കണ്ണാന്തളിപ്പൂക്കളെ കാത്തിരുന്ന കാലം
കണ്ണാന്തളിപ്പൂക്കളെ കാത്തിരുന്ന കാലം തകര്‍ന്നുകൊണ്ടിരുന്ന നാലുകെട്ടുകളുടെ അകത്തളങ്ങളില്‍ പതിയിരുന്ന ഇരുട്ടും അമര്‍ത്തിപ്പിടിച്ച തേങ്ങലുകളും. ദാരിദ്യ്രത്തിനും കഷ്ടപ്പാടുകള്‍ക്കുമൊപ്പം നിനച്ചിരിക്കാതെ എത്തിയ കൊച്ചുകൊച്ചു സന്തോഷങ്ങള്‍. തെറ്റിദ്ധാരണമൂലം ആദ്യം വെറുത്തെങ്കിലും പിന്നീട് സ്നേഹത്തിന്റെ നിലാവുപരത്തി എന്നെന്നും ഹൃദയത്തിന്റെ കൂട്ടുകാരനാകുന്ന ഒരാള്‍ : ഇവയെല്ലാം കഥകളിലെന്നപോലെ ഓണസ്മൃതികളിലും കാത്തുവയ്ക്കുന്ന എഴുത്തുകാരനാണ് മലയാളികളുടെ പ്രിയപ്പെട്ട എം.ടി. എന്ന എം.ടി. വാസുദേവന്‍നായര്‍.
അമ്മയോടൊപ്പം വളരുന്ന വാസു ( എം.ടി. വാസുദേവന്‍നായര്‍) എന്ന കുട്ടി ആദ്യംതന്നെ ഒരു കാര്യം മനസ്സിലാക്കി. അച്ഛന്റെ വീട്ടിലെ ഓണം കേമമാണ്. അവിടുത്തെ പത്തായങ്ങളില്‍ എന്നും നെല്ലുണ്ടാവും. ഓണം അവിടെ പത്തുദിവസത്തെ ആഘോഷമാണ്. പാണരുടെ സംഘം പകല്വന്നു മുറ്റത്തു പാട്ടും കളിയും നടത്തും. ഓണത്തോടനുബന്ധിച്ചുള്ള ആചാര-അനുഷ്ഠാനങ്ങളെല്ലാം അവിടെ സമൃദ്ധമായിത്തന്നെയുണ്ടാകും. അവരോടു മല്‍സരിക്കാന്‍ പോയകാലത്തിന്റെ തറവാട്ടുമഹിമകള്‍ അയവിറക്കി ഇന്നിന്റെ ദാരിദ്യ്രം മറച്ചുപിടിച്ചുജീവിക്കുന്ന തന്റെ അമ്മവീട്ടുകാര്ക്കാവില്ല. പക്ഷേ, പൂക്കളുടെ കാര്യത്തില്‍ അച്ഛന്വീട്ടുകാര്ക്കു തങ്ങളുടെ അടുത്തുപോലുമെത്താനാവില്ല. കുന്നിന്ചെരുവിലെ സമൃദ്ധമായ കണ്ണാന്തളിപ്പൂക്കള്‍ തങ്ങളുടെ മാത്രം സൗഭാഗ്യമാണ്. വടക്കെപ്പാടത്തെ നെല്ല് പാലുറയ്ക്കാൻ തുടങ്ങുമ്പോള്‍ താന്നിക്കുന്ന് തൊട്ട് പറക്കുളം മേച്ചില്‍പ്പുറംവരെ കണ്ണാന്തളിച്ചെടികള്‍ തഴച്ചുവളര്‍ന്നുകഴിയും. ഇളം റോസ് നിറത്തിലുള്ള പൂക്കള്‍. ആ പൂക്കളുടെ നിറവും ഗന്ധവും തന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും. കര്‍ക്കടമാസം മുഴുവന്‍ കണ്ണാന്തളിപ്പൂക്കളുടെയും ചോറിന്റെയും സമൃദ്ധിക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
വാസുവിന്റെ അച്ഛന് അന്ന് സിലോണിലാണ്. തറവാട്ടുഭരണം നടത്തിയിരുന്നത് ചെറിയമ്മാമയാണ്. വീട്ടിലുള്ളപ്പോഴെല്ലാം അദ്ദേഹം ആധാരക്കെട്ടുകളുടെ മുറിയിലാണ്. എപ്പോഴും കണക്കു കൂട്ടുകയോ എന്തെങ്കിലും എഴുതിയുണ്ടാക്കുകയോ ആവും. ചെറിയമ്മാമയുടെ മക്കള്‍പോലും അദ്ദേഹത്തിന്റെ മുറിയിലേക്കു പോകാറില്ല. ഒരു എയ്ഡഡ് മാപ്പിളസ്കൂളിലെ അധ്യാപകന് കൂടിയായിരുന്നു അദ്ദേഹം. സ്കൂളില്‍ പഠിപ്പിക്കല്‍ കഴിഞ്ഞാല്‍ കൃഷിസ്ഥലത്തും തെങ്ങിന് പറമ്പുകളിലുമൊക്കെ പോയി വൈകിയിട്ടേ തിരിച്ചെത്തൂ. വീട്ടിലുള്ള സ്ത്രീകള്‍ക്കെല്ലാം അദ്ദേഹത്തെ ഭയമായിരുന്നു. എന്നും രാത്രിയില്‍ സ്വന്തം മക്കളടക്കം കുട്ടികളെല്ലാം ചെറിയമ്മാമയെ ശപിച്ചിരുന്നു. എണ്ണതേപ്പും കുളിയും വിസ്തരിച്ചുള്ള നാമജപവുമെല്ലാം കഴിഞ്ഞിട്ടേ ചെറിയമ്മാമ അത്താഴം കഴിക്കാനിരിക്കൂ. അപ്പോഴേ, കുട്ടികള്‍ക്കും എന്തെങ്കിലും വിശപ്പടക്കാന്‍ കിട്ടൂ. ചെറിയമ്മാമ വരുന്നതുവരെ തെക്കിനിയില്‍ ഇലയിട്ട് എല്ലാവരും കാത്തിരിക്കും.
കുട്ടിക്കാലത്തെ ഒരു ഓണക്കാലം എംടിയുടെ മനസ്സില്‍ ഇപ്പോഴും പ്രത്യേകമായി പച്ചപിടിച്ചുനില്‍ക്കുന്നു. അക്കൊല്ലം കര്ക്കടകമായപ്പോഴേ പതിവുപോലെ താന്നിക്കുന്നില്‍ നിറയെ കണ്ണാന്തളിപ്പൂക്കള്‍ വിടര്‍ന്നു. പക്ഷേ, കൊയ്ത്ത് മോശമായിരുന്നു. അടയ്ക്കയും വളരെകുറവ്. അത്തവണ വാസുവിനും ഏട്ടനും ഓണക്കോടി എടുക്കാനുള്ള വക കൂടി തറവാട്ടിലില്ലായിരുന്നു. കുട്ടികള്‍ക്ക് ഓണക്കോടി വാങ്ങുന്നതിനെക്കുറിച്ച് അമ്മ ചെറിയമ്മാമയോട് അന്വേഷിച്ചിരുന്നു. സ്കൂളില്‍ പോകുന്ന അവര്‍ക്ക് സാധാരണശീട്ടിത്തുണി പോരല്ലോ. നല്ലവിളവ് കിട്ടിയാല്‍ പിന്നീട് കുന്നംകുളത്തുനിന്നു വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു ചെറിയമ്മാമയുടെ മറുപടി. അതോടെ അക്കൊല്ലത്തെ ഓണത്തിന് ഓണക്കോടി ഇടാമെന്നുള്ള പ്രതീക്ഷ വാസുവിനും ജ്യേഷ്ഠനും നഷ്ടപ്പെട്ടു. ഉത്രാടച്ചന്തയില്നിന്നു വീട്ടിലെ കൃഷിപ്പണിക്കാര്ക്കുമാത്രം മുണ്ടും തുണികളും വാങ്ങി. മറ്റുകുട്ടികളെല്ലാം ഓണക്കോടിയുടുത്ത് ഇല്ലപ്പറമ്പില്‍ ഒത്തുകൂടിയപ്പോള്‍ വാസു മാറിനിന്നു. കോടിമണമുള്ള പുതിയ മുണ്ടുകളുടെ അഭിമാനത്തിലാണ് കുട്ടികള്‍ ; പഴയ കുപ്പായമിട്ടുനില്ക്കുന്ന വാസുവിനു കൂട്ട് വേദനകള്‍ മാത്രം. ഓണക്കോടിയില്ലാത്ത ഒരോണം !
പക്ഷേ, അവിട്ടത്തിന്റെയന്ന് വൈകിട്ട് അപ്രതീക്ഷിതമായി ഒരു കാര്യം സംഭവിച്ചു. പതിവായി ഓണക്കാലത്ത് ഭാര്യവീട്ടില്‍ പോകാറുള്ള ചെറിയമ്മാമ തറവാട്ടിലേക്കു പടികടന്നെത്തുന്നു. അമ്മ കൊടുത്ത ചായകുടിച്ച് കുറച്ചുനേരം ഇരുന്ന അദ്ദേഹം പോകുന്നതിനുമുമ്പ് ഒരു കടലാസു പൊതിയെടുത്ത് അമ്മയ്ക്കുനേരെ നീട്ടിപറഞ്ഞു ”ഇതു കുട്ട്യോള്ക്കാ”. എംടിയുടെ വാക്കുകളില്‍ത്തന്നെ ബാക്കി വായിക്കുക:അമ്മ പൊതി തുറന്നു. അത്ഭുതം! എനിക്കും കൊച്ചുണ്ണിയേട്ടനും കരയുള്ള ഓരോ മുണ്ട്. എന്റെ കണ്ണുനിറഞ്ഞത് ആരും കണ്ടില്ല. കോടിയുടെ മണം. പിന്നീട് എല്ലാ ഓണത്തിനും അവിട്ടം വൈകുന്നേരം ചെറിയമ്മാമയുടെ വരവ് കാത്തിരുന്നു. കൃത്യമായി കക്ഷത്തില്‍ പൊതിയുമായി വന്നു. ജ്യേഷ്ഠന് കോളജ് വിട്ടപ്പോള്‍ പൊതിയിലെ മുണ്ടിന്റെ എണ്ണം ഒന്നായി. കുട്ടിയായി ഞാന്‍ മാത്രമാണല്ലോ വീട്ടില്‍. തന്റെ ഊണ് കഴിഞ്ഞേ കുട്ടികള്‍ ഉണ്ണാവൂ എന്ന നിയമം ഈ ചെറിയമ്മാമ ഉണ്ടാക്കിയതാവില്ല. അടുക്കളപ്പണിയും മേല്കഴുകലും കഴിഞ്ഞ് നാട്ടുപഞ്ചായത്തിനും നുണക്കൂട്ടങ്ങള്ക്കുമായി ഇഷ്ടംപോലെ സമയം കണ്ടെത്താന്‍ അച്ഛന്പെങ്ങന്മാര് നടപ്പാക്കിയ ഒരു സമ്പ്രദായമായിരുന്നിരിക്കണം.
എംടിയുടെ ഈ ഓണസ്മൃതിയില്‍ കണ്ണീരും കിനാവുമുണ്ട്. ദുഃഖങ്ങളും ദുരിതങ്ങളുമുണ്ട്. അവയ്ക്കൊപ്പം തിരുവോണത്തെ സ്വീകരിക്കാന്‍ കര്ക്കടകമാകുമ്പോഴേ പൂത്തുവിടരുന്ന കണ്ണാന്തളിപ്പൂക്കളും തറവാട്ടുഭരണം നടത്തിയിരുന്ന ചെറിയമ്മാമയുടെ ഹൃദയത്തിലെ ആരും കാണാതിരുന്ന സ്നേഹനിലാവുമുണ്ട്. ഒരുപക്ഷേ, ഓണത്തിന്റെ മാത്രം പ്രത്യേകതയായിരിക്കണം ഇത്; ഏത് വരള്‍ച്ചയേയും വിസ്മരിക്കാന്‍ കരുത്തേകുന്ന വസന്തവും ഏതു ദുരിതത്തെയും സഹനീയമാക്കുന്ന സ്നേഹബന്ധങ്ങളും.
Recent Comments