പ്രാര്‍ഥനയുടെ പൂ വിടരുന്ന ദേശം

എം.ടി. രവീന്ദ്രന്‍

നീലത്താമര വിടരുന്ന നാട്, തായമ്പകയിലെ ‘മലമക്കാവ് ശൈലി’യുടെ ജന്മദേശം, തീപ്പൊള്ളലേറ്റവര്‍ക്ക് സുഖം പ്രാപിക്കാന്‍ ഔഷധക്കൂട്ട് കണ്ടുപിടിച്ച പരമേശ്വരന്‍ നായരുടെ നാട്… പാലക്കാട് ജില്ലയിലെ മലമക്കാവ് ദേശത്തെ ഓര്‍ക്കാന്‍ കാരണങ്ങള്‍ അനവധി…

ശ്രീകോവിലിന്റെ തൃപ്പടിയില്‍ പണംവെച്ച് പ്രാര്‍ഥിച്ചാല്‍ മലമക്കാവുകാരുടെ ഇഷ്ടദേവനായ അയ്യപ്പന്‍ അനുഗ്രഹിക്കും. പിറ്റേന്ന് അമ്പലക്കുളത്തിലെ ജലോപരിതലത്തില്‍ പൂ വിരിയും. പ്രാര്‍ഥന സാക്ഷാത്കരിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ്, തലമുറകളായി ദേശക്കാര്‍ മനസ്സില്‍ കെടാവിളക്കായി സൂക്ഷിക്കുന്ന വിശ്വാസം.

നീലത്താമര വിടരുന്ന നാട് കാണാന്‍ ദൂരദേശങ്ങളില്‍ നിന്ന് ആളുകള്‍ വല്ലപ്പോഴും മലമക്കാവിലെത്തും. നീലത്താമര കാണാതെ ക്ഷേത്രവും ക്ഷേത്രഗോപുരത്തിന് പുറത്തെ അരയാലും അമ്പലക്കുളവും കണ്ട് സന്ദര്‍ശകര്‍ നിരാശയോടെ മടങ്ങിപ്പോകും.

ദീര്‍ഘകാലം അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായിരുന്ന എമ്പ്രാന്തിരിയുടെ പേരക്കുട്ടി കൂടല്ലൂരിലെ ആര്യവൈദ്യഫാര്‍മസിയില്‍ വില്പനക്കാരനായി ജോലി ചെയ്യുന്നുണ്ട്. ഉണ്ണി എമ്പ്രാന്തിരിക്ക് വയസ്സ് മുപ്പത് കഴിഞ്ഞെങ്കിലും ഒരിക്കലേ നീലത്താമര കണ്ടിട്ടുള്ളൂ.

വിരലോളം വലിപ്പമുള്ള പൂമൊട്ടുകള്‍ അപൂര്‍വമായി കുളത്തിലെ ജലോപരിതലത്തിന് പുറത്തേക്ക് തലനീട്ടും. തൃപ്പടിയില്‍ പണംവെച്ച് പ്രാര്‍ഥിച്ചിട്ടും പിറ്റേന്ന് പൂ വിരിഞ്ഞ് കാണാതെ വിഷമിച്ച് നില്‍ക്കുന്ന ഭക്തനോട് മലമക്കാവുകാര്‍ പറയും- ”പരീക്ഷിക്കാന്‍ വേണ്ടി തൃപ്പടിയില്‍ പണം വെച്ചിട്ട് പ്രാര്‍ഥിച്ചിട്ടു ഫലമുണ്ടാവില്ല. പ്രാര്‍ഥിക്കുന്നവന്റെ മനസ്സിലെ കളങ്കം അയ്യപ്പന്‍ കണ്ടിട്ടുണ്ടാവും.” ദേശക്കാരനായ മുത്തശ്ശന്‍ എമ്പ്രാന്തിരിക്ക് വയസ്സായി. വയ്യാതായപ്പോള്‍ ക്ഷേത്രത്തിലെ പൂജ നിര്‍ത്തി. ഭക്തരുടെ തിക്കും തിരക്കുമില്ലാത്ത ക്ഷേത്രത്തിലെ പൂജയ്ക്ക് ഇപ്പോള്‍ ഏറെ ദൂരത്തുനിന്ന് ഒരു നമ്പൂതിരി യുവാവിനെ വരുത്തിയിട്ടുണ്ട്.
മലമടക്കുകളും ചോലകളും വന്മരങ്ങളും വള്ളിപ്പടര്‍പ്പുകളും അടിക്കാടുകളും ചേര്‍ന്നുള്ള മലമക്കാവ് ദേശത്തിന്റെ ഹരിതഭംഗി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. പണ്ട് മലമക്കാവിലേക്ക് പോകാന്‍ റോഡോ വാഹനസൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മലമക്കാവ് ഞങ്ങളുടെ അയല്‍ ദേശമാണ്. കൂടല്ലൂര്‍ അംശം മലമക്കാവ് ദേശം എന്നാണല്ലോ അംശക്കച്ചേരിയിലെ പഴയ റവന്യൂ രേഖകളില്‍ മലമക്കാവിനെ അടയാളപ്പെടുത്തിയിട്ടുള്ളത്.

Malamakkavu

മലമക്കാവില്‍ നീലത്താമര കാണാന്‍ വരുന്നവരോട് ദേശക്കാര്‍ അഭിമാനത്തോടെ പറയും- ”ദാ ആ കാണുന്ന സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളിലാണ് എം.ടി.യുടെ പ്രാഥമിക വിദ്യാഭ്യാസം.” മലയാളി മനസ്സില്‍ ‘നീലത്താമര’ വിരിയിച്ച എഴുത്തുകാരനോട് മലമക്കാവുകാര്‍ക്ക് അളവറ്റ ആരാധനയും ആദരവും.

കൂടല്ലൂരില്‍ വയല്‍പ്പരപ്പുകള്‍ക്ക് നടുവില്‍, ഏതോ ഒരു വെള്ളപ്പൊക്കക്കാലത്ത് വന്നടിഞ്ഞ മണല്‍ കോരിയിട്ട് ഉയര്‍ത്തിയ ‘പൊറ്റ’യില്‍ മുതലാളിമാര്‍ തുടങ്ങിയ ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ ഉണ്ട്. എന്നാല്‍ പല സവര്‍ണഹിന്ദു കുടുംബങ്ങളിലെയും കുട്ടികളെ മലമക്കാവ് സ്‌കൂളിലേക്കാണ് അയച്ചിരുന്നത്. ഇന്ന് കൂടല്ലൂരിലെ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ പേര് എ.ജെ.ബി. സ്‌കൂള്‍ എന്നാക്കിയിട്ടുണ്ട്.

എം.ടി. മാത്രമല്ല അതിനുശേഷമുള്ള എത്രയോ തലമുറകളിലെ കുട്ടികള്‍ മലമക്കാവ് സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസം നിര്‍വഹിച്ചവരാണ്. ഇന്ന് കൂടല്ലൂരില്‍ ഹൈസ്‌കൂളുണ്ട്. ഞങ്ങള്‍ക്ക് കൂടല്ലൂരില്‍ നിന്ന് മലമക്കാവിലെത്താന്‍ അരമണിക്കൂറിലേറെ നടക്കേണ്ട. ഏറിയാല്‍ രണ്ട് നാഴിക.

മലമക്കാവിലെ സ്‌കൂളിലെത്താന്‍ രണ്ട് എളുപ്പവഴികളുണ്ട്. സ്‌കൂളിനടുത്തുതന്നെയാണ് ക്ഷേത്രം. ക്ഷേത്രത്തിന് മുന്നില്‍ ഓരം ചേര്‍ന്ന് നീലത്താമര വിരിയുന്ന കുളം. അമ്പലക്കുളത്തില്‍ ഒരു കൊക്കരണിയുണ്ട്. കൊക്കരണിയിലെ ചെളിയിലാണ് നീലത്താമര വിരിയുന്ന ജലസസ്യത്തിന്റെ കിഴങ്ങ്. കിഴങ്ങ് മുളച്ച് തണ്ടുകള്‍ ജലനിരപ്പിലെത്തി ഇലകള്‍ വിടര്‍ത്തും. നീലത്താമരയുള്ള കൊക്കരണി ഇപ്പോള്‍ വലമൂടി സംരക്ഷിച്ചിരിക്കുന്നു. പഴമക്കാര്‍ ചിലര്‍ പറയുന്നത് ഇതൊരു പ്രത്യേകതരം ചെങ്ങഴി നീര്‍പ്പൂവാണെന്നാണ്. ‘നീലത്താമര’ എന്ന പേര് എം.ടി. നല്‍കിയതാണെന്ന് പറയാം.

അപൂര്‍വമായി മാത്രം പൂ വിരിയും. മൊട്ട് വിടര്‍ന്നാല്‍ നീലയും വയലറ്റും ചേര്‍ന്ന നിറത്തില്‍ താമരപ്പൂവിനോളം വലിപ്പമില്ലാത്ത ചെറിയ പൂവ്.

കേരളത്തില്‍ അപൂര്‍വമാണ് ഈ ജലസസ്യം. ക്ഷേത്രങ്ങളില്‍ കലശം കഴിക്കാന്‍ വേണ്ട പൂജാദ്രവ്യങ്ങളില്‍ ആവശ്യമാണ് ഈ പൂവ്. അതുകൊണ്ട് ദൂരദേശങ്ങളില്‍ നിന്നുപോലും ആവശ്യക്കാര്‍ മലമക്കാവില്‍ എത്തും.
എം.ടിയുടെ കഥയും തിരക്കഥയും അടിസ്ഥാനമാക്കി രണ്ട് പ്രശസ്ത സംവിധായകര്‍ ‘നീലത്താമര’ അഭ്രപാളികളില്‍ ചലച്ചിത്രങ്ങളാക്കിയപ്പോള്‍ മലമക്കാവിലെ ക്ഷേത്രവും കുളവും പരിസരങ്ങളും ക്യാമറക്കണ്ണുകളാല്‍ ഒപ്പിയെടുത്തു. പുഴയ്ക്കക്കരെ നിന്ന് ദേശത്തെ വലിയ വീട്ടിലേക്ക് വീട്ടുവേലക്കാരിയായി വന്ന വെളുത്തേടത്തി പെണ്‍കുട്ടിയെക്കുറിച്ച് മലമക്കാവ്കാര്‍ക്ക് അറിയില്ല. നഗരത്തില്‍ പോയി പഠിച്ച് വക്കീലായി വന്ന യുവാവിനെയും ദേശക്കാര്‍ക്ക് അറിയില്ല.

നാഗരികതയുടെ നോട്ടമെത്താത്ത ദേശക്കാരുടെ വിശ്വാസങ്ങളെ ബലപ്പെടുത്തുന്ന ചില സമീപകാല സംഭവങ്ങളാണ് ഓര്‍മയില്‍ എത്തുന്നത്.

മലമക്കാവ് ക്ഷേത്രവും നോക്കെത്താത്ത മലനിരപ്പുകളും പടിഞ്ഞാറങ്ങാടിക്കടുത്ത ഒരു സമ്പന്ന കുടുംബത്തിന്റേതായിരുന്നു. ക്ഷേത്രത്തിന്റെ ഊരാളകുടുംബത്തിലെ പലരും പഠിച്ച് പുറംനാടുകളില്‍ വലിയ ഉദ്യോഗസ്ഥരായി. ക്ഷേത്രകാര്യങ്ങള്‍ നേരിട്ട് നോക്കിനടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഒരാളെ കാര്യസ്ഥനായി നിയോഗിച്ചു. ക്ഷേത്രംവക ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കും ക്ഷേത്രനടത്തിപ്പിനും കാര്യസ്ഥനെ ചുമതലപ്പെടുത്തി അധികാരപത്രം നല്‍കി.

ക്ഷേത്ര നടത്തിപ്പിന് വരുമാനമില്ലാതെ വന്നപ്പോള്‍ അയ്യപ്പന്റെ മലനിരപ്പുകള്‍ അളന്നു മുറിച്ച് വില്‍ക്കാന്‍ തുടങ്ങി. പൂതനും തിറയും കളിക്കാനും താലപ്പൊലി ചൊരിയാനും ഇത്തിരി സ്ഥലം നീക്കിവെച്ച് ബാക്കിയെല്ലാം വിറ്റുതീര്‍ന്നു. ഒരു വെളുക്കാന്‍ നേരത്ത് പുറത്തിറങ്ങി നടന്ന കാര്യസ്ഥനെ കുറുക്കന്‍ കടിച്ചു. അധികം വൈകാതെ പേവിഷ ബാധയേറ്റ് കാര്യസ്ഥന്‍ മരിച്ചു.

ചെണ്ടയില്‍ വാദ്യവിസ്മയം തീര്‍ത്തവരാണ് മലമക്കാവിലെ മാരാന്മാര്‍. തായമ്പകയില്‍ ‘മലമക്കാവ് ശൈലി’ ആവിഷ്‌കരിച്ച വാദ്യകലയിലെ കുലപതികള്‍ ജനിച്ചു ജീവിച്ച മലമക്കാവിനെ ഓര്‍ത്ത് ദേശക്കാര്‍ക്ക് എന്നും അഭിമാനിക്കാനുണ്ട്.

Malamakkaavu Temple

ക്ഷേത്ര നടത്തിപ്പുകാര്‍ എല്ലാ വര്‍ഷവും മലമക്കാവില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു തായമ്പക മത്സരം നടത്തുന്നുണ്ട്. പ്രഭാതങ്ങളില്‍ അമ്പലവട്ടത്തെ ഒരു വീട്ടില്‍ നിന്ന് ചെണ്ടപ്പുറത്ത് കോലുകള്‍ വീഴുന്ന ശബ്ദങ്ങള്‍ കേള്‍ക്കാം. മലമക്കാവില്‍ നിന്ന് ‘കലാമണ്ഡല’ത്തില്‍ പോയി കൊട്ടുപഠിച്ചുവന്ന പ്രഭാകരപ്പൊതുവാള്‍ താത്പര്യത്തോടെ ചെണ്ടകൊട്ടും തായമ്പകയും പഠിക്കാനെത്തുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്.
മലമക്കാവിനെ പുറംനാടുകളില്‍ അറിയാന്‍ വേറെ ചില വിശേഷങ്ങള്‍ കൂടിയുണ്ട്. ഗുരുതരമായി പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ മലമക്കാവില്‍ മിടുക്കനായ ഒരു വൈദ്യരുണ്ടായിരുന്നു.

പരമേശ്വരന്‍ നായര്‍ ചിത്രകലാ അധ്യാപകനായിരുന്നു. പിന്നീട് വൈദ്യം പഠിച്ച് അറിയപ്പെടുന്ന വൈദ്യരായി. ചിലര്‍ പരമേശ്വരന്‍ മാഷെന്ന് വിളിച്ചു. മറ്റു പലര്‍ക്കും പരമേശ്വരന്‍ വൈദ്യരായി. കുടുംബത്തിലെ കാരണവരില്‍ നിന്ന് പകര്‍ന്നുകിട്ടിയ നാട്ടറിവില്‍ നിന്ന് മലമക്കാവിലെ അടിക്കാടുകളില്‍ വളരുന്ന ഒരു ഔഷധസസ്യം ഉപയോഗിച്ച് പരമേശ്വരന്‍ നായര്‍ പൊള്ളലിന് ഏറെ ഫലപ്രദമായ ഔഷധക്കൂട്ടും നിര്‍മിച്ചു. പൊള്ളലേറ്റവര്‍ പലരും പൂര്‍ണസുഖം പ്രാപിച്ച് പൊള്ളലിന്റെ ഒരു ‘പാട്’ പോലും ഇല്ലാതെ തിരിച്ചുപോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം സ്ഥാപിച്ച ചികിത്സാസ്ഥാപനം ഇപ്പോള്‍ കുറ്റിപ്പുറത്തിനടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

നീലത്താമര വിടരുന്ന നാട്, തായമ്പകയിലെ ‘മലമക്കാവ് ശൈലി’യുടെ ജന്മദേശം, തീപ്പൊള്ളലേറ്റ് നീറിപ്പിടയുന്നവര്‍ക്ക് ഒരു പൊള്ളല്‍പ്പാടുമില്ലാതെ സുഖം പ്രാപിക്കാന്‍ ഔഷധക്കൂട്ട് കണ്ടുപിടിച്ച പരമേശ്വരന്‍ നായരുടെ നാട്… ഇത്രയും വിശേഷണങ്ങള്‍ തന്നെ ധാരാളം മതി മലമക്കാവ് ദേശത്തെ മറക്കാതിരിക്കാന്‍.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *