ഓർമ്മകളിലേക്ക് ഒഴുകിയകന്ന നിളയിലെ കടത്തുതോണികൾ
ഒറ്റപ്പാലം: നിളയുടെ ഓളപ്പരപ്പിൽ ഒഴുകി നീങ്ങിയിരുന്ന കടത്തുതോണികളെ കാലം തുഴഞ്ഞടുപ്പിച്ചത് വിസ്മൃതിയുടെ തീരത്തേക്ക്. ഇന്ന് നിളയൊഴുകും വഴിയിൽ അത്യപൂർവ്വ കാഴ്ചയാണ് കടത്തുതോണികൾ.
നിളയുടെ കടവുകളിൽ തോണി കാത്ത് നിൽക്കുന്നവരുടെ ചിത്രം പഴമക്കാരുടെ ഓർമ്മകളിൽ മായാതെയുണ്ട്. രണ്ട് കിലോമീറ്റർ ഇടവിട്ട് ഒരു കടവുണ്ടാകും. ഒറ്റപ്പാലത്തിനും ഷൊർണ്ണൂരിനുമിടയിൽ മാത്രം പത്തിലധികം കടവുകൾ ഉണ്ടായിരുന്നു. മുണ്ടായ, കാരക്കാട്, ത്രാങ്ങാലി, മാന്നനൂർ, ചോറോട്ടൂർ, കണ്ണിയാമ്പുറം, ഒറ്റപ്പാലം തുടങ്ങിയവ…
നിളയുടെ ഉപാസകനായ എം.ടി. വാസുദേവൻ നായർ കടവ് എന്ന പേരിൽ ഭാരതപ്പുഴയുടെ കാഴ്ചാനുഭവങ്ങൾ സാഹിത്യത്തിലും സിനിമയിലും പകർത്തിയിട്ടുണ്ട്. പാലക്കാട്ട് നിന്ന് ചരക്ക് തോണികളും പായ്‌വഞ്ചികളും പൊന്നാനി പട്ടണം ലക്ഷ്യമാക്കി നീങ്ങിയിരുന്ന കാലം എം.ടി. അനുസ്‌മരിച്ചിട്ടുണ്ട്. ഇന്ന് എം.ടി. യുടെ സ്വന്തം നാടായ നിളാതീരത്തെ കൂടല്ലൂർ ഗ്രാമത്തിനും കടവും തോണികളും അന്യമാണ്. തൊട്ടടുത്ത് വെളളിയാങ്കല്ല് പാലം വന്നതോടെ എം.ടി.യെ സ്വാധീനിച്ച കൂടല്ലൂരിലെ കടവുകൾ ഓർമ്മയായി. കാലം തിരിച്ചെടുത്ത ഈ നല്ല കാഴ്ചകൾക്ക് പകരം ഇന്ന് നോവുന്ന ദൃശ്യങ്ങളാണ് . തോണികൾ ഉപയോഗിച്ച് നിളയിൽ നിന്ന് മണലൂറ്റുകയാണ് മാഫിയകൾ.
ഓരോ മഴക്കാലത്തും നിള നിറഞ്ഞൊഴുകും. ആറുമാസം തുടർച്ചയായി നിറഞ്ഞൊഴുകിയ കാലം ഇന്ന് സങ്കൽപ്പിക്കാൻ പോലുമാകില്ല. മഴക്കാലത്തുപോലും വെളളമില്ലാത്തതിനാൽ തോണിയിറക്കാനാവാത്ത സ്ഥിതി. മഴയ്‌ക്കനുസരിച്ച് നിള ശക്തികാട്ടിയും ക്ഷയിച്ചും ഒഴുകുന്നു. മഴ നിലച്ചാൽ ഒഴുക്കും നിലയ്‌ക്കും.
പല കടവുകളും പഞ്ചായത്തുകളിൽ നിന്ന് ലേലത്തിനെടുത്ത കടത്തുകാർ നഷ്ടത്തിൽ തകർന്നടിഞ്ഞു. നിരവധി സ്ഥലങ്ങളെ പാലങ്ങൾ കൂട്ടിയിണക്കി. അടുത്തകാലം വരെ കടവും കടത്തുതോണികളും ഉണ്ടായിരുന്ന ഒറ്റപ്പാലത്ത് മായന്നൂർ പാലം വന്നതോടെ അതൊരു ഓർമ്മയായി.
സിനിമാസംഘങ്ങളും കടത്തു രംഗങ്ങൾ കാമറയിലാക്കാൻ കഷ്ടപ്പെടുന്നു. വേനൽക്കാലത്താണ് ചിത്രീകരണമെങ്കിൽ പാട്പെടും .
മമ്മുട്ടി നായകനായ ലൗഡ് സ്പീക്കറിന്റെ ചിത്രീകരണാനുഭവം സംവിധായകൻ ജയരാജ് പങ്കുവയ്ക്കുന്നു. ‘തോണിയിലെ രംഗം ചിത്രീകരിക്കാനാവാതെ മൂന്നുദിവസം പ്രയാസപ്പെട്ടു. ഒറ്റപ്പാലത്തെ കടവിലായിരുന്നു ഷൂട്ടിംഗ്. പുഴയിൽ വെളളമില്ല. മലമ്പുഴ ഡാം തുറന്നുവിട്ട് സഹായിക്കാമോ എന്നുവരെ അന്വേഷിച്ചു. ഒടുവിൽ മണൽചാക്കിട്ട് താത്ക്കാലിക തടയണ കെട്ടി ജലനിരപ്പുയർത്തിയാണ് തോണിരംഗം ചിത്രീകരിച്ചത്.”
സംവിധായകൻ പ്രിയദർശനും സമാനമായ അനുഭവമുണ്ട്. കിളിച്ചുണ്ടൻമാമ്പഴം ചിത്രീകരിക്കാൻ നിളയിലിറങ്ങിയ കഥ. ”മരുഭൂമിയായി ചിത്രീകരിക്കാൻ നിള സഹായകമായെങ്കിലും ഗാനരംഗത്തിൽ തോണിയും തുഴച്ചിലും വന്നത് പ്രയാസമായി. പുഴയിൽ വെളളമില്ല. അവസാനം ഉളള നീരൊഴുക്ക് തടകെട്ടി തടഞ്ഞിട്ടു. അവിടെ തോണിയിറക്കി ചിത്രീകരിച്ചു. ഷൊർണ്ണൂരിനടുത്തായിരുന്നു ഷൂട്ടിംഗ്. തടയണ മണൽകടത്തുകാർ തകർത്തു. പിന്നീട് തടയണയ്ക്ക് കാവൽക്കാരെ നിറുത്തി””.
Recent Comments