ എന്നായി സ്വീകരിച്ചുകൊണ്ടാണ്‌ ലോകം ചരിച്ചിട്ടുള്ളതെന്നു നമുക്കറിയാം. അനിഷേധ്യമായ ആധികാരികത ആ കൃത്യത്തിനു ലഭിച്ചു. അങ്ങനെ സംഭവിച്ചപ്പോള്‍ വസ്‌തുക്കള്‍ക്കും വസ്‌തുതകള്‍ക്കും പാരസ്‌പര്യം വരികയും ഇളക്കംതട്ടാത്ത അനിവാര്യതയായി കാര്യങ്ങള്‍ മാറുകയും ചെയ്‌തു. നടരാജഗുരുവിനെപ്പോലുള്ള ജ്ഞാനികള്‍ ശാസ്‌ത്രത്തെ കലയുമായും ആദ്ധ്യാത്മികവിദ്യയുമായും ചേര്‍ത്തുവെച്ച സന്ദര്‍ഭങ്ങളിലൊക്കെ ഈ പ്രമാണത്തെയാണ്‌ അരക്കിട്ടുറപ്പിച്ചത്‌. “ശാസ്‌ത്രം കൃത്യതയെ തേടുന്നു” (Science seeks certitude) എന്നാണല്ലോ അദ്ദേഹം കുറിച്ചുവെച്ചത്‌. വസ്‌തുവിന്റെയോ രൂപത്തിന്റെയോ അസ്‌തിത്വത്തില്‍ ഊന്നുമ്പോള്‍ മാത്രമേ ഇത്‌ സാദ്ധ്യമാവൂ എന്ന പരിമിതി ഇതിനെ ചുറ്റിവരിയുന്നുണ്ട്‌! രൂപരഹിതമായ രൂപത്തിലേക്ക്‌ വര്‍ണ്ണാഭമായി സഞ്ചരിക്കുക എന്ന തത്ത്വത്തെ ഉയര്‍ത്തിപ്പിടിക്കുവാന്‍ അമൂര്‍ത്തകല പ്രേരിപ്പിക്കപ്പെട്ടത്‌ ഇങ്ങനെയാണെന്ന്‌ അച്യുതന്‍ കൂടല്ലൂരിന്റെ കല തെളിയിക്കുന്നു.

അമൂര്‍ത്തകലയുടെ മൂലസ്രോതസ്സുകളില്‍ പ്രധാനപ്പെട്ടത്‌ എക്‌സ്‌പ്രഷനിസമാണ്‌. സമകാലികാലാനുഭവത്തിന്റെ പ്രത്യക്ഷതയായിട്ടോ പ്രതികരണമായിട്ടോ ആണ്‌ എക്‌സ്‌പ്രഷനിസം വന്നത്‌. വ്യക്തിയുടെ മനഃശാസ്‌ത്രപരമായ തലങ്ങളുടെ ആവിഷ്‌കാരമെന്ന നിലയില്‍ ആവിര്‍ഭവിച്ച ആ പ്രസ്ഥാനം വ്യക്തിയും കലയും തമ്മിലുള്ള ബന്ധത്തെ സത്താപരമായി വ്യഞ്‌ജിപ്പിക്കുന്നതില്‍ ഔത്സുക്യം കാണിച്ചു. അമൂര്‍ത്തതയിലേക്കുള്ള പ്രാര്‍ത്ഥനാവഴിഅതില്‍ മിന്നിമറയുന്നു. പോള്‍ ഗോഗിനും ഷൊര്‍ഷ്‌ സ്യൂറേയും വിന്‍സെന്റ്‌ വാന്‍ഗോഘും പോള്‍ സെസേനും ഉള്‍പ്പെടുന്ന സമ്പന്നമായ ഇംപ്രഷനിസം പിന്നീട്‌ അമൂര്‍ത്തകലയെ കരുപ്പിടിപ്പിക്കുന്നതു കാണാം. നദി എന്ന മഹാപ്രവാഹത്തിലേക്ക്‌ വൈവിദ്ധ്യപൂര്‍ണ്ണമായ ഘട്ടങ്ങളില്‍നിന്ന്‌ കൈവഴികള്‍ വന്നെത്തുമ്പോള്‍ ലഭിക്കുന്ന ബഹുസ്വരതപോലെയാണ്‌ അമൂര്‍ത്തകല ചില കലാകാരന്മാരിലൂടെ വികാസംപ്രാപിച്ചത്‌ എന്നാണ്‌ ഇവിടെ പറഞ്ഞുവരുന്നത്‌. അച്യുതന്‍ കൂടല്ലൂര്‍ അവതീര്‍ണ്ണമാക്കിയ അമൂര്‍ത്തചിത്രങ്ങളുടെ പശ്ചാത്തലം ഇതിനു സമാനമാണ്‌.

സാഹിത്യബദ്ധതയാണ്‌ അച്യുതനെ മറ്റു ചിത്രകാരന്മാരില്‍നിന്നും വ്യത്യസ്‌തനാക്കുന്ന ഘടകം. ചെറുകഥകളെഴുതിക്കൊണ്ടാണ്‌ അദ്ദേഹം കലാലോകത്തു പ്രവേശിച്ചത്‌. രേഖാചിത്രങ്ങളും ധാരാളമായി ചെയ്‌തിട്ടുണ്ട്‌. മള്‍ബെറി പുറത്തി റക്കിയ കൊച്ചുബാവയുടെ തെരഞ്ഞെടുത്ത കഥകള്‍ക്ക്‌ (കഥ: ടി വി കൊച്ചുബാവ) വരച്ച ചിത്രങ്ങള്‍ ഹൃദ്യ മായിത്തീര്‍ന്നതിനു പിന്നില്‍ അച്യുതന്റെ സാഹിത്യാഭിമുഖ്യമാണ്‌ വിളങ്ങുന്നത്‌. സംഭാഷണമധ്യേ സാഹിത്യരചനകളിലെ ചില രംഗങ്ങള്‍ അദ്ദേഹം പരാമര്‍ശിക്കുന്നത്‌ കൗതുകകരവും രസനീയവുമായ അനുഭവമാണ്‌. കസന്‍ദ്‌സാക്കീസിന്റെ സൊര്‍ബ ദ ഗ്രീക്ക്‌ എന്ന പ്രഖ്യാതകൃതിയിലെ അവസാനരംഗത്തെക്കുറിച്ച്‌ അദ്ദേഹം വിവരിച്ചത്‌ ഓര്‍മ്മവരുന്നു. അതിലെ നായകനായ സൊര്‍ബ ജനാലയില്‍ കൈകള്‍ നീട്ടിവച്ചുകൊണ്ട്‌ മൃതിയടയുന്ന കാഴ്‌ചപോലൊന്നിനെ ചിത്രീകരിക്കണം എന്നൊക്കെ അദ്ദേഹം പറയാറുണ്ട്‌. സൂക്ഷ്‌മദൃക്കായ ഒരു ചിത്രകാരന്റെ ലാവണ്യദര്‍ശനമാണത്‌. അതില്‍ നിരീക്ഷണത്തിന്റെ അപൂര്‍വ്വതയുണ്ട്‌. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള തീക്ഷ്‌ണനിറങ്ങള്‍ കലങ്ങിമറിയുന്ന ആവിഷ്‌കാരദ്യുതിയും കാണാം.
എന്നെ ഏറെ ആകര്‍ഷിച്ച അച്യുതന്‍ചിത്രം `മേഘമല്ലാര്‍’ ആണ്‌. നീലനിറത്തിന്റെ വൈവിദ്ധ്യപൂര്‍ണ്ണമായ അടരുകള്‍കൊണ്ടു പടുക്കപ്പെട്ട ചിത്രവിതാനമാണത്‌. നീലനിറത്തിന്റെ വിവിധ മാപിനികളെ ഉപയോഗപ്പെടുത്തികൊണ്ട്‌ രാഗാലാപനം നടത്തുന്ന പ്രതീതിയുണര്‍ത്തുന്നു, ഈ ചിത്രം – നിറങ്ങളുടെ സിംഫണി. പ്രസ്‌തുത രചനയുടെ അടിസ്ഥാനത്തിലാണ്‌ ഞാന്‍ ഈ ചിത്രകാരനെ പിന്തുടര്‍ന്നത്‌. ഡല്‍ഹി യിലെ നാഷനല്‍ ഗ്യാലറി ഒഫ്‌ മോഡേണ്‍ ആര്‍ട്‌സിലാണ്‌ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. കണ്ണിന്റെ കലയായ ചിത്രകലയും കാതിന്റെ കലയായ സംഗീതവും ഒരു സവിശേഷതലത്തില്‍ സംഗമിക്കുമ്പോള്‍ ഇന്ദ്രിയസങ്കലനം സംഭവിക്കുന്നുവെന്നതിന്‌ അടിവരയിടുന്ന അനുഭവമാണ്‌ `മേഘമല്ലാര്‍’ സൃഷ്‌ടിക്കുന്നത്‌. സ്വരങ്ങള്‍കൊണ്ടു മാത്രം പകരുവാന്‍ തക്കതായ ശ്രവ്യാനുഭൂതിയെ തനിക്കു സ്വന്തമായ നിറപ്രസ്‌താരത്തിന്റെ ഭൂമികയിലിരുന്നുകൊണ്ട്‌ വര്‍ണ്ണാനുഭൂതിയായി പരിവര്‍ത്തിപ്പിക്കുന്ന ഒരു തലം ഈ കലാകാരനിലുണ്ട്‌. ലാവണ്യബോധത്തെ ആഴത്തില്‍ ഗ്രസിച്ചുപോയ ഒരു കാലത്തില്‍ നിലയുറപ്പിച്ചുകൊ ണ്ടാണ്‌ ഇത്തരം രചനകളെ സ്‌പര്‍ശിച്ചെടുക്കേണ്ടത്‌. അടയാളങ്ങളുടെ സാദ്ധ്യതയും നിറത്തിന്റെ സാമഞ്‌ജസ്യവും ആസ്വാദകന്റെ ആത്മാവില്‍ മന്ത്രാലാപനങ്ങളുണ്ടാക്കുന്നുണ്ടെങ്കില്‍ അത്‌ ഒരു കലാസൃഷ്‌ടിയുടെ പ്രസക്തിയെയും അനുസ്യൂതിയെയും ചരിത്രത്തില്‍ അടയാളപ്പെടുത്തുവാന്‍പോന്നതാണ്‌ എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക്‌ സൗന്ദര്യശാസ്‌ത്രപരമായ സ്‌പര്‍ശിനികള്‍ സിദ്ധിച്ചിട്ടുള്ളതിനാല്‍ അവ സാമഞ്‌ജസ്യത്തിലേക്ക്‌ അതിവേഗം ജാഗ്രത്തായിക്കോളും. കലാസ്വാദനത്തിലെ ഒരു സുപ്രധാന ചിട്ട അതാണ്‌.

നിറങ്ങള്‍ വികാരങ്ങളെ ഉദ്ദീപിപ്പിക്കുമെന്ന്‌ അമൂര്‍ത്തകലയുടെ പിതാമഹന്‍ വാസിലി കാന്റിന്‍സ്‌കി വിശ്വസിച്ചിരുന്നു. ചുവപ്പുനിറം ഊര്‍ജ്ജദായകവും, പച്ചനിറം ആന്തരികബലത്തെ ഊട്ടിയുറപ്പിക്കുന്നതും, നീലനിറം അഗാധവും അലൗകികവും, മഞ്ഞനിറം വിസ്‌മയഭരിതവും അസ്വാസ്ഥ്യജനകവും, വെളുത്തനിറം നിശബ്‌ദവുംപ്രത്യാശാനിര്‍ഭരവുമാണെന്ന്‌ അദ്ദേഹം വ്യാഖ്യാനിച്ചു. ഈ നിറങ്ങള്‍ക്കുതന്നെ ചില ഉപകരണങ്ങളുമായുള്ള ശബ്‌ദസാധര്‍മ്മ്യത്തെക്കു റിച്ചും അദ്ദേഹം വിശദീകരിച്ചു. ചുവപ്പുനിറം ട്രമ്പറ്റിന്റെയും, പച്ച മധ്യസ്ഥായിയിലുള്ള വയലിന്‍ന്റെയും, ഇളംനീല പുല്ലാങ്കുഴലിന്റെയും, കടുംനീല ചെല്ലോ യുടെയുടെയും, മഞ്ഞനിറം ട്രമ്പറ്റുകളുടെ ശ്രുതിലയത്തെയും, വെളുപ്പ്‌ ലയാത്മകമെലഡിയിലെ വിരാമത്തെയും സൂചിപ്പിക്കുന്നുണ്ടെന്ന്‌ അദ്ദേഹം ഭാവനചെയ്‌തു. വിയന്നയിലെ സംഗീതസമ്രാട്ടായ ആനോള്‍ഡ്‌ ഷോണ്‍ബെര്‍ഗിന്റെ രചനകളെ പ്രമാണമാക്കിയാണ്‌ അദ്ദേഹം അങ്ങനെ പ്രസ്‌താവിച്ചത്‌. കലയില്‍ ആവിര്‍ഭവിക്കേണ്ട ആത്മീയതയെപ്പറ്റി ഒരു നൂറ്റാണ്ടു മുമ്പ്‌ ഒരു സിദ്ധാന്തം തന്നെ മുളപ്പിച്ചെടുത്ത കലാകാരനാണ്‌ കാന്റിന്‍സ്‌കി. എന്നാല്‍, അത്‌ കേവലം ദൈവകേന്ദ്രിതമായിരുന്നില്ല എന്നു നാം തിരിച്ചറിയുന്നത്‌ അദ്ദേഹത്തിന്റെ രചനകളുടെ അടിസ്ഥാനത്തിലാണ്‌. നമുക്കു മുമ്പിലുള്ള ദൃശ്യലോകം ആത്മീയമണ്ഡലത്തെക്കൂടി അന്തര്‍വ്വഹിക്കുന്നുണ്ട്‌ എന്നു വിശദീകരിച്ചപ്പോള്‍, കലാകാരന്‍ അവന്റെ സത്തയില്‍ സ്‌പര്‍ശിച്ച്‌ ആവിഷ്‌കരിക്കേണ്ടുന്ന സവിശേഷലോകത്തെയാണ്‌ അദ്ദേഹം അഭിദര്‍ശിച്ചത്‌. താന്‍ കാണുന്നതും ഇടപെടുന്നതുമായ ലോകത്തെ ആവിഷ്‌കരിക്കുവാന്‍ അച്യുതന്‍ കൂടല്ലൂര്‍ തെരഞ്ഞെടുത്തത്‌ താന്ത്രികവര്‍ണ്ണഭേദമൊരുക്കിയ അമൂര്‍ത്തകലയെയാണ്‌ എന്നത്‌ യാദൃച്ഛികമല്ല.

നമ്മുടെ പൊതുവിചാരങ്ങളില്‍ ഉറഞ്ഞുകൂടിയിട്ടുള്ള ചില അയുക്തികളെക്കുറിച്ച്‌ ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടെ `അയുക്തികത’ എന്നു പ്രയോഗിച്ചതുതന്നെ അല്‍പം പേടിയോടെയാണ്‌! കാരണം, അയുക്തികത എന്നത്‌ തികച്ചും പാശ്ചാത്യമാണ്‌ എന്ന ഒരു ധാരണ ഇവിടെ പരക്കെയുണ്ട്‌. ആ സംജ്ഞയെ ഉടന്‍ `അസംബന്ധം’ എന്നാക്കി മാറ്റുവാനുള്ള വിരുതും ചെറുതല്ല. ജ്യാമിതിയും അമൂര്‍ത്തകലയും തമ്മിലുള്ള ദൂരത്തെ ഗണ്യമായി വെട്ടിച്ചുരുക്കിയ കാന്റിന്‍സ്‌കിയെ സ്വീകരിക്കുവാന്‍ ഒരു മടിയുമില്ലാത്ത നമ്മള്‍ ഇവിടുത്തെ ചിത്രകാരന്മാരെ സ്വീകരിക്കുവാന്‍ പക്ഷേ തെല്ല്‌ അറച്ചുനില്‍ക്കും. അഥവാ സ്വീകരിക്കയാണെങ്കില്‍ത്തന്നെ അതിനെ വേറെ എന്തെങ്കിലും പേരുവിളിച്ചിട്ടേ പിന്‍വാങ്ങുകയുള്ളൂ!
വിശാലമായ അര്‍ത്ഥത്തില്‍, ഭാരതത്തിലെ സമുന്നതകലാകാരനായ അച്യുതന്‍ കൂടല്ലൂര്‍ തന്റെ രചനാസൗ ഷ്‌ഠവം പ്രകടിപ്പിക്കുന്നത്‌ അമൂര്‍ത്തഭാവം സന്നദ്ധമായിനില്‍ക്കുന്ന താന്ത്രികകലയിലാണെന്നു പറഞ്ഞാല്‍ അതില്‍ സ്‌തബ്‌ധരാകേണ്ട കാര്യമൊന്നുമല്ല. ചോഴശില്‍പകലയിലെ മോട്ടീഫുകളെ തന്റെ ചിത്രങ്ങളില്‍ അഭിമാനപൂര്‍വ്വം സന്നിവേശിപ്പിച്ച കെ സി എസ്‌ പണിക്കരെ ചിത്രകലയിലെ പുരോഗമനാശയത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായിട്ടുതന്നെയാണ്‌ നമ്മള്‍ ഇപ്പോഴും പരിഗണിക്കുന്നത്‌. ഭൂതകാലത്തിന്റെ ഈടുവെപ്പുകളില്‍നിന്നാണ്‌ ആധുനികതയുടെ പൊടിപ്പുകള്‍ തീക്ഷ്‌ണമാവുന്നത്‌ എന്നതിന്‌ ഇത്‌ നല്ല ഉദാഹരണമാണ്‌. ഇത്തരമൊരു വ്യത്യസ്‌തതലത്തില്‍ നിന്നുകൊണ്ട്‌ അച്യുതന്‍ കൂടല്ലൂരിനെ അപഗ്രഥിക്കുകയാണ്‌ അഭികാമ്യം.

രൂപങ്ങളുടെ വടിവുകള്‍ക്ക്‌ നിശ്ചിതമായ നിര്‍വ്വചനമില്ലെങ്കിലും അമൂര്‍ത്തകലയില്‍ നിറവിതാനവും വരസങ്കലനവും പ്രാധാന്യമാര്‍ജ്ജിച്ചുതന്നെനില്‍ക്കുന്നു. രൂപങ്ങളുടെ ധര്‍മ്മം നിറവേറ്റുന്നത്‌ നിറമാണ്‌ എന്നു പറയാം. ഈ മിഴിവ്‌ അച്യുതന്റെ രചനകളില്‍ സജീവമാണ്‌. രേഖകളെക്കുറിച്ചുള്ള വിചാരം നമ്മെ ചൈനീസ്‌കലയിയിലേക്കു ദത്തെടുക്കുന്നു. “വാക്കുകൊണ്ടല്ല, വരകൊണ്ടാണ്‌ ലോകം നിര്‍മ്മിക്കപ്പെട്ടിരിക്കതുന്നത്‌” എന്ന വിശ്വാസം ചീനസംസ്‌ കാരത്തിലുണ്ട്‌. അക്കാരത്താല്‍, അവര്‍ ലോകത്തെ ആവിഷ്‌കരിക്കുന്നത്‌ വരകളുടെ മാന്ത്രികമിശ്രണംമൂലമാണ്‌. ഒട്ടേറെ കലാപ്രസ്ഥാനങ്ങള്‍ ചീനസംസ്‌കൃതിയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ തലനീട്ടിയെങ്കിലും ആധുനിക ചീനചിത്രകല അവയെയെല്ലാം സ്വാംശീകരിച്ച്‌ തികച്ചും `ചീനം’തന്നെയാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ചിത്രരൂപത്തിലുള്ള പൗരസ്‌ത്യതയുടെ വെളിച്ചമായിരുന്നു അതെല്ലാം. വരകളുടെ നിമന്ത്രണങ്ങള്‍ക്കനുസൃതമായി വര്‍ണ്ണങ്ങളുടെ അനു ഷ്‌ഠാനമൊരുക്കുന്ന അച്യുതന്‍ കൂടല്ലൂരിന്റെ കലയില്‍ പൗരസ്‌ത്യതയുടെ വിശാലമായ ദര്‍ശനം ധ്വനിക്കുന്നുണ്ട്‌. ഇന്ത്യന്‍ ചിത്രകലാരംഗത്ത്‌ വ്യത്യസ്‌തനായി നില്‍ക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുന്നതും അതുകൊണ്ടാണ്‌.

മനുഷ്യശരീരത്തെ ആധാരമാക്കിയാണ്‌ ഭാരതീയകല ആത്മാവിനെപ്പറ്റി ചര്‍ച്ച ചെയ്‌തത്‌ എന്നത്‌ കൗതുകകര മായ വസ്‌തുതയാണ്‌. ശരീരത്തെയും ആത്മാവിനെയും പൂരകമാക്കിയുള്ളവയാണ്‌ അച്യുതന്റെ രചനകളെന്നു തോന്നിപ്പോവും. കാരണം, ആന്തരികമായ സംക്ഷോഭത്തിന്റെയും ഉത്‌കണ്‌ഠയുടെയും ശരീരാധിഷ്‌ഠിതമായ പരിമിതികളുടെയും വേദനകളില്‍നിന്നാണ്‌ ഈ കലാകാരന്റെ രചനകളുടെ ശരീരാത്മകത വെളിപ്പെടുന്നത്‌.
താന്ത്രികകലയുടെ പ്രചോദനമേറ്റ അച്യുതന്‍ കൂടല്ലൂര്‍ ചിത്രകലയിലെ നിറവാണ്‌. ആധുനികത യിലേക്കടുക്കുന്ന ഇത്തരമൊരു ഭാവാന്തരമാണ്‌ അദ്ദേഹത്തെ ഇന്ത്യന്‍ ചിത്രകാരന്മാരില്‍ ശ്രദ്ധേയനാക്കുന്ന ഘടകം. ബുദ്ധകലയിലും ഹൈന്ദവകലയിലും പ്രത്യക്ഷപ്പെട്ട താന്ത്രികതയിലെ നിഗൂഢതത്ത്വശാസ്‌ത്രകല്‍പനകളെ അമൂര്‍ത്തകലാ ബിംബങ്ങളോടു സമന്വയിപ്പിച്ചുകൊണ്ട്‌ അച്യുതന്‍ കൂടല്ലൂര്‍ ആനയിച്ച ആധുനികത ഇന്ത്യന്‍ ചിത്രകലയിലെ വേറിട്ട ഒരു അദ്ധ്യായമാണ്‌ എന്ന വസ്‌തുത ഇനിയും പഠിക്കപ്പെട്ടിട്ടില്ല. പാശ്ചാത്യ അമൂര്‍ത്തതകലയിലെ ജ്യാമിതിയും മറ്റും ഇന്ത്യനവസ്ഥയില്‍ താന്ത്രികകലയുമായിട്ടാണ്‌ ഇഴുകിച്ചേര്‍ന്നത്‌. ഒരു പ്രത്യേക പ്രാദേശികബിംബത്തെ എങ്ങനെ ആഗോളപരമാക്കാം എന്ന ചിന്തയില്‍നിന്നാണ്‌ പിക്കാസോയെയും ഗോഗിനെയും പോലുള്ള വലിയ കലാഭിജ്ഞര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തത്‌. താന്ത്രികതയുടെ സ്വാംശീകരണത്തിലൂടെ അമൂര്‍ത്തതകലയ്‌ക്ക്‌ പുതിയ സാദ്ധ്യത നല്‍കുകയാണ്‌ അച്യുതന്‍ കൂടല്ലൂര്‍. അത്‌ പാശ്ചാത്യ ആധുനികതയുടെയോ മറ്റോ പകര്‍പ്പല്ലാതാവുന്നതും ഇക്കാരണത്താലാണ്‌. നിഗൂഢതയുടെ ഒരു സ്വഭാവം താന്ത്രികകലയ്‌ക്കുണ്ട്‌. ഇതിനെ ആധുനികവല്‍ക്കരിച്ച്‌ പൊതു ഇടമാക്കിമാറ്റിയതിലൂടെ അദ്ദേഹം കലയില്‍ സൗന്ദര്യകലാപത്തിന്‌ തിരികൊളുത്തി. വരകളുടെയും നിറങ്ങളുടെയും ജൈവഗുണത്തെ കേന്ദ്രീകരിച്ചാണ്‌ അദ്ദേഹം ചിത്രാംശത്തിന്റെ പൊരുത്തത്തെ നിര്‍ണ്ണയിച്ചത്‌. മനുഷ്യന്റെ ആന്തരികലോകവും ബാഹ്യലോകവും തമ്മിലുള്ള സംഘര്‍ഷത്തെ കുറിക്കുവാന്‍ തികച്ചും ജൈവമായ താന്ത്രികബലങ്ങളെയാണ്‌ ഈ ചിത്രകാരന്‍ സമര്‍ത്ഥ മായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.

നിഷ്‌ഠാവിരുദ്ധമായ പ്രയോഗത്താല്‍ രചിക്കപ്പെട്ട ഈ ചിത്രങ്ങള്‍ നിറങ്ങളുടെ പ്രത്യയശാസ്‌ത്രസന്നിധിയിലേക്ക്‌ ധര്‍മ്മനിഷ്‌ഠയോടെ കടന്നുചെല്ലുകയും ചിത്രാകാരങ്ങളില്‍ അപൂര്‍വ്വമായൊരു തത്ത്വശാസ്‌ത്രം രൂപപ്പെടുത്തു കയും ചെയ്യുന്നു. വര്‍ണ്ണങ്ങളുടെ സാന്ദ്രതയാല്‍ തന്റെ രചനകള്‍ക്ക്‌ ഒരു മിത്തി ക്കല്‍ പരിവേഷം നല്‍കുവാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. ഒപ്പം, നിറങ്ങള്‍ക്ക്‌ വിപ്ലവാത്മകമായ പൊരുള്‍ എവ്വിധം ആവിഷ്‌കരിക്കാമെന്ന തീവ്രമായ അന്വേഷണവും അവിടെ നടക്കുന്നുണ്ട്‌. അമൂര്‍ത്തകലയിലെ നവീനവും അനന്യവുമായ ഭാവുകത്വമാണ്‌ അച്യുതന്‍ കൂടല്ലൂരിന്റെ കല.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *