പി.സിയേട്ടന് സ്നേഹാദരങ്ങളോടെ
ഇ. സുധാകരന്
എം.ടി. വാസുദേവന്‍ നായര്‍ അച്ഛനെ പി.സിയേട്ടന് എന്നും അമ്മയെ ദേവിയേടത്തി എന്നുമാണ് ആദ്യകാലങ്ങളില്‍ വിളിച്ചിരുന്നതെന്ന് അമ്മ പറയാറുണ്ടായിരുന്നു. പിന്നീട്, എപ്പോഴോ അത് മാറി മി.പിസിയും ദേവകിയമ്മയുമായി. അമ്മക്കതില്‍ വലിയ തൃപ്തിയില്ലെന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ അവരുടെ സ്വരത്തില്നിന്നെനിക്ക് തോന്നി. അച്ഛനാകട്ടെ, അതില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. ഒരാള്‍ക്ക് ഇരിപ്പു വരുമ്പോള്‍ സ്വയം തെളിയിക്കേണ്ടതായ ചിലതുണ്ടാവാമെന്നദ്ദേഹം എന്തോ ഓര്‍ത്തുകൊണ്ട് ശബ്ദം താഴ്ത്തി അമ്മയെ സമാധാനിപ്പിക്കാനെന്നപോലെ അന്ന് പറഞ്ഞു. പിന്നീടെപ്പോഴോ, അച്ഛന്റെ പുസ്തകശേഖരത്തിലെ ‘വേദനയുടെ പൂക്കള്‍’ എന്ന പുസ്തകത്തിന്റെ ഒന്നാമത്തെ താളില്‍ ‘പി.സിയേട്ടന് സ്നേഹാദരങ്ങളോടെ’ എന്ന് എഴുതിക്കൊണ്ടുള്ള എം.ടിയുടെ ഒപ്പും കണ്ടു. ‘നിന്റെ ഓര്മക്ക്’ എന്ന പുസ്തകവും പ്രിയപ്പെട്ട പി.സിയേട്ടന് സസ്നേഹമായാണ് 1957ല്‍ എം.ടി നല്‍കിയിരിക്കുന്നത്. അക്കാലത്ത് ഇടക്കൊക്കെ അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നെന്നാണ് അമ്മ ഓര്‍മിച്ചിരുന്നത്.
എന്റെ ഓര്‍മയില്‍ രണ്ടുതവണയാണദ്ദേഹം വീട്ടില്‍ വന്നിട്ടുള്ളത്; ചിലപ്പോള്‍ അച്ഛന് മരിച്ചപ്പോഴും വന്നിട്ടുണ്ടായിരിക്കാം. എന്റെ ചേച്ചിയുടെ കല്യാണം (4.2.1972) അദ്ദേഹവും മുന്‍മന്ത്രി ശേഷനും കറന്റ് തോമസും നന്നായി ആഘോഷിച്ചു. ”പി.സിടെ മകള്‍ എന്റെ മകള്‍. നിനക്ക് തരുന്നു”, നവവരനോട് അദ്ദേഹത്തിന്റെ ‘അകത്തുള്ളോര്’ പറഞ്ഞു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പ്രമീള ടീച്ചറും മകള്‍ സിതാരയും തലേ ദിവസവും വന്നിരുന്നു. പിറ്റേ ദിവസം കല്യാണത്തിന് വരണമെങ്കില്‍ തന്നെ കല്യാണം കാണുന്ന സ്ഥലത്ത് ഇരുത്തണമെന്ന് സിതാര അച്ഛനോട് ഡിമാന്ഡുംവെച്ചിരുന്നു. ആ തിരക്കിനിടയിലും അത് പ്രത്യേകം ഓര്‍ത്ത്, പിറ്റേ ദിവസം അച്ഛന് സിതാരയെ മുന്നില്‍ത്തന്നെ ഇരുത്തുകയും ചെയ്തു.
എന്തോ കാര്യം സംസാരിക്കാനാണ് മറ്റൊരിക്കല്‍ അദ്ദേഹം വീട്ടില്‍ വന്നത്. ”നമുക്കിവിടെ ഇരുന്നു സംസാരിക്കാം” എന്നു പറഞ്ഞ് മുറ്റത്ത് മാവിന്‍ചുവട്ടില്‍ ഇട്ട കസേരയില്‍ ഇരുന്നാണവര്‍ സംസാരിച്ചത്. ഞാനവിടെ ഉണ്ടായിരുന്നെങ്കിലും എന്തിനെപ്പറ്റിയാണവര് സംസാരിച്ചതെന്ന് ഞാന്‍ ശ്രദ്ധിച്ചില്ല. ഞാന്‍ ശ്രദ്ധിച്ചത്, ഞങ്ങള്‍ വളര്‍ത്തുന്ന ഒരു കറുത്ത പൂവന്‍കോഴി വന്ന് അദ്ദേഹത്തെ കൊത്തിയെന്നുള്ളതാണ്. ഒരു കൊത്ത് കിട്ടിക്കാണണം. അപ്പോഴേക്ക് ഞാനതിനെ പിടിച്ചുമാറ്റി. കറുത്ത കോഴിക്കെന്ത് എം.ടി. വാസുദേവന്‍ നായര്‍!
എം.ടിയുടെ ‘കണ്ണാന്തളിപ്പൂക്കളുടെ കാലം’ എന്ന സമാഹാരത്തില്‍ ‘രണ്ടാമത്തെ കാലൊച്ച’ എന്നൊരു ഹൃദയസ്പര്‍ശിയായ കുറിപ്പുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, എഴുതിവെച്ച കഥകള്‍ക്കുവേണ്ടി, കുറെ വാക്കുകള്‍ക്കുവേണ്ടി അദ്ദേഹത്തെ സ്നേഹിക്കുന്ന ബാലകൃഷ്ണന് എന്ന കര്ഷകനെക്കുറിച്ചാണത്. അല്ലെങ്കില്‍, തന്റെ ജീവിതത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു സംഭവത്തെക്കുറിച്ചുള്ള കുറിപ്പും ആകാം അത്.
‘മനം പിരട്ടല്‍ ഒതുക്കാനായില്ല. ചെടിച്ചട്ടികളുടെ അടുത്തേക്കെത്തുമ്പോഴേക്ക് ഛര്‍ദിച്ചു. പിത്തനീരല്ല. ഉള്ക്കാച്ചില്നിന്നുള്ള ചോരയാണെന്ന് കണ്ടപ്പോള്‍ നടുങ്ങി. മനസ്സില്‍ ഇടിവെട്ടുകള്‍ മുഴങ്ങി.
പരിഭ്രമം പുറത്തുകാട്ടാതെ പതുക്കെ നടന്നു. പോര്‍ട്ടിക്കോവില്‍ സുഹൃത്തുക്കളുടെ മധ്യത്തിലെത്തി. സംസാരിക്കാന്‍ പ്രയാസം. രണ്ടാമത്തെ തവണ അസ്വാസ്ഥ്യത്തോടെ എഴുന്നേറ്റപ്പോള്‍ നാലടിക്കപ്പുറം ചെടിച്ചട്ടികള്‍ക്ക് അടുത്ത് എത്താന്‍ ഇടം കിട്ടിയില്ല. അകത്ത് എവിടെയൊക്കെയോ തായ്വേരുകള് പിഴുതുകൊണ്ട് കുത്തിയൊലിച്ച് പുറത്തുചാടിയ കരിംചുവപ്പിന്റെ പ്രവാഹം വളര്‍ത്തു ചെടികളെ ആകെ ചുവപ്പില്‍ മൂടി. രക്തത്തിന്റെ ഗന്ധം പരുന്നു.”
അച്ഛന്റെ സുഹൃത്ത് പറഞ്ഞ ഒരു കഥകൂടി ഇതിനോട് ചേര്‍ത്തുവെക്കുകയാണ് ഞാന്‍. അന്ന് അച്ഛനൊരു ഫോണ്‍കോള്‍ വരുന്നു: ”വാസുദേവന്‍ നായര്‍ക്ക് സീരിയസാണ്. ബോധമില്ല. എവിടേക്കാണ് കൊണ്ടുപോകേണ്ടത്?” അച്ഛന് ഉടനെ സുഹൃത്തുക്കളായ ഡോക്ടര്‍ രാമചന്ദ്രനെയും ഡോക്ടര്‍ സി.ബി.സി. വാര്യരെയും വിളിച്ച് വിവരമറിയിച്ചു. അവരും അവര്‍ ചട്ടംകെട്ടിയവരും എം.ടിയെത്താന് കാത്തിരുന്നു. രോഗിയെത്തുമ്പോഴേക്ക് ആശുപത്രി മുഴുവന്‍ സജ്ജം. ബോധത്തിനും അബോധത്തിനുമിടയില്‍ അദ്ദേഹം എഴുതി: ”ഫോണ്‍കോളുകള്‍ നേരത്തേ എത്തിയിരിക്കുന്നു. കന്യാസ്ത്രീവേഷത്തിലുള്ള നഴ്സുമാര്‍ കാത്തുനില്ക്കുന്നു…”
”ഇരുട്ടിന്റെ ഗഹ്വരത്തിലേക്കാണ് വീല്‍ചെയര്‍ കടക്കുന്നത്. വരാന്തയിലെ വിളക്കുകളുടെ പ്രകാശം പിടിച്ചെടുക്കാന്‍ കണ്ണുകള്‍ ശ്രമിച്ചു. കഴിയുന്നില്ല. ആശുപത്രിമുറിയിലെ കിടക്കയില്‍ വീണപ്പോഴേക്കും തുരങ്കത്തില്‍നിന്ന് ഓടിയെത്തിയ ഇരുട്ടിന്റെ ചെകുത്താന്മാര് ആകെ എന്നെ വലയം ചെയ്യുന്നു.
ഓര്മ വന്നപ്പോള്‍ പ്രശസ്തനായ ഡോക്ടറുണ്ട്, നഴ്സുമാരുണ്ട്, നഗരത്തിലെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുണ്ട്. ഇത് പിറ്റേന്നാണോ, അതിന്റെ പിറ്റേന്നാണോ?”
വികാരരഹിതമായ നിത്യനിഗൂഢ ശാന്തതയിലേക്കെത്താന് ഒരുകുപ്പി മദ്യംകൂടി മതിയെന്നും അത് വേണമെങ്കില്‍ തന്റെ വകയാകാമെന്നും ഡോക്ടര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. അതൊരുപക്ഷേ, വെറും കഥയാകാം. അതുമുതലാണോ എന്നറിയില്ല, മദ്യപാനം പൂര്‍ണമായി നിര്‍ത്തിയതായാണ് ഞാന്‍ കേട്ടത്.
‘മുറപ്പെണ്ണി’ന്േറതാണ് ഞാന്‍ ആദ്യമായി അച്ചടിച്ചുകണ്ട തിരക്കഥ. അതിന് മുമ്പ് തിരക്കഥ അച്ചടിക്കുന്ന പതിവ് മലയാളത്തിനുണ്ടായിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും, അതിന്റെയൊരു കോപ്പി ചേട്ടന് വാങ്ങിക്കൊണ്ടുവന്നിരുന്നു. ഞാനും ചേട്ടനും അത് കാണാപാഠം പഠിച്ചു എന്നുതന്നെ പറയാം. ‘ഇരുട്ടിന്റെ ആത്മാവി’ന്റെ സംഭാഷണവും ഏറക്കുറെ ഞങ്ങള്‍ക്ക് ഹൃദിസ്ഥമായിരുന്നു, സ്ക്രിപ്റ്റ് കണ്ടിട്ടില്ലെങ്കിലും ‘മുറപ്പെണ്ണി’ലും, ‘കുട്ടിയേടത്തി’യിലും ‘ഇരുട്ടിന്റെ ആത്മാവി’ലും ‘ബന്ധന’ത്തിലും എല്ലാം കഥാപാത്രങ്ങളോട് കാണികള്‍ക്ക് വല്ലാത്തൊരു വൈകാരിക അടുപ്പം സാധിക്കുന്നുണ്ട്. വേലായുധന് പുറംലോകത്തെക്കുറിച്ചുള്ള തന്റെയൊരു തിരിച്ചറിവിന്റെ നിമിഷത്തില്‍ ”ഞാന്‍ ഭ്രാന്തനാണ്, എന്നെ ചങ്ങലക്കിടൂ” എന്ന് പറയുമ്പോള്‍ വിഷമംതോന്നാത്തവര് ഉണ്ടാവില്ല.
വേലായുധന് ഭ്രാന്തനാവുന്നതിന് മുമ്പ് കുമ്പിടിക്കാരനായ ഒരധ്യാപകനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വേലായുധനെക്കുറിച്ച് എം.ടി പറഞ്ഞിട്ടുണ്ട്: ”വേലായുധേട്ടന് അടുത്ത കുടുംബത്തിലെ ആയിരുന്നു. ഭ്രാന്തനായ വേലായുധനെ ചങ്ങലക്കിട്ട് ഞാന്‍ കണ്ടിട്ടുണ്ട്. ചങ്ങല പൊട്ടിച്ച വേലായുധേട്ടന് വീട്ടില്‍ കയറിവന്നപ്പോള്‍ എല്ലാവരും പേടിച്ചു. ‘എനിക്ക് കുറച്ചു ചോറുതരൂ അമ്മുവേടത്തീ’ എന്ന് അമ്മയോടയാള്‍ പറയുമ്പോള്‍ ഞാന്‍ വാതിലിനിപ്പുറത്തുണ്ട്. അമ്മ ഉമ്മറത്ത് ഇലവെച്ച് ചോറുകൊടുത്തു. ഊണുകഴിഞ്ഞ് ഇറങ്ങിപ്പോയി 1.”
അന്നത്തെ സിനിമകളില്‍ ഏറ്റവും കുറച്ച്, കുറിക്കുകൊള്ളുന്ന സംഭാഷണങ്ങള്‍ ഉപയോഗിച്ചത് എം.ടിയായിരിക്കണം. അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും അന്ന് ചലച്ചിത്രരംഗത്ത് എത്തിയിരുന്നില്ലെന്നാണ് എന്റെ ഓര്മ. അന്നത്തെ ആ കുറഞ്ഞ അളവ് സംഭാഷണംപോലും ഇന്നത്തെ അളവില്‍ ആത്മാവ് നഷ്ടപ്പെടാതെതന്നെ ചുരുക്കാവുന്നതാണ് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. കാലംകൊണ്ട് പലതിനും വിപരീത അര്‍ഥംപോലും വന്നു: ”ഭാഗി, അവളെന്റെ ആത്മാവിന്റെ ഭാഗമായിരുന്നു” എന്ന് ഇപ്പോള്‍ പറയുമ്പോള്‍ അതിലെന്തോ കോമാളിത്തമുള്ളതായാണ് തോന്നുക. ‘നിര്‍മാല്യം’ പോലുള്ള പടമൊന്നും ഇപ്പോള്‍ എടുക്കാന്‍ കഴിയുമെന്നുതന്നെ തോന്നുന്നില്ല. പ്രശ്നമാവും. ഇത് ആരെക്കാളും നന്നായി എം.ടി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന്റെ തെളിവുകളാണ് പില്ക്കാലത്തുള്ള അദ്ദേഹത്തിന്റെ രചനകള്‍. സാഹിത്യത്തില്‍ എന്നതുപോലെത്തന്നെ സിനിമയിലും കൂടുതല്‍ കൂടുതല്‍ ധ്വനികളും കൃത്യമായ വിഷ്വലുകളും ഉപയോഗിച്ച് ഗാഢമാക്കാനും കുറിക്ക് കൊള്ളുന്നതാക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.
ഒ.എന്‍.വി പറഞ്ഞു: സര്‍ഗാത്മകമായ ഏത് നല്ല ഗദ്യരചനയും കാവ്യാത്മകമാവാം. എന്നാല്‍, ‘മഞ്ഞ്’ കവിത തന്നെയാണ്.” ഈ അഭിപ്രായത്തോട് വിയോജിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമെന്ന് തോന്നുന്നില്ല. ഇതിലെ ഓരോ കഥാപാത്രത്തിനും സമൂഹത്തിന്റെ പ്രാതിനിധ്യസ്വഭാവമുണ്ട്. അത് അവതരിപ്പിച്ചിരിക്കുന്നതാകട്ടെ, വളരെ കുറച്ച് വാക്കുകളിലും. ഇത് അദ്ദേഹത്തിന്റെ രചനാകൗശലമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. മഞ്ഞും ഇതിലെ ഒരു കഥാപാത്രമാണ്. ‘മഞ്ഞ്’, കാത്തിരിപ്പിനു പകരംവെക്കാവുന്ന ഒരു വാക്കുമാണ്. കാമുകനുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്. തോണിക്കാരന് ബുദ്ദുവിന്റെ, അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പ്. മഞ്ഞ് കഥാപാത്രമാകുന്ന ഏതാനും നോവലുകളെങ്കിലും ഉണ്ട് ഇംഗ്ലീഷ് ഭാഷയില്‍. യസുനാരി കവാബാത്തയുടെ ‘Snow Country’ എന്ന അതിമനോഹര നോവലിനെ ഓര്‍മിപ്പിക്കും ‘മഞ്ഞ്’.
‘മഞ്ഞി’നെക്കുറിച്ച് എം.ടി പറഞ്ഞു: ”1962ല്‍ എന്റെ വിവാഹം നടന്നു. ആചാരപ്രകാരമുള്ള വിവാഹമല്ല. വീട്ടുകാരറിയില്ല. കുറെകാലം ഇവിടെനിന്ന് അകന്നുനില്‍ക്കണമെന്ന് നിശ്ചയിച്ചു. അവരുടെ (ആദ്യഭാര്യ) അമ്മാമന്, മുത്തേശ്വറില് (കുമയൂണ്‍) വലിയ ഉദ്യോഗസ്ഥനായിരുന്നു. അവിടേക്കാണ് പോയത്. രണ്ടരമാസക്കാലം മുത്തേശ്വര്, കുമയൂണ്‍, നൈനിറ്റാള്‍ ഇവിടങ്ങളില്‍ താമസിച്ചു. വിവാഹപ്രായം കഴിഞ്ഞ് അവ്യക്ത ദുഃഖത്തെ മറച്ചുപിടിച്ചുനില്ക്കുന്ന ഒരു മലയാളി യുവതിയെ കണ്ടിരുന്നു. അവരാണ് പ്രചോദനം. അതിലേറെ പ്രചോദനം ചെയ്തത് ആ പ്രകൃതിയും അജ്ഞാത സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രദേശവും.”
ഫ്യൂഡല്‍ കാലഘട്ടത്തിലെ നായര്‍ തറവാടുകളിലെ കഥകളാണ് എം.ടിയുടെ ആദ്യകാല കഥകള്‍. കാരണവന്മാരില് പലരും തറവാട്ട് സ്വത്ത് സ്വന്തം സ്വത്താക്കാന്‍ തുടങ്ങിയ കാലം. അച്ഛന്മാര് വിദൂരസ്ഥര്‍. കാരണവന്മാരുടെ മുന്നില്‍ വട്ടപ്പൂജ്യം. അതുകൊണ്ട്, അച്ഛനില്‍ ഒരു രക്ഷകനെ കാണാന്‍ കുട്ടികള്‍ക്കാവില്ല. അശരണബോധത്തിന് കാരണക്കാരന്‍ അച്ഛന്‍തന്നെ എന്നവര്‍ കരുതുന്നു. അച്ഛന് ശത്രുവാകുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ ആദ്യകാല കഥകളില്‍ പ്രത്യക്ഷമായും പിന്നീടുള്ള കഥകളില്‍ പരോക്ഷമായും ചില സ്വഭാവ മാതൃകകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്.
സ്നേഹിക്കപ്പെടാനുള്ള അദമ്യമായ ആഗ്രഹം ഉണ്ടെങ്കിലും മൂത്തവരില്നിന്ന് വെറുപ്പും ശാപവും മാത്രം ഏറ്റുവാങ്ങി ബാല്യകൗമാരങ്ങള്‍ പിന്നിടുന്ന വ്യക്തിത്വങ്ങളാണവര്‍. നിറഞ്ഞ തറവാട്ടിലും ഇവര്‍ ഏകാകികള്‍. കാരുണ്യവും സ്നേഹവും അംഗീകാരവുമെല്ലാം എല്ലാ കുട്ടികളും ആഗ്രഹിക്കുന്നതിനാല്‍, അച്ഛനമ്മമാര്‍ ശ്രദ്ധിക്കുന്ന കുട്ടികളില്‍ത്തന്നെ തങ്ങളെ ആരും സ്നേഹിക്കുന്നില്ല എന്ന തോന്നലുണ്ടാവാറുണ്ട്. അപ്പോള്‍, ശ്രദ്ധ ലഭിക്കാത്ത ഈ ഏകാകികളില്‍ ആ തോന്നല്‍ എത്ര തീവ്രമായിരിക്കും! ഈ വ്രണിതമനസ്കര്ക്ക് സ്വാഭാവികമായി പ്രതികാരമനോഭാവവും ഉണ്ടാകുന്നു. ഏകാകികളും നിഷ്കാസിതരുമായ ബാല്യങ്ങളെയും അവരുടെ തീവ്രവേദനകളെയും പേര്‍ത്തും പേര്‍ത്തും മലയാള ചെറുകഥയില്‍ അവതരിപ്പിച്ചത് എം.ടി മാത്രമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. 1916ല്‍ ജെയിംസ് ജോയ്സ്, A portrait of an artist as a young manല്‍ ബാഹ്യലോകത്തിലെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാനാവാത്ത ബാല്യത്തെ അവതരിപ്പിക്കുന്നുണ്ട്. അമ്പതുകളോടെയാണ്, ഫ്യൂഡല്‍ കാലഘട്ടത്തിന്റെ ഒടുക്കത്തോടെയാണ്, രാജ്യ-സ്വാതന്ത്ര്യത്തെക്കുറിച്ച് മനസ്സിലാക്കിയ പുതിയ തലമുറ പ്രതിഷേധമുയര്‍ത്തുന്നത്. മരുമക്കത്തായം മക്കത്തായത്തിലെത്തുന്നതും കൂട്ടുകുടുംബം ഇല്ലാതാവുന്നതുമായ ഒരുകാലമാണത്.
‘ഒരു പിറന്നാളിന്റെ ഓര്മ’, ‘നിന്റെ ഓര്മക്ക്’, ‘ജോക്കര്‍’, ‘മരണത്തിന്റെ കൈത്തെറ്റ്’, ‘ഓപ്പോള്’, ‘പടക്കം’, ‘കുറുക്കന്റെ കല്യാണം’ ഇവയിലൊക്കെ ഏകാന്തവും അപമാനിതവുമായ ബാല്യമാണുള്ളത്. പ്രമേയപരമായ ഒരു തുടര്‍ച്ചക്കുവേണ്ടി നോക്കിയാല്‍ ഈ ദുഃഖിതരായ പുത്രന്മാരില് മിക്കവരും പില്ക്കാലത്ത് ഉന്നത ഉദ്യോഗംവഹിക്കുന്നവരും പിതാവിനോട് കണക്കുതീര്ക്കുന്നവരുമായി മാറുന്നതുകാണാം. ‘നാലുകെട്ടി’ലെ നായകന് അങ്ങനെയാണല്ലോ. വീണ്ടും തുടര്‍ച്ചക്ക് നോക്കിയാല്‍ സ്നേഹത്തിന്റെ നിറകുടങ്ങളെന്ന് പുറമേ തോന്നിക്കുന്ന, അകമേ സ്വാര്ഥതമുറ്റിനില്ക്കുന്നവരെ കാണാം. ജീവിത പരാജയമാണവരെ കാത്തിരിക്കുന്നത് (ബന്ധനം, അന്തിവെളിച്ചം). ‘അന്തിവെളിച്ച’ത്തിലെ നായകന് പറയുന്നത്, ”സ്നേഹത്തിനുവേണ്ടി ദാഹിച്ചുനടന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പിന്നീട്, അതെടുത്ത് തട്ടിക്കളിക്കുക രസമായി” എന്നാണ്. ‘കാല’ത്തിലെത്തുമ്പോഴേക്ക് അത് അസ്തിത്വവാദദര്ശനത്തിന്റെ എല്ലാ ലക്ഷണങ്ങളും കാട്ടുന്നുണ്ട്.
ഇതില്‍നിന്നെല്ലാം മുന്നോട്ട് വളരെ പോന്നിട്ടുള്ള കഥകളാണ് ‘വാനപ്രസ്ഥം’, ‘ചെറിയ ചെറിയ ഭൂകമ്പങ്ങള്‍’ എന്നിവ. പിന്നെയും മുന്നോട്ടുതന്നെയാണ് എം.ടിയുടെ കുതിപ്പ്. ‘ഷെര്‍ലക്ക്’, ‘കഡുഗണ്ണാവ; ഒരു യാത്രക്കുറിപ്പ്’, ‘കല്പാന്തം’, ‘പെരുമഴയുടെ പിറ്റേന്ന്’ തുടങ്ങിയവ അതിന് സാക്ഷ്യംവഹിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട എം.ടികഥകള് ‘ഷെര്‍ലക്കും’ ‘കഡുഗണ്ണാവ’യുമാണ്.
കാലാകാലങ്ങളില്‍ മാറിവരുന്ന ഭാവുകത്വങ്ങളെ ഉള്‍ക്കൊള്ളുകയും വരാന്‍പോകുന്ന ഭാവുകത്വങ്ങളെ ഒരു പരിധിവരെയെങ്കിലും പ്രവചിക്കുകയും ചെയ്ത് ഇത്രയും പതിറ്റാണ്ടുകള്‍ (ഏകദേശം ആറ്) വായനക്കാരുടെ പ്രിയപ്പെട്ടവനായിനിന്ന മറ്റൊരു മലയാള സാഹിത്യകാരനും ഇല്ല. ചങ്ങമ്പുഴ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നുവെങ്കിലും ഭാവുകത്വ മാറ്റങ്ങള്‍ക്കുള്ള അവസരമൊന്നും ജീവിതം അദ്ദേഹത്തിന് നല്‍കിയിരുന്നില്ല. ആഖ്യാനം എം.ടിയുടേത് പലപ്പോഴും കാല്പനികംതന്നെയാണെങ്കിലും കേട്ടറിവുകള്‍ക്കും ഭാവനകള്‍ക്കും അപ്പുറം ജീവിതമെന്ന സമസ്യവരുമ്പോള് അത് കാല്പനിക ഭാവുകത്വത്തെ ഭേദിക്കുകയും പുതിയ ശൈലിയിലേക്കും ദാര്‍ശനികമായ ശക്തിയിലേക്കും വലുതാക്കുന്നു. മനോരോഗിയും ഒരുതരം പായല്‍ തിന്ന് ജീവിക്കുന്ന ദരിദ്രനുമാണ് തന്റെ പാതി സഹോദരിയുടെ മകന് എന്ന ജീവിത യാഥാര്‍ഥ്യത്തെ നേരിടുമ്പോള്‍, നായകന് ഒരു വിസമ്മതിക്കലിലൂടെ സ്വയം മറികടക്കുന്നതാണ് ‘കഡുഗണ്ണാവി’ല്‍ കാണുന്നത ്2.
(എം.എഫ്. ഹുസൈനോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചു: ”താങ്കള്‍ ഒരേ ശൈലിയില്‍ അനേക കൊല്ലങ്ങളായി, ആറോ ഏഴോ ദശവത്സരങ്ങളായി ചിത്രരചന നടത്തുന്നു. മാര്ക്കറ്റുണ്ടെന്നുറപ്പുള്ള ഒരു ശൈലിയില്‍ പറ്റി രക്ഷപ്പെടുകയല്ലേ താങ്കള്‍…?”
സാഹിബ് മറുപടി പറഞ്ഞു: ”എനിക്ക് പറയേണ്ട കാര്യം പറയാന്‍ ഈ ഭാഷ മതിയെങ്കില്‍ ഞാനെന്തിന് ഭാഷ മാറ്റണം. അതു പോരാതെവരുമ്പോള്‍ തീര്‍ച്ചയായും ഞാനതുമാറ്റും. പിന്നെ, ക്രമേണ വന്ന മാറ്റം സൂക്ഷ്മദൃക്കുകള്‍ക്കേ കാണാന്‍ പറ്റുകയുമുള്ളൂ” -ചിരി).
അത് തിരിച്ചറിയണമെങ്കില്‍ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക- സാഹിത്യ-സാംസ്കാരിക ചലനങ്ങളുടെ ചരിത്രം അറിയണം. ഭാഷയുടെ സാധ്യതയെക്കുറിച്ച് സദാ അന്വേഷണം അനിവാര്യമാണ്. പ്രാദേശികമായിതീരുമ്പോള്തന്നെ അത് ഗ്ലോബലായി തീരണമെന്ന് എം.ടി പറയും. ഉത്തരാധുനികതയുടെ സന്ദര്‍ഭത്തില്‍ എല്ലാ കലാകാരന്മാരും ആര്‍ജിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യംതന്നെയാണത്.
ഞാനിദ്ദേഹത്തെ അനേകം തവണ കണ്ടിട്ടുണ്ട്. പക്ഷേ, രണ്ട് കൂടിക്കാഴ്ചകളുടെ ഇടയിലെ കാലദൈര്‍ഘ്യം കാരണം ഓരോ തവണ കാണുമ്പോഴും അദ്ദേഹത്തിനെന്നെ ഓര്മയുണ്ടാകുമോ എന്ന് വെറുതെ ഞാന്‍ ഉത്കണ്ഠപ്പെട്ടിരുന്നു. ഒടുക്കം കണ്ടത്, ഞങ്ങളുടെ വീട്ടിന്റെ തൊട്ടടുത്തുള്ള സ്കൂളില്‍ ഒരു പരിസ്ഥിതിദിന പരിപാടിയില്‍. അദ്ദേഹം സംസാരിക്കുകയും ഞാന്‍ ചിത്രം വരക്കുകയും ചെയ്തു. മനുഷ്യന്റെ ആര്‍ത്തി മൂത്ത് ഏതാനും പേര്‍ക്ക് ലാഭംകൂട്ടാന്‍ ലോകം തന്നെ നശിപ്പിക്കുന്ന അവസ്ഥയിലേക്കാണ് ലോകത്തിന്റെ പോക്കെന്ന് വിവരിച്ചശേഷം കുട്ടികള്‍ക്ക് അതിനെതിരെ പലതും ചെയ്യാനാകുമെന്നും അന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഒരു ച്യൂയിംഗം ഫാക്ടറി നടത്തുന്ന മലിനീകരണം ഒരു ടി.വി ചാനല്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ ആ കമ്പനിയുടെ ച്യൂയിംഗം അവിടത്തെ കുട്ടികള്‍ ബഹിഷ്കരിച്ചു. ഏഴുമാസത്തിനകം മലിനീകരണമില്ലാത്ത യന്ത്രങ്ങള്‍ സ്ഥാപിച്ച് അക്കാര്യം കുട്ടികളെ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് ഫാക്ടറി വീണ്ടും പ്രവര്‍ത്തിച്ചത്. അതുപോലെ, പുഴയും അരുവിയുമൊക്കെ മുറിച്ചുവില്‍ക്കുന്ന ഒരു കാലത്താണ് നമ്മളുള്ളതെന്നും കോസ്റ്ററീകയിലെ മഴക്കാടുകള്‍ ഏക്കറിന് അമ്പതുഡോളര്വെച്ച് ജപ്പാനിലെ കുട്ടികള്‍ വാങ്ങിയ കാര്യവും. റെഡ് ഇന്ത്യക്കാരുടെ ഭൂമി വാങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ദൂതരെ അയച്ചപ്പോള്‍ സിയാറ്റില്‍ ഗോത്രത്തലവന്റെ ആകാശവും ഭൂമിയും എങ്ങനെ വില്‍ക്കാനോ വാങ്ങാനോ കഴിയും എന്ന ഗോത്രത്തലവന്റെ നിഷ്കളങ്കമായ സംശയവും അത് നിങ്ങള്‍ വാങ്ങുകയാണെങ്കില്‍ ഞങ്ങളെപ്പോലെ നിങ്ങളും നദിയെ സഹോദരങ്ങളായി കാണണമെന്നും കൂടപ്പിറപ്പിന് നല്കുന്ന കാരുണ്യം നല്‍കണം എന്ന കാര്യം സിയാറ്റില്‍ പ്രസിഡന്റിന് എഴുതിയതുമൊക്കെ എം.ടി അന്ന് പ്രസംഗിച്ചു. ഹാളിന്റെ പിന്നിലുള്ളവരടക്കം പശുക്കുട്ടികളെപ്പോലെ എല്ലാ കുട്ടികളും കണ്ണും ചെവിയും അദ്ദേഹത്തിലേക്ക് കൂര്‍പ്പിച്ചുവെച്ചത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൗതുകകരമായ ഒരു കാഴ്ചയായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍, കാല്പനികമായ ഭാഷയില്‍ പുതിയ പുതിയ അറിവുകളും ഉണ്ടായിരിക്കും. പ്രസംഗശേഷം എന്റെ പേരുപറഞ്ഞുതന്നെ അദ്ദേഹം യാത്ര ചോദിക്കുകയുമുണ്ടായി. അങ്ങോട്ട് സംസാരിക്കാത്തതില്‍ എനിക്ക് ജാള്യമുണ്ടായിരുന്നു. എന്റെ ഒരു അപകര്‍ഷബോധം കാരണമായിരിക്കാം എന്നെ ഓര്മയുണ്ടാകുമോ എന്ന് എപ്പോഴും ഞാന്‍ സംശയിച്ചു.
മുത്തങ്ങയിലെ ആദിവാസികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ ചിത്രകാരന്മാര് മാനാഞ്ചിറയില്‍ പ്രതിഷേധ ചിത്രങ്ങള്‍ രചിച്ചപ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. പോസ്റ്റേഴ്സില് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നതുകൊണ്ട് ഇനിയും പ്രസംഗത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം എങ്ങനെ? ചില പത്രക്കാര്‍ക്ക് സംശയം. ”അദ്ദേഹം നടന്ന് ചിത്രങ്ങള്‍ നോക്കാന്‍ തുടങ്ങുമ്പോള്‍ ഉദ്ഘാടനം തുടങ്ങി. എല്ലാ ചിത്രങ്ങളും കണ്ടുകഴിയുമ്പോള്‍ ഉദ്ഘാടനം നടന്നുകഴിഞ്ഞു”, ഞാനവരോട് വ്യക്തമാക്കി. ഉദ്ഘാടനം കഴിഞ്ഞ് വെറുതെ നില്ക്കുമ്പോള് അദ്ദേഹം മുത്തങ്ങയിലെ പുതിയതായി കിട്ടിയ കാര്യങ്ങളെന്തോ എന്നോട് പറഞ്ഞു. അവിടെ പോകേണ്ട കാര്യവും തന്റെ ആരോഗ്യകാര്യവും ഒക്കെ പറഞ്ഞു. അങ്ങനെ നില്ക്കുമ്പോള് ഏതോ ഒരു പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ക്ക് അദ്ദേഹത്തെ ഫോട്ടോവിന് കണക്കായുള്ള വെളിച്ചത്തിലേക്ക് നിര്‍ത്തണം. ഫോട്ടോഗ്രാഫര്‍ എന്നോട് പറഞ്ഞു. ഒരു ആലോചനയുമില്ലാതെ, ആരോടാണ് പറയുന്നതെന്നുമൊന്നുമോര്ക്കാതെ, ഫോട്ടോഗ്രാഫറുടെ ആവശ്യം ഞാനദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം കേട്ട ഭാവം നടിച്ചില്ല. കേട്ടിട്ടില്ലായിരിക്കുമോ എന്ന് വിചാരിച്ച് ഞാന്‍ വീണ്ടും പറഞ്ഞു. വീണ്ടും അദ്ദേഹം അതേ നില്പുനിന്നപ്പോള് എനിക്ക് കാര്യം മനസ്സിലായി. ഇദ്ദേഹത്തിന്റെ അടുത്തെത്തുമ്പോള്‍ ഞാന്‍ നെര്‍വസ് ആണെന്ന് പറഞ്ഞുകൂടെങ്കിലും എന്റെ സ്വതഃസിദ്ധമായ, സ്വാഭാവികമായ പെരുമാറ്റം എവിടെയോ അപ്രത്യക്ഷമാവും എന്നുള്ളത് ഒരു സത്യമാണ്.
”വര്‍ഗീയതക്കും കമ്പോളഭാവുകത്വത്തിനുമെതിരെ” എന്ന മുദ്രാവാക്യമായി 1990ല്‍ നിലവില്‍വന്ന സെക്കുലര്‍ കള്‍ച്ചറിന്റെ പരിപാടികളില്‍ ”ഈ കാലത്തിന്റെ വലിയ ആവശ്യമാണിത്” എന്ന് പറഞ്ഞ് വര്‍ധിച്ച ഉത്സാഹത്തോടെയാണ് എം.ടിയും എന്‍.പിയും പങ്കെടുത്തത്. കുറച്ചുകാലത്തിനുള്ളില്‍ അതിന്റെ പോക്ക് തങ്ങളുദ്ദേശിച്ചിടത്തേക്കല്ല. ആ സംഘടന ഹൈജാക് ചെയ്യപ്പെട്ടു എന്ന് ആദ്യം തിരിച്ചറിയുന്നത് ഒരുപക്ഷേ, എം.ടിയായിരിക്കും.
‘ഉറൂബ് കാലം തന്നെയാണ് സത്യം’ എന്ന ഡോക്യുഫിക്ഷനുവേണ്ടി ഞാന്‍ ഉറൂബായി. ഉറൂബുള്ള കാലത്ത് ഞാന്‍ ആകാശവാണിയില്‍ വന്ന് ഒരു കഥ റെക്കോഡ് ചെയ്യുന്നത് എം.ടി. വാസുദേവന്‍നായര്‍ ഓര്‍ക്കുന്നതായാണ് തുടക്കം. ഉറൂബായി വേഷമിട്ട എന്നെ അദ്ദേഹം അദ്ഭുതത്തോടെ കുറച്ചുസമയം നോക്കിനിന്നു. ശബ്ദം അപ്പോള്‍ റെക്കോഡിങ് ഇല്ല. ഷൂട്ടിങ് തുടങ്ങിയ ഉടനെ എം.ടി എന്നോട് ഓര്‍മിപ്പിച്ചത്, ”താന്‍ ഉറൂബാണ്. ഒരുതരത്തിലുള്ള ബഹുമാനവും എന്നോട് കാട്ടിപ്പോകേണ്ട” എന്നാണ്. അത് നന്നായി. മദ്രാസിലേക്കോ മറ്റോ ഷൂട്ടിങ് കഴിഞ്ഞ ഉടനെ പോകണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഷൂട്ടിങ് തുടരവേ ഞാനതിനെപ്പറ്റിയാണ് അദ്ദേഹത്തോട് ചോദിച്ചത്. അദ്ദേഹമാകട്ടെ അതിന്റെ വിശദാംശങ്ങളും എന്നോട് പറയുകയും ചെയ്തു. ആ രംഗം പിന്നീട് കാണുമ്പോള്‍ ഉറൂബും എം.ടിയും എന്തോ കാര്യങ്ങള്‍ സംസാരിച്ചുനടന്ന് സ്റ്റുഡിയോയിലേക്ക് കയറുന്നു എന്നുതന്നെയേ തോന്നൂ. ഇത്രയും ലളിതമായിട്ടുതന്നെയായിരിക്കണം സംവിധായകനെന്ന നിലയില്‍ അദ്ദേഹം നടന്മാരെ സജ്ജരാക്കുന്നത് എന്ന് ഞാന്‍ ഊഹിക്കുന്നു.
ഇടശ്ശേരി സ്മാരകത്തിനായി പണം പിരിക്കുന്നതെങ്ങനെ എന്നാലോചിക്കുന്നതിനായി ഒരു മീറ്റിങ് കോഴിക്കോട്ട് വെച്ച് നടന്നിരുന്നു. വലിയ ഗായകരെവെച്ച് ഗാനമേള നടത്തി പണം പിരിക്കാനാവില്ലേ എന്നായിരുന്നു എന്റെയൊരു നിര്‍ദേശം. അദ്ദേഹം അതിലെ അപ്രായോഗികത വിവരിച്ചുതന്നു. ‘ഉമ്മാച്ചു’വിന്റെയും ‘സുന്ദരികളും സുന്ദരന്മാരു’ടെയും അമ്പതാം വാര്‍ഷികം ആഘോഷിച്ച ചടങ്ങില്‍ എം.ടി. വാസുദേവന്‍നായരായിരുന്നു ഉദ്ഘാടകന്‍. ഉറൂബ് നാഷനല്‍ മ്യൂസിയം ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തതും അദ്ദേഹമായിരുന്നു.
കുറച്ചുകാലം മുമ്പേ എന്തോ ഒരു കാര്യം അന്വേഷിക്കുന്നതിന് അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചിരുന്നു. പോകുമ്പോള്‍ ഞാന്‍ എന്റെ കുറെ പെയിന്റിങ്ങുകളുടെയും ഡ്രോയിങ്ങുകളുടെയും ഫോട്ടോകള്‍ ഉള്ള ഒരാല്‍ബം അദ്ദേഹത്തെ കാട്ടുന്നതിനായി കൂടെ എടുത്തു. വിളിച്ച കാര്യം കഴിഞ്ഞപ്പോള്‍ ഞാന്‍ ആല്‍ബം അദ്ദേഹത്തിന് കാട്ടി. ചിത്രങ്ങളെക്കുറിച്ച് മാത്രമല്ല, സൂര്യനടിയിലുള്ള ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും അറിവുള്ള ആളാണ് അദ്ദേഹമെന്ന് എനിക്കറിയാം. അദ്ദേഹം ഓരോ ചിത്രങ്ങളായി വളരെ ശ്രദ്ധയോടെ സമയമെടുത്ത് നോക്കിക്കണ്ടു. ചില ചിത്രങ്ങളെക്കുറിച്ച് ചില വ്യാഖ്യാനങ്ങള്‍ കൊടുക്കണമോ എന്ന് ഞാന്‍ സംശയിച്ചു. കുറച്ച് ചിത്രങ്ങള്‍ കണ്ടതിനുശേഷം ആല്‍ബം അടച്ചുവെച്ച് അദ്ദേഹം എണീറ്റുപോയി. തിരിച്ചുവന്നത് ചായയുമായായിരുന്നു. ചായ തന്നു. വീണ്ടും ആല്‍ബമെടുത്ത് നോക്കി. എന്തോ ചിലത് ചിത്രങ്ങളെപ്പറ്റി പൊതുവേ പറയാന്‍ തുടങ്ങി. ആ കൃത്യസമയത്ത് ഇന്നത്തെ സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന് കടലുണ്ടി കടന്നുവന്നു, ചില ഫോട്ടോസ്റ്റാറ്റുകളുമായി. രണ്ട് മൂന്ന് വാക്കുകള്‍ അന്യോന്യം പറഞ്ഞു. പുരുഷന് പോവുകയും ചെയ്തു. പിന്നെ, അദ്ദേഹം ആല്‍ബം എടുത്തില്ല. അദ്ദേഹത്തിന് അടുത്തിടെയുണ്ടായ ഒരു അപകടത്തിനെപ്പറ്റിയാണ് അപ്പോള്‍ പറഞ്ഞത്. ചികിത്സ നടന്നുകൊണ്ടിരിക്കയാണെന്നും തലയോട്ടിയിലൊരു തലനാരിഴ പൊട്ടുണ്ട്. അടുത്ത ഏതോ ദിവസം ബോംബെക്ക് പോകണം. പിന്നീട്, എന്നോട് ‘അമ്മിണി’ എന്ന നോവലിനെക്കുറിച്ചെന്തോ ചോദിച്ചു. ഞാന്‍ ‘അമ്മിണി’യെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം മൂളുന്നൊന്നുമില്ല. മുഖത്തുതന്നെയാണ് നോക്കുന്നതെങ്കിലും ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു ശങ്ക. അതുകൊണ്ട് ഞാന്‍ പറയുന്നത് നിര്‍ത്തി. അദ്ദേഹം തുടരാന്‍ പറഞ്ഞു. ഞാന്‍ തുടര്‍ന്നു. അതിനിടക്ക് ഞാന്‍ പറഞ്ഞു. ആ വാക്യം കൃത്യമായി ഞാനോര്‍ക്കുന്നില്ല. ഏകദേശം ഇന്ന അര്‍ഥത്തിലായിരിക്കണം അത് ഉപയോഗിക്കുന്നത്. പെട്ടെന്നദ്ദേഹം കുറച്ചുറക്കെതന്നെ പറഞ്ഞു: ”എനിക്കോര്‍മയുണ്ട്.” അദ്ദേഹം ആ വാചകം പറയുമെന്ന് ഞാന്‍ വിചാരിച്ചു. കാരണം, അച്ഛനും എം. ഗോവിന്ദനും അക്കിത്തവും ഒക്കെ കൃത്യമായി ഓര്‍ത്ത് ഉദ്ധരിക്കുമായിരുന്നു. ഈ സാഹിത്യകാരന്മാര്ക്കൊക്കെ പൊതുവേ നല്ല ഓര്‍മശക്തിയാണ്. പക്ഷേ, എം.ടി അത് പറഞ്ഞില്ല. എന്നെ ക്രുദ്ധനായി നോക്കി. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ യാത്രപറഞ്ഞ് ഞാനിറങ്ങി. വീട്ടിലെത്തി കുറച്ചുകഴിഞ്ഞപ്പോള്‍ എം.ടി പറഞ്ഞയച്ച ഒരാള്‍ വന്നു. അദ്ദേഹത്തിന്റെ പേര് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. ഞാന്‍ അതിനുമുമ്പേ അദ്ദേഹത്തെ കണ്ടിട്ടുമില്ല. ‘ആക്സിഡന്റ്’ കഴിഞ്ഞതിനുശേഷം ഇടക്ക് കുറച്ച് അബ്നോര്‍മലായി പെരുമാറുന്നുണ്ട്. ഒന്നും വിചാരിക്കരുതെന്ന് പറയാന്‍ എന്നെ പറഞ്ഞയച്ചതാണെന്ന് പറഞ്ഞു. അത് ഞാന്‍ തീരെ പ്രതീക്ഷിച്ചതല്ലായിരുന്നു.
ഒരു സര്‍വവിജ്ഞാനകോശവും നാട്ടറിവിന്റെ ആശാനുമാണദ്ദേഹം. മലയാള സാഹിത്യത്തിന് സര്‍ഗാത്മകമായ വളര്‍ച്ചയുണ്ടാക്കുന്നതിനും ഭാവുകത്വപരമായ ഒരു പരിണാമം ഉണ്ടാക്കുന്നതിനും പത്രാധിപര്‍ എന്ന നിലയില്‍ എം.ടിയുടെ അര്‍പ്പണബോധത്തെ നമ്മള് വേണ്ടത്ര വിലയിരുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. 1960നുശേഷം ഉയര്‍ന്നുവന്ന ഒരുപാട് സാഹിത്യകാരന്മാരെ വളര്‍ത്തിക്കൊണ്ടുവന്നത് എം.ടിയാണ്.
Recent Comments