കരിയിഞ്ചിയും കരിമഞ്ഞളും വാഴുന്ന ഒരു കൂടല്ലൂർ കൃഷി കാഴ്ച

പാലക്കാട് ജില്ലയിലെ കൂടല്ലൂർ ഗ്രാമം, നെല്ലും, തെങ്ങും, കമുകും, വാഴയുമൊക്കെ നിറഞ്ഞ മലയാളത്തിന്റെ അനുഗ്രഹിത എഴുത്തുകാരൻ എം.ടി യുടെ, കൂടല്ലൂർ നാടിന്റെ പതിവ് വിള കാർഷിക ശൈലി വിശേഷങ്ങളിൽ  നിന്ന്, വേറിട്ട് നല്ല മണ്ണിലൊരു കൃഷികഥ  എഴുതുകയാണ്… ശ്രി പ്രഭയിലെ പച്ചപ്പൊഴുകുന്ന കൃഷിയിടത്തണലുകൾ !

അമൂല്യ വിള വൈവിധ്യമാണ് കൂടല്ലൂർ ശ്രീപ്രഭയിലെ പരമേശ്വരൻ കുട്ടിയുടെ കൃഷിയിട സവിശേഷത.

അപൂർവ്വവിളകൾ എവിടെക്കണ്ടാലും ആയതിന് ഇടം നല്കുന്ന ആകാംക്ഷ തുളുമ്പുന്ന മനസൊരുക്കമാണ് തന്റെ സവിശേഷ കൃഷിയിടത്തിന് വഴിത്തിരിവായതെന്നാണ് പരമേശ്വരൻകുട്ടി വ്യക്തമാക്കുന്നത്

നെല്ലും,തെങ്ങും, കമുകും, ജാതിയും, കൊക്കോയും,വിവിധയിനം വാഴകളും, കുടംപുളിയും, കിഴങ്ങ് വിളകളും, സപ്പോട്ടയും, കുവ്വയും നാട്ടുപുളിയും, മാവും, പ്ലാവുമൊക്കെ നിറഞ്ഞ കൃഷിയിടത്തിൽ അപൂർവ്വ സുഗന്ധവ്യഞ്ജനങ്ങൾക്കും, ഔഷധ സസ്യങ്ങൾക്കുമൊക്കെ ഇടം കൊടുക്കുന്നതാണ് ഈ കർഷകന്റെ വ്യത്യസ്തത.

കേരളത്തിൽ അപൂർവ്വമായ് മാത്രം കൃഷി ചെയ്യുന്നതും, വംശനാശ ഭീഷണി നേരിടുന്നതും, വളരെയേറെ സാമ്പത്തിക പ്രാധാന്യമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടേയുമൊക്കെ  നല്ലൊരു ശേഖരം വളരെ ആകാംഷയോടും, താല്പര്യത്തോട് കൂടിയും ഈ കർഷകൻ വർഷങ്ങളായ് കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നുണ്ട്…

കറുത്ത ഇഞ്ചിയും, ചുവന്ന ഇഞ്ചിയും, കരിമഞ്ഞളും.കസ്തുരി മഞ്ഞളും, തിപ്പലിയും, അണലിവേഗവും, ഊതും, രുദ്രാക്ഷവുമൊക്കെയായ് ഇവിടം സജീവമാണ്,

ഇനി ഇവിടെ കാണുന്ന ചില വൈവിധ്യ സുഗന്ധ വ്യഞ്ജനങ്ങളുടെ കാർഷിക പ്രസക്തി ചുരുക്കി കുറിക്കുന്നതോടെ ഈ ഗ്രാമീണ കർഷകന്റെ  കാർഷിക ഇടപെടലിന്റെ പ്രസക്തി കുറച്ചു കൂടി വ്യക്തമാകും

മാത്രമല്ല കേരളത്തിന്റെ മണ്ണിലും ഇവ തഴച്ചു വളരുമെന്ന തിരിച്ചറിവ് നമ്മിലേക്ക് പകർത്തപ്പെടുകയും ചെയ്യും

മലേഷ്യയിലും, വെസ്റ്റ് ആഫ്രിക്കയിലുമാണ് ചുവന്ന ഇഞ്ചി സാധാരണ കൃഷി ചെയ്യപ്പെടുന്നത് കാവി നിറമോ, കാവി കലർന്ന ചുവപ്പ് നിറമോ ആയാണ് കിഴങ്ങുകൾ കാണപ്പെടുക

കേരളത്തെ സംബന്ധിച്ചിടത്തോളം അപൂർവ്വമായ് മാത്രം നടത്തുന്ന കൃഷി

മലേഷ്യയിലും, തായ്ലാന്റിലുമാണ് കറുത്ത ഇഞ്ചി വ്യാപകമായ് കൃഷി ചെയ്യപ്പെടുന്നത്,  വടക്കു കിഴക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ചെറിയ രീതിയിലും കൃഷി ചെയ്ത് വരുന്നു. കേരളത്തിൽ വളരെ അപൂർവ്വം മാത്രം

ഔഷധ ഗുണത്താൽ വളരെയേറെ വിലയുള്ള കരിമഞ്ഞൾ  ഇന്ത്യൻ തദ്ദേശ വാസിയാണ്, വംശനാശ ഭീഷണിയുള്ള കരിമഞ്ഞൾ കൃഷി കേരളത്തിൽ കുറവാണ്, ഔഷധമൂല്യത്താൽ വൻ വിലയും.

വിപണി തട്ടിപ്പിൽ കസ്തുരി മഞ്ഞളെന്ന  കബളിപ്പിക്കലിൽ കാട്ടു മഞ്ഞളുകൾ വാങ്ങിക്കൂട്ടിയവരുണ്ടെങ്കിൽ  വെള്ള നിറത്തിലുള്ള യഥാർത്ഥ കസ്തൂരി മഞ്ഞൾ കാണണമെങ്കിൽ പരമേശ്വരന്റെ കൃഷിയിടത്തിലെത്തിയാൽ മതി.

ഇൻഡോൾ സാന്നിധ്യത്താൽ പാമ്പിനെ അകറ്റി നിർത്തുന്ന അണലി വേഗവും,  ആയ്യുർവ്വേദത്തിൽ ത്രി കടു ഗണത്തിലുൾപ്പെട്ട തിപ്പലിയും,  ഹരിത വനങ്ങളിൽ വളരുന്ന ഹൈന്ദവ മോക്ഷ പുണ്യ വിശ്വാസം നിറഞ്ഞ രുദ്രാക്ഷമരവുമൊക്കെയുള്ള കൃഷിയിടം സംരക്ഷിച്ചു പോരുന്ന  പരമേശ്വരന്റെ വൈവിധ്യ വിളകൾ തേടിയുള്ള കാർഷികപ്രയാണം ഇനിയും  തുടരുകയാണ്……….

റിപ്പോർട്ട്

ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചർ അസിസ്റ്റന്റ്
കൃഷിഭവൻ ആനക്കര

Article Link

You may also like...

Leave a Reply

Your email address will not be published. Required fields are marked *