ഇനി നോവലിലൂടെ ജീവിക്കും, എം.ടി.യുടെ ‘യൂസുപ്പ്’
എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ നോവലിലെ ജീവിച്ചിരുന്ന പ്രമുഖ കഥാപാത്രമായ കൂടല്ലൂർ പുളിക്കൽ യൂസഫ് ഹാജി (96) അന്തരിച്ചു. കൂടല്ലൂരിൽ പലചരക്കുകട നടത്തിയിരുന്ന യൂസഫ് ഹാജി അതേ പേരിൽ തന്നെയാണ് നോവലിലും പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
“യൂസുപ്പിന്റെ പീടികയിൽ മാത്രമേ പൊട്രോമാക്സ് വിളക്കുള്ളൂ. അതാണ് ഗ്രാമത്തിലെ ഏറ്റവും വലിയ പീടിക. അവിടെ മാത്രമേ വിഷുവടുത്താൽ പടക്കം വില്പനയ്ക്ക് വെയ്ക്കാറുള്ളൂ…” എം.ടി. വാസുദേവൻ നായർ തന്റെ ‘നാലുകെട്ട്’ നോവലിൽ ജന്മനാടായ കൂടല്ലൂരിനെക്കുറിച്ച് വിവരിക്കുമ്പോൾ, യൂസഫ് ഹാജിയെക്കുറിച്ച് വരച്ചിട്ടത് ഇങ്ങനെയായിരുന്നു. എം.ടി.യുടെ നാടും കഥാപാത്രങ്ങളും തേടി ഇപ്പോഴും പലരും കൂടല്ലൂരിലെത്താറുണ്ട്. അവരോട് അഭിമാനത്തോടെ യൂസഫ് കൂടല്ലൂരിന്റെ കഥ പറഞ്ഞിരുന്നു. ഇനി ആ കഥകൾ പറയാൻ യൂസഫ് ഇല്ല. കഥാകാരനെ തനിച്ചാക്കി കഥാപാത്രം യാത്ര പറഞ്ഞിരിക്കുന്നു.
എം.ടി.യുടെ ആത്മാംശം കലർന്ന നാലുകെട്ടിന്റെ ആദ്യാധ്യായത്തിൽ തന്നെ യൂസഫ് മുതലാളിയും അദ്ദേഹത്തിന്റെ പീടികയും സ്ഥാനം പിടിച്ചിട്ടുണ്ട്. എം.ടി.ക്ക് ‘യൂസപ്പിക്ക’യാണ്, കൂടല്ലൂരിന്റെ യൂസഫ് ഹാജി. യൂസപ്പിക്കയ്ക്ക് പ്രിയപ്പെട്ട വാസുവും.
യൂസഫ് ഹാജി എം.ടി.യേക്കാൾ അഞ്ചുവയസ്സിനു മൂത്തതാണ്. 1948-ലാണ് കൂടല്ലൂരിൽ യൂസഫ് കച്ചവടം ആരംഭിക്കുന്നത്. തുണിത്തരങ്ങളും ടൈലറിങ്ങും പലചരക്കും ആയുർവേദവുമൊക്കെയുള്ള വൈക്കോൽ മേഞ്ഞ പീടിക. “കൂടല്ലൂരിലെ ആദ്യത്തെ തുന്നൽക്കാരനും യൂസുപ്പിന്റെ കടയിലായിരുന്നു ഇരിപ്പ്. യൂസുപ്പ് മുതലാളിയായി പെട്ടിയുടെ മുമ്പിൽ ഇരിക്കുകയേള്ളൂ. കൊറ്റനാടിനെപ്പോലെ ചങ്കിലേക്ക് വളഞ്ഞ വെള്ളത്താടിയുള്ള മുസ്ലിയാരാണ് സാധങ്ങൾ എടുത്തുകൊടുക്കുന്നത്”-യൂസഫ് ഹാജിയുടെ കച്ചവടചിത്രം ‘നാലുകെട്ട്’ നോവലിലൂടെ എം.ടി. വരച്ചുകാട്ടുന്നു. കുമരനല്ലൂർ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ എം.ടി. യൂസഫിന്റെ കടയിലെത്തുമായിരുന്നു.
യൂസഫിന്റെ കുടുംബവീടിനുമുന്നിലെ മുറികളിലാണ് പണ്ട് പലചരക്കുകട നടന്നിരുന്നത്. അന്ന് കടയ്ക്ക് പേരൊന്നും ഉണ്ടായിരുന്നില്ല.
റംല സ്റ്റോർ എന്ന പേരിൽ പലചരക്കും സ്റ്റേഷനറി സാധനങ്ങളുമൊക്കെയായി പരിഷ്കൃതരൂപത്തിൽ പിന്നീട് പീടിക നടത്തിയത് മകൻ അബ്ദുൽ ജമാലാണ്.
എം.ടി.യുടെ 23-ാം വയസ്സിലാണ് നാലുകെട്ടിന് അവാർഡ് ലഭിക്കുന്നത്. അതിനുശേഷം എം.ടി.യെ തേടി കൂടല്ലൂരിലെത്തുന്നവരെല്ലാം എം.ടിയുടെ കഥാപാത്രമായിരുന്ന ‘യൂസുപ്പിനെയും പീടികയെയും’ കാണാനെത്തുമായിരുന്നു. എം.ടി. കൂടല്ലൂരിലെത്തുമ്പോൾ യൂസഫിനെ കാണാൻ വരാറുണ്ടെന്നും എപ്പോഴും വിളിക്കാറുണ്ടന്നും മൂത്തമകൻ അബ്ദുൽ ജബ്ബാർ പറയുന്നു.
നാലുകെട്ടിന്റെ 50-ാം വാർഷികത്തിൽ തൃശ്ശൂരിൽവെച്ച് യൂസഫിന് സ്വീകരണം നൽകിയ വേളയിൽ ഒരു പുസ്തകവും എം.ടി. സമ്മാനിച്ചിരുന്നു. നാട്ടിൻപുറത്തെ എം.ടി.യുടെ കഥാപാത്രങ്ങളായിരുന്ന പകിടകളിക്കാരൻ കോന്തുണ്ണിനായരും അപ്പുണ്ണിയും കടത്തുകാരൻ കുഞ്ഞയമ്മതും നേരത്തേ വിടപറഞ്ഞവരാണ്. അവസാനകണ്ണിയായ യൂസഫും ഓർമയായെങ്കിലും നാലുകെട്ടിലെ പീടികമുതലാളിയായി യൂസുപ്പ് വായനക്കാരുടെ ഹൃദയത്തിൽ ജീവിക്കും.
`യൂസുപ്പിെൻറ പീടികയിൽ മാത്രമേ പൊട്രോമാക്സ് വിളക്കുള്ളൂ. അതാണ് ഗ്രാമത്തിലെ ഏറ്റവും വലിയ പീടിക. അവിടെ മാത്രമേ വിഷുവടുത്താൽ പടക്കം വില്പനയ്ക്ക് വെയ്ക്കാറുള്ളൂ…’ എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ നോവലിൽ ജന്മനാടായ കൂടല്ലൂരിനെക്കുറിച്ച് വിവരിക്കുമ്പോൾ, യൂസഫ് ഹാജിയെക്കുറിച്ച് എഴുതിയതിങ്ങനെയായിരുന്നു. എം.ടി.യുടെ നാടും കഥാപാത്രങ്ങളും തേടി ഇപ്പോഴും പലരും കൂടല്ലൂരിലെത്താറുണ്ട്. അവരോടൊക്കെ ഏറെ ആവേശേത്താടെ യൂസഫ് കൂടല്ലൂരിെൻറ ഇന്നലെകൾ പറഞ്ഞു. ഇനി ഓർമ്മകളുടെ കെട്ടഴിക്കാൻ യൂസഫ് ഇല്ല.
Recent Comments