ഓര്‍മ്മയില്‍ ഒരു നാലുകെട്ട്

അച്ചുതന്‍ കൂടല്ലൂര്‍

 

മാടത്തു തെക്കേപ്പാട്ട് തറവാട്ടില്‍ ഒരു കാലത്തു പല തായ്‌വഴികളായി അറുപത്തിനാലു പേര്‍ താമസിച്ചിരുന്നുവെന്ന് എന്റെ മുത്തശ്ശി പറയുമായിരുന്നു. തെക്കേപ്പാട്ട് തറവാട് താന്നിക്കുന്നിന്റെ കിഴക്കേ ചെരിവിലാണ്. മുന്നില്‍ ചെറിയ നെല്ക്കളങ്ങള്‍ ‍, പിന്നെ താറിടാതെ കുണ്ടും കുഴിയുമായി കിടന്ന വെട്ടുവഴി. അതിനപ്പുറം കുരുതിപ്പറമ്പും പുഴയും.

എനിക്ക് ഓര്‍മ്മവെയ്ക്കുമ്പോള്‍ ഉണ്ടായിരുന്ന കൂടല്ലൂര്‍ ഇന്നില്ല. നെല്ക്കളങ്ങള്‍ നികത്തി വീടുകള്‍ വന്നു. പുഴയിലാകെ നരച്ച കതിരുള്ള പുല്‍ക്കാടുകള്‍ വളര്‍ന്നു. നിരത്തില്‍ വാഹനഗതാഗതം – മണല്‍ലോറികള്‍ ചീറിപ്പാഞ്ഞു.

തെക്കേപ്പാട്ട് ഇന്നും വയല്‍വരമ്പിലൂടെ അഭ്യാസിയെപ്പോലെ നടന്നെത്തണം. റോഡില്ല ! വേണമെങ്കില്‍ പടിഞ്ഞാറുനിന്ന് കുന്നിന്‍ ചെരിവിലൂടെ ദുര്‍ഘടം പിടിച്ച യാത്ര ഒരു വാഹനത്തിലാവാമെന്നുമാത്രം. വര്‍ഷങ്ങള്‍ക്കു ശേഷം വാസുദേവന്‍നായര്‍ തങ്ങളെപ്പറ്റി എഴുതുമെന്നോ മണ്ണടിഞ്ഞുപോയ ചില ദുരന്തകഥാപാത്രങ്ങള്‍ ഇവിടെ പുനര്‍ജ്ജനിക്കുമെന്നോ ആ കാരണവന്മാര്‍ വീടുവെയ്ക്കുമ്പോള്‍ കരുതിയിരുന്നില്ല.

പണ്ടെങ്ങോ ഭാഗം വെച്ചുപിരിഞ്ഞ ആ തറവാട്ടില്‍ നിന്നിറങ്ങിയവരില്‍ എന്റെ അച്ഛനുമുണ്ടായിരുന്നു. മാടത്തു തെക്കേപ്പാട്ടു പരമേശ്വരന്‍നായര്‍ എന്ന സ്കൂള്‍ അദ്ധ്യാപകന്‍ ‍. വിവാഹം കഴിഞ്ഞ് അച്ഛന്‍ കുറേക്കാലം തെക്കേപ്പാട്ടു പത്തായപ്പുരയിലായിരുന്നുവത്രെ താമസം. വെട്ടുകല്ലുകൊണ്ടു വൃത്തിയായി കെട്ടി പുറമെ ചെത്തിത്തേപ്പുനടത്താത്ത ഒരു ഇരുനിലക്കെട്ടിടമായിരുന്നു പത്തായപ്പുര. ചാരുപടിയും കിളിവാതിലുകളുമൊക്കെ ഉള്ള ചെറിയ അറകള്‍ അതിലുണ്ടായിരുന്നു. അതിന്റെ മേല്‍ച്ചുവരുകള്‍ കീഴ്‌ച്ചുവരുകളേക്കാള്‍ കനം കൂടിയ കല്ലുകള്‍ കൊണ്ടാണുണ്ടാക്കിയിരുന്നത് എന്ന് ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് ആ പത്തായപ്പുരയില്ല. അതിന്റെ സ്ഥാനത്ത് എം. ടി. എന്‍ നായര്‍ വീടുവെച്ചു് താമസിച്ചിരുന്നു, പാലക്കാട്ടേക്കു പോകുന്നതു വരെയും.

ഭാഗം വെച്ചപ്പോള്‍ എല്ലാവര്‍ക്കും കിട്ടിയതു് കടബാദ്ധ്യതകളായിരുന്നു എന്ന് അച്ഛന്‍ പറയാറുണ്ടാ‍യിരുന്നു. ആ വലിയ കുടുംബം ഇന്നു പലയിടത്തായി ചിതറിക്കിടക്കുന്നു. പലരും തമ്മില്‍ കാണാറില്ല, കണ്ടാല്‍ തിരിച്ചറിയുകയുമില്ല.

എനിക്ക് ആറേഴു വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ അച്ഛന്‍ തെക്കേപ്പാട്ട് തറവാട്ടിലേക്കു പോകുന്നവഴി എന്നെയും കൊണ്ടുപോയി. നടുമുറ്റത്തിന്റെ മേലേനിന്നു വരുന്ന നേര്‍ത്ത വെളിച്ചത്തില്‍ അമ്മാളേടത്തി കിടക്കുന്നതു കാണാമായിരുന്നു. വാസുദേവന്‍നായരുടെ അമ്മ. പിന്നീടു് അവരുടെ ജീവനപഹരിച്ച രോഗത്തിന്റെ തുടക്കമാണ്. അച്ഛന്‍ അവരെ കാണാന്‍ പോയതാണ്. രണ്ടുപേരും വളരെ പതിഞ്ഞസ്വരത്തില്‍ എന്തൊക്കയോ സംസാരിച്ചിരുന്നു. വളരെ ക്ഷീണിച്ചസ്വരത്തിലാണ് അമ്മാളേടത്തി സംസാരിച്ചിരുന്നതു്. അവര്‍ക്കു് സ്വര്‍ണ്ണനിറമുണ്ടായിരുന്നു. ഭംഗിയുള്ള മുഖവും! നല്ല വെളുത്തമുണ്ടും റവുക്കയുമാണ് ധരിച്ചിരുന്നതു്. കിഴക്കിനിയിലെ ഇരുട്ടില്‍ വിശ്രമിച്ചിരുന്ന, ക്ഷീണിച്ച ആ രൂപം എനിക്കു വ്യക്തമായി ഓര്‍മ്മ വരുന്നു. അലങ്കരിച്ച അരികുകളുള്ള ഓല വിശറികൊണ്ടു് അമ്മാളേടത്തി ഇടയ്ക്കു വീശിക്കൊണ്ടിരുന്നു. കിഴക്കിനിയിലെ പുഴുക്കത്തില്‍ അച്ഛന്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.

ഒതുക്കുകളിറങ്ങി നടക്കുമ്പോള്‍ അച്ഛന്‍ ഏറെ അസ്വസ്ഥനായിരുന്നു. അസ്വസ്ഥനാകുമ്പോള്‍ അച്ഛന്റെ നടത്തത്തിന്റെ വേഗം കൂടുമായിരുന്നു. കൂടെ നടന്നെത്താന്‍ ഞാന്‍ നന്നേ പ്രയാസപ്പെട്ടു. അസുഖത്തെ പറ്റി അച്ഛന്‍ ഒന്നും സംസാരിച്ചില്ല.

പിന്നീടു് രോഗം നിയന്ത്രണാതീതമാ‍യി അവരെ മദിരാശിക്കു ചികിത്സയ്ക്കായി കൊണ്ടുപോയി. പള്ളിപ്പുറം റയില്‍‌വേ സ്റ്റേഷനിലേയ്ക്കു മഞ്ചലിലാണു് കൊണ്ടുപോയത്. ഞങ്ങളുടെ വീട്‌ പുഴയുടെ വക്കിലാണ്. കുറച്ചു ദിവസം കഴിഞ്ഞു് വേനലില്‍ ഉച്ചക്ക് വണ്ടിയിറങ്ങി ചുട്ടുപൊള്ളുന്ന മണലിലൂടെ മൂളിക്കൊണ്ടു് ആ മഞ്ചല്‍ തിരിച്ചുവരുന്നതു് ഞങ്ങള്‍ എല്ലാവരും പുഴവക്കില്‍ ശ്വാസമടക്കി നോക്കി നിന്നു.

താമസിയാതെ അമ്മാളേടത്തി ചരമമടഞ്ഞു.

ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ ആ നാലുസഹോദരന്മാര്‍ ശേഷക്രിയകളുടെ ഭാഗമായി പുഴയില്‍ കുളിക്കാന്‍ വയല്‍വരമ്പിലൂടെ നടന്നു പോകുന്നതു് ഞാനോര്‍ക്കുന്നു. അധികം സംസാരിക്കത്ത ഏറ്റവും മൂത്ത ശ്രീ. ഗോവിന്ദന്‍നായര്‍‍ , ബലിഷ്ഠകായനായ ബാലേട്ടന്‍ , കൂട്ടത്തില്‍ വെളുത്തു മെലിഞ്ഞ എം. ടി. എന്‍ എന്ന കൊച്ചുണ്യേട്ടന്‍ ‍. ഏറ്റവും പിന്നിലായി വാസുദേവേട്ടന്‍ ‍.

അന്ന് എം.ടി യ്ക്ക് കാതുകള്‍ക്കുമീതെ കവിഞ്ഞൊഴുകുന്ന നീളമുള്ള മുടിയുണ്ടായിരുന്നു. അതു നടക്കുമ്പോള്‍ പക്ഷിച്ചിറകുകള്‍ പോലെ അനങ്ങിയിരുന്നു. എനിക്കങ്ങനെ മുടി വളര്‍ത്താന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ അച്ഛന്‍ ‍! മാസാരംഭത്തില്‍ കൃഷ്ണന്‍നായരുടെ കത്തിരിയുടെ ശബ്ദം എന്റെ തലക്കുചുറ്റും പറന്നു കളിച്ചു.‘ ഗാന്ധി ക്രോപ്പില്‍ പലപ്പൊഴും കത്തിരിപ്പാടുകള്‍ നിഴലടിച്ചുനിന്നു. ചെന്നിയിലും പിന്‍‌കഴുത്തിലും ക്ഷൌരകത്തിയുടെ ചതുരപ്പാടുകള്‍ ‍. എനിക്കു് കൃഷ്ണന്‍നായരെ കൊല്ലണമെന്നുണ്ടായിരുന്നു. ഞാനക്കാലത്ത് ചുവന്ന കല്ലുവെച്ച സ്വര്‍ണ്ണത്തിന്റെ വള്ളിക്കടുക്കനിട്ടിരുന്നു. ഇതു` അമ്മയുടെ നിര്‍ബ്ബന്ധമായിരുന്നു. കണ്ണാടി നോക്കാന്‍ എനിക്കു ഭയം . കുറവന്‍ കൊണ്ടു നടക്കുന്ന കളിമൊച്ചയെപ്പോലെയുണ്ടെന്ന്‌ അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന പൂന്തോട്ടത്തിലെ മണിയന്‍ പറഞ്ഞു. മണിയന്‍ ഷര്‍ട്ടിടാതെയാണു് ക്ലാസ്സില്‍ വരിക. കാതില്‍ പഞ്ഞിതിരുകി വെച്ചാണ് നടപ്പ്. അതൊന്നും പറഞ്ഞു് ഞാന്‍ കളിയാക്കാറില്ല. കോപ്പന്‍ മാഷുടെ കുടിപ്പള്ളിക്കൂടത്തില്‍ പഠിത്തം തീര്‍ന്നപ്പോള്‍ അമ്മാളേടത്തി ആവശ്യപ്പെട്ടതനുസരിച്ചു് അച്ഛനാണു് എം.ടി യെ മലമക്കാവു് സ്കൂളില്‍ നാലാംക്ലാസ്സില്‍ ചേര്‍ത്തതു് എന്നു് എനിക്കു് അറിയില്ലായിരുന്നു. ഡി. ലിറ്റ് ബിരുദം ഏറ്റു വാങ്ങിയപ്പോള്‍ പ്രസംഗമദ്ധ്യേ എം.ടി ഇതു് ഓര്‍മ്മിച്ചിരുന്നു.

അവരുടെ ആ സ്കൂള്‍യാത്ര ഭാവനയില്‍ കാണാന്‍ എനിക്കു പ്രയാസമില്ല.

കമ്പിളിച്ചക്കന്റെ പടിക്കലെ വലിയ പാറകള്‍ കയറി വീണ്ടും കുണ്ടനിടവഴിയിലുടെ കുന്നു കയറി, ഇടവപ്പാതിയിലെ വരുച്ചാലൊഴുകിത്തീരാന്‍ കാത്തുനിന്ന് …. അതേ സ്കൂളില്‍ അതേ ക്ലാസ്സിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും ചേര്‍ന്നത്. ബലഹീനമായ എന്റെ കാലുകള്‍ വല്ലാതെ വിറച്ചു. കഴുകിത്തെളിഞ്ഞ ചരല്‍ക്കല്ലുകള്‍ കാലടികളില്‍ മുള്ളുപോലെ കുത്തി. പഠിക്കാന്‍ വിമുഖത കാണിക്കുന്ന കുട്ടികളെ അച്ഛന്‍ ഒരുവിധം നന്നായി തല്ലുകയും ശകാരിക്കുകയും ചെയ്തിരുന്നു.

എം.ടിയുടെ ചേട്ടന്‍ എം. ടി. ബി നായര്‍ എന്ന ബാലേട്ടനാണ് ഞങ്ങളുടെയെല്ലാം ആദ്യത്തെ ഫോട്ടോഗ്രാഫര്‍ . അദ്ദേഹത്തിന്റെ കയ്യില്‍ അക്കാലത്ത് ഒരു കൊഡാക്‍ ബോക്സ് ക്യാമറ ഉണ്ടായിരുന്നു. പുഴവക്കത്ത് മകരക്കാറ്റില്‍ ചീന്തിയ ഇലകളുള്ള വാഴത്തോട്ടത്തില്‍ ഞങ്ങളുടെ കുടുംബഫോട്ടോവില്‍ ബാലേട്ടന്‍ ഞങ്ങളെ പിടിച്ചുനിര്‍ത്തി. പക്ഷിനിരീക്ഷണവും എഴുത്തുമായി നടന്ന ബാലേട്ടന്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. എല്ലാവരോടും അവര്‍ സ്നേഹത്തോടെ പെരുമാറി.

ബാലേട്ടന്‍ ബ്രൂക്ക് ബോണ്ടിന്റെ സെയില്‍സ് വിഭാഗത്തില്‍ കുറേക്കാലം ജോലിചെയ്തിരുന്നു. അക്കാലത്ത് കാലുറകളും ഷൂവുമണിഞ്ഞ് ഒരു മനുഷ്യന്‍ തോണിയില്‍ വരുന്നത് ഞങ്ങള്‍ മണല്‍പ്പുറത്തുനിന്ന് കണ്ടു. ആറ്റുത്തുവന്ന് തോണി കരയ്ക്കണഞ്ഞപ്പോള്‍ കണ്ണടയും കൊമ്പന്‍മീശയുമായി ബാലേട്ടന്‍ ‍!

കാലുറകളും ഷൂസും നനയാതിരിക്കാന്‍ രണ്ടുപേര്‍ കൈത്തണ്ടയില്‍ എടുത്തു ബാലേട്ടനെ മണല്‍പ്പുറത്തു നിര്‍ത്തിയതു വളരെ രസമുള്ള ഒരു കാഴ്ചയായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ആര്‍ത്തു ചിരിച്ചു. ബാലേട്ടന്‍ കോപം അഭിനയിച്ചുകാട്ടി ഇംഗ്ലീഷില്‍ എന്തൊക്കയോ പറഞ്ഞു. ഞങ്ങള്‍ അതനുകരിച്ചു. ഞങ്ങള്‍ക്ക് അന്ന് ഇംഗ്ലീഷ് അറിയില്ലായിരുന്നു.-

നടുമുറ്റത്ത് മഴപെയ്യുന്ന ആ വീട് നാലുകെട്ടാണെന്ന് വളരെ വൈകിയാണ് ഞാന്‍ അറിയുന്നത്. അതിനകത്തുള്ള ഇരുട്ടും നേര്‍ത്ത കാലൊച്ചകളും പതുക്കെ നടക്കുന്ന മനുഷ്യജീവികളും എനിക്ക് ആകര്‍ഷകമായി തോന്നി. പുഴവക്കത്തെ ഞങ്ങളുടെ വീട് “കല്ലേക്കളം” ഒരു തെക്കിനിപ്പുരയാണ്. വേനനലില്‍ മണല്‍ ചുട്ടു പഴുത്താല്‍ വെളിച്ചത്തിന്റെ പ്രളയമാണ്. എന്നാല്‍ മേല്‍ത്തട്ടില്‍ മുറികളുടെ മോന്തായത്തില്‍ തനിയെ വളര്‍ന്ന കടന്നല്‍ക്കൂട്‌ ഉണ്ടായിരുന്നു. ഇത് തെക്കേപ്പാട്ട് തറവാട്ടിലില്ലായിരുന്നു. ആ കടന്നലുകള്‍ മൂളിപ്പറന്ന് മേലേമുറിയില്‍ ബഹളമാണ്. നിലവറക്കുണ്ടുകള്‍ പരിശോധിയ്ക്കുന്നതില്‍ സമര്‍ത്ഥനായ എന്നെ അവ ഒരിക്കലും ഉപദ്രവിച്ചില്ല.

അങ്ങിനെയാണ് എം. ടി സഹോദരന്മാരുടേതായി വലിയ ഒരു പുസ്തകശേഖരമുള്ളതു് ഞങ്ങള്‍ കണ്ടെത്തുന്നത്. ഇളംപച്ചനിറമുള്ള ആ ഇരുമ്പുപെട്ടി തുറന്നു ഞങ്ങള്‍ പരിശോധിച്ചു. അതാരും പൂട്ടിയിരുന്നില്ല!! എമിലി ബ്രോന്റിയുടെ ‘വുഥറിങ് ഹൈറ്റ്സ്’, ടോള്‍സ്റ്റോയിയുടെയും മോപ്പസാങിന്റെയും കൃതികള്‍ ‍. അക്കാലത്തെ പ്രമുഖ മലയാളി എഴുത്തുകാരുടെ കൃതികള്‍ ‍. ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക്.. അങ്ങിനെ എത്രയെത്ര കൃതികള്‍ . ഇന്നു വിസ്മൃതനായ ടാറ്റാപുരം സുകുമാരന്റെ വടിവുള്ള കയ്യക്ഷരത്തിലുള്ള ഒരു കത്തും ഞാനോര്‍ക്കുന്നു. പലയിടത്തും ബാലേട്ടന്‍ മനുഷ്യമുഖങ്ങള്‍ വരച്ചിട്ടിരുന്നു. പാറപ്പുറത്തിന്റെ ‘നിണമണിഞ്ഞ കാല്പാടുകളുടെ’ അദ്ധ്യായം അവസാനിക്കുന്നിടത്തു് എ. ടി. ബി. നായരുടെ ചില ചിത്രങ്ങള്‍ അച്ചടിച്ചിരുന്നു.

എം. ഗോവിന്ദന്റെ പത്രാധിപത്യത്തില്‍ മദിരാശിയില്‍ നിന്നിറങ്ങിയിരുന്ന സമീക്ഷയുടെ ചില പ്രതികള്‍ അതിലുണ്ടായിരുന്നു. ജെയിംസ് ജോയ്സ്, മാര്‍സല്‍ പ്രൂസ്റ്റ് തുടങ്ങിയ എഴുത്തുകാരുടെ ബോധധാരാപ്രസ്ഥാനത്തെപ്പറ്റിയുള്ള ഒരു പഠനം അതില്‍ വായിച്ചു. “Last Year in Marianbad” എന്ന സിനിമയെപ്പറ്റിയുള്ള ഒരു ലേഖനവും! വിശന്നു പൊരിയുന്നവനു മുന്നില്‍ ധാരാളം ഭക്ഷണം വന്നു പെട്ടതു പോലെ. പലതും അപ്പോള്‍ വായിക്കാനായില്ല. എന്നാലും നേരിയ തോതിലുള്ള ഈ പുസ്തകപരിചയം പില്‍ക്കാലത്ത് പ്രയോജനമുണ്ടാക്കി.

“Last Year in Marianbad” ഞാന്‍ കാണുന്നത് 1978-ല്‍ പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചായിരുന്നു; ഇരുപതു് വര്‍ഷങ്ങള്‍ക്ക് ശേഷം!

എം. ടിയുടെ ചെറിയമ്മയെ ഞങ്ങളുടെ കുടുംബത്തിലെ ഒരു കാരണവര്‍ അച്ചുമ്മാന്‍ വിവാഹം കഴിച്ചിരുന്നു. അദ്ദേഹം ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. വിലാസിന്യേടത്തിയും രവിയും രണ്ട് മക്കള്‍ ‍. അവരും ഈ നാലുകെട്ടില്‍ വളര്‍ന്നു. എം. ടിയുടെ പല കഥകളിലും പശ്ചാത്തലത്തില്‍ കാല്‍മടമ്പുകള്‍ അമര്‍ത്തിച്ചവിട്ടി ചെറിയമ്മയെക്കാണാം. എം. ടി. രവീന്ദ്രന്‍ വളരെ നല്ല ചെറുകഥകളെഴുതി സമാഹരിച്ചിട്ടുണ്ട്. അഞ്ചുവയസ്സു മുതലുള്ളതാണ് ഞങ്ങളുടെ സുഹൃദ്ബന്ധം. സ്കൂളില്‍ ഞങ്ങള്‍ ഒരേ ക്ലാസ്സിലായിരുന്നു. താന്നിക്കുന്നിന്റെ നെറുകയിലാണ് വിലാസിന്യേടത്തിയുടെ വീട്. രണ്ടാമൂഴം എം. ടി എഴുതിയത് അവിടെയിരുന്നാണു്.

 Achuthan Kudallur

1954-ലാണ് എം. ടിയുടെ “വളര്‍ത്തുമൃഗങ്ങള്‍‍ ” എന്ന ചെറുകഥയ്ക്ക് ലോകമലയാള ചെറുകഥമത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടുന്നത്. ഒരു സന്ധ്യയ്ക്ക് അച്ഛന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പുമായി കയറി വന്ന് റാന്തല്‍ വെളിച്ചത്തില്‍ ഞങ്ങള്‍ക്കത് വായിച്ചു കേള്‍പ്പിച്ചു. എം. ടിയെക്കുറിച്ച് സാമാന്യം വലിയ ഒരു ലേഖനം അതില്‍ അച്ചടിച്ചു വന്നിരുന്നു. ചില ഫോട്ടോഗ്രാഫുകളും. തന്റെ കുടുംബപ്പേര്‍ അച്ചടിച്ചു കണ്ടതില്‍ അച്ഛന് അഭിമാനം തോന്നിയിരിക്കണം. വളര്‍ത്തുമൃഗങ്ങള്‍ ‍അച്ഛന്‍ വായിച്ചിരുന്നില്ല എന്ന് ഉറപ്പാണ്. ഞങ്ങളാരും വായിച്ചിരുന്നില്ല. ആഴ്ചപ്പതിപ്പ് മാറ്റിവെയ്ക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു: “ വാസു മിടുക്കനാ… ഡബിള്‍ പ്രമോഷന്‍ കിട്ട്യേ ആളാ സ്കൂളില്‍…”
തന്റെ മകന്‍ ‍, ഞാന്‍ മിടുക്കനല്ല എന്ന ഒരു ദുസ്സൂചന അതിലുണ്ടായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി.

എനിയ്ക്ക് ഓര്‍മ്മ വെയ്ക്കുമ്പോള്‍ ആ തറവാട്ടിലെ മൂന്നു മുത്തശ്ശിമാരും ജീവനോടെ കൂടല്ലൂരില്‍ നിറഞ്ഞു നിന്നു. വെണ്‍ചാമരം പോലെ വെളുത്തമുടിയുള്ള ഈ മൂന്നുപേരും സഹോദരിമാരായിരുന്നു. എം. ടിയുടെ നേര്‍മുത്തശ്ശി നാരായണിയമ്മ തെക്കേപ്പാട്ട് നടപ്പുരയിരുന്നു. നാട്ടുവര്‍ത്തമാനങ്ങള്‍ കേട്ടു. “കാക്കമാമ” എന്ന് ഞങ്ങള്‍ വിളിക്കുന്ന ‘കൂര്‍ത്തവളപ്പിലെ കുട്ടേട്ടനും’ സര്‍പ്പദൃഷ്ടിയുള്ള ചെറോണമ്മയും എല്ലാം ആ സദസ്സിലെ വിസ്മയങ്ങള്‍ തെക്കേപ്പാട്ടു നിന്നും കല്ലേക്കുളത്തിലെത്തിച്ചു. അക്കാലത്തു ഞങ്ങളുടെ വീട്ടില്‍ വര്‍ത്തമാനപത്രങ്ങളുടെ ആവശ്യമില്ലായിരുന്നു. അവരുടെ മൂത്ത സഹോദരി കുന്നിന്റെ ഒരു മടക്കില്‍ ചോലകള്‍ ഒഴുകിവീഴുന്നിടത്ത് ‘ചോലയില്‍ ‍’ എന്ന വീട്ടില്‍ താമസിച്ചു. ഇവര്‍ക്ക് സംസാരിക്കുമ്പോള്‍ വിറയലുണ്ടായിരുന്നു. തല നിയന്ത്രണാതീതമായി ആട്ടുമായിരുന്നു. മൂര്‍ദ്ധാവില്‍ നീരിറങ്ങാതിരിയ്ക്കാന്‍ രാസ്നാദിപ്പൊടി തിരുമ്മി മുടി ചെമ്പിച്ചിരുന്നു. അവര്‍ എപ്പോഴും മൂടിപ്പുതച്ച് ഒരു മൂലയില്‍ ഇരിക്കുന്നതായി മാത്രമേ എനിക്കോര്‍മ്മയുള്ളൂ.

ഈ മുത്തശ്ശിമാര്‍ക്കെല്ലാം കാതിന് തോളറ്റം വരെ വരുന്ന നീണ്ട വള്ളികളുണ്ടായിരുന്നു. അവര്‍ സംസാരിക്കുമ്പോള്‍ ഈ വള്ളികള്‍ ഉളകിയാടി. ഈ വലിയ സുഷിരങ്ങളില്‍ ഒരു കാലത്ത് സ്വര്‍ണ്ണത്തോടകള്‍ തൂങ്ങി ആടിയിരുന്നു. ഇവര്‍ ഒരു കാലത്ത് സുന്ദരിമാരായിരുന്നിരിക്കണം. ഒരാകര്‍ഷണവലയം ഇവരെ ചുറ്റി നിലകൊണ്ടിരിയ്ക്കാമെന്ന് എനിയ്ക്ക് വിശ്വസിക്കാനായിട്ടില്ല. സഹോദരന്മാര്‍ ഉരുക്കിത്തൂ‍ക്കിവിറ്റ് എന്നെന്നേയ്ക്കുമായി നഷ്ടമായ സ്വര്‍ണ്ണത്തോടയുടെയും പൊന്‍‌കാപ്പിന്റെയും കഥ എന്റെ മുത്തശ്ശിയും പറയുമായിരുന്നു.

നായര്‍ സമുദായത്തിലെ മരുമക്കത്തായ വ്യവസ്ഥയിലെ ദാരിദ്ര്യത്തിന്റെയും അലസതയുടെയും സ്മാരകങ്ങളായിരുന്നു തോളറ്റം വരെ ഞാന്നു കിടന്ന ഈ കാതുകള്‍ ‍. മുത്തശ്ശിമാര്‍ ഇനിയൊരിക്കലും ആര്‍ക്ക് വേണ്ടിയും ചമഞ്ഞൊരുങ്ങേണ്ടതില്ലല്ലോ-

ചോലയിലെ മുത്തശ്ശിയുടെ മകനായിരുന്നു കോന്തുണ്യേട്ടന്‍ – പകിട കളിക്കാരനായ കോന്തുണ്യേട്ടന് വേറെ സഹോദരന്മാരുണ്ടായിരുന്നു. രാവുണ്ണിനായര്‍ “കാട്ടിപ്പരുത്തി’യില്‍ ജീവിച്ചു. മാധവന്‍നായര്‍ സിലോണില്‍ പോയി ഒരിക്കലും തിരിച്ചു വന്നില്ല. ഏറ്റവും മൂത്ത ഗോവിന്ദമ്മാന്‍ കാല്‍നടയായി കാശിയാത്ര നടത്തി വിഖ്യാതനായിരുന്നു. അദ്ദേഹം ഒരിക്കല്‍ ജപിച്ച് ഊതി എന്റെ ഒരു തലവേദന മാറ്റിത്തന്നിട്ടുണ്ട്. പകിടകളിക്കാ‍രനായ കോന്തുണ്യേട്ടനെ ഞാന്‍ കണ്ടിട്ടില്ല. സെയ്താലിക്കുട്ടി വിഷം കൊടുത്ത കഥ പറഞ്ഞു കേട്ടിരുന്നു. സെയ്താലിക്കുട്ടിയെയും ഞാന്‍ കണ്ടിട്ടില്ല. കോന്തുണ്യേട്ടന് അപ്പുണ്ണി എന്ന മകനില്ല. മൂന്നു പെണ്‍ മക്കളേയുള്ളൂ. അവരെല്ലാം സുഖമായി ജീവിക്കുന്നു. തങ്ങള്‍ക്കിടയില്‍ പിറക്കേണ്ടിയിരുന്ന അപ്പുണ്ണിയെപ്പറ്റി അവര്‍ ആകുലതയൊന്നും അവകാശപ്പെട്ടില്ല എന്ന് എനിയ്ക്ക് തോന്നുന്നു.

ഇപ്പോള്‍ ‍, പ്രതിപുരുഷന്മാരെത്തേടിയുള്ള യാത്രയില്‍ ആ വയല്‍വരമ്പിലൂടെ പഥികര്‍ ചെന്നെത്തുന്നത് കുന്നിന്‍ ചെരുവിലുള്ള നാലുകെട്ടിന്റെ ഓര്‍മ്മയിലാണ്.

നാലുകെട്ടിലെ അപ്പുണ്ണി എം. ടിയുടെ ഭാവനാസൃഷ്ടിയാണ്. എന്നാല്‍ പ്രതികാരവാഞ്ഛയോടെ നഷ്ടപ്പെട്ടെന്നു താന്‍ കരുതിയതെല്ലാം തിരിച്ചുപിടിയ്ക്കാന്‍ ശ്രമിക്കുന്ന എം ടിയുടെ ഒരംശം അപ്പുണ്ണിയിലുണ്ട്. ഒരു മന്ത്രവാദി ദുര്‍ദ്ദേവതകളെ തളയ്ക്കാന്‍ ഉപയോഗിക്കുന്ന മരപ്പാവയെപ്പോലെ തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ അപ്പുണ്ണിയെ സൃഷ്ടിയ്ക്കേണ്ടത് എംടിയുടെ ഒരാവശ്യമായിരുന്നു, ജൈവപരമായ ഒരാവശ്യം.

കാലം സെയ്താലിക്കുട്ടിയിലും അപ്പുണ്ണിയിലും മാറ്റങ്ങള്‍ വരുത്തുന്നു. ആ പ്രതികാരത്തിലേക്ക് ആര്‍ദ്രതയുടെ ഉറവകള്‍ ഒഴുകിയെത്തുന്നു. ഇന്നു നാലുകെട്ടില്ല. “കുരുതിപ്പറമ്പു” പുഴയെടുത്തു പോയി. ഭഗവതി ഇരിക്കുന്ന മച്ച് നിലനിര്‍ത്തി പുതിയ വീട് നില്ക്കുന്നു. സര്‍പ്പക്കളത്തില്‍ ഉറഞ്ഞുതുള്ളി കളംമായ്ക്കുന്ന കന്യകമാരുടെ കിതപ്പും ഇടിയറയുടെ ശബ്ദവും കൂടല്ലൂരില്‍ നിന്നു തന്നെ അപ്രത്യക്ഷമായി.

കൃത്രിമമായി നാടകീയമുഹൂര്‍ത്തങ്ങള്‍ ഒരുക്കാതെ ഉദാത്തമായ ആഖ്യാനത്തിലൂടെ ഈ മനുഷ്യരെ സൃഷ്ടിക്കുമ്പോള്‍ എം.ടിയ്ക്ക് ഏതാണ്ട് ഇരുപത്തിമൂന്നു വയസ്സിലേറെ ആയിക്കാണില്ല. ഇതോര്‍ത്ത് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *