കൂട്ടക്കടവില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍
ആനക്കര: നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി. കൂട്ടക്കടവ് റെഗുലേറ്ററിന്റെ വരവാണ് പ്രദേശത്തെ ഗ്രാമങ്ങള്‍ക്ക് പ്രതീക്ഷനല്‍കുന്നത്. മൂന്ന് പൂവ്വല്‍ കൃഷിചെയ്യാവുന്ന വയലുകളില്‍ 70 ശതമാനത്തിലധികവും നിലവില്‍ തരിശാണ്. വെള്ളക്ഷാമം തന്നെയാണ് പ്രധാനമായും കര്‍ഷകരെ കൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചത്. ക്രമേണ ഭൂമി മികച്ച കച്ചവടവസ്തുവായി മാറി. ഇത്തരം ഭൂമി വീണ്ടും കൃഷിഭൂമിയായി മാറുകയാണ് കൂട്ടുകൃഷിയും കുടുംബശ്രീ കൃഷിയും വ്യാപകമായതോടെ. നെല്‍ക്കൃഷി വീണ്ടും പച്ചപിടിച്ചുതുടങ്ങി. പുഴയോരങ്ങളില്‍ പള്ളങ്ങളും തളിര്‍ത്തു.
വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം-ബ്രിഡ്ജിലെ വെള്ളം ഉപയോഗപ്പെടുത്തി പട്ടിത്തറ-തൃത്താല പഞ്ചായത്തുകളില്‍ നേന്ത്രവാഴക്കൃഷി വ്യാപകമായിട്ടുണ്ട്. ഓണത്തിന് കാഴ്ചക്കുലകളൊരുക്കുന്നതില് ഈമേഖല പ്രസിദ്ധമാണ്. തേനാമ്പാറ ലിഫ്റ്റ് ഇറിഗേഷന്റെ പുനരുദ്ധാരണം വഴി തൃത്താലമേഖലയില്‍ വീണ്ടും നെല്‍കൃഷി സജീവമാവുകയാണ്. വി.ടി. ബല്‍റാം എം.എല്‍.എ.യുടെ ‘തൃത്താലപ്പച്ച’ തൃത്താല മണ്ഡലത്തിലെ കാര്‍ഷികമേഖലയ്ക്കും പ്രതീക്ഷയാവുന്നു.
ഫെയ്സ്ബുക്ക് കൂട്ടായ്മകള്‍ കൃഷിയിലേക്കിറങ്ങി മാതൃകകാട്ടിക്കഴിഞ്ഞു. തൃത്താല മണ്ഡലത്തിലെ ഒട്ടുമിക്ക വിദ്യാലങ്ങളും നെല്‍കൃഷിയോ, പച്ചക്കറിക്കൃഷിയോ നടത്തുന്നുണ്ട്. ആനക്കര പഞ്ചായത്ത് ജൈവപച്ചക്കറി ഗ്രാമം എന്ന സങ്കല്പത്തിലേക്ക് നടക്കുകയാണ്. പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്കുന്നെന്നതാണ് ഇവിടത്തെ പ്രത്യേകത.
കാങ്കപ്പുഴ റെഗുലേറ്റര്‍ കം-കോസ്വേയുടെ പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോസ്വേ യാഥാര്‍ഥ്യമായാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടത്തുന്ന കേന്ദ്രങ്ങളിലൊന്നായ ആനക്കര പഞ്ചായത്തിന്റെ മുഖച്ഛായതന്നെ മാറും.
ആനക്കരയില്‍ കാറ്റാടിക്കടവില്‍ വരാനിരിക്കുന്ന നിര്‍ദിഷ്ട റൈസ് ബയോപാര്‍ക്കും പ്രതീക്ഷതന്നെ. നെല്ലിന്റെ മൂല്യവര്‍ധിതഉത്പന്നങ്ങളുടെ നിര്‍മാണമാണ് ഇവിടെ ലക്ഷ്യമിടുന്നത്. വിവിധതരം അരി, തവിടെണ്ണ, അവില് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഇവിടെനിന്ന് വിപണിയിലെത്തും. ലോഡുകണക്കിന് നെല്ല് ബയോപാര്‍ക്കിലേക്ക് ആവശ്യമായി വരും.
പന്നിയൂര്‍ തുറയെന്ന വിശാലമായ ജലസംഭരണി ഒരുതുള്ളി വെള്ളംപോലും പ്രയോജനപ്പെടാതെ വെറുതെ കിടക്കുകയാണ്. ഇത് പ്രയോജനപ്പെടുത്തിയാല്‍ പുഴയോരത്ത് വീണ്ടും കൃഷി പച്ചപിടിക്കും.
Recent Comments