രോഗികള്‍ക്ക് അത്താണിയായി ‘തൃഫല’യില്‍ ഹുറൈര്‍കുട്ടി ഡോക്ടര്‍

എടപ്പാള്‍: ചികിത്സിക്കാനും മരുന്നുവാങ്ങാനും പണമില്ലാത്തവര്‍ക്ക് അത്താണിയാണ് ‘തൃഫല’. വന്‍കിട ആസ്​പത്രികള്‍ പോലും കൈയൊഴിഞ്ഞ മാറാരോഗികള്‍ക്ക് കൈപ്പുണ്യത്തിന്റെ സാന്ത്വന കേന്ദ്രവും.

മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കൂടല്ലൂര്‍ കൂട്ടക്കടവിലെ ഡോ. ഹുറൈര്‍ കുട്ടിയുടെ വീടാണ് ‘തൃഫല’. ആതുരചികിത്സ സേവനത്തില്‍നിന്ന് കച്ചവടത്തിലേക്ക് കൂടുമാറിയിട്ടും മനുഷ്യത്വം കൈവിടാതെ പാരമ്പര്യവും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ച് രോഗികളുടെ ആശാകേന്ദ്രമാവുന്ന ഈ ഡോക്ടര്‍ പുതിയ കാലഘട്ടത്തില്‍ വേറിട്ട കാഴ്ചയാണ്.

സ്വന്തം നാട്ടുകാര്‍ക്ക് സൗജന്യചികിത്സ, നിര്‍ധന രോഗികളുടെ കഷ്ടതകള്‍ കണ്ടറിഞ്ഞ് സൗജന്യ പരിശോധനയും മരുന്നും, വെള്ളിയാഴ്ചകളില്‍ വീട്ടിലെ പരിശോധന മാറ്റിവെച്ച് സ്വന്തം കാറില്‍ കിടപ്പിലായ രോഗികളെ വീട്ടില്‍പ്പോയിക്കണ്ട് ചികിത്സ. ഇങ്ങനെയൊക്കെയാണ് ഹുറൈര്‍കുട്ടി ഡോക്ടര്‍.

ഇരിമ്പിളിയത്തെ പ്രശസ്തമായ പെരിങ്ങാട്ട്‌കൊടി വൈദ്യര്‍ കുടുംബത്തിലെ തിത്തുമ്മു ഹജ്ജുമ്മ എന്ന വൈദ്യരുമ്മയുടെ മകനാണ് ഹുറൈര്‍കുട്ടി. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍നിന്ന് ഡി.എ.എം.എസ് ബിരുദമെടുത്തു. ഉമ്മയില്‍നിന്നും കുടുംബത്തിലെ മറ്റു വൈദ്യന്‍മാരില്‍നിന്നും ലഭിച്ച പാരമ്പര്യ അറിവുകളും പഠിച്ച വൈദ്യശാസ്ത്രവും ഹുറൈര്‍കുട്ടിയില്‍ സമന്വയിച്ചപ്പോള്‍ മാറാരോഗികള്‍ക്ക് ലഭിച്ചത് സ്‌നേഹസമ്പന്നനായ ഒരു ഡോക്ടറെയായിരുന്നു. ആയുര്‍വേദ വകുപ്പില്‍ ജോലിചെയ്ത് ജില്ലാ മെഡിക്കല്‍ ഓഫീസറായി വിരമിച്ച ഇദ്ദേഹത്തിന്റെ വീട്ടിലും എടപ്പാളില്‍ ചികിത്സയ്‌ക്കെത്തുന്ന വൈദ്യശാലയിലും രോഗികളുടെ നിലയ്ക്കാത്ത തിരക്കാണ്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ജില്ലകളില്‍നിന്നും വിദേശത്തുനിന്നുപോലും സദാസമയവും ഇദ്ദേഹത്തെ തേടി ഇന്നും രോഗികളെത്തുന്നു. സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ മുതല്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ക്യാപ്റ്റന്‍രാജു, വിദ്യാധരന്‍ മാസ്റ്റര്‍, ഒ.എം. കരുവാരകുണ്ട്, രഹ്‌ന തുടങ്ങി പ്രശസ്തരുടെ നീണ്ടനിര തന്നെ അതിലുണ്ട്.

പരിശോധനയ്ക്ക് പണമുള്ളവര്‍ കൊടുക്കുന്നത് വാങ്ങും. ഇല്ലാത്തവര്‍ നല്‍കിയാല്‍ നിര്‍ബന്ധപൂര്‍വം തിരിച്ചുകൊടുക്കും. ചികിത്സ ചിലപ്പോള്‍ രാത്രി 12 മണിവരെ നീളും.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *