ഈ മനോഹര തീരത്ത്
അച്ചുതന് കൂടല്ലൂര്‍
റബ്ബര്‍ പന്തു രണ്ടു ദിവസം കൊണ്ടു പൊളിയും. കവറിട്ട പന്താണെങ്കില്‍ ഉറപ്പ് കൂടും. തേഞ്ഞാലും പൊളിയില്ല. അപ്പുട്ടേട്ടനോട് പായ്യാരം പറഞ്ഞാല്‍ കിട്ടും. അപ്പുട്ടേട്ടനോട് സര്‍ക്കസില്‍ കുറച്ചുകാലം അഭ്യാസിയായിരുന്നു. രണ്ടുകൈയ്യും കുത്തി കാലുമേലോട്ടാക്കി നടക്കും.ചെപ്പടിവിദ്യകള്‍ കാട്ടും. മുറുക്കിച്ചുവപ്പിച്ച നാക്കു പുറത്തിട്ടു കണ്ണുരുട്ടി കുട്ടികളെ പേടിപ്പെടുത്തും. ഇത്തവണ അവരും കൈമലര്‍ത്തി. പന്തു വെള്ളത്തില്‍ പോയത്ര. ഌണയാണ്. സാരമില്ല. അപ്പു വെള്ളാരങ്കല്ലിഌമേലെ വാഴനാരും ചപ്പിലയും വരിഞ്ഞുകെട്ടി ഒന്നാന്തരം പന്തുമായി വന്നു. അച്ഛന്റെ ഒരേയൊരു മകനാണ് അപ്പു. ഒന്നിഌമല്ല. കുന്നിന്പുറത്തിലൂടെ സ്കൂളില്‍ പോകുമ്പോള്‍ വെയിലത്തു തമ്മിലെറിഞ്ഞു കളിക്കാനാണ്. ആ ഏറുപന്തുകളി വളരെ അപകടകരമായിരുന്നു. അപ്പു, മാഌ, രവി, ചന്ദ്രന്, തീരെ ആരോഗ്യമില്ലാതെ വിളറിയ മുഖമുള്ള ഞാഌം. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം സ്കൂള്‍ യാത്രയിലെ ഈ കളി ഒന്നു മാത്രമായിരുന്നു.
ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഏട്ടത്തിയുടെ പുസ്തകത്തില്‍ കണ്ട പോജോ എന്ന ജപ്പാന്കാരന് കുട്ടിയുടെ ഒരു ചിത്രം ഞാന്‍ അതേപടി വരച്ചു. എനിക്കു ചിത്രകലയില്‍ ഒരു താല്പര്യവുമില്ലായിരുന്നു.
കമ്പിളിച്ചക്കന്റെ പടിക്കലെ രണ്ടു വലിയ പാറകള്‍ കയറി ആ കുന്നിന് ചെരുവും താണ്ടിയാണ് ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നത്. അന്നവിടെ മതി ല്കെട്ടിനകത്ത് അണ്ണാന് കയറാത്ത മരവും ഒരു ഗുഹയില്‍ നിന്ന് ഇരച്ചൊഴു കുന്ന ചോലയുമുണ്ടായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ആ വഴി ഞാന്‍ വീണ്ടും പോകുന്നു. പഴയ സതീര്‍ത്ഥ്യരില്‍ രവി മാത്രം കൂടെയുണ്ട്. മാഌ അദ്ധ്യാപക വൃത്തിയില്‍ നിന്ന് പിരിഞ്ഞിട്ടുണ്ടാവും. അപ്പു സേലത്ത്. ചന്ദ്രന് ഇന്‍ഡോറില്‍ സ്ഥിര താമസം. ഏതാണ്ടു മൂന്ന് ദശാബ്ദങ്ങള്‍ എന്റെ അച്ഛന് നടന്നു പോയ വഴിയാണത്. കൈയ്യില്‍ നാലടുക്കുള്ള അലുമിനിയത്തിന്റെ തൂക്കുപാത്രം.എനിയ്ക്കും എന്നേക്കാള്‍ മൂന്ന് വയസ്സ് മൂത്ത സഹോദരിയ്ക്കും അച്ഛഌമുള്ള ഭക്ഷണം ആ പാത്രത്തിലുണ്ട്. സ്കൂളിലേയ്ക്കും തിരിച്ചു വീട്ടിലേക്കുമുള്ള യാത്രയില്‍ അച്ഛനതൊരു ഭാരമായി തോന്നിയില്ല.
അച്ഛന് നാലാം ക്ലാസ്സിലെ അദ്ധ്യാപകനായിരുന്നു. എന്റെ സ്കൂള്‍ ജീവിതം ആരംഭിക്കുന്നതും നാലാം ക്ലാസ്സിലാണ്. ലാപ്ലാന്റുകാരെപ്പറ്റിയും എസ്കിമോ കളെപ്പറ്റിയുമുള്ള പാഠങ്ങള്‍ അതിഌമുമ്പ് ഇരുട്ടടഞ്ഞ ഒരു മുറിയില്‍ വെച്ച് അച്ഛന് എനിയ്ക്കു വായിച്ചുതന്നിരുന്നു. ഗുണകോഷ്ടം ഞങ്ങള്‍ക്കു കാണാപാഠമായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഏട്ടത്തിയുടെ പുസ്തകത്തില്‍ കണ്ട പോജോ എന്ന ജപ്പാന്കാരന് കുട്ടിയുടെ ഒരു ചിത്രം ഞാന്‍ അതേപടി വരച്ചു. എനിക്കു ചിത്രകലയില്‍ ഒരു താല്പര്യവുമില്ലായിരുന്നു. സന്ധ്യകളില്‍ റാന്തല്‍ വെളിച്ച ത്തിലിരുന്ന് അച്ഛന് രാമായണം വായിച്ചിരുന്നു. സംഗീതാളഹകമായി പാരായണം ചെയ്യാഌള്ള കഴിവ് അച്ഛഌണ്ടായിരുന്നു. കോപം വരുമ്പോള്‍ കുറച്ചു വിക്കലുണ്ടായിരുന്നുവെങ്കിലും ഈ രാമായണ വായനയില്‍ അച്ഛന്റെ ശബ്ദം അതീവമനോഹരമായിരുന്നു.
ചെറുപ്പത്തില്‍ വെളിയങ്കോടു പഠിപ്പിക്കുമ്പോള്‍ സംഗീതത്തിന് ഒരു പതക്കം കിട്ടിയത് അച്ഛന് ഞങ്ങളെ കാണിച്ചിരുന്നു. എന്റെ അമ്മയുടെ അച്ഛന് കുഞ്ഞിക്കണ്ണമ്മാന് തുഞ്ചന്‍ പറമ്പിലെ കാവല്‍ക്കാരനായിരുന്നുവെന്ന് അച്ഛന് പറഞ്ഞിരുന്നു. ഇതിന്റെ ചരിത്രരേഖകള്‍ ഞങ്ങളാരും തിരഞ്ഞു പോയില്ല. അദ്ദേഹം പുരാതനമായ ഏതോ കാലത്ത് മരിച്ചുപോയിരുന്നുവെന്ന് മാത്രം അറിയാം. ആ പതക്കത്തിലെ ഒരു ചെറിയ കണ്ണി സ്വര്‍ണ്ണമാണെന്ന് അച്ഛന് ഞങ്ങളോട് പറഞ്ഞു. അതു പറയുമ്പോള്‍ ആ മുഖത്ത് ഒരു പ്രകാശം പരക്കുമായിരുന്നു. എന്നാല്‍ ആരുടെയും അഭിനന്ദനങ്ങളോ പ്രാത്സാഹനമോ അക്കാര്യത്തില്‍ അച്ഛഌ കിട്ടിയില്ല. അച്ഛനതില്‍ പരാതിയില്ലായിരുന്നു. വന്നതുപോലെ ആ പ്രകാശം മുഖത്ത് നിന്ന് പിന്‍വാങ്ങും.
അച്ഛന് എന്നും ഉദയത്തിന് മുന്‍പ് പുഴയില്‍ കുളിച്ച് മണല്‍പുറത്തിരുന്നു ദേവീമഹാളഹ്യം ഉരുക്കഴിയ്ക്കുമായിരുന്നു. പഴകി മഞ്ഞ നിറം വന്ന ആ ചെറിയ പുസ്തകത്തില്‍ അച്ഛന് ഏറെ അഭയം കണ്ടെത്തിയിരുന്നു. കുളിച്ചു ഈറന്‍ തോര്‍ത്തുടുത്തു മന്ത്രങ്ങളുമായി കയറിവന്ന് തൃകോണാകൃതിയിലുള്ള ഒരു ചാണക്കല്ലില്‍ അച്ഛന് ചന്ദനമരയ്ക്കുമായിരുന്നു. ആദ്യം നനഞ്ഞ ഭസ്മരേഖകള്‍. അവ ഉണങ്ങുമ്പോള്‍ തെളിഞ്ഞുവരുന്നത് നോക്കിയിരിക്കുക എനിക്കിഷ്ടമായിരുന്നു. അതിഌ മേലെ ചന്ദനം. ആ സമയത്ത് ആരെങ്കിലും സംസാരിക്കുന്നതോ നേരെ വരുന്നതോ അച്ഛന് ഇഷ്ടമല്ലായിരുന്നു.
ജീവിതത്തില്‍ ഒരിക്കലും അച്ഛന് മദ്യം കഴിച്ചിട്ടില്ല. മദ്യ നിരോധമുള്ള അക്കാലത്ത് പാതി ചീമ്പിയ കണ്ണുകളും വളരെ കൂര്‍ത്ത മൂക്കുമുള്ള ഒരു മഌഷ്യന് കക്ഷത്തു പച്ചനിറമുള്ള ഒരു കുപ്പി ഇറുക്കിപ്പിടിച്ച് എന്റെ അപ്പുമാമനെ കാണാന്‍ വരുമായിരുന്നു. തീജ്വാലയുടെ വീര്യമുള്ള വാറ്റായിരുന്നു അത്. അതിന്റെ വാസന എനിക്കിഷ്ടമായിരുന്നു. എന്നാല്‍ ഒരിക്കല്‍ ആരുമറിയാതെ രുചിച്ചുനോക്കിയപ്പോള്‍ അതിഭയങ്കര കയ്പ്പും എരിവും തോന്നി. ആ ദ്രാവകം അണ്ണാക്കുതൊടാതെ മോന്തി വെറും വയറു മായി അമ്മാവന് കണ്ണുചുവപ്പിച്ച് വെട്ടു വഴിയിലൂടെ നടന്നു. ലോല ഹൃദയനായ ഈ അമ്മാവനെ എനിയ്ക്കിഷ്ടമായിരുന്നു. സ്നേഹപ്രകടനം ശകാരത്തിലൂടെയായിരുന്നുവെങ്കിലും കൂടല്ലൂര്‍ വെട്ടുവഴിയില്‍ എല്ലാവര്ക്കും ഇദ്ദേഹം പ്രിയങ്കരനായിരുന്നു. ചിലപ്പോള്‍ വെറുതെ പൊട്ടിക്കരയുന്ന സ്വഭാവം ഈ അമ്മാവഌണ്ടായിരുന്നു. ആലങ്കാരികമായ പല ഭാഷാപ്രയോഗങ്ങളും ഇദ്ദേഹത്തിഌവശമായിരുന്നു. വിശ്വസാഹിത്യത്തില്‍ മാജിക്കല്റിയലിസം തുടങ്ങുന്നതിന് എത്രയോ മുമ്പേ തന്റെ ഭാഷയില്‍ അത് കടന്നുകൂടിയത് അദ്ദേഹത്തിനറിയില്ലായിരുന്നു. സ്ഥലപരിമിതി കാരണം ഉദാഹരണങ്ങള്‍ നിരത്താന്‍ വയ്യ. ചിലതൊക്കെ സഭ്യതയുടെ വരമ്പുകള്ക്കപ്പുറമായതിനാലും.
ഈ അമ്മാവഌ മൂന്ന് തരം വലകള്‍ സ്വന്തമായുണ്ടായിരുന്നു. വലിയ മീനിനെ പിടിക്കാന്വലിയ കണ്ണുകളുളള വല.പരലുകള്‍ക്ക് ചെറുവല. കോലാന്‍ മത്സ്യം കരയോടു ചേര്‍ന്ന് പോകുമ്പോള്‍ മുറവലയില് കോരും. ചിലപ്പോള്‍ തിരിച്ച് പുഴയിലേക്കിടും. ചെമ്പടയും ആരലും തിന്നാന്‍ ചെടിപ്പാണ്. എന്നാല്‍ ഏറ്റുമീന്‍ കാലത്തെ മീന്‍ പിടുത്തമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. കയറില്‍ കൈത ഓല കള്‍ കെട്ടി മീഌകളെ വളഞ്ഞ് തോണിയി ല്‍ നിന്ന് വലയെറിഞ്ഞ് അപ്പുമാമയും കാദറും അലവിയും നില്ക്കുന്നു. ഓളം നോക്കി മീഌകളുടെ ഇനം നിര്‍ണ്ണയി ക്കാന്‍ ഇവര്‍ക്കൊക്കെ കഴിയുമായിരുന്നു. കൂടെ കരയില്‍ ഞങ്ങള്വാനരസേനയെപ്പോലെ കുട്ടികള്‍ ആര്‍ത്തുവിളിക്കുന്നു. നരിമീഌം വാളയും കുയിലും അവര്‍ വീതിച്ചെടുത്തു. വളരെ നെയ്യുള്ള നരിമീനീന്റെ ചെളുക്കകള് വാഴത്തടത്തില്‍ അലിയാതെ കിടന്ന് മാസങ്ങളോളം ഞങ്ങളെ തുറിച്ചുനോക്കി.
എന്നാല്‍ ഈ മീന്‍പിടുത്തം അച്ഛന് തീരെ ഇഷ്ടമല്ലായിരുന്നു. താഴെ കോലായിലും ഒതുക്കുകളിലും ഉണക്കാനിട്ട വലയില്‍ നിന്നു മണലും മീന്‍ ചിതമ്പലുകളും ചിതറി വീഴുന്നു. വല്ലാത്ത മീന്‍ നാറ്റവും. വലിച്ചുതീര്‍ത്ത ബീഡിക്കുറ്റികള്‍ ഉത്തരത്തില്‍ തിരുകിവെക്കുന്ന ഒരു നാറാണേട്ടന് അക്കരെ നിന്നു വരുമായിരുന്നു. ഇതും അച്ഛനിഷ്ടമല്ലായിരുന്നു. എന്നാല്‍ ഒരിക്കലും വാക്കേറ്റങ്ങള്‍ പതിവില്ല.
വടക്കേ അറയുടെ ഉത്തരക്കള്ളിയില്‍ ഒരാനപ്പല്ല് സൂക്ഷിച്ചിരുന്നു. തേഞ്ഞു പൊത്തു വീണ ആനയുടെ അണപ്പല്ല്. അന്നൊക്കെ നിലവറക്കുള്ളില്‍ പരതുമ്പോള്‍ വിരലുകളില്‍ തൊട്ടാരട്ടികള് ഒട്ടിപ്പിടിച്ച് നീലവെളിച്ചം കാണാമായിരുന്നു. ഞാഞ്ഞൂലുകളെപ്പോലുള്ള ഈ തൊട്ടാരട്ടികളെ ഇന്ന് കാണാനില്ല. ഇവരാണ് പിന്നീടു സാഹിത്യകാരന്മാരായി മാറിയത് എന്ന് ഞാന്‍ ഊഹിച്ചു.
അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു കരിമ്പന്‍ മണിക്കാളയെ നടത്തിക്കൊണ്ടു നാലഞ്ചുപേര് ഞങ്ങളുടെ തൊഴുത്തിനടുത്തേയ്ക്ക് വന്നു. അക്കാലത്തു വടക്കുമുറിയില്‍ മുഹമ്മദുണ്ണി മുതലാളിയുടെ കാളപ്പൂട്ടു കണ്ടത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കാളകള്‍ മത്സരിച്ച് ഓടിയിരുന്നു. തിരൂരില്‍ നിന്നു കണ്ടന്‍കുട്ടിയുടെ കാളകള്‍ എത്തിയപ്പോള്‍ കൂടല്ലൂര്‍ക്കാര്‍ക്കു മുഖം ചുവന്നു. കണ്ടന്‍കുട്ടിയുടെ കാള കള്‍ക്ക് കടുപ്പം കൂടും. അരൂം മൂലേം തൊട്ട്ട്ട് ഓടണതല്ല കാര്യം ഇതൊക്കെ എനിക്ക് പറഞ്ഞു തരുന്നത് മറ്റാരുമല്ല. എന്റെ അമ്മാവന്റെ മകന് രാഘവനാണ്. രാഘവന് ഓട ചെത്തി മിഌക്കി പേന ഉണ്ടാക്കും. പയറിന്റെ ഇലപിഴിഞ്ഞ് പച്ച മഷിയും. ഞങ്ങള്‍ ഒരണകൊടുത്തു മുക്കാലിയില്‍ തുണിയിട്ടുമൂടിയ സിനിമക്കൂടില് തലതിരുകി ട്രഫാള്‍ഗര്‍ സ്ക്വയറിലെ പ്രാവുകളെ കണ്ടു. പിസായിലെ ചരിഞ്ഞ ഗോപുരം കണ്ടു. ബക്കിംഹാം കൊട്ടാരം കണ്ടു. അണ്ടിപ്പരിപ്പ് പതിച്ച കറുത്ത ഹല്‍വ മുറിച്ചു തിന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനാദ്യമായി ലണ്ടനില്‍ പോയപ്പോള്‍ ട്രഫാള്‍ഗര്‍ സ്ക്വയറില്‍ പോയി. പ്രാവുകളെ തീറ്റാഌള്ള ധാന്യം ഒരു മദ്ധ്യവയസ്ക എനിക്കു തന്നു. പ്രാവുകള്‍ എന്റെ തോളിലും തലയിലും കൈപ്പത്തിയിലും പറന്നിരുന്നു. അസീസിയിലെ പുണ്യവാളന്റെ മേല്‍ പക്ഷികള്‍ വന്നിരിക്കാറുള്ള തോര്‍ത്തു ഞാന്‍ പുളകം കൊണ്ടു. എന്റെ ബാല്യ കാലത്തെ ഒരാഗ്രഹം ഫലിച്ചു. ഒരു ഫോട്ടോ എടുപ്പിച്ചു. ഈയിടെ ഈ സ്ഥലത്ത് വീണ്ടും പോയപ്പോള്‍ അവിടെ പ്രാവുകളെ തീറ്റുന്നത് വിലക്കിയിരിക്കുന്നു. പക്ഷിക്കാട്ടം വീണു കെട്ടിടങ്ങള്‍ വൃത്തികേടാവുന്നു. രോഗ ബീജങ്ങള്‍ പരക്കാന്‍ സാധ്യതയുണ്ട്. ഭൂമി മഌഷ്യഌള്ളതാണ്. മഌഷ്യഌ മാത്രം.
ഈ കരിമ്പന്‍ കാള എനിയ്ക്ക് ആഹ്ലാദം പകര്‍ന്നു. തന്റെ കറുത്തു മിഌത്ത കൂഞ്ഞ തനിയെ വിറപ്പിക്കാഌള്ള കഴിവ് അതിഌണ്ടായിരുന്നു. ശ്വാസവായു വില്‍ നിന്ന് കൊടുങ്കാറ്റുകള്‍ പടര്‍ന്നു കയറി. ഈ കാളയും അപ്പുമാമയുടെ വിനോദത്തിന്റെ ഭാഗമായിരുന്നു. അച്ഛനതില്‍ എതിര്‍പ്പില്ല. ഒരു ദിവസം അഞ്ചാറു പേര് വന്ന് അതിന്റെ മൂക്ക് തുളച്ച് ഒരു വട്ടക്കണ്ണി കോര്‍ത്തു. ചറിയ കൂര്‍ത്ത കൊമ്പുകളുടെ താഴെ മൂക്ക് കയര്‍ പിടിച്ചുകെട്ടി. കുടമണികള്‍ കെട്ടി. കാലുകള്‍ കെട്ടിയിട്ടും നാലഞ്ചുപേര് കയറിട്ടു പിടിച്ചിട്ടും തൊഴുത്താകെ പിടിച്ചുകുലുക്കി അത് അമറി കഥകളിയിലെ കത്തി വേഷത്തെപ്പോലെ മഷിക്കറുപ്പാര്‍ന്ന കണ്ണില്‍ നിന്നു നിര്‍ത്താതെ നീരൊഴുകി.
ആ കാളയുടെ മൂക്കുകയറു പിടിച്ചു പുഴയിലൂടെ നടക്കാന്‍ ഞാനാഗ്രഹിച്ചു. ഒരിക്കല്‍ അതു പുഴയിലൂടെ നിയന്ത്രണം വിട്ട് വാലു വളച്ച് ഓടുമ്പോള്‍ എന്റെ കാല്ക്കീഴില് ഭൂമി കുലുങ്ങി. ഇതു ഞാനാവര്ത്തിച്ചുകാണാറുള്ള സ്വപ്നങ്ങളി ല്‍ ഒന്നായി മാറി.
ചതകുപ്പയിട്ട് ഇടിച്ച കോഴിയും പിണ്ണാക്കും ചെരിച്ചു ചെത്തിയ മുളനാഴിയില്‍ നല്ലെണ്ണയുമായി ഒരാഴ്ച പരിചാരകര്‍ തൊഴുത്തില്‍ തമ്പടിച്ചു. ഇരു മ്പിളിയത്തു നിന്നു വന്ന പൈദു കാക്കയെപ്പോലെ ചരിഞ്ഞുനോക്കി തൊഴുത്തിനു മുന്നില്‍ സ്ഥിരതാമസമാക്കി. എന്നാല്‍ ഒരു ദിവസം ചില കച്ചവടക്കാര്‍ അതിനെ കെട്ടഴിച്ച് കൊണ്ടുപോകുന്നത് ഞാന്‍ നിസ്സഹായനായി നോക്കി നിന്നു. അത് എന്റെ നേരെ നോക്കി തലയാട്ടിയതായി എനിയ്ക്കു തോന്നി. വാരിയെല്ലു കളിലൂടെ, തടിച്ചുകൊഴുത്ത കഴുത്തിലൂടെ, തോളിലൂടെ അവന്റെ രോഷം പടര്‍ന്നു. ആ മൃഗം ഗര്‍ജ്ജിക്കുന്നു. നാസാരന്ധ്രത്തില്‍ നിന്നു തീ പറക്കുന്നു.
പിന്നീട് ഏതോ വിദൂരതയിലെ ഊര്ച്ചക്കണ്ടങ്ങളിലെ മത്സരത്തില്‍ ആരവങ്ങളില്‍ മതിമറന്ന് അവന് ഓടി ഓടിത്തളര്ന്നിരിക്കാം. ഒടുവില്‍ കശാപ്പ്ശാലകളിലെ… ഇല്ല അതു മാത്രം സംഭവിക്കരുത്..
ഗൗരവക്കാരനായ അമ്മാവനോട് അതൊക്കെ അന്വേഷിക്കാന്‍ എനിയ്ക്കു ധൈര്യമില്ലായിരുന്നു.
മണിക്കാളകളുടെ അന്ത്യം എങ്ങനെ യാണെന്ന് ഇന്നും എനിക്കറിഞ്ഞുകൂട..
അച്ഛന് വളരെ ചൂടുള്ള ഒരു വേനലില്‍ ഒരു പ്രഭാതത്തില്‍ ആശുപത്രിയില്‍ കിടന്ന് മരിച്ചു. ഞാനോ എന്റെ നാലു സഹോദരിമാരോ അടുത്തില്ലാത്ത സമയം നോക്കി അച്ഛന് യാത്രയായി. ദേഹം മുപ്പത്തിനാലു നാഴികദൂരം ഒരാശുപത്രി വണ്ടിയില്‍ യാത്ര ചെയ്തു. ഞാന്‍ അടുത്തിരുന്നു. ഒരു മുപ്പത് വര്‍ഷത്തിഌ ശേഷം ഞാനാ ദേഹത്തില്‍ വീണ്ടും സ്പര്‍ശിക്കുകയാണ്. ഞാന്‍ അറിയാതെ തേങ്ങിപ്പോയി. നാട്ടുകാര്‍ക്കാര്‍ക്കും വേണ്ടാത്ത പളഹനാഭേട്ടന് ആവണിയിലേക്ക് ചാഞ്ഞു ഉറക്കെ ഉറക്കെ കരഞ്ഞു. മൂന്നാം ക്ലാസ്സു തീവണ്ടി മുറിയിലും തിരക്കേറിയ ബസ്സിലും മാത്രം വല്ലപ്പോഴും യാത്ര ചെയ്തിരുന്ന ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്റെ ഏറ്റവും സംതൃപ്തമായ യാത്രയായിരുന്നു അത്. ഇഞ്ചത്തടത്തില്‍ നിന്ന് കള്ളാടിമുത്തന്‍ ബാധിച്ച അച്ഛന്റെ വലത്തേകൈയിന്റെ ചെറുവിരല്‍ ഒരിക്കലും നിവരില്ലായിരുന്നു. എനിക്ക് ആദ്യമായി അക്ഷരങ്ങള്‍ എഴുതിത്തന്ന വിരലുകളാണവ. സ്ലേറ്റില്‍ ആദ്യമായി ചിത്രം വരച്ചു കാണിച്ച വിരലു കളാണവ… ബലിയിട്ടു ഞാന്‍ കൈ തട്ടി….. കാക്കകള്‍ വന്നില്ല. ഒരു പൂത്താങ്കീരി ചാടിച്ചാടി വന്ന് ബലിച്ചോറില്‍ കൊത്തി. അതിന്റെ അര്‍ത്ഥം എനിക്കറിയാമായിരുന്നു. അമ്മ എന്റെ നേരെ വെറുപ്പോടെ നോക്കി. ഇന്ന് അച്ഛനില്ല. അപ്പുമാമാനുമില്ല. ആ വലിയ തൊഴുത്തും ഇടവഴിയുമില്ല… വളച്ചുകെട്ടിയതും അതിരിലെ മരങ്ങളുമെല്ലാം കാര്‍ന്നെ ടുത്തു പുഴ ഒഴുകി. കരിമ്പിന് പടര്‍പ്പുകളില്‍ ഉടുമ്പുകളെത്തേടി നായ്ക്കളുമായി നായാടികള്‍ വന്നു. മണല്‍ മാന്തുന്ന ലോറികള്‍ പുഴയിലൂടെ ചീറിപ്പായുന്നു. പുഴ കാര്‍ന്നെടുത്തു ബാക്കിയായ സ്ഥലത്ത് പുറം തിരിച്ചു പ്രതിഷ്ഠിച്ച ചെറിയ വീടിന് ഓര്മ്മകളില്ല. എന്നാല്‍ അമ്മ ഞങ്ങളെ അഞ്ചുകുട്ടികളെ പ്രസവിച്ച ആ ചെറിയ മുറിയുടെ സ്ഥാനം എനിയ്ക്കറിയാം. ഒരു പക്ഷെ എനിയ്ക്കു മാത്രം..
അച്ഛന് ചന്ദനനമരച്ചിരുന്ന തൃകോണാകൃതിയിലുള്ള തേഞ്ഞ ചാണാക്കല്ല് ഒരിക്കല്‍ പുഴം ചാമ്പ്രയില്‍ കിടന്നിരുന്നു. ഞാനതു സൂക്ഷിക്കുന്നില്ല. ഞാന്‍ ഒന്നും സൂക്ഷിക്കാനാഗ്രഹിക്കുന്നില്ല. ഓര്‍മ്മകള്‍ ശാപമാണ്. എല്ലാ ആത്മകഥകളും പാപത്തിന്റെ ഏറ്റുപറച്ചിലാണ്.
വറ്റിവരണ്ട പുഴയിലൂടെ ഒരനാഥനെപ്പോലെ ഞാന്‍ നടന്നു. അശരീരികള്‍ എനിക്കു ചുറ്റും പരക്കുന്നു. ആരുടെയൊക്കെയോ വിരല്‍ത്തുമ്പുകള്‍ ആകാശത്തുനിന്ന് എനിക്കുനേരെ നീളുന്നു.
Recent Comments