അധികൃതരെ വെട്ടിച്ചു എടപ്പാളിൽ ചെങ്കൽഖനനമെന്ന്
കൂടല്ലൂർ താണികുന്നിൽ നിന്നുള്ള ദൃശ്യം – ഫോട്ടോ : എന്റെ കൂടല്ലൂർ ഫേസ്ബുക്ക് പേജ്
എടപ്പാൾ: ഹരിത എം.എൽ.എയുടെ മണ്ഡലമായ തൃത്താലയിൽ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച് അനധികൃത ചെങ്കൽഖനനം നടക്കുന്നതായി ആരോപണം. റവന്യൂ-പോലീസ് ഉദ്യോഗസ്ഥർ നോക്കുകുത്തിയാണെന്ന് ആരോപിച്ച് ക്വാറി ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആനക്കര വില്ലേജ് ഓഫീസറെ ഉപരോധിച്ചു. എം.എൽ.എ വി.ടി. ബൽറാമിന്റെ മണ്ഡലമായ തൃത്താലയുടെ വിവിധ ഭാഗങ്ങളിലാണ് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതെന്നും ഇതിന് എം.എൽ.എയുടെ പിന്തുണയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. തൃത്താല പോലീസ് സ്റ്റേഷനിൽ എത്തി തിങ്കളാഴ്ച രാവിലെ പ്രതിഷേധക്കാർ ചർച്ച നടത്തിയിരുന്നു. എന്നാൽ റവന്യൂ ഉദ്യോഗസ്ഥർക്കാണ് കൂടുതൽ ഉത്തരവാദിത്വം എന്നായിരുന്നു പോലീസിന്റെ നിലപാട്.
ഇതോടെയാണ് ക്വാറി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആനക്കര വില്ലേജ് ഓഫീസറെ ഉപരോധിച്ചത്. അടിയന്തര പരിഹാരം തഹസിദാരുമായി ചർച്ച ചെയ്ത് കണ്ടെത്തുമെന്ന് ഉറപ്പ് നൽകിയതോടെയാണ്പി രിഞ്ഞു പോയത്. മലമൽക്കാവ്, കൂടല്ലൂർ, മുടവന്നൂർ, ആനക്കര, പടിഞ്ഞാറങ്ങാടി, പറക്കുളം എന്നിവിടങ്ങളിലാണ് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നേതാക്കളായ കെ.കെ. ഷൗക്കത്ത് അലി, പി.ടി. അയ്യൂബ്, ചന്ദ്രൻ വേങ്ങര, ശരീഫ് പേരശ്ശന്നൂർ, കുഞ്ഞുട്ടി മൂഡാൽ എന്നിവർ നേതൃത്വം നൽകി.
Recent Comments