ഓണം അച്യുതന്‍ കൂടല്ലൂരിന് പുത്തനുടുപ്പിന്റെ മാസ്മരികമായ ഗന്ധമാണ്
കെ.എ. ജോണി
ചെന്നൈ : പുഴയില്‍ കുളിക്കുമ്പോള്‍ കൈയില്‍ നിന്ന് തെന്നി വെള്ളത്തിലേക്ക്മറയുന്ന സോപ്പ് പോലെ ഓണാഘോഷങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ് ചിത്രകാരനായ അച്യുതന്‍ കൂടല്ലൂര്‍ പറയുന്നത്. കുട്ടിക്കാലത്ത് ജന്മനാടായ കൂടല്ലൂരില്‍ പുഴയിലെ കുളി നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു. കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ സോപ്പ് ചിലപ്പോള്‍ തെന്നിയങ്ങ് പോവും. പിന്നെ പിടിച്ചാല്‍ കിട്ടില്ല. ഇതുപോലെ നഷ്ടപ്പെട്ടുപോവുന്ന ഓണാഘോഷമാണ് ഇപ്പോള്‍ അച്യുതന്‍ കൂടല്ലൂരിന്റെ ഓര്‍മയിലുള്ളത്.
ഓണം അച്യുതന്‍ കൂടല്ലൂരിന് പുത്തനുടുപ്പിന്റെ മാസ്മരികമായ ഗന്ധമാണ്. പാലും പഞ്ചസാരയും ചേര്‍ത്ത് അമൃതുപോലെയുണ്ടാക്കുന്ന പാല്‍പായസമാണ് ഓണം. ചെറുപയര്‍ വറുത്തെടുത്ത് ശര്‍ക്കര ചേര്‍ത്തുണ്ടാക്കുന്ന പരിപ്പ് പ്രഥമനുമാണ് ഓണം. ഈ ഓണങ്ങളൊന്നും തന്നെ ഇപ്പോള്‍ അച്യുതന്‍ കൂടല്ലൂരിന്റെ ജീവിതത്തിലില്ല.
ചെറുപ്പത്തില്‍ ഓണക്കാലത്ത് വീട്ടില്‍ പുത്തന്‍ വസ്ത്രങ്ങളുമായി റാവുത്തര്‍ വരുന്നത് കൂടല്ലൂരിന്റെ ഓര്‍മയിലുണ്ട്. തുണി വാങ്ങിയ ശേഷം കൂടല്ലൂര്‍ ബസാറിലുള്ള തയ്യല്‍ക്കാരന്റെ അടുത്തേക്ക് ഓടും. അളവെടുത്ത് തയ്യല്‍ക്കാരന്‍ തയ്ക്കുന്ന ട്രൗസറും ഷര്‍ട്ടുമായിരിക്കും ഓണക്കോടിയായി ഉടുക്കുക. മിക്കപ്പോഴും ശരിയായ പാകത്തിനായിരിക്കില്ല തയ്ച്ചു കിട്ടുക. വല്ലാതെ ലൂസാണെന്ന് പറഞ്ഞാല്‍ കുട്ടി വളരുകയല്ലേ, അടുത്ത കൊല്ലവും ഉപയോഗിക്കാമല്ലോ എന്നായിരിക്കും തയ്യല്‍ക്കാരന്റെ മറുപടി.
മുഴുക്കൈയ്യന്‍ ഷര്‍ട്ടായിരുന്നു ഇഷ്ടമെങ്കിലും തുണി ലാഭിക്കാനായി അരക്കയ്യന്‍ ഷര്‍ട്ടിനേ അനുവാദമുള്ളൂ. മുഴുക്കൈ എന്തിനാണ് വെറുതെ മടക്കിവെയ്ക്കാനല്ലേ എന്നാണ് മുതിര്‍ന്നവര്‍ ചോദിക്കുക. പന്തു കളിയാണ് പ്രധാനം. ഫുട്‌ബോള്‍ എന്നാണ് പേരെങ്കിലും ശരിക്കുള്ള ഫുട്‌ബോള്‍ കൊണ്ട് കളി വല്ലപ്പോഴുമേ ഉണ്ടാവുകയുള്ളൂ. റബ്ബര്‍ പന്ത് വേറൊരു കവറിലിട്ടാണ് മിക്കപ്പോഴും കളിക്കുക. റബ്ബര്‍ പന്ത് പെട്ടെന്ന് പൊട്ടാതിരിക്കാനാണ് ഈ വേല.
ഓണ സദ്യ ശരിക്കും കഴിക്കാനാവില്ല. പത്തിരുപത് കൂട്ടം കറികളൊക്കെയായി എങ്ങിനെയാണ് സദ്യ കഴിക്കുക. വയറിനൊക്കെ ഒരു പരിധിയുണ്ടല്ലോ. ഓണസദ്യ വാസ്തവത്തില്‍ ഒന്ന് പൊളിച്ചെഴുതണമെന്ന് എനിക്ക് തോന്നാറുണ്ട്. ഇത്രയധികം കറികള്‍ ആവശ്യമില്ല. ഇതൊക്കെ പല ദിവസങ്ങളിലായി കിട്ടിയാല്‍ എത്ര നന്നായിരിക്കും. ഓണനാളില്‍ വീടുകളില്‍ പാഴാകുന്ന ഭക്ഷണത്തിന് കണക്കുണ്ടെന്ന് തോന്നുന്നില്ല.
ചെന്നൈയിലെത്തിയതില്‍ പിന്നെ ഓണാഘോഷങ്ങളുടെ മാറ്റ് കുറഞ്ഞു. ചെന്നൈയില്‍ ഒരുപാട് ആഘോഷങ്ങളുണ്ടെങ്കിലും അങ്ങിനെയങ്ങ് പങ്കെടുക്കറില്ല. ഓണക്കാലത്ത് നാട്ടിലേക്കുള്ള പോക്കും കുറഞ്ഞു. ഓരോ മറുനാടന്‍ മലയാളിയുടെ മനസ്സിലും എവിടെയോ ഇത്തിരി സങ്കടം കല്ലിച്ചു കിടക്കുന്നുണ്ട്. ജന്മനാട് നഷ്ടപ്പെടുന്നതിന്റെ വേദനയാണത്. നാട്ടിലുള്ളവര്‍ക്ക് മറുനാടന്‍ മലയാളി പണമുണ്ടാക്കുന്ന ഒരുപകരണമാണ് മിക്കപ്പോഴും. ഒരിക്കല്‍ നാട്ടില്‍ ഓണക്കാലത്ത് പോയപ്പോള്‍ എല്ലാവരും ടിവിക്കു മുന്നിലാണ്.
ഓണം ടിവി കവര്‍ന്നെടുക്കുന്നതു കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഇപ്പോള്‍ ടിവിക്ക് പുറമെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണുമുണ്ട്. നമ്മുടെ സാമൂഹിക ജിവിതം ഇപ്പോള്‍ ഇവയുടെ പിടിയിലാണ്. രണ്ടു വര്‍ഷമായി ഞാന്‍ ടിവി കാണാറില്ല. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ടിവിയില്‍ വാര്‍ത്ത കണ്ടു. കാവേരി പ്രശ്‌നത്തില്‍ ഒരാളെ ചിലര്‍ ചേര്‍ന്ന് അടിക്കുന്നതാണ് കണ്ടത്. അത് മനസ്സിനെ വേദനിപ്പിച്ചു.
ആഘോഷങ്ങള്‍ വല്ലാതെ കൃത്രിമമാവുകയാണോയെന്ന് ശങ്കയുണ്ട്. ജീവിതത്തില്‍ ആഘോഷങ്ങള്‍ വേണം. പക്ഷേ, മനസ്സുള്‍ച്ചേരാത്ത ആഘോഷമാണെങ്കില്‍ അതിനെ ആഘോഷമെന്ന് എങ്ങിനെയാണ് വിളിക്കുക.
ഉറവിടം
Recent Comments