ഉയരങ്ങളില്‍
മലയാളത്തിലെ എഴുത്തുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അപൂര്‍വവും ഗാഢവുമായ ആത്മബന്ധമാണ് അക്കിത്തവും എം.ടി. വാസുദേവന്‍നായരും തമ്മിലുള്ളത്. അക്കിത്തത്തിന് മൂര്‍ത്തീദേവി സാഹിത്യ പുരസ്കാരം നല്കുന്നതിനു മുമ്പ് എം.ടി അദ്ദേഹത്തിന്‍െറ കാല്‍തൊട്ട് വന്ദിക്കുന്നതിന്‍െറ ചിത്രം ഇതിന്‍െറ മറ്റൊരു സാക്ഷ്യമാവുന്നു. എം.ടിയെക്കുറിച്ച് അക്കിത്തം എഴുതിയിട്ടുണ്ട്. അക്കിത്തത്തെക്കുറിച്ച് എം.ടിയും. തന്‍െറ വായനയുടെ തുടക്കം അക്കിത്തത്തുമനക്കലെ പുസ്തകങ്ങളില്‍ നിന്നാണെന്ന് എം.ടി ആവര്‍ത്തിച്ചിട്ടും ഉണ്ട്. കുമരനല്ലൂര്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തു തുടങ്ങിയ ആ ബന്ധം ഇരുവരും കെടാതെ കാക്കുന്നു. അക്കിത്തത്തോടുള്ള ആദരവ് എം.ടിയുടെ വാക്കുകളിലും എം.ടിയോടുള്ള സ്നേഹം അക്കിത്തത്തിന്‍െറ വര്‍ത്തമാനങ്ങളിലും കേള്‍ക്കാം. എം.ടി. വാസുദേവന്‍ നായര്‍ക്ക് എണ്പതു തികഞ്ഞ വേളയില്‍, ഫസ്റ്റ് ഫോറത്തില്‍ പഠിക്കുന്ന തെക്കേപ്പാട്ടെ വാസുവില്‍നിന്ന് ഇന്നത്തെ എം.ടി. വാസുദേവന്‍ നായരിലേക്കുള്ള ഓര്‍മയുടെ സഞ്ചാരമാണ് അക്കിത്തം ഈ വര്‍ത്തമാനത്തില്‍ നടത്തുന്നത്. എം.ടിയെ ആദ്യമായി കാണുന്ന സാഹചര്യത്തില്‍നിന്നുകൊണ്ടാണ് അദ്ദേഹം സംസാരംതുടുങ്ങിയത്.
‘‘ഞാന്‍ ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ വാസു ഫസ്റ്റ് ഫോമില്‍ പഠിക്കുന്നുണ്ട്, കുമരനല്ലൂര്‍ ഹൈസ്കൂളില്‍. വാസുവിനെക്കാള്‍ മുമ്പേ അദ്ദേഹത്തിന്‍െറ ജ്യേഷ്ഠന്മാരുമായി എനിക്ക് അടുപ്പം ഉണ്ടായിരുന്നു. എം.ടി. ഗോവിന്ദന്‍നായര്‍, എം.ടി. ബാലകൃഷ്ണന് നായര്‍, എം.ടി. നാരായണന് നായര്‍. ആദ്യകാലത്ത് എം.ടി എന്നാല്‍ ഇവരായിരുന്നു. വാസു പിന്നീടാണ് എന്‍െറ ജീവിതത്തിലേക്ക് വരുന്നത്. അന്ന് തുടങ്ങിയ ആ സ്നേഹം ഒരു മങ്ങല്പോലുമില്ലാതെ ഇന്നും തുടരുന്നു. എം.ടി. ഗോവിന്ദന് നായര്‍ ട്രെയ്നിങ്ങൊക്കെ കഴിഞ്ഞ് അധ്യാപകനായി. പി. ചിത്രന് നമ്പൂതിരിപ്പാടിനൊപ്പമായിരുന്നു ട്രെയ്നിങ്. എം.ടി. ബാലകൃഷ്ണന് നായര്‍ക്ക് കോഴിക്കോടായിരുന്നു ജോലി. എം.ടി. നാരായണന് നായരുമായിട്ടായിരുന്നു അന്ന് കൂടുതല്‍ അടുപ്പം. ഞാന്‍ ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ അദ്ദേഹം ഫോര്‍ത്ത് ഫോമിലുണ്ട്. ഗോവിന്ദന് നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചരിത്രലേഖനങ്ങള്‍ എഴുതിയിരുന്നു. എഴുതുന്ന എം.ടി.എന്‍. നായര്‍ എം.ടി. നാരായണന് നായര്തന്നെയല്ളേ എന്ന ഒരു സംശയം ആദ്യം ഉണ്ടായിരുന്നു. നേരിട്ടു ചോദിച്ചു. അതെ എന്ന് ബോധ്യപ്പെട്ടു. ബാലകൃഷ്ണന് നായര്‍ കഥയെഴുതും, ഫോട്ടോഗ്രാഫറും ചിത്രകാരനുമാണ് എന്നൊക്കെ ക്രമത്തില്‍ മനസ്സിലായി. എനിക്കും ആദ്യകാലത്ത് ചെറിയൊരു ചിത്രംവര കമ്പം ഉണ്ടായിരുന്നു. എം.ടി.എന്‍. നായര്‍ നല്ളൊരു എഴുത്തുകാരനായി ഉയരും എന്ന് അന്നേ തോന്നിയിരുന്നു. നാരായണന് നായരാണ് വാസുവിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. വായിക്കാനുള്ള ഉത്സാഹത്തെക്കുറിച്ചും പറഞ്ഞു. പരിചയമായ സന്ദര്‍ഭത്തില്‍തന്നെ വാസുവിന് ഒരു ആവശ്യം. ‘ണ’ വെച്ച് ഒരു ശ്ളോകം വേണം. അക്ഷരശ്ളോകത്തില്‍ ഒരിക്കല്‍ ‘ണ’ വെച്ചൊരു ശ്ളോകം ചൊല്ലാനറിയാതെ വാസു വിഷമിച്ചു. ഇനി അങ്ങനെയായാല്‍ പറ്റില്ല. ‘‘ണാം ണാം മുഴങ്ങി മണി’’ എന്ന് തുടങ്ങുന്ന ഒരു ശ്ളോകം എഴുതി ഞാന്‍ വാസുവിന് കൊടുത്തു. അടുത്ത തവണ ‘ണ’ വരുകയും വാസു അത് ചൊല്ലുകയും സമ്മാനം കിട്ടുകയും ചെയ്തുവത്രെ. ആദ്യകാലത്തുതന്നെ വാസുവിന്‍െറ മൗനം എന്നെ ആകര്‍ഷിച്ചു. അധികം സംസാരിക്കില്ല. ജന്മനായുള്ള പ്രകൃതമാണ്. കടുക്കനിട്ട് ട്രൗസറുമായി നില്ക്കുന്ന ആ കുട്ടിയുടെ രൂപം ഇപ്പോഴും മനസ്സിലുണ്ട്. ആ കണ്ണുകളില്‍തന്നെ പ്രതിഭയുടെ തിളക്കം കാണാമായിരുന്നു. അക്കിത്തത്ത് മനക്കലെ പുസ്തകശേഖരത്തില്‍നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ എടുക്കാനുള്ള അനുവാദം വാസുവിനുണ്ടായിരുന്നു. പടിഞ്ഞാറെ പത്തായപ്പുരയില്‍നിന്ന് പുസ്തകങ്ങള്‍ എടുത്തുപോകുന്ന വാസുവിന്‍െറ മുഖം ഇപ്പോഴും കണ്ണിലുണ്ട്.
എം.ടി അന്ന് വായിച്ച പുസ്തകങ്ങള്‍ എന്തൊക്കെയായിരുന്നു?
ആധ്യാത്മികപുസ്തകങ്ങള് വായിച്ചിരുന്നു. ആധുനിക സാഹിത്യ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ അങ്ങനെ പ്രത്യേക തിരഞ്ഞെടുപ്പൊന്നുമില്ലാതെയായിരുന്നു വായന എന്നു തോന്നുന്നു.
എം.ടിയിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞവരില്‍ അങ്ങും ഉണ്ടല്ളോ?
താ.വി. പരമേശ്വരയ്യര്‍ പത്രാധിപരായ ഒരു മാസികയില്‍ എം.ടി കുടുംബത്തിലുള്ളവരുടെ രചനകള്‍ വന്നു. പല പേരില്‍. അതില്‍ എം.ടി.എന്‍. നായരുടെയും വാസുവിന്‍െറയും രചനകള്‍ ശ്രദ്ധിച്ചു. അങ്ങനെയാണ് വാസുവിലെ എഴുത്തുകാരനെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതില്‍ വാസുവിന്‍െറ കഥവായിച്ചപ്പോള് ഈ സഹോദരന്മാരില് മുന്നില്‍പ്പോകുന്നത് വാസുവായിരിക്കും എന്ന് ഉള്ളില്‍ തോന്നിയിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായി. അത് കാണാനുള്ള യോഗം ഉണ്ടായി. പെട്ടെന്ന് എഴുത്ത് നിര്‍ത്തിപ്പോകുന്ന പ്രകൃതമല്ല വാസുവിന്േറത് എന്ന എന്‍െറ നിഗമനവും ശരിയായി.
ആദ്യകാലത്ത് എഴുതിയ കഥകള്‍ എം.ടി അങ്ങയെ കാണിച്ചിരുന്നുവോ?
ചില കഥകള്‍ എഴുതിയത് കാണിച്ചിരുന്നു. സജഷന്‍സ് കുറിച്ചുകൊടുക്കും. മാറ്റി എഴുതിയിട്ടും ഉണ്ട് എന്നു തോന്നുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്താണത്.
അന്നത്തെ എം.ടി കഥകളുടെ പൊതുസ്വഭാവം എന്തായിരുന്നു?
ഇന്ന് എത്തിനില്‍ക്കുന്ന ആ ഉയരത്തിന്‍െറ ആദ്യചുവട് എന്നു പറയാം. നല്ല, കവിതയുള്ള ഭാഷ.
ഭാഷയിലായിരുന്നുവോ അന്നും എം.ടിക്ക് പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നത്?
അതെ. പല വരികളും ഗദ്യത്തിലെഴുതിയ കവിതതന്നെയായിരുന്നു.
‘വളര്‍ത്തുമൃഗങ്ങള്‍’ക്ക് ലോകകഥാമത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ അങ്ങയുടെ സ്വകാര്യധാരണ പ്രവചനം പോലെയായി എന്നുപറഞ്ഞുകൂടേ?
അതിലും ഒരു കൗതുകമുണ്ട്. കുമരനല്ലൂര്‍ ഹൈസ്കൂളിന്‍െറ ജൂബിലിക്കാലത്താണ് വാസുവിന് സമ്മാനം ലഭിക്കുന്നത്. ശങ്കരക്കുറുപ്പൊക്കെ വന്ന സമ്മേളനമാണ്. അന്ന് വാസുവിനെ ഒരു മാല അണിയിച്ചതായി ഓര്‍മയുണ്ട്.
പാലക്കാട് എം.ബി ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപകനാവാന്‍ എം.ടിക്ക് അവസരം ഒരുക്കിയത് അങ്ങാണെന്നു കേട്ടിട്ടുണ്ട്?
ഡോ.കെ.എന്‍. നമ്പൂതിരിപ്പാടിന്‍െറ അലോപ്പതി ചികിത്സയില്‍ കുറച്ചുദിവസം ഞാന്‍ പാലക്കാട് താമസിക്കുകയുണ്ടായി. പാണ്ടം വാസുദേവന്‍ നമ്പൂതിരിയും ഒപ്പം ഉണ്ട്. പ്രഫ.സി.കെ. മൂസതിന്‍െറ എം.ബി ട്യൂട്ടോറിയലിനടുത്തുള്ള മുറിയിലായിരുന്നു എന്‍െറ താമസം. മൂസത് സഹോദരന്മാരെ എന്നും കാണും. അവര്‍ മലയാളി എന്നൊരു ദൈ്വവാരിക നടത്തിയിരുന്നു. അതിന്‍െറ നടത്തിപ്പിനും ട്യൂട്ടോറിയല്‍ കോളജ് കുട്ടികള്‍ക്ക് ക്ളാസെടുക്കാനും- രണ്ടിനും പറ്റിയ – ഒരാളെ അന്വേഷിക്കുകയാണ് അവര്‍. മലയാളി കൊണ്ടുനടക്കാന്‍ ഒരാളെ കണ്ടത്തെണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അല്ളെങ്കില്‍ അക്കിത്തം ഇരിക്കണം എന്നായി. നോക്കട്ടെ എന്നു പറഞ്ഞു. ചികിത്സകഴിഞ്ഞ് മടങ്ങിപ്പോന്ന ദിവസം. കുമരനെല്ലൂരില്‍ ബസിറങ്ങിയപ്പോള്‍ വാസു നില്ക്കുന്നതുകണ്ടു. ദൈവികം എന്ന് മനസ്സില്‍ പറഞ്ഞു. വാസുവിനോട് ഇവിടെ നില്‍ക്കുന്നതെന്താണെന്നു ചോദിച്ചു. പട്ടാമ്പി ഹൈസ്കൂളില്‍ ഒരു ലീവ് വേക്കന്‍സിയില്‍ ജോലിചെയ്യുകയായിരുന്നു. കാലാവധി തീര്‍ന്നു. മറ്റൊരു ജോലി കണ്ടുപിടിക്കണം. വാസുവിനോട് വൈകുന്നേരം കാണാമെന്നു പറഞ്ഞു. നാലുമണിക്ക് വാസു വന്നു. ഞാന്‍ മൂസത് സഹോദരന്മാര്ക്ക് ഒരു കുറിപ്പ് കൊടുത്തു. എം.ടി അന്നേക്ക് പേരുള്ളയാളായിക്കഴിഞ്ഞിരുന്നു. അങ്ങനെ മലയാളിയിലും എം.ബി ട്യൂട്ടോറിയയിലുമായി വാസു ജോലിചെയ്തു. ആ കാലത്ത് ജയകേരളത്തില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു. നല്ല അധ്യാപകനായി എം.ടി തിളങ്ങി. കുട്ടികള്‍ക്കുവേണ്ടി ഗൈഡ് എഴുതിയിട്ടുണ്ട് വാസു. ഞാനും മൂസതുമാര്ക്കുവേണ്ടി ഗൈഡ് എഴുതിക്കൊടുത്തിട്ടുണ്ട്. പിന്നീട് എം.ബി ട്യൂട്ടോറിയല്‍ കോഴിക്കോട്ട് വന്നപ്പോള്‍ എം.ടി അവിടെയും പഠിപ്പിച്ചിട്ടുണ്ട്.
എം.ടിയുടെ പത്രപ്രവര്‍ത്തനജീവിതം തുടങ്ങുന്നത് മലയാളിയില്‍നിന്നാണ് എന്ന് പറഞ്ഞുകൂടേ?
ശരിയാണ്. എഡിറ്റിങ് പഠിച്ചത് അവിടെ നിന്നാണ്. പക്ഷേ, ഈ പ്രസിദ്ധീകരണത്തില്‍ ഒതുങ്ങിനിന്നാല്‍ പോരാ വാസു എന്ന് എനിക്കും തോന്നി. വാസുവിനും അങ്ങനെ തോന്നിയിരിക്കണം. ഏതായാലും മൂസത് സഹോദരന്മാര്ക്ക് വാസുവിനെ വലിയ കാര്യമായിരുന്നു. വാസുവിന് തിരിച്ചും. മലയാളിക്കുശേഷം വാസു മാതൃഭൂമിയില്‍ എത്തുകയാണ്. എന്‍.വി അമേരിക്കക്ക് പോകുന്ന സമയം. വീക്കിലിയില്‍ ഒരാളെ വെക്കണം. എനിക്കു പറ്റുമോ എന്നു ചോദിച്ചു. ഞാന്‍ മുമ്പ് മാതൃഭൂമിയില്‍ ജോലി ആവശ്യവുമായി ചെന്നിരുന്നു. ബിരുദമില്ല എന്ന തടസ്സം പറഞ്ഞു. ഇടശ്ശേരിയോടൊപ്പം കേന്ദ്രകലാസമിതിയുമായി പ്രവര്‍ത്തിക്കുന്ന കാലം. എന്‍.വി അമേരിക്കക്കുപോയ കാലത്താണ് വാസു മാതൃഭൂമിയില്‍ എത്തുന്നത്.
നിങ്ങള്‍ ഒരുമിച്ച് കോഴിക്കോട്ട് താമസിച്ചകാലത്തെ അനുഭവങ്ങള്‍ പറയൂ?
വാസു വീക്കിലിയിലും ഞാന്‍ എ.ഐ ആറിലും ജോലിചെയ്യുന്നു. എം.ബി ട്യൂട്ടോറിയലിന്െറ ഓഫിസിനുമുകളില് ധാരാളം സ്ഥലം ഉണ്ട്. ഞങ്ങള്‍ അവിടെ താമസിച്ചിട്ടുണ്ട്. വേറൊരുദിക്കിലും താമസം ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കും. ഞാന്‍ പൊതുവെ വൈകി കിടന്ന് വൈകി ഉണരുന്ന സമ്പ്രദായക്കാരനാണ്. വാസു ട്യൂട്ടോറിയല്‍ ക്ളാസെടുത്തതിനുശേഷം മാതൃഭൂമിയിലേക്കുപോകും. അപ്പോഴും ഞാന്‍ ഉണര്ന്നിട്ടുണ്ടാകില്ല. അങ്ങനെ ഒരുകാലം ഉണ്ടായിരുന്നു.
ആ കാലത്ത് എം.ടി എഴുതിയ കഥകളെക്കുറിച്ച് ഓര്‍മയുണ്ടോ? കൈയെഴുത്ത് വായിച്ചിട്ടുണ്ടോ?
‘ഇരുട്ടിന്‍െറ ആത്മാവ്’ അവിടെവെച്ചാണ് എഴുതുന്നത്. ഞാനാണ് ആദ്യം വായിച്ചത്. വളരെ നന്നായി തോന്നി.
എം.ടിയുടെ എഴുത്തുരീതി എങ്ങനെയാണ്?
മനസ്സില്‍ നല്ലപോലെ പാകപ്പെടുത്തിയതിനുശേഷമാണ് എഴുത്ത് എന്ന് തോന്നിയിട്ടുണ്ട്. അതിന്‍െറ ഗുണം എഴുത്തില്‍ കാണാം.
എം.ടി എന്ന പത്രാധിപര്‍, അക്കിത്തം എന്ന കവി-ഈ അവസ്ഥയെക്കുറിച്ച് പറയൂ?
വാസു പറഞ്ഞ് കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കാളിദാസപ്പതിപ്പില് ചേര്‍ക്കാനായി ഒരു കവിത പെട്ടെന്നു തരുമോ എന്ന് വാസു അന്വേഷിച്ചു. ഒരു ദിവസത്തെ സമയമേയുള്ളൂ. രാത്രി കാളിദാസകൃതികളിലൂടെ കണ്ണോടിച്ചു. ‘നിത്യമേഘം’ എന്ന കവിതയെഴുത്തിന്െറ ഹേതു അതാണ്.
എം.ടി. വാസുദേവന്‍നായര്‍ എന്ന പത്രാധിപരെ എങ്ങനെ നോക്കിക്കാണുന്നു?
എന്‍.വിയും എം.ടിയും മാതൃഭൂമിയെ സമ്പന്നമാക്കി. നല്ലത് തിരഞ്ഞെടുക്കാന്‍, നല്ലവരെ കണ്ടെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. നല്ല എഴുത്തുകാരന് എന്നതുപോലെ നല്ല പത്രാധിപരുമാണ് എം.ടി.
അധികം ആകര്‍ഷിച്ച എം.ടി കഥ ഏതാണ്?
എല്ലാ കഥകളും ഇഷ്ടമാണ്. പ്രത്യേകിച്ച് ‘വാനപ്രസ്ഥം’. ഉപനിഷത്തുപോലെ ബലപ്പെട്ട ചെറുകഥയാണത്. മൂകാംബികാ പശ്ചാത്തലമൊക്കെ മനോഹരമായിട്ടുണ്ട്. കഥയെഴുത്തിന്‍െറ ഉത്തുംഗശൃംഗത്തിലാണ് എം.ടി. കവിതയുള്ള കഥകളേ എം.ടി എഴുതിയിട്ടുള്ളൂ. പി.സിക്കും പൊറ്റെക്കാട്ടിനും ഈ ഗുണം ഉണ്ടായിരുന്നു. കവിത ആയിരിക്കണം കഥകള്‍ എന്നു മനസ്സിലാക്കിയവര്‍ എസ്.കെയും എം.ടിയുമാണ്. പിന്നെ കാണുന്നത് മാധവിക്കുട്ടിയിലാണ്.
എം.ടിയുടെയും മാധവിക്കുട്ടിയുടെയും കഥനരീതിയിലെ വ്യത്യാസം എന്താണ്?
വ്യക്തിത്വത്തിലെ വ്യത്യാസം ഒന്ന്. ഇരുവരുടെയും എഴുത്തില്‍ കവിതയുണ്ട്. സ്ത്രീവീക്ഷണമാണ് മാധവിക്കുട്ടിയില്‍ കാണുന്നത്. സ്ത്രീമനസ്സില്‍ തട്ടുന്ന പ്രശ്നങ്ങള്‍ മാധവിക്കുട്ടി കഥകളിലൂടെ പറഞ്ഞു.
എം.ടികഥകളിലും നോവലുകളിലും ശക്തരായ സ്ത്രീകഥാപാത്രങ്ങളുണ്ടല്ളോ?
ഉണ്ട്. പക്ഷേ, മാധവിക്കുട്ടിയുടെ വീക്ഷണകോണിലൂടെയല്ല എം.ടി എഴുതുന്നത്.
എം.ടിയുടെ നോവലുകളെക്കുറിച്ചാകാം ഇനി വര്‍ത്തമാനം?
എം.ടി ചെറുപ്പത്തിന്‍െറ ഊര്‍ജത്തില്‍ എഴുതിയ നോവലാണ് ‘നാലുകെട്ട്’. അത് ഇന്നും മനസ്സില്‍ തങ്ങിനില്ക്കുന്നു. പിന്നെ ‘രണ്ടാമൂഴം’.
‘മഞ്ഞോ’?
കാവ്യമല്ളേ ആ നോവല്‍.
എം.ടിയുടെ തിരക്കഥകളോ?
തിരക്കഥകളായി അധികം വായിച്ചിട്ടില്ല. എം.ടിയുടെ തിരക്കഥകള്ക്കെല്ലാം മൂല്യമുണ്ട്. ‘നിര്‍മ്മാല്യം’ നല്ല സിനിമയാണ്. ഒരു വെളിച്ചപ്പാടിന്‍െറ ദൈന്യം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.
എം.ടിയുടെ ലേഖനങ്ങളോ?
മനസ്സില്‍ അള്ളിപ്പിടിച്ചങ്ങനെ നില്ക്കും. ലേഖനങ്ങള്‍ മാത്രമല്ല എഴുതുന്നതെന്തും. മലയാളകവിതയില്‍ ചങ്ങമ്പുഴപോലെയാണ് എം.ടി എന്ന് ഞാന്‍ എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിക്കില്‍ പ്രസംഗിച്ചപ്പോള്‍, ഇടശ്ശേരി അത് ശരിവെക്കുകയുണ്ടായി. രണ്ടും അനുഭൂതിപ്രധാനം എന്നായിരുന്നു ഇടശ്ശേരിയുടെ പക്ഷം.
എം.ടിയുമായുള്ള ആത്മബന്ധത്തിന്‍െറ ചില പ്രധാന മുഹൂര്‍ത്തങ്ങള്‍ ഓര്മിക്കാനുണ്ടാവില്ളേ?
എന്‍െറ സപ്തതിക്ക് വാസു വന്നു. ഞങ്ങള്‍ ഒപ്പം ഇരുന്നാണ് ഊണുകഴിച്ചത്. എണ്പത്തിനാലാം പിറന്നാളിനും എത്തി. വാസു വന്നപ്പോഴേക്കും അന്തരീക്ഷം ആകെ മാറി. ഞാന്‍ കോട്ടക്കല്‍ ചികിത്സയില്‍ കഴിയുന്ന കാലത്തും വാസു വന്നുകണ്ടു. ഞങ്ങള്‍ ഒപ്പം യാത്രചെയ്തിട്ടുണ്ട്. ഒരേ വേദിയില്‍ പ്രസംഗിച്ചിട്ടുണ്ട്. പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരടുപ്പമാണത്.
എം.ടി. വാസുദേവന്‍ നായരിലെ മലയാളികള്‍ ആദരിക്കുന്ന വ്യക്തിത്വത്തെ എങ്ങനെ വിലയിരുത്തുന്നു?
എം.ടി ഒരാളെക്കുറിച്ചും കുറ്റപ്പെടുത്തി സംസാരിക്കില്ല. പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ആത്മാര്‍ഥത കാണിക്കുന്നു. ഈ എണ്പതു വയസ്സിലും കര്മനിരതനാകുന്നു. വിവാദങ്ങളിലൊന്നുമില്ല. സ്ഥായിയായ ആ മൗനം ഇന്നും ദീക്ഷിക്കുന്നു. വ്യക്തി എന്ന നിലയില്‍ ഉയര്ന്നുനില്ക്കുന്നു. ഇപ്പോഴും അസ്സലായി എഴുതുന്നു. മലയാളികളുടെ ആദരവിന്‍െറ അടിസ്ഥാനം ഇതാണ്.
അക്കിത്തം / എന്‍.പി. വിജയകൃഷ ്ണന്
Recent Comments