ഏകാകികളുടെ ശബ്ദം
ചിക്കാഗോ സണ്‍ടൈംസിന്റെ ആഴ്ചപ്പതിപ്പായ ‘മിഡ്‌വെസ്റ്റി’ന്റെ പത്രാധിപര്‍ മധ്യവയസ്‌കനാണ്. കാഴ്ചയ്ക്ക് ഡയലന്‍ തോമസ്സിനെയാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുക. അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ ചെറുകഥയും കവിതയും പ്രസിദ്ധീകരിക്കാറില്ല.’ അവരുടെ എതിരാളികളായ ചിക്കാഗോ ഡെയ്‌ലി ന്യൂസിന്റെ ആഴ്ചപ്പതിപ്പിനുമില്ല ഈ ഏര്‍പ്പാട്. നോണ്‍ ഫിക് ഷന് മാര്‍ക്കറ്റ്. അതുകൊണ്ട് മാനേജ്‌മെന്റ് ഒരു പോളിസി എന്ന നിലയ്ക്ക് ഇതംഗീകരിച്ചിരിക്കുന്നു.
കൊളംബിയ കോളേജിലെ ചെറുകഥയെഴുത്തുകാരായ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. അവരും ഖേദത്തോടെ പറഞ്ഞു: ചെറുകഥയ്ക്ക് ഭാവിയില്ല. ആരും പ്രസിദ്ധീകരിക്കാറില്ല. കോളേജ് കൊല്ലത്തിലൊരിക്കല്‍ റൈറ്റിങ് കോഴ്‌സിലെ വിദ്യാര്‍ഥികളുടെ കഥകള്‍ തെരഞ്ഞെടുത്ത് ഒരു സമാഹാരം പ്രസിദ്ധീകരിക്കും. അവരുടെ സാഹിത്യപ്രവര്‍ത്തനം അതില്‍ ഒതുങ്ങിനില്ക്കുന്നു.
റൈറ്റിങ് കോഴ്‌സിലെ പ്രൊഫസറായ പോള്‍പീക്കന്‍ കഥകളെഴുതിയിട്ടുണ്ട്. തനിയ്ക്ക് പ്രിയപ്പെട്ട മാധ്യമം ചെറുകഥയാണെന്ന് പീക്കിന്‍ പറഞ്ഞു. ജീവിക്കാന്‍ കോളേജിലെ ഉദ്യോഗമുണ്ട്. കൊളംബിയാ കോളേജ് പ്രസിദ്ധീകരിച്ച രണ്ട് കഥാസമാഹാരങ്ങളിലും പീക്കിന്റെ കഥകള്‍ കണ്ടു.
പീക്കിന്‍ പറഞ്ഞു: ‘ഞാനൊരിക്കലും മെയിലറെപ്പോലെ പ്രസിദ്ധനാവില്ല? ഞാന്‍ ഇലക്ഷന് നില്‍ക്കില്ല. ഭാര്യയെ കുത്തി കേസുണ്ടാക്കില്ല, രാഷ്ട്രീയസമരങ്ങളുടെ മുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കില്ല. എന്റെ ചെറിയ ലോകംകൊണ്ട് ഞാന്‍ സംതൃപ്തനാണ്.’
ഇന്ത്യന്‍ സാഹിത്യത്തെപ്പറ്റിയുള്ള അജ്ഞതയില്‍ എനിക്കൊരത്ഭുതം തോന്നിയില്ല. പക്ഷേ പീക്കിനും മുറിയില്‍ കൂടിയ സാഹിത്യവിദ്യാര്‍ഥികളും ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലേയോ യൂറോപ്പിലെയോ സാഹിത്യപ്രവര്‍ത്തനങ്ങളെപ്പറ്റി അറിയാന്‍ തല്‍പ്പരരല്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. ചിക്കാഗോവിലെ എഴുത്തുകാരന്റെ ലോകം ചിക്കാഗോ മാത്രമാണ്.
ഒന്നരമണിക്കൂര്‍ നേരത്തെ സംഭാഷണത്തിനുശേഷം പിരിയുമ്പോള്‍ പീക്കിന്‍ പറഞ്ഞു: ‘ഇന്ത്യന്‍ പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഇനി വായിക്കാന്‍ ശ്രമിക്കും.’
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. ‘ചെറിയ ഭാഷകളിലെഴുതുന്ന ഞങ്ങള്‍ ചെറിയ ലോകങ്ങള്‍കൊണ്ട് തൃപ്തരാണ്.’
വ്യവസായങ്ങളുടെ നഗരമായ ചിക്കാഗോവിനെപ്പറ്റി, കാള്‍ സാന്‍ഡ്ബുര്‍ഗിന്റെ അറവുകാരനെപ്പറ്റി, അല്‍കപ്പോണിയുടെ സ്‌കാര്‍ഫെയ്‌സ് മോബിന്റെ പഴയ വിഹാരഭൂമിയെപ്പറ്റി രാക്ഷസീയമായ ഒരു ചിത്രമാണ് ഞാന്‍ നേരത്തെ മനസ്സില്‍ കൊണ്ടു നടന്നിരുന്നത്. പക്ഷേ ആദ്യദര്‍ശനത്തില്‍ നഗരം എനിക്കിഷ്ടമായി. ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് ഇവിടം ശാന്ത മാണ്. ഗ്രീഷ്മത്തിലും ചൂടില്ലാത്ത പകലുകള്‍, ഇളംതണുപ്പുള്ള സായാഹ്നം. ഹോട്ടല്‍ മുറിയുടെ ജാലകത്തിലൂടെ മിഷിഗന്‍ തടാകത്തില്‍ നീങ്ങുന്ന ഉല്ലാസയാത്രക്കാരെ നോക്കിയിരിക്കാം. അന്തരീക്ഷത്തില്‍ വ്യവസായശാലകള്‍ പരത്തിയ മാലിന്യത്തിന്റെ കണക്കുകള്‍ അഞ്ചുദിവസം തങ്ങുന്ന സഞ്ചാരികളെ അസ്വസ്ഥനാക്കാന്‍ പോകുന്നില്ല.
ഹൊരെ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ പരസ്യപ്പലകയില്‍ നഗരത്തിലേക്ക് സ്വാഗതം പറയുന്നത് മേയറാണ്. ചിക്കാഗോ വര്‍ഷങ്ങളായി ഒരേ സംഘത്തിന്റെ ഭരണത്തിന്‍ കീഴിലാണ്. നിശ്ചിതമായ നിയന്ത്രണവും നിര്‍ദ്ദയമെന്നുവരെ വിശേഷിപ്പിക്കാവുന്ന വിദഗ്ദ്ധഭരണവുംകൊണ്ട് അവര്‍ നഗരത്തെ കയ്യടക്കിയിരിക്കയാണ്. ബോണിയുടെ ഭാഷയില്‍ ‘എസ്റ്റാബ്ലിഷ്‌മെന്റിന്റെ നഗര’മാണ് ചിക്കാഗോ.
ചിക്കാഗോവില്‍ ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് എഡള്‍ട്ട് ബുക്ക് ഷോപ്പുകളും എഡള്‍ട്ട് മൂവി ഹൗസുകളും കുറവാണ്. ഹോട്ടലില്‍നിന്ന് ആര്‍ട്ട് ഗ്യാലറിയിലേക്കുള്ള വഴിക്ക് ഒരു ചെറിയ തിയേറ്ററില്‍ കുറസാവയുടെ രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അമേരിക്കയില്‍ സ്വീഡന്‍കാരനായ ബര്‍ഗ്മാന്‍ കഴിഞ്ഞാല്‍ ഏറ്റവും അംഗീകരിക്കപ്പെടുന്ന വിദേശീയ ചലച്ചി ത്രനിര്‍മ്മാതാവ് കുറസാവയാണ്.
ബോണി ഒരു സെക്കന്റ്ഹാന്‍ഡ് പുസ്തകഷാപ്പില്‍ കയറി. ആര്‍ട്ട് ഗാലറിക്കകത്ത് നാലു മണിക്കൂര്‍ കഴിച്ചശേഷം ഞങ്ങള്‍ മടങ്ങുകയായിരുന്നു. എനിക്ക് നല്ല വിശപ്പുണ്ട്. ഭക്ഷണം കഴിക്കണം. ഒരു പകലുറക്കത്തിനും പരിപാടിയുണ്ട്. ബോണിയെ വിട്ട് ഞാന്‍ ഹോട്ടലിലേക്ക് നടന്നു. കൗണ്ടറില്‍ കത്തുകളുണ്ടോ എന്നു പരിശോധിക്കാന്‍ നിന്നപ്പോള്‍ ‘ഹലോ ഹൗ ആര്‍ യൂ’ എന്നു ചോദിച്ച് കൈ നീട്ടി അടുത്തുവന്ന ചെറുപ്പക്കാരനെ തിരിച്ചറിയാന്‍ ചില നിമിഷങ്ങള്‍ വേണ്ടിവന്നു. പാരീസില്‍ നിന്നുള്ള യാത്ര യില്‍ എന്റെ തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് തന്നെ. അയാള്‍ ബോസ്റ്റണിലിറങ്ങി. അയാളുടെ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരിക്ക് സുഖമുണ്ടായിരുന്നില്ല. തൊണ്ടവേദനയും ചുമയും. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ എന്തോ മരുന്നുകൊടുത്തു. അയാളുടെ മടിയിലേക്ക് ചാഞ്ഞുകിടക്കാന്‍ പാകത്തില്‍ ഹാന്‍ഡ്‌റെസ്റ്റ് നീക്കി. മടിയില്‍ വെച്ചിരുന്ന സാധനങ്ങള്‍ എല്ലാം ഞാന്‍ ഏറ്റുവാങ്ങി. കാമുകിയുടെ അസുഖം കൊണ്ടോ ഉല്ലാസയാത്രയുടെ അവസാനമെത്തിയതുകൊണ്ടോ എന്നറിഞ്ഞുകൂട അയാള്‍ വളരെ അസ്വസ്ഥനായിരുന്നു. റോമിലെ ചൂടിനെ ശപിച്ചതില്‍ ഞാനും പങ്കുകൊണ്ടു.
ജാക്ക് ബ്രയന്റ് എന്നാണയാളുടെ പേരെന്ന് ഇപ്പോള്‍ ഔപചാരികമായി പരിചയപ്പെട്ടപ്പോഴാണറിയുന്നത്.
‘സ്‌നേഹിതയുടെ അസുഖം എങ്ങിനെ?’
‘ഏത് സ്‌നേഹിത? ഓ എന്റെ കൂടെയുണ്ടായിരുന്നവള്‍! അറിഞ്ഞുകൂട. ബോസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍വെച്ച് പിരിഞ്ഞശേഷം ഞങ്ങള്‍ കണ്ടിട്ടില്ല. തിരക്കായിരുന്നു.’
ഞങ്ങള്‍ ലോബിയുടെ താഴത്തെ കഫറ്റീരിയയില്‍ ചെന്ന് ഭക്ഷണം കഴിക്കാനിരുന്നു. ബോസ്റ്റണില്‍ ജനിച്ചുവളര്‍ന്ന് ബാച്ചിലേഴ്‌സ് ബിരുദമെടുത്ത് ജാക്ക് എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. ഒരു കൊല്ലം സയ്‌ഗോണിലായിരുന്നു. രാജിവെച്ചു. കാരണം?
കുറ്റബോധം.
അയാള്‍ ഗ്രൗണ്ട് സ്റ്റാഫിലായിരുന്നു. വിയറ്റ്‌നാമില്‍ ബോംബേറു നടത്തിയ വൈമാനികരുടെ കഥകള്‍ അയാള്‍ കേട്ടു.
‘ഭയങ്കരമായ അനുഭവം.’ ജാക്ക് ബ്രയന്റ് ശരീരത്തില്‍നിന്ന് എന്തോ കുടഞ്ഞുകളയാന്‍വേണ്ടി എന്നോണം തോളുകള്‍ ചലിപ്പിച്ചു. ‘നാല്പതിനായിരം അടി ഉയരത്തുനിന്ന് ഡി.ബി.യു.വിമാനം ബോംബിടുമ്പോള്‍ ഒരു നാഴിക നീളത്തില്‍ രണ്ടു ഫര്‍ലോങ് വീതിയില്‍ പത്തുലക്ഷം ഉരുക്കിന്‍ കഷ്ണങ്ങള്‍ ചിതറുന്നു. മരിക്കുന്നത് കുട്ടിയാവാം, സ്ത്രീയാവാം, മിത്രമാവാം.’
നാപാം ബോംബുകളും ഫോസ്ഫറസ് ബോംബുകളും ഗ്രാമങ്ങളെ ചുട്ടെരിക്കുന്ന കാഴ്ച വൈമാനികര്‍ വിവരിക്കുന്നത് രാത്രിയില്‍ കൂടാരത്തിനകത്തിരുന്ന് അയാള്‍ നിശ്ശബ്ദം കേട്ടു.
ആര്‍ക്കുവേണ്ടിയാണ് കൊല്ലുന്നത്?
ആര്‍ക്കും ഉത്തരം പറയാനാവില്ല.
അയാള്‍ ഒരു കംപ്യൂട്ടര്‍ കമ്പനിയില്‍ ചേര്‍ന്നിരിക്കുകയാണിപ്പോള്‍. അവരുടെ വലിയ ഉദ്യോഗസ്ഥന്മാരുടെ സമ്മേളനം ഈ ഹോട്ടലില്‍ നടക്കുന്നു. അതിന്റെ ശ്രമക്കാരനായി തലേന്ന് വന്നെത്തിയിരിക്കയാണ്.
ജാക്ക്ബ്രയിന്റിനെ വീണ്ടും വൈകുന്നേരം കണ്ടു. അയാളാണ് ബെത്തിനെ പരിചയപ്പെടുത്തിയത്. ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ എഡിറ്റര്‍മാരിലൊരാളാണ് ബെത്ത്. ബെത്തിന്റെ ക്ഷണം പിറ്റേദിവസത്തേക്ക് നീട്ടിവെയ്‌ക്കേണ്ടിവന്നു. കാരണം, വൈകുന്നേരം നഗരത്തിന്റെ അതിര്‍ത്തിയിലൊരിടത്ത് താമസിക്കുന്ന ലീമാര്‍ക്കും ഭാര്യയും ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്.
മാര്‍ക്ക് ദമ്പതികളെ പരിചയമില്ല. വിദേശത്തുനിന്ന് വരുന്നവരെ പരിചയപ്പെടാനും അവരെ സല്‍ക്കരിക്കാനും താല്പര്യമുള്ളവര്‍ സ്റ്റെയ്റ്റ് ഡിപ്പാര്‍ ട്ടുമെന്റില്‍ പേര്‍ കൊടുക്കുന്നു. സന്ദര്‍ശകരുടെ വിവരം ഡിപ്പാര്‍ട്ടുമെന്റ് അവരെ അറിയിക്കുന്നു.
മിസ്സിസ്സ് മാര്‍ക്കിന്റെ കത്തില്‍ സബ്‌വേയിലൂടെ സഞ്ചരിച്ച് ഇറങ്ങേണ്ട സ്ഥലവും കാത്തുനില്‍ക്കേണ്ട സ്ഥലവും നിര്‍ദ്ദേശിച്ചിരുന്നു. ക്രീം നിറത്തിലുള്ള ഒരു ഡാറ്റ്‌സണ്‍ കാറിലായിരിക്കും അവര്‍ ഞങ്ങളെ കൂട്ടാന്‍ വരുന്നതെന്നും എഴുതിയിട്ടുണ്ട്.
ബോണിയും ഞാനും ഡാറ്റ്‌സണ്‍ പ്രത്യക്ഷപ്പെടുന്നതും കാത്ത് സ്റ്റേഷന്‍ പരിസരത്തിലെ കവലയില്‍ നിന്നു. പതിനഞ്ചുമിനുട്ട് കഴിഞ്ഞപ്പോള്‍ ഡാറ്റ്‌സണ്‍ വന്നു. വീട്ടിലേയ്ക്കാവശ്യമായ കുറെ സാധനങ്ങള്‍ വാങ്ങാന്‍ വഴിക്ക് നില്‍ക്കേണ്ടിവന്നു. അതുകൊണ്ടാണ് അവര്‍ വൈകിയത്. മെലിഞ്ഞ് ഉയരം കുറഞ്ഞ് കറുത്ത മുടിയും സ്വര്‍ണ്ണപ്പല്ലുകള്‍ തിളങ്ങുന്ന ചിരിയുമുള്ള നാല്പത്തഞ്ചുകാരിയാണ് മിസ്സിസ് മാര്‍ക്ക്. ഞാന്‍ നഗരത്തില്‍ കണ്ട സ്ഥലങ്ങളെപ്പറ്റി ചോദിച്ചു. അവര്‍ക്ക് നിരാശയായി. പുതിയ അപ്പാര്‍ട്ടുമെന്റ് ബില്‍ഡിംഗുകള്‍ ഉയര്‍ന്നുവരുന്ന സ്ഥലവും മള്‍ട്ടിസ്റ്റോറി കാര്‍ പാര്‍ക്കും എല്ലാം ഞാന്‍ വിട്ടുകളഞ്ഞിരിക്കുന്നു. കെട്ടിടങ്ങളിലെ മനുഷ്യരിലാണ് എനിക്ക് താല്പര്യം എന്ന് പറഞ്ഞപ്പോഴും മിസ്സിസ് മാര്‍ക്ക് വിട്ടില്ല. അവരുടെ പ്രദേശത്തുള്ള ബഹായി ക്ഷേത്രമെങ്കിലും ഒന്ന് കാണണം. ‘ഞാന്‍ രണ്ട് ജപ്പാന്‍കാരെ അവിടെ കൊണ്ടുപോയി കാണിച്ചു. അവരും പറഞ്ഞു, അത്ഭുതകരമാണെന്ന്.’
മിസ്സിസ് മാര്‍ക്ക് ‘ജേയ്പ്പനീസ്’ ‘ഫേയ്‌സിനേയ്റ്റിംഗ്’ ‘ഏയ്ബസലൂ ട്ട്‌ലി’ എന്നെല്ലാമാണ് ഉച്ചരിക്കുക. ഇതേപോലെ സ്റ്റെയ്റ്റ് ഡിപ്പാര്‍ട്ടുമെന്റ്
മുഖേന അവര്‍ക്ക് കിട്ടിയ അതിഥികളായിരുന്നു ഈ ജപ്പാന്‍കാര്‍.
‘ഒരു തമാശ കേള്‍ക്കണോ? അവരിലൊരാള്‍ക്ക് രാത്രിയില്‍ ടോക്കിയോവില്‍ വിളിക്കണം. വിളിച്ചു. ബെയ്‌സ്ബാളിന്റെ റിസള്‍ട്ടറിയാന്‍.’
‘ജാപ്പനീസ് ഭാഷയിലാണോ സംസാരിച്ചത്?’
ബോണി ചോദിച്ചു.
‘അതെ.’
‘എന്നാലയാള്‍ കാമുകിയെ വിളിച്ചതാവും.’
മിസ്സിസ് മാര്‍ക്കിന്റെ സ്വര്‍ണ്ണപ്പല്ലുകള്‍ തിളങ്ങി.
ബഹായിക്ഷേത്രത്തിനു മുമ്പില്‍ അവര്‍ കാര്‍ നിര്‍ത്തി. ‘നിങ്ങള്‍ നോക്കി വരൂ. ഞാന്‍ കാറിലിരിക്കാം.’
ഞാനും ബോണിയും പടവുകള്‍ കയറി അവര്‍ കാണാത്ത ഒരിടത്ത് എത്തിയപ്പോള്‍ നിന്നു. ഏകദേശം ചുറ്റിനടന്ന് കാണേണ്ട സമയം അവിടെ തങ്ങി. മിസ്സിസ് മാര്‍ക്കിനെ നിരാശപ്പെടുത്താതിരിക്കാന്‍.
‘എന്റെ ഒരൂഹം പറയണോ?’
‘കേള്‍ക്കട്ടെ.’
‘മാര്‍ക്ക്‌സ് ജൂതരായിരിക്കും.’
എനിക്ക് പിടികിട്ടിയില്ല. എങ്ങിനെ ഊഹിച്ചു? ജൂതരുടെ ശൈലിയില്‍ സവിശേഷതയുണ്ടോ? കാഴ്ചയ്ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ? അതൊന്നുമില്ലെന്ന് ബോണി പറഞ്ഞു. ഒരൂഹം മാത്രം.
തിരിച്ചെത്തി അഭിപ്രായം ചോദിച്ചപ്പോള്‍ ഞങ്ങള്‍ പ്രഖ്യാപിച്ചു: ‘ഏയ്ബ്‌സലൂട്ട്‌ലി ഫേയ്‌സിനേയ്റ്റിംഗ്!’
വീട്ടിനടുത്ത് എത്താറായപ്പോള്‍ മിസ്സിസ് മാര്‍ക്ക് കാറു നിര്‍ത്തി. വഴിവക്കില്‍ കളിക്കുന്ന നാലു കുട്ടികളെ നോക്കി പറഞ്ഞു: ‘അതിലൊന്ന് ഞങ്ങളുടെ ഇളയ മകനാണ്, ആരാണെന്ന് പറയാമോ?
ബോണി ഒരൂഹം പറഞ്ഞു. തെറ്റി. ഞാന്‍ ശ്രമിച്ചില്ല. മിസ്സിസ് മാര്‍ക്ക് മകനെ വിളിച്ചു വരുത്തി. ‘ആറുമണിക്കാണ് ഡിന്നര്‍, വേഗം വീട്ടിലെത്ത്.’
മിസ്റ്റര്‍ മാര്‍ക്ക് വീട്ടിന്റെ മുന്‍വശത്ത് കാത്തുനില്പാണ്. സമീപത്തുള്ള ഷോപ്പിംഗ് സെന്ററില്‍ അയാള്‍ക്കൊരു കടയുണ്ട്. ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വ്യാപാരിയാണയാള്‍. കഴിഞ്ഞ കൊല്ലം വ്യാപാരാവശ്യത്തിന്നുവേണ്ടി ജപ്പാനില്‍ ഒരു മാസം താമസിച്ചു. ഭാര്യയും കൂടെയുണ്ടായിരുന്നു. ഞായറാഴ്ചയായതുകൊണ്ട് ഷോപ്പിംഗ് സെന്ററിന് ഒഴിവുദിവസമാണ്. എങ്കിലും അദ്ദേഹം അവിടെയെല്ലാം ഞങ്ങളെ കൊണ്ടു നടന്ന് കാണിച്ചു. ഒരു കാലത്ത് ഈ നഗരപ്രാന്തം വിജനമായിരുന്നു. ഇപ്പോള്‍ സ്ഥലത്തിന് വില കൂടിയിരിക്കുന്നു. ധാരാളം വീടുകള്‍ ഉയര്‍ന്നു കഴിഞ്ഞു. സ്‌ക്കൂളും ഷോപ്പിംഗ് സെന്ററുകളും ഉണ്ടായി. മടങ്ങിവന്ന് മുപ്പതിനായിരം ഡോളറിന് വാങ്ങിയ തന്റെ വീടിന് പതിനയ്യായിരം കൂടി ചെലവഴിച്ചു വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ കാണിച്ചുതന്നു. ഇപ്പോള്‍ തന്റെ വീടിന് എഴുപത്തയ്യായിരം ഡോളര്‍ വിലമതിക്കുമെന്നാണ് മാര്‍ക്കിന്റെ കണക്കുകൂട്ടല്‍.
ചുറ്റുവട്ടത്തെ ഓരോ വീടിനും എന്തു വില വരുമെന്ന് തിട്ടപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല.
ഡിന്നര്‍ തയ്യാറായിരിക്കുന്നു. പതിനഞ്ചുവയസ്സായ മൂത്ത മകനെ പരിചയപ്പെടുത്തി. പിന്നിലെ മുറിയില്‍നിന്ന് വേച്ചുവേച്ച് നടന്നുവന്ന മൂത്ത മകളാണ് അവസാനം ഡൈനിംഗ് ടേബിളില്‍ എത്തിയത്. ചെറുപ്പത്തില്‍ പിള്ളവാതം വന്ന അവള്‍ക്ക് നീണ്ട ചികിത്സയുടെ ഫലമായി കഷ്ടിച്ചു നടക്കാം. സംസാരിക്കുമ്പോള്‍ വ്യക്തമാവില്ല. കോളേജില്‍ ഒന്നാം വര്‍ഷം പഠിക്കുന്നു. പതിനേഴ് വയസ്സുള്ള ആ പെണ്‍കുട്ടി കഴിയുന്നതും സംസാരിക്കാനിടയാക്കാതെ എല്ലാവരെയും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷണത്തിനിടയ്ക്കുള്ള സംസാരം അപ്രതീക്ഷിതമായാണ് മതത്തിലേയ്ക്ക് കടന്നത്. ചുറ്റുവട്ടത്ത് മുഴുവന്‍ ജൂതമതവിശ്വാസികളാണെന്ന് മാര്‍ക്ക് പറഞ്ഞു. അവരും ഈ വിശ്വാസത്തില്‍പ്പെട്ടവരാണ്. എന്റെ വിശ്വാസമെന്താണ്?
‘എന്റെ മതവിശ്വാസമാണോ ചോദിക്കുന്നത്?’
‘അതെ, എല്ലാവര്‍ക്കും ഒരു വിശ്വാസം കാണുമല്ലോ.’
‘പറയാന്‍ പ്രയാസമാണ്. ജനിച്ചത് ഹിന്ദുമതത്തിലാണെന്ന് പറയാം.’
ബോണി പറഞ്ഞു: ‘എന്റെ രക്ഷിതാക്കള്‍ കത്തോലിക്കരാണ്. ഞാന്‍ കത്തോലിക്കനല്ല. എനിക്കങ്ങിനെ ഒരു വിശ്വാസവുമില്ല.’
സ്‌ക്കൂളില്‍ പഠിക്കുന്ന പതിനഞ്ചുകാരന്‍ മകന്‍ ആഴ്ചയിലൊരിക്കല്‍ അന്യമതങ്ങളെപ്പറ്റി നടക്കാറുള്ള ക്ലാസ്സില്‍ പോയിട്ടുണ്ട്. ഹിന്ദുമതത്തെപ്പറ്റി കേട്ടിട്ടുണ്ട്. ബാഗവഡ്ഗിറ്റാ അതിന്റെ ഗ്രന്ഥമല്ലേ?
ഭഗവദ്ഗീതയെപ്പറ്റി അച്ഛനും അമ്മയ്ക്കും കേട്ടുകേള്‍വിയില്ല.
‘നോക്ക് നോക്ക്.’ മാര്‍ക്ക് ആവേശഭരിതനായി. ‘നമുക്കറിയുന്നതിലു
മധികം അവന് ഇന്ത്യയെപ്പറ്റി അറിയാം.’
അയാള്‍ മകനെ പ്രോത്സാഹിപ്പിച്ചു: ‘ചോദിച്ചോ. ഇന്ത്യന്‍ സുഹൃത്തിനോട് സംശയമൊക്കെ ചോദിച്ചോ. ഇതൊരവസരമാണ്.’
അവന് മറ്റു സംശയമൊന്നുമില്ല.
മിസ്സിസ് മാര്‍ക്കിന് ഇന്ത്യയിലെ ജനസംഖ്യാപെരുപ്പത്തെപ്പറ്റി അറി
യണം. കുടുംബാസൂത്രണം ഫലപ്രദമാവുന്നുണ്ടോ? മതങ്ങള്‍ അതിനോട് പ്രതികരണം നടത്തുന്നതെങ്ങിനെയാണെന്നാണ് മിസ്റ്റര്‍ മാര്‍ക്കിനറിയേണ്ടത്. ഇന്ത്യയില്‍ ആദായനികുതിയുണ്ടോ? പിന്നെ തന്റെ നികുതിഭാരത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ചു. അധ്വാനിച്ച് പണമുണ്ടാക്കുന്ന തന്നേപ്പോലുള്ളവരില്‍നിന്ന് നികുതി പിഴിഞ്ഞുവാങ്ങി ഗവര്‍മ്മേണ്ട് തൊഴിലില്ലാത്തവര്‍ക്കുള്ള വെല്‍ഫയര്‍ കൊടുക്കുന്നു. അയാള്‍ക്കതില്‍ കഠിനമായ പ്രതിഷേധമുണ്ട്. വെല്‍ഫയര്‍ ഉപയോഗപ്പെടുത്തി കുഴിമടിയന്മാരായി കഴിയു ന്നവരില്‍ തൊണ്ണൂറ് ശതമാനവും നീഗ്രോകളാണെന്ന് അയാള്‍ വിഷാദിച്ചു.
‘കഴിയ്ക്കൂ. ധാരാളം ഭക്ഷണമുണ്ട്. കഴിയ്ക്കൂ.’ മിസ്സിസ് മാര്‍ക്ക് പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാര്‍ക്ക് റിപ്പബ്ലിക്കന്‍ കക്ഷിക്കാണ് വോട്ട് ചെയ്തത്. മിസ്സിസ് മാര്‍ക്കിന്റെ അനുഭാവം ഡെമോക്രാറ്റുകളോടാണ്.
മടക്കയാത്രയില്‍ അവര്‍ കൂടെവന്നു. സ്വന്തം വീടുണ്ടാവുന്നതിനു മുമ്പ് താമസിച്ച അപ്പാര്‍ട്ടുമെന്റ് കെട്ടിടം കാണിച്ചുതന്നു. ഓരോ സ്ഥലത്തേയും ഭൂമിയുടെ വിലയും അപ്പാര്‍ട്ടുമെന്റിന്റെ വിലയും മാര്‍ക്ക് പറഞ്ഞു. തടാകതീരത്തിലൂടെ കാറോടിച്ച് നഗരത്തിലെത്തിയപ്പോള്‍ മാര്‍ക്ക് അസ്വസ്ഥനായി.
‘ഡാര്‍ളിംഗ്, ഇവിടെ തിരിക്കാമോ?’
കഴിഞ്ഞ ആഴ്ചയില്‍ ട്രാഫിക്ക് നിയമം തെറ്റിച്ചതിന് മാര്‍ക്കിന് പിഴ കിട്ടിയിട്ടുണ്ട്. അതുകാരണം അയാള്‍ കാറോടിക്കുമ്പോള്‍ ഓരോ വളവിലും തിരിവിലും അസ്വസ്ഥനായിരുന്നു. ഡ്രൈവിങ് ലൈസന്‍സ് പുതുക്കേണ്ട ദിവസം അടുത്തെത്തിയിരിക്കുന്നു. അതിലിടയ്ക്ക് ഒരു ടിക്കറ്റുംകൂടി കിട്ടിയാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവുമെന്നാണ് ഭയം.
ഞങ്ങള്‍ ഹോട്ടലില്‍ തനിച്ചായപ്പോള്‍ ബോണി പറഞ്ഞു: ‘മാര്‍ക്ക്‌സ് ഇടത്തരക്കാരുടെ സമൂഹത്തിന്റെ പ്രതിനിധികളാണ്.’ അതിലെ ഉപരി ശ്രേണിയിലേയ്ക്കു ഉയര്‍ന്നതിലാണ് അവരുടെ അഭിമാനം മുഴുവന്‍. രണ്ട് കാറുകള്‍. സ്വന്തം വീട്, ടെലിവിഷന്‍, മാസത്തിലൊരു നാടകം, കൊല്ലത്തില്‍
ഒരുമാസം വെക്കേഷന്‍, ഇരുപതിനായിരം ഡോളര്‍ ആദായനികുതി – മധ്യവര്‍ഗത്തിന്റെ ഉപരിതല ജീവിതത്തിന്റെ മുഖമുദ്രകള്‍ ഇവയാണ്.
മിസ്റ്റര്‍ മാര്‍ക്ക് ഡോളറിന്റെ കണക്കിലേ എന്തിനേയും കണ്ടിരുന്നുള്ളു എന്ന് ഞാനോര്‍മ്മിച്ചു. ശരാശരി അമേരിക്കക്കാരന്റെ ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം ദാരിദ്ര്യമാണ്. കാറ്, വീട്, ടെലി
വിഷന്‍, ഗാര്‍ഹികസാമഗ്രികള്‍- എല്ലാ തലത്തിലും ഇതെല്ലാം ആവശ്യമാണെന്ന് സമൂഹം അംഗീകരിച്ചു കഴിഞ്ഞു. അതിന്റെ പടവുകള്‍ തെറ്റിക്കാതെ, പന്തയത്തില്‍ പിന്‍തള്ളപ്പെടാതെ ഓടിക്കൊണ്ടിരിക്കുക. നില് ക്കാതെ ഓടിക്കൊണ്ടിരിക്കുക. സമ്പന്നരുടെ സമൂഹത്തില്‍ വ്യക്തിയ്ക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം പിന്നിലാക്കപ്പെടുക എന്നതാണ്.
ചിക്കാഗോവിലെ മലയാളി സുഹൃത്തുക്കളുടെകൂടെ ഒരു ദിവസം കഴിച്ച് തിരിച്ചെത്തിയപ്പോള്‍ ടെലിഫോണിന്റെ ചുവന്ന കണ്ണ് തുറന്നിരി
ക്കുന്നു. അതിന്റെ അര്‍ഥം എനിക്ക് ഒരു സന്ദേശമുണ്ടെന്നതാണ്, ബെത്ത് എന്നെ വിളിച്ചിരിക്കുന്നു.
ജാക്ക് ബ്രയന്റിന്റെ കൂടെ കണ്ട ചെറുപ്പക്കാരിയും അവരുടെ ക്ഷണവും ഞാന്‍ മറന്നുകഴിഞ്ഞിരിക്കുന്നു. ഞാന്‍ എഴുത്തുകാരനാണെന്ന് ജാക്ക് പറഞ്ഞു. അവരുടെ കൂട്ടുകാരുടെ കൂടെ നാളെ വൈകുന്നേരം കഴിക്കാന്‍ ഇഷ്ടമാണോ? അവര്‍ തന്ന വിലാസം ഞാന്‍ കുറിച്ചെടുത്തു.
ആര്‍ട്ട്ഗാലറിയിലും സെക്കന്‍ഡ് ഹാന്‍ഡ് ബുക്ക്ഷാപ്പുകളിലും കയറിയിറങ്ങി മറ്റൊരു പകല്‍ നീക്കി. സബ്‌വേയിലൂടെ മുപ്പതു മിനുട്ട് സഞ്ചരിച്ച് ബെത്തിന്റെ സ്ഥലം കണ്ടുപിടിച്ച് അപ്പാര്‍ട്ടുമെന്റിലെത്തുമ്പോള്‍ എട്ടു മണിയായിരുന്നു.
ജാക്കിന്റെ മറ്റൊരു കൂട്ടുകാരി എന്ന നിലയില്‍ ഞാന്‍ ശ്രദ്ധിക്കാതെ ഉപചാര വാക്കുകള്‍ പറഞ്ഞ് പിരിഞ്ഞ ബെത്ത് സ്വീകരിക്കാന്‍ വാതില്‍ക്കലുണ്ട്. വെളുത്ത മുടി പറ്റെ ക്രോപ്പുചെയ്ത ബെത്തിനെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഒരു പതിനഞ്ചുകാരന്‍ ആണ്‍കുട്ടിയാണെന്നേ തോന്നൂ. ‘എന്റെ വേഷവും ഹെയര്‍ സ്റ്റൈലും കണ്ട് ലെസ്ബിയനാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. സത്യം അതല്ല.’
ബെത്തിന്റെ വസതിയില്‍ ഒരു ചെറുപ്പക്കാരനും രണ്ട് യുവതികളും അതിഥികളായുണ്ട്. ഒന്നാമത്തെ പേരുകള്‍ പറഞ്ഞ് പരിചയപ്പെടുത്തി. ചിത്രം വരയ്ക്കുന്ന ബില്ലി, കോറസ്സില്‍ പാടുന്ന ജിന്നി, ഒരു പരസ്യസ്ഥാപനത്തില്‍ ‘കോപ്പി’യെഴുതുന്ന മാഗി.
മൂന്ന് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പുകള്‍ വാങ്ങി ഡോക്ടറേറ്റ് നേടിയ ബെത്ത് നനുത്ത സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. കലയും സാഹിത്യവും രാഷ്ട്രീയവുമെല്ലാം അവളുടെ വിദഗ്ധ പഠനത്തിന്നു വിഷയമായിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഒരു സുഹൃത്തിനെപ്പോലെ ബെത്ത് സംസാരിച്ചു. ഉരുക്കിന്റെ ചാരനിറമുള്ള കണ്ണുകളില്‍ ദുഃഖത്തിന്റെ നിഴല്‍പ്പാടുകള്‍ കാണാമായിരുന്നു.
‘ജാക്ക് കുറെ നിങ്ങളെപ്പറ്റി പറഞ്ഞു’
‘ഞങ്ങള്‍ കുറച്ചല്ലേ സംസാരിച്ചുള്ളു?’
ബെത്തിന്റെ സ്വീകരണമുറിയുടെ ചുവരില്‍ കൊളാഷില്‍ ഒരു ചിത്ര
മുണ്ട്. കബന്ധങ്ങളുടെ ചിത്രം. വിയറ്റ്‌നാം യുദ്ധത്തെപ്പറ്റിയുള്ള ഈ ചിത്രം വരച്ചത് ബെത്തിന്റെ ഇളയ അനുജനാണ്. അവന്‍ കഥയെഴുതും. ‘നല്ലപോലെ എഴുതുമെന്ന് ഞാന്‍ പറയുന്നത് ശരിയാണോ എന്നറിഞ്ഞുകൂടാ. കോളേജില്‍വെച്ച് അവനെഴുതിയ കഥയ്ക്ക് സമ്മാനം കിട്ടി.
ബെത്ത് തന്റെ സഹവാസികളായ ഓമനകളെ വിളിച്ചുകൊണ്ടുവന്നു. ഭംഗിയുള്ള രണ്ട് സയാമീസ് പൂച്ചകള്‍.
‘ഇവന്‍ ഷെ ഗുവേറ, ഇത് ഫിഡെല്‍ കാസ്‌ട്രോ’
രണ്ടുപേരും ബെത്തിന്റെ മടിയില്‍ സ്ഥലംപിടിച്ചു. മെക്‌സിക്കോവിലും അര്‍ജന്റീനയിലും ചിലിയിലും സഞ്ചരിച്ച കാലത്തെ അനുഭവങ്ങള്‍ ബെത്ത് പറഞ്ഞു.
ഫിഡെല്‍ കൂടുതല്‍ അസ്വസ്ഥനായിരുന്നു. ഇടയ്ക്കിടെ മുറിയിലെ മറ്റംഗങ്ങളെ നോക്കും. പിന്നെ മടിയില്‍നിന്നിറങ്ങണോ എന്നാലോചിക്കും. അവ ന്ന് അതിഥികള്‍ വന്നാല്‍ അമ്പരപ്പാണെന്ന് ബെത്തു പറഞ്ഞു. ഷെഗുവേറയ് ക്കാണ് കൂടുതല്‍ സ്‌നേഹം. അവന്‍ ഒരിക്കലും ഭക്ഷണം കവര്‍ന്നെടുക്കില്ല.
ബെത്തിന്റെ ഒരു സഹപ്രവര്‍ത്തകയുടെ സഹോദരന്‍ വിയറ്റ്‌നാമിലുണ്ടായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് അനാരോഗ്യത്തിന്റെ പേരില്‍ മരിക്കാതെ തിരിച്ചുവരാന്‍ കഴിഞ്ഞു. രക്ഷപ്പെട്ട് തിരിച്ചെത്തിക്കഴിഞ്ഞിട്ടും അവന്‍ ആ രാത്രിയില്‍ പേടിസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണര്‍ന്നു. സ്ലീപ്പിംഗ് പില്‍സ് കഴിച്ചുറങ്ങുമ്പോഴും അവന്റെ മുഖം വലിഞ്ഞ് മുറുകിയിരുന്നു.
‘ഞങ്ങള്‍ അത് നോക്കി നിന്നിട്ടുണ്ട്. അവിടെവെച്ചാണ് ഞാന്‍ ജാക്കിനെ കണ്ടത്. ഇരുപത്തിരണ്ട് വയസ്സ്, ഒരു രാത്രിയിലെ നിര്‍ബാധമായ ഉറക്കത്തി നുവേണ്ടി അവന്‍ ഹെറോയിന്റെ അടിമയായി. നോക്കൂ, ഇരുപത്തിരണ്ട് വയസ്സ്.’
എന്റെ കൂട്ടുകാരന്‍ ബോണി ലാറ്റിന്‍ അമേരിക്കന്‍ കാര്യങ്ങളുടെ വിദഗ്ദ്ധനാണെന്ന് പറഞ്ഞപ്പോള്‍ അയാളെ ക്ഷണിക്കാത്തതിന് എന്നെ കുറ്റപ്പെടുത്തി.
‘എനിക്കവരുടെ പ്രശ്‌നമറിയാം.’ ബെത്ത് പറഞ്ഞു. ‘അവരെ മനസ്സിലാക്കാത്തേടത്തോളം കാലം അമേരിക്ക ബില്യന്‍ ഡോളര്‍ ചെലവഴിച്ചാലും അവരുടെ സ്‌നേഹം വാങ്ങാനാവില്ല.’
ബില്ലി പച്ചക്കടലാസില്‍ സൂക്ഷ്മതയോടെ മാരിഹുവാന തെറുക്കുകയായിരുന്നു. ആറ് ജോയന്റുകള്‍ തയ്യാറായപ്പോള്‍ തുടങ്ങാമെന്ന് ജിന്നി പറഞ്ഞു. ബെത്ത് വിലക്കി. ആയില്ല, മൂന്നു നാലെണ്ണം കൂടിയാവട്ടെ.
ആദ്യം വലിക്കുന്ന പലര്‍ക്കും ഇത് യാതൊരു വികാരവുമുണ്ടാക്കില്ലെന്ന് ബെത്ത് പറഞ്ഞു. ശീലിച്ചു കഴിഞ്ഞാല്‍ ഒരു സിഗരറ്റുകൊണ്ട് (ജോയന്റ്) തൃപ്തരാവും. അന്തരീക്ഷമാണ്, അത് വലിക്കുന്നതിന്നുള്ള മാനസികമായ തയ്യാറെടുപ്പും സ്‌നേഹപൂര്‍വ്വമായ ചടങ്ങുകളുമാണ് ഒരു ‘സെഷ’നെ സജീവമാക്കുന്നത്.
നല്ല വിശപ്പ്, നല്ല ഉറക്കം- ബില്ലി എന്ന ചിത്രകാരന്‍ അതിന്ന് മഞ്ചി (ങൗിരവ്യ) എന്നുകൂടി ഓമനപ്പേരിട്ടിട്ടുണ്ട്. പലപ്പോഴും ആവശ്യത്തിലധികം ഭക്ഷണം കഴിച്ച് പിറ്റേന്ന് വയറ് കേടുവരുത്താറുണ്ടയാള്‍.
ഞങ്ങള്‍ നിലത്തിറങ്ങി വട്ടത്തിലിരുന്നു. വൃത്തത്തിന് പുറത്ത് ഫിഡെല്‍ കാസ്‌ട്രോ അസ്വസ്ഥനായി ഉലാത്തി. ഷെഗുവേറ നിസ്സംഗതയോടെ പാതി കണ്ണടച്ച് ബെത്തിന്റെ കണങ്കാലില്‍ തലവെച്ച് ഒന്നും കണ്ടില്ലെന്ന് നടിച്ചു.
കത്തിച്ച സിഗരറ്റ് ഓരോരുത്തരായി ഒരു പുക വലിച്ചിറക്കി സാവധാനത്തില്‍ വിട്ട് അടുത്ത ആള്‍ക്ക് നീട്ടുന്നു. അവസാനമെത്താറാവുമ്പോള്‍ ചെറിയ കാര്‍ഡ്‌ബോര്‍ഡ് കുഴലില്‍ അതുറപ്പിക്കുന്നത് മേഗിയാണ്. അവസാനത്തെ പുക കൂടി നഷ്ടപ്പെടരുത്. സിഗരറ്റുകള്‍ കൈമാറുമ്പോള്‍ എല്ലാ വരും നിശ്ശബ്ദരാണ്.
നാലാമത്തെ ജോയന്റ് കഴിഞ്ഞപ്പോള്‍ നിശ്ശബ്ദതയുടെ ആവരണം സ്വയം നീങ്ങിത്തുടങ്ങി. ഒന്നും സംസാരിക്കാതിരുന്ന കോറസ് ഗേള്‍ ജിന്നി മെക്‌സിക്കോ സിറ്റിയില്‍ പോയപ്പോഴത്തെ അനുഭവം പറഞ്ഞു:
‘ധാരാളം ഗ്രാസ്. ഹോട്ടല്‍ മുറിക്ക് ഒരു പ്രൈവറ്റ് ബാല്‍ക്കണി. ഒരുപാട് കുടിച്ചു ഒരുപാട് ഗ്രാസ് വലിച്ചു. പുറത്ത് ഒരു ഹാമക്കില്‍ കിടന്നു ഞാനുച്ചത്തില്‍ പാടി. എനിക്ക് തോന്നി ഞാനൊരു രാജകുമാരിയാണെന്ന്.’
ബില്ലി ചോദിച്ചു:
‘ഇന്ത്യയില്‍ ജീവനെ വിലപ്പെട്ടതായി കണക്കാക്കുന്നുണ്ടോ?’
‘നിശ്ചയമായും.’
‘പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് മരണം നിസ്സാരമായി തോന്നേണ്ടതല്ലേ?’
‘ജീവനെ വിലപ്പെട്ടതായി കണക്കാക്കുന്നതുകൊണ്ട് ഞങ്ങള്‍ നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ദുഃഖിക്കുന്നു. ദുഃഖത്തില്‍ ആശ്വാസം കണ്ടെത്താന്‍ വേണ്ടി ആത്മാവിന്റെ അനശ്വരതയെപ്പറ്റി ചിന്തിക്കുന്നു.’
‘ഇന്ത്യയില്‍ ധാരാളം ആക്രമണങ്ങളുണ്ടോ?’
‘എല്ലാ സ്ഥലങ്ങളിലുമുള്ളതുപോലെ. പക്ഷേ, ജീവിതം ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്.’
ബെത്ത് നനുത്ത സ്വരത്തില്‍ കൂടുതല്‍ നിഴലുകള്‍ വീണ കണ്ണുകള്‍ ഉയര്‍ത്തി ആരോടെന്നില്ലാതെ പറഞ്ഞു: ‘ഞങ്ങള്‍ക്ക് അമേരിക്കക്കാരന്റെ ജീവന്‍ വലുതാണ്. മറ്റു മനുഷ്യരെ കൊന്നാല്‍ കാല്‍ക്കീഴില്‍ ഉറുമ്പുകള്‍ അറഞ്ഞുപോയ വികാരമേയുള്ളു.’
ബില്ലി ബെത്തിന്റെ കൈത്തണ്ട വാത്സല്യപൂര്‍വ്വം തലോടി.
‘ബെത്ത്. പാവം ബെത്ത്.’
‘ഏറ്റവും വിദഗ്ദ്ധമായി കൊല നടത്തുന്നവര്‍ ഞങ്ങളാണ്. റെഡ് ഇന്ത്യന്‍സ് എന്ന വര്‍ഗമെവിടെ? ഫിലിപ്പീന്‍സില്‍, ലാറ്റിനമേരിക്കയില്‍. എന്തിന്, ആദ്യം സാധാരണക്കാര്‍ താമസിക്കുന്നൊരു നഗരത്തില്‍ ആറ്റംബോംബിട്ട ബഹുമതിയും ഞങ്ങള്‍ക്കാണ്.’
‘വിയറ്റ്‌നാം യുദ്ധത്തെപ്പറ്റി അമേരിക്കയിലെ സാധാരണക്കാരന്റെ പ്രതികരണമെന്താണ്?’
‘അവന് ഇഷ്ടമല്ല. നിങ്ങള്‍ ഉദ്ദേശിക്കുമ്പോലെ ധാര്‍മ്മികതലത്തിലല്ല. അവന്റെ കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, അവന്‍ നികുതി കൊടുക്കുന്ന പണത്തില്‍നിന്ന് ഇത്രയും സംഖ്യ ചെലവാകുന്നു, രണ്ട്, അമേരിക്കന്‍ യുവാക്കള്‍ ആവശ്യമില്ലാതെ മരിക്കുന്നു.’
‘അമേരിക്കയില്‍ വളരുന്ന ഉപസംസ്‌കാരത്തേയും ഉപസംസ്‌കാര(ടൗയരൗഹൗേൃല) ത്തിന്റെ സന്തതിയായ കൊച്ചുസംസ്‌കാരത്തെയും (ങശി്യ രൗഹൗേൃല) പറ്റി ബുദ്ധിജീവികള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇവര്‍ ഈ ഉപസംസ് കാരത്തിന്റെ വക്താക്കളാണോ?’
‘അല്ല. ഞങ്ങള്‍ പ്രതിസംസ്‌കാരത്തിന്റെ (ഇീൗിലേൃ രൗഹൗേൃല) വക്താക്കളാണ്.’
മാഗി കണ്ണടച്ച് സോഫയിലേക്ക് ചാഞ്ഞു കിടന്നു. ഒമ്പത് ജോയിന്റുകളും അവസാനിച്ചുകഴിഞ്ഞിരിക്കുന്നു
ബെത്ത് തലമുറകളുടെ വിടവിനെപ്പറ്റി പറഞ്ഞു. ജീവിതത്തിന്റെ സൗഭാഗ്യം വര്‍ധിപ്പിക്കാന്‍ യാതൊന്നും ചെയ്യാത്ത പഴയ തലമുറ പഴയ വ്യവസ്ഥകളില്‍ പിടിമുറുക്കി നില്‍ക്കുന്നു. അവര്‍ ബില്യന്‍ ഡോളറുകള്‍ മുടക്കി കൂടുതല്‍ യുദ്ധസാമഗ്രികള്‍ നിര്‍മ്മിക്കുന്നു. മികച്ച ബുദ്ധികളെ ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ മാരകമായ കണ്ടുപിടിത്തങ്ങള്‍ക്കു വേണ്ടിയാണ്. സമൃദ്ധിയുടെ നാട്ടില്‍ സ്വന്തം നിലനില്പിനുവേണ്ടി എന്തിലും ദൗര്‍ല്ലഭ്യം സൃഷ്ടിക്കാന്‍ അവര്‍ തയ്യാറാവുന്നു. ഉണ്ടാക്കിയതിലൊരു പങ്ക് നശിപ്പിച്ച് ഡിമാണ്ടുണ്ടാക്കുകയാണ് അവരുടെ തത്ത്വം.
ഉപസംസ്‌കാരത്തില്‍ ഇതിന് പ്രതിവിധി കാണില്ല. ഒരു പ്രതിസംസ്‌കാര മാണ് വരേണ്ടത്. ബില്ലി പറഞ്ഞു.
‘ബെത്ത്, ഞാനൊരു സോഷ്യോളജിസ്റ്റിന്റെ തീസിസ് ഈയിടെ വായിച്ചു. പേരോര്‍മ്മയില്ല.’
മയങ്ങുന്ന മാഗി പറഞ്ഞു: ‘ബില്ലീ, നീ എല്ലാം മറക്കുന്നു. എന്നോട് ചെയ്ത വാഗ്ദാനം വരെ.’
‘ഇത് കൂടുതല്‍ ഗൗരവമേറിയ കാര്യമാണെന്ന്. ഷട്ടപ്പ്. തന്റെ ഭക്ഷണത്തിന്റെ പങ്ക് കൊടുക്കാതിരിക്കാന്‍വേണ്ടി കൂട്ടുകാരനെ കൊന്നുകളഞ്ഞ് ഉണ്ണാനിരുന്നപ്പോള്‍ തനിക്ക് തിന്നുതീര്‍ക്കാവുന്നതിലും എത്രയോ അധികമുണ്ടെന്ന് കണ്ട മനുഷ്യനെപ്പോലെയാണ് അമേരിക്കക്കാരന്‍.’
‘ഞാനൊരു കഥ ഉദ്ധരിക്കാം.’
‘ബെത്ത്, പാവം ബെത്ത്.’
‘ജിന്നീ, നിന്റെ നീണ്ട മുടിയുള്ള ടെന്നീസ് കളിക്കാരന്‍ പയ്യനെവിടെ?’
‘ഷട്ടപ്പ് മാഗി.’
‘ബുള്‍ഷിട്ട്.’
ബില്ലി തന്റെ ഒപ്പം വന്ന മാഗിയേയും ജിന്നിയേയും നന്നായി പെരുമാറാന്‍ ശാസിച്ചു.
ബെത്ത് എഴുന്നേറ്റു. പുഴുങ്ങിയ ചോളക്കുഴലുകളും ഹാംബര്‍ഗറും അവള്‍ ഭക്ഷണത്തിനൊരുക്കിയിട്ടുണ്ട്. വെണ്ണപുരട്ടിയാണ് ചോളകുലകള്‍ തിന്നേണ്ടതെന്ന്. ഒത്തുതീര്‍പ്പിലെത്തി ഇപ്പോള്‍ തീറ്റയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ജിന്നിയും മാഗിയും പറഞ്ഞു.
‘എന്താണ് കഥ?’
‘എന്തു കഥ?’
‘നീയിന്നധികം ഗ്രാസ് വലിച്ചു.’
‘ഗ്രാസ് എന്റെ ബുദ്ധിയെ തളര്‍ത്താറില്ല.’
‘ബെത്ത്, പാവം ബെത്ത്.’
ഭക്ഷണത്തിനിടയ്ക്ക് അറിയാതെ വീണ്ടും നിശ്ശബ്ദത മുറിയില്‍ പരന്നു. പരസ്പരം മുമ്പ് കണ്ടിട്ടില്ലാത്ത അപരിചിതരെപ്പോലെ ഓരോരുത്തരും നിശ്ശബ്ദരായി. വെണ്ണ പുരട്ടിയ ചോളക്കുലകള്‍ എന്ന മഹാസത്യം മാത്രമേ അപ്പോള്‍ മുമ്പിലുള്ളു.
ഷെഗുവേറയ്ക്കും ഫിഡല്‍ കാസ്‌ട്രോവിനും ഹാംബര്‍ഗര്‍ പ്ലെയ്റ്റിലിട്ടു കൊടുത്തു അവരെ ലാളിക്കുന്നതിനിടയില്‍ ബെത്ത് പറഞ്ഞു:
‘കഥ എനിക്കിഷ്ടമായി.’
‘ഒരു കഥയും എനിക്ക് വേണ്ട.’
‘നിനക്കുവേണ്ടിയല്ല. എനിക്കൊരതിഥിയുണ്ടിവിടെ.’
ഞാന്‍ പ്രോത്സാഹിപ്പിച്ചു: ‘പറയൂ, എനിക്ക് കേള്‍ക്കണം.’
‘അയല്‍ക്കാരുടെ സൈ്വരക്കേട് സഹിക്കാനാവാതെ ഒരാള്‍ ഏകാന്തമായ സ്ഥലം തേടിനടന്നു.’
ബെത്തിന്റെ നനുത്ത ശബ്ദം മരിഹുവാനയുടെ പുകയില്‍ ഒരു നേര്‍ത്ത നൂലിഴപോലെ ഒഴുകി നടന്നു.
‘കാട്ടില്‍ ഒരൊഴിഞ്ഞ കുടില്‍ കണ്ടെത്തി, അവിടെ താമസമാക്കി. കോഴി കളെ കൊണ്ടുനടന്നു വളര്‍ത്തി. ചെടികള്‍ വളര്‍ത്തി, വിളയിറക്കി. കാട്ടുമുയലുകള്‍ വന്നു വിളനശിപ്പിക്കുന്നതു കണ്ടപ്പോള്‍ അയാള്‍ ഒരു കുറുക്കനെ കെണിവെച്ച് പിടിച്ച് മെരുക്കി മുയലുകളെ പിടിക്കാന്‍ പഠിപ്പിച്ചു. കുറുക്കന്‍ മുയലുകളെ വേട്ടയാടി, പിന്നെ കോഴികളെക്കൂടി തിന്നു. അയാള്‍ കുറുക്കനെ വെടിവെച്ചു കൊന്നു.
ചുറ്റും കൃമികളും പുഴുക്കളും പെരുകിയപ്പോള്‍ എല്ലാ ഗൃഹോപകരണങ്ങളും കെട്ടിത്തൂക്കാന്‍വേണ്ടി അയാള്‍ പലതരം യന്ത്രങ്ങള്‍ കണ്ടുപിടിച്ചു.
കാട്ടിലെ ശാന്തിയെപ്പറ്റി അയാള്‍ക്ക് ആരോടെങ്കിലും പറയാതെ വയ്യെന്നുവന്നു. കേട്ടുകേള്‍പ്പിച്ചു ധാരാളം പേര്‍ അയാളുടെ പരിസരത്തെത്തി. തന്റെ ഏകാന്തതയെ അലങ്കോലപ്പെടുത്തുന്നവരെ വിരട്ടിയോടിക്കാന്‍ അയാള്‍ ആകാശത്തേയ്ക്കു വെടിവെച്ചു. കുട്ടികള്‍ പകരം വീട്ടാന്‍ രാത്രി കല്ലേറ് നടത്തി. അയാള്‍ നിറച്ച തോക്കുമായി രാത്രിയും പകലും കാവലിരുന്നു. ഒരിക്കല്‍ ഉറക്കപ്പിച്ചില്‍ അറിയാതെ കാഞ്ചിയില്‍ വിരലമര്‍ന്നപ്പോള്‍ തോക്കുപൊട്ടി. വലതുകാലിന്റെ പടം തെറിച്ചുപോയി.
ആളുകള്‍ അയാളെ അമേരിക്കക്കാരന്‍ എന്നു വിളിക്കുന്നു.
ബെത്തിന്റെ കഥ ആരും ശ്രദ്ധിച്ചില്ല. ബില്ലിയും രണ്ട് പെണ്‍കിടാങ്ങളും ബെത്തിന്റെ കിടപ്പുമുറിയിലേയ്ക്ക് സ്ഥലം മാറി. അവര്‍ നിലത്തിരുന്നു പതിഞ്ഞ സ്വരത്തില്‍ എന്തോ സംസാരിക്കുന്നു.
മറ്റുള്ളവരില്‍നിന്ന് രക്ഷിച്ചുവെച്ച അവസാനത്തെ ജോയന്റിന് തീ കൊളുത്തി ബെത്ത് ആരോടെന്നില്ലാതെ പറഞ്ഞു:
‘എന്തു സങ്കടം, എന്തു സങ്കടം’
ബെത്ത് അവസാനത്തെ പുക പങ്കിട്ട് കാര്‍പ്പെറ്റില്‍ ചെരിഞ്ഞുകിടന്നു കണ്ണടച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു.
ഷെഗുവേറയോടും ഫിഡല്‍കാസ്‌ട്രോവിനോടും നിശ്ശബ്ദമായി ഞാന്‍ യാത്രപറഞ്ഞു. ശക്തി ക്ഷയിക്കുന്ന കാല്‍മുട്ടുകളെ പീഡിപ്പിച്ച് നാല കോണികള്‍ ഇറങ്ങി തെരുവിലെത്തി.
മങ്ങിയ വഴിവിളക്കുകള്‍ക്ക് പൊടുന്നനെ പ്രകാശം വര്‍ധിക്കുന്നു. തണുപ്പിന്റെ ആയിരം നനുത്ത നാളങ്ങള്‍ രോമകൂപങ്ങളില്‍ നൃത്തം ചെയ്യുന്നു. രാത്രിക്ക് വര്‍ണ്ണങ്ങളുണ്ട്. മഞ്ഞിന്‍പടലത്തില്‍, ഒഴുകിനടക്കുന്ന ഒരു മേഘക്കീറായിരിക്കുന്നു ഞാന്‍.
ഒരു പക്ഷേ ഇതായിരിക്കും മരണം. പക്ഷേ മരണം സുഖകരമാണ്,
ശരീരം അണുക്കളായി അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് മരണമെങ്കില്‍.
(ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന യാത്രാവിവരണഗ്രന്ഥത്തില്‍ നിന്ന്)
Recent Comments