പഞ്ചായത്തിലൂടെ..

ആനക്കര ഗ്രാമപഞ്ചായത്തിന്റെ മൂന്നു ഭാഗവും ഭാരതപ്പുഴയുടെ തീരപ്രദേശമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ആനക്കര പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ് പേരശ്ശന്നൂര്‍, കൂട്ടക്കടവ്, കാറ്റാടിക്കടവ്, അയ്യപ്പന്‍കാവ് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ഭാരതപ്പുഴയാണ്. കാങ്കപ്പുഴയും തൂതപ്പുഴയും കുളങ്ങളും കുടല്ലൂര്‍, ഉമ്മത്തുര്‍, പെരുമ്പലം എന്നിവിടങ്ങളിലായുള്ള 3 കനാലുകളും വിവിധ ഭാഗങ്ങളിലായുള്ള ഇവിടുത്തെ കാര്‍ഷികവൃത്തിയ്ക്കായി ഉപയോഗിക്കുന്ന മറ്റു പ്രധാനപ്പെട്ട ജലസ്രോതസ്സുകളാണ്. താലപ്പൊലിപ്പാല, മനമക്കാവ്, മേഴിക്കുന്ന്, പട്ടിപ്പാറ, പൊന്നത്താന്‍ നിര, കുറ്റിപ്പാലക്കുന്ന്, പന്നിയൂര്‍ക്കുന്ന് എന്നിവയാണ് ആനക്കരയിലെ പ്രധാന കുന്നുകള്‍. കൃഷിയെ പ്രധാന ജീവിതോപാധിയായി കാണുന്ന പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിള നെല്ലാണ്. നെല്‍കൃഷിക്കു പുറമെ തെങ്ങ്, കവുങ്ങ്, വാഴ, മരിച്ചീനി, കുരുമുളക്, പച്ചക്കറി, കശുമാവ്, റബ്ബര്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയും ഇവിടെ കൃഷിചെയ്തുപോരുന്നു. മണ്ണിയം പെരുമ്പലം വെറ്റിനറി ആശുപത്രിയാണ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന പ്രധാന മൃഗസംരക്ഷണകേന്ദ്രം.

1964 നവംബര്‍ 11-ാം തീയതിയാണ് ആനക്കര ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 10 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന പഞ്ചായത്തിന്റെ വിസ്തൃതി 20.95 ച.കി.മീറ്ററാണ്. 45 പൊതുകിണറുകളും 275 പൊതുകുടിവെളള ടാപ്പുകളുമാണ് ഇവിടുത്തെ ജനങ്ങള്‍ കുടിവെള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. 7 റേഷന്‍കടകളും കുമ്പിടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നീതി സ്റ്റോറുമാണ് ഇവിടുത്തെ പൊതുവിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സംവിധാനങ്ങള്‍. കുമ്പിടി, കൂടല്ലുര്‍, ആനക്കര, മലമക്കാവ് എന്നിവിടങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന 4 തപാല്‍ ഓഫീസുകളാണ് പഞ്ചായത്തിനുള്ളില്‍ വരുന്ന പ്രധാന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍. പ്രധാന സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളായ പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍ എന്നിവ കുമ്പിടിയിലാണ് സ്ഥിതിചെയ്യുന്നത്. പുറമതില്‍ശ്ശേരിയില്‍ സൂര്യ ഓഡിറ്റോറിയം എന്ന പേരില്‍ ഒരു കല്ല്യാണമണ്ഡപം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പഞ്ചായത്തിലെ ടെലിഫോണ്‍ എക്സ്ചേഞ്ച് കുടല്ലുരില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ആനക്കര പഞ്ചായത്തിനെ ബാഹ്യലോകവുമായി ബന്ധപ്പെടുത്താവുന്ന പ്രധാന ഗതാഗതസംവിധാനം റോഡുകളാണ്. പി.ഡബ്യൂ.ഡി യുടെ കീഴില്‍ വരുന്ന കുമ്പിടി- നീലിയാട് റോഡ്, കുമ്പിടി- തൃത്താല റോഡ്, കുമ്പിടി- കുറ്റിപ്പുറം റോഡ്, കുമ്പിടി-എടപ്പാള്‍ റോഡ്, മണ്ണിയംപെരുമ്പലം-പടിഞ്ഞാറങ്ങാടി റോഡ്, ആനക്കര-കാലടി റോഡ്, ആനക്കര-എഞ്ചിനീയര്‍ റോഡ് എന്നിവയാണ് ഇവിടുത്തെ ഗതാഗതയോഗ്യമായ പ്രധാനനിരത്തുകള്‍. ഇവിടുത്തെ ജനത വിദേശയാത്രയ്ക്കായി ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനാണ് ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷന്‍. ആനക്കര ഒഴിവാക്കി കേരളത്തിനൊരു ചരിത്രമില്ല, നിളയെ ഒഴിവാക്കി ആനക്കരക്കും പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശത്തെയും സ്പര്‍ശിച്ചുകൊണ്ട് പൊന്നാനി അഴിമുഖത്തേക്ക് മണലിനെ ആവാഹിക്കുന്ന നിളയെ ആശ്രയിച്ചിരിക്കുന്നു പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശവും. പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തുറമുഖമാണ് പൊന്നാനി. പട്ടാമ്പി, കുറ്റിപ്പുറം, കൂറ്റനാട്, എടപ്പാള്‍ എന്നിവയാണ് ഈ പഞ്ചായത്തിലെ റോഡുഗതാഗതം കേന്ദ്രികരിച്ചിരിക്കുന്ന സ്ഥലങ്ങള്‍. ജലഗതാഗതകേന്ദ്രങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ പേരശ്ശന്നുര്‍, കൂട്ടക്കടവ്, അയ്യപ്പന്‍കാവ്, കാറ്റാടിക്കടവ് എന്നിവയാണ് പ്രധാനപ്പെട്ടവ. മലമക്കാവ് റോഡില്‍ സ്ഥിതിചെയ്യുന്ന കൂമന്‍തോട് പാലമാണ് ഇവിടുത്തെ പ്രധാനപാലം. പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ് ആനക്കര, കുമ്പിടി, കൂടല്ലുര്‍, മലമക്കാവ് എന്നീ സ്ഥലങ്ങള്‍. കുമ്പിടിയിലും ആനക്കരയിലുമാണ് ഈ പഞ്ചായത്തിലെ പ്രധാന മാര്‍ക്കറ്റുകള്‍ സ്ഥിതിചെയ്യുന്നത്.

ആനക്കരയില്‍ വ്യക്തിഗത ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ കൂറേയേറെ ഉണ്ടെങ്കിലും വ്യാവസായികരംഗത്ത് വിപുലമായ സംരംഭങ്ങള്‍ അധികമൊന്നും ഉയര്‍ന്നുവന്നിട്ടില്ല. ഇഷ്ടികനിര്‍മ്മാണം, കളിമണ്‍പാത്രനിര്‍മ്മാണം, ഓട്നിര്‍മ്മാണം, കുരിഡീസ്, ശാസ്ത്രീയമായ കോഴിവളര്‍ത്തല്‍, അടക്കവ്യവസായം, സോപ്പുനിര്‍മ്മാണം, അച്ചാര്‍ നിര്‍മ്മാണം, കൂണ്‍ കൃഷി, പഴവര്‍ഗ്ഗ സംസ്കരണം, കരകൌശലവസ്തുക്കളുടെ നിര്‍മ്മാണം മുതലായ പരമ്പരാഗത-ചെറുകിട-ഇടത്തര വ്യവസായങ്ങള്‍ ഈ പഞ്ചായത്തിലെ വിവിധ മേഖലകളായി പ്രവര്‍ത്തിച്ചുവരുന്നു. മണ്ണിയ പെരുമ്പലം ഭാരത് ഗ്യാസ് ഏജന്‍സിയാണ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക ഗ്യാസ് ഏജന്‍സി.

ജാതിമതഭേദമന്യെ എല്ലാ കാര്യങ്ങളിലും പരസ്പരം ആശയവിനിമയം നടത്തിവരുന്ന ഈ പഞ്ചായത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണെന്ന് പറയേണ്ടതുണ്ട്.സമകാലിക കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആനക്കര പഞ്ചായത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു ഹൈസ്കുളും, രണ്ട് യു.പി സ്കുളുകളും, അഞ്ച് എല്‍.പി. സ്കുളുകളും എയ്ഡഡ് മേഖലയില്‍ മൂന്ന് എല്‍.പി.സ്കൂളുകളും, ഒരു യു.പി. സ്കുളുകളും പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ മൂന്ന് വിദ്യാലയങ്ങളള്‍ അണ്‍ എയ്ഡഡ് മേഖലയിലും പ്രവര്‍ത്തിച്ചുവരുന്നു. ആനക്കരയില്‍ സ്ഥിതിചെയ്യുന്ന എ.ഡബ്ള്യൂ.എച്ച് കോളേജ് ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനമോഹങ്ങള്‍ക്ക് പ്രതീക്ഷനല്‍കുന്നു. കൂടാതെ കുരുന്നുകള്‍ക്കായും ഈ പഞ്ചായത്തില്‍ ധാരാളം പഠനസൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ അങ്ങിങ്ങായി സ്ഥിതിചെയ്യുന്ന ഏകദേശം 23 അംഗന്‍വാടികള്‍ മുഖേന ഒരുപാട് കുരുന്നുകള്‍ അറിവിന്റെ ആദ്യപാഠം കുറിക്കുന്നു.

ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. കുമ്പിടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിലായി കൂടല്ലുര്‍ കുടുംബക്ഷേമ പ്രാഥമിക ആരോഗ്യകേന്ദ്രവും. മേലഴിയം, ആനക്കര, കൂട്ടക്കടവ്, മലമക്കാവ് എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുമുണ്ട്. കുമ്പിടിയില്‍ തന്നെ സ്ഥിതിചെയ്യുന്ന ഒരു ഹോമിയോ ആശുപത്രിയും ഈ പഞ്ചായത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പ്രവര്‍ത്തിക്കുന്നു. കുടല്ലുരില്‍ പ്രവര്‍ത്തിച്ചുവരുന്ന വെറ്റിനറി ഡിസ്പെന്‍സറി മൃഗങ്ങളുടെ ആരോഗ്യപരിപാലനത്തിന് സൌകര്യമൊരുക്കുന്നു.

സാമ്പത്തികരംഗം കണക്കിലെടുക്കുകയാണെങ്കില്‍ ആനക്കര പഞ്ചായത്തില്‍ എടുത്തുപറയത്തക്കതായുള്ളത് ബാങ്കിംഗ് സ്ഥാപനങ്ങളാണ്. ദേശസാല്‍കൃത ബാങ്കുകളായ എസ്.ബി.ടി യുടെ ഒരു ബ്രാഞ്ച് കൂടല്ലുരും, കാനറ ബാങ്കിന്റേതായി ഒന്ന് ആനക്കരയിലും പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ സഹകരണ മേഖലയില്‍ ആനക്കര, കൂടല്ലുര്‍, കുമ്പിടി എന്നിവിടങ്ങളിലായി സഹകരണബാങ്കുകളും രൂപീകരിച്ചിട്ടുണ്ട്.

വ്യത്യസ്ത മതവിഭാഗക്കാരുടേതായി നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ആനക്കര ശിവക്ഷേത്രം, മേലഴിയം വടക്കേ മുലയംപറമ്പ് ഭഗവതിക്ഷേത്രം, പെരുമ്പലം കൊടലില്‍ വാമനമൂര്‍ത്തിക്ഷേത്രം, പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം തുടങ്ങി 23-ഓളം ക്ഷേത്രങ്ങളും, ആനക്കര, പെരുമ്പലം, കുമ്പിടി, മേലഴിയം എന്നിങ്ങനെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി 16-ഓളം മുസ്ളീം പളളികളും നിലകൊള്ളുന്നു. ക്രിസ്തീയ വിഭാഗത്തിനായി ഒരു ആരാധനാലയം പോലും പഞ്ചായത്തില്‍ ഇല്ല. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന പൂരം, ഏകാദശി, ശിവരാത്രി, കുംഭഭരണി, താലപ്പൊലി, കാര്‍ത്തിവേല തുടങ്ങി നിരവധി ആചാരാനുഷ്ഠാനങ്ങളും ഉത്സവാഘോഷങ്ങളും ഇവിടുത്തെ ജനങ്ങളുടെ സഹിഷ്ണുതാപരമായ സാംസ്കാരിക തനിമയും സമാധാനപൂര്‍ണ്ണമായ സാമുദായിക സ്നേഹവും വിളിച്ചോതുന്നവയാണ്.

സ്വാതന്ത്ര്യസമരസേനാനികളായ എ.വി. കുട്ടിമാളുഅമ്മ, അമ്മു സ്വാമിനാഥന്‍, സംഗീതജ്ഞയായ തങ്കം ജി. നായര്‍, ചെണ്ടമേള രംഗത്തുണ്ടായിരുന്ന കേശവപൊതുവാള്‍, അച്യുതപൊതുവാള്‍, ആയുര്‍വേദ ചികിത്സാരംഗത്ത് പ്രശസ്തനായിരുന്ന തൈക്കാട് മൂസ, കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സുപ്രീംകോടതി ജഡ്ജിയായിരുന്ന പാറക്കുളങ്ങര ഗോവിന്ദമേനോന്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ പേരും പ്രശസ്തിയും ഉയര്‍ത്തിയ പ്രമുഖരില്‍ ചിലരാണ്. പ്രശസ്തസാഹിത്യകാരനായ എം.ടി.വാസുദേവന്‍നായര്‍, ഐ.എന്‍.എ യില്‍ ക്യാപ്റ്റനായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി, പേരുകേട്ട നര്‍ത്തകിമാരായ മൃണാളിനി സാരാഭായ് മല്ലിക സാരാഭായ്, സാമൂഹ്യപ്രവര്‍ത്തകനായ എ.വി.എം.അച്യുതന്‍, സ്വാതന്ത്ര്യസമരസേനാനികളായ ജി.സുശീലാമ്മ, അപ്പുനായര്‍, ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് രാമകൃഷ്ണന്‍ എന്നിവര്‍ ഇന്ന് പഞ്ചായത്തിന്റെ സാമൂഹ്യസാംസ്കാരികമേഖലയുടെ അഭിമാനങ്ങളായി വര്‍ത്തിക്കുന്നവരാണ്.

ആനക്കര പഞ്ചായത്തില്‍ ചില കായിക-സാംസ്കാരിക സ്ഥാപനങ്ങള്‍ അടുത്തകാലത്തായി ഉയര്‍ന്നു വന്നിട്ടുണ്ട്. നയ്യൂര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ആനക്കര, പ്രിയദര്‍ശിനി ആര്‍ട്സ് & സ്പോര്‍ട്സ് ആനക്കര, ചൈതന്യ ആര്‍ട്സ് & സ്പോര്‍ട്സ് ആനക്കര, പ്രിയദര്‍ശിനി ആര്‍ട്സ് & സ്പോര്‍ട്സ് മലമക്കാവ് കുമ്പിടിയില്‍ നിലകൊള്ളുന്ന സാംസ്കാരികനിലയം എന്നിവ കായികസാംസ്കാരിക മേഖലയില്‍ പ്രോത്സാഹനമായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനകളാണ്. കൂടാതെ മലമക്കാവിലെ പ്രതിഭാ യൂത്ത്ക്ളബ്, ചന്ദ്രോദയം, അരുണോദയം വായനാശാല കൂടല്ലുര്‍, പന്നിയൂര്‍ യുവശക്തി വായനാശാല ഉള്‍പ്പെടെ 14-ഓളം വായനശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഇതുകൂടാതെ ആനക്കര പഞ്ചായത്തിന്റെ മാത്രം സവിശേഷതകളായി അവിടുത്തെ സാംസ്കാരികതനിമയെ ഉയര്‍ത്തിക്കാട്ടുന്ന നിരവധി പ്രത്യേകതകള്‍ എടുത്തുപറയേണ്ടതായുണ്ട്. പന്നിയൂര്‍വരാഹമൂര്‍ത്തിക്ഷേത്രം കേരളത്തിലെ ആദ്യത്തെ ക്ഷേത്രം എന്ന് പേരുകേട്ട ഈ ക്ഷേത്രം എ.ഡി. 500-ന് മുമ്പേ ഇവിടെ നിലവില്‍വന്നിരുന്നതായി പറയപ്പെടുന്നു. കോലെഴുത്ത്, വട്ടെഴുത്ത് എന്നിവ അടങ്ങിയ ശിലാലിഖിതങ്ങള്‍ ഇവിടെ കാണാന്‍ കഴിയും. പറയിപ്പെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം ഒരിക്കലും പണിതീരാത്ത ക്ഷേത്രം എന്നപേരിലും അറിയപ്പെടുന്നു. അദ്ദേഹം ഉപയോഗിച്ച ഉളിയും മുഴക്കോലും ഇവിടെ കാണാം. ഒരിക്കലും തുരുമ്പ് പിടിക്കില്ല എന്നത് ഈ ഉളിയുടെ പ്രത്യേകതയാണ്. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിങ്ങനെ മൂന്നുവേദങ്ങളും ഇവിടെ പഠിപ്പിച്ചിരുന്നു എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മറ്റു ക്ഷേത്രങ്ങളില്‍ ഒരുവേദം മാത്രമേ പഠിപ്പിച്ചിരുന്നുള്ളു. പണ്ടുകാലത്ത് കുറ്റവാളികളെ ചോദ്യം ചെയ്തിരുന്നത് ഈ ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തില്‍ വച്ചായിരുന്നു. കഴുതേറ്റില്‍വെച്ചാണ് വധശിക്ഷ വിധിച്ചിരുന്നവര്‍ക്ക് ശിക്ഷ നടപ്പാക്കിയിരുന്നത്. ബ്രാഹ്മണഗ്രാമം എന്നാണ് പന്നിയുര്‍ ഗ്രാമത്തെ വിളിച്ചിരുന്നത്. ഇടക്കാലത്ത് ഒരു വിഭാഗം ആളുകള്‍ ഇവിടുത്തെ വിഗ്രഹം നശിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് 17-ാം നൂറ്റാണ്ടില്‍ ആണ് ഇപ്പോഴത്തെ വരാഹമൂര്‍ത്തി വിഗ്രഹം പ്രതിഷ്ഠിച്ചത്.

പന്നിയൂര്‍ തൊറയില്‍ നിന്നും ഒരു കൈവഴി ഭാരതപ്പുഴയിലേക്ക് പോകുന്നുണ്ട്. പരശുരാമന്‍ മഴുഎറിഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ടുവെന്ന് ഐതിഹ്യം പറയുന്ന ഈ തൊറ ഒരിക്കലും വറ്റില്ല. ഈ പഞ്ചായത്തിലെ മറ്റൊരു പ്രത്യേകതയാണ് നീലത്താമര. മലക്കാവ് അയ്യപ്പന്‍ക്ഷേത്രത്തിലെ അമ്പലക്കുളത്തില്‍ ഐശ്വര്യം വിടര്‍ത്തിവിരിഞ്ഞുനില്‍ക്കുന്ന നീലത്താമരയെ ആസ്പദമാക്കി ആനക്കരയുടെ സ്വന്തം സാഹിത്യകാരനായ എം.ടി. വാസുദേവന്‍നായര്‍ ഒരു നോവലും രചിച്ചിട്ടുണ്ട്. അത് പിന്നീട് തിരക്കഥയാകുകയും രണ്ടുതവണ സിനിമയായിമാറുകയും ചെയ്തു. രണ്ടാമത്തെ നീലത്താമര ക്യാമറയിലും പ്രേക്ഷകമനസ്സിലും വിരിഞ്ഞത് ആനക്കരയിലെ പലഭാഗങ്ങളില്‍ വച്ചാണ്.

50 വര്‍ഷം കൂടുമ്പോള്‍ മാത്രം നടക്കുന്ന സോമയാഗം എന്ന അത്യപൂര്‍വ്വമായ യാഗം നടന്നത് പൌരാണികക്ഷേത്രങ്ങളില്‍ ഒന്നായ ആനക്കര പഞ്ചായത്തിലെ ശ്രീപന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലാണ്. തൂതപ്പുഴ ഭാരതപ്പുഴയുടെ ഏറ്റവും വലിയ കൈവഴിയാണ്. തൂതപ്പുഴയും ഭാരതപ്പുഴയും സംഗമിക്കുന്ന സ്ഥലം എന്നൊരു പ്രത്യേകതയും ഈ പഞ്ചായത്തിനുണ്ട്. കേരളീയരുടെ പുണ്യസംഗമം എന്നുവേണമെങ്കില്‍ ഇതിനെ വിളിക്കാം.

പരസ്പരവിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും സഹകരണത്തിന്റെയും നിരവധി നിദര്‍ശനങ്ങള്‍ നമുക്കിവിടെ എടുത്തുപറയാന്‍ കഴിയും. മുസ്ളീം സമുദായക്കാരുടെ പള്ളികളിലൊന്നായ കുടല്ലുര്‍ ജുമാമസ്ജിദ് ഇതിനൊരുദാഹരണമാണ്. പണ്ട് പള്ളി നിര്‍മ്മിക്കാനായി ഹിന്ദുപ്രഭുക്കന്‍മാരും നമ്പൂതിരിമാരും സൌഹാര്‍ദ്ദപരമായിതന്നെ സ്ഥലം നല്‍കുകയായിരുന്നു.

കൂടാതെ ടിപ്പുസുല്‍ത്താന്റെ കാലത്ത് നടന്ന ഒരു സംഭവവും ഇവിടുത്തെ മതസഹിഷ്ണുതയെ എടുത്തുകാട്ടുന്നു. അന്ന് ആക്രമണത്തെ ഭയന്ന് ഒരുപറ്റം ജനത മറ്റുദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തു. ആ സമയത്ത് കൊടലില്‍ വാമനമൂര്‍ത്തി ക്ഷേത്രത്തിലെ വിഗ്രഹം പാടത്ത് പീടികയില്‍ എന്ന മുസ്ളീം കുടുംബം കുളത്തില്‍ കൊണ്ടുപോയി കുളിപ്പിച്ചു വച്ചു. ആക്രമണത്തെ തടഞ്ഞതിനുശേഷം ആളുകള്‍ സ്വദേശത്തേക്ക് തിരിച്ചെത്തിയപ്പോള്‍ കിഴക്കിനാത്ത് നമ്പൂതിരിയുടെ പക്കല്‍ ഈ വിഗ്രഹം അവര്‍ തിരിച്ചേല്‍പ്പിച്ചു.

പഴയക്കാലത്ത് ഉണ്ടായിരുന്ന നിരവധി വസ്തുക്കള്‍ കണ്ടെടുത്ത സ്ഥലം എന്ന രീതിയിലും ആനക്കര പ്രശസ്തമാണ്. പൊന്നത്താന്‍നിര, മേപ്പാടം എന്നീ സ്ഥലങ്ങളില്‍ ഇതിനെക്കുറിച്ചുള്ള ഗവേഷണവും മറ്റും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

ഉറവിടം