ആനക്കര മേഖലയിലെ നെല്‍പാടങ്ങളില്‍ കുഴല്‍പുഴു ശല്യം വ്യാപകം
ആനക്കര: ആനക്കര മേഖലയിലെ നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ കുഴല്‍പുഴു ശല്യം വ്യാപകം. കൂടല്ലൂര്‍, മുത്തുവിളയുംകുന്ന്, മണ്ണിയംപെരുമ്പലം പാടശേഖരങ്ങളിലാണ് കുഴല്‍പുഴുവിന്റെ ആക്രമണം ശക്‌തം. കുഴല്‍പുഴുവിന്റെ ആക്രമണം കാണുന്നിടത്ത് നെല്ലോലകള്‍ മുറിച്ച് ഒരിഞ്ച് വലിപ്പത്തിലുള്ള കുഴലുകളുണ്ടാക്കി അവയിലിരുന്ന് പുഴുക്കല്‍ ഇലകള്‍ തിന്നു നശിപ്പിക്കുന്നു. ഈ കുഴലുകള്‍ വയലിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതു കാണാം. ഗില്ലുകള്‍ പോലുള്ള അവയവം ഉപയോഗിച്ച് വെള്ളത്തിലൂടെയാണ് ഇവകള്‍ ശ്വസിക്കുന്നത്. അതിനാല്‍ ഇവയുടെ ഫലപ്രദമായ നിയന്ത്രണത്തിനു വയലിലെ വെള്ളം രണ്ടു ദിവസത്തേക്കു വറ്റിക്കണം. തുടര്‍ന്നു രണ്ടു കിലോഗ്രാം അറക്കപ്പൊടിയില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്തു പാടത്തു വിതറാവുന്നതാണ്. ഏകദേശം ഒരേക്കര്‍ സ്‌ഥലത്തേക്കാണ് ഇവ ആവശ്യമായിട്ടുള്ളത്. രൂക്ഷമായ ആക്രമണം ഉണ്ടാകുകയാണെങ്കില്‍ അസഫേറ്റ് എന്ന കീടനാശിനി രണ്ടു ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ എടുത്ത് ഒഴിച്ചു കൊടുക്കണം. ഞാറ്റടികളില്‍ തിപ്‌സി (ഇലപ്പേന്‍) ന്റെ ആക്രമണവും വ്യാപകമായി കണ്ടുവരുന്നുണ്ട്. ഞാറ്റഴികളിലെ ഞാര്‍ സൂചിപോലെ കൂര്‍ത്ത് നില്‍ക്കുന്നതും ക്രമേണ കരിയുന്നതുമാണ് പ്രധാന ലക്ഷണം. ഇവയുടെ നിയന്ത്രണത്തിനായി ഞാറ്റടികളില്‍ വെള്ളം ആവശ്യത്തിനു വേണം. കൂടാതെ വെര്‍ട്ടിസിലിയം ഇരുപത് ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ എടുത്ത് തളിച്ചു കൊടുക്കാം. ശക്‌തമായ ആക്രമണം ഉണ്ടാക്കുകയാണെങ്കില്‍ സൈമെത്തോവേറ്റ് എന്ന കീടനാശിനി രണ്ടു മില്ലി ഒരു ലിറ്റര്‍ എന്ന തോതിലെടുത്ത് പശ ചേര്‍ത്തു തളിക്കാവുന്നതാണെന്നു ആനക്കര കൃഷി ഓഫീസര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍ അറിയിച്ചു.
Recent Comments