എം.ടി എന്ന എഡിറ്റര്‍
മാതൃഭൂമിയിലേക്കുള്ള രണ്ടാം വരവിലാണ് എം.ടി. വാസുദേവന്‍ നായര്‍ എന്‍െറ എഡിറ്ററാകുന്നത്. കാരണം, ഒന്നാമൂഴത്തില്‍ അദ്ദേഹത്തിന്‍െറ കൈകളിലൂടെ എന്‍െറ രചനകളൊന്നും കടന്നു പോയിട്ടില്ല. കെ.സി. നാരായണന്‍ പത്രാധിപക്കസേരയില്‍ ഇരുന്ന പുതുക്കത്തിലായിരുന്നു കന്നിക്കഥയുടെ പ്രത്യക്ഷപ്പെടല്‍.
ആരാണ് ഈ രാമനുണ്ണി എന്ന് എം.ടി ചോദിക്കുന്നു എന്ന് പില്‍ക്കാലത്ത്, കുറച്ച് കഥകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം ഒരു ദിവസം ശത്രുഘ്നന്‍ എന്നോട് പറഞ്ഞു. ഞെട്ടലിന്‍െറയും അമ്പരപ്പിന്‍െറയും ജാള്യമായ ആത്മസംശയത്തിന്‍െറയും സന്ദര്‍ഭമായിരുന്നു എനിക്കത്. കഥകള്‍ എഴുതി ആഴ്ചപ്പതിപ്പിലേക്ക് അയക്കും, അതിന്‍െറ വിധിയറിയാന്‍ ശത്രുഘ്നനെ വിളിച്ചുചോദിക്കും എന്നല്ലാതെ ഇതെല്ലാം എം.ടി ശ്രദ്ധിക്കുന്നുണ്ടെന്ന ബോധം അതുവരെ ഉണ്ടായിരുന്നില്ല.
അതോടെ, ഞാന്‍ എഴുതിവിടുന്ന സാധനങ്ങളെല്ലാം എം.ടിക്ക് ബോധിക്കുന്നുണ്ടാവുമോ ആവോ എന്നൊരു ബേജാറ് മനസ്സില്‍ കടന്നുകൂടി. ചെറുപ്പത്തിന്‍െറ പ്രാന്തുകള്‍ പെട്ടെന്ന് കഥയാക്കിപ്പടച്ച് ആഴ്ചപ്പതിപ്പിലേക്ക് അയക്കുന്നതിന് മുമ്പ് അല്‍പം ആലോചനയും ധ്യാനവും പരിശീലിച്ചു.
കാലം മുന്നോട്ടു നീങ്ങി,‘ ശവസംസ്കാരം’, ‘ദാമ്പത്യചിന്താദശകം’, ‘യൂണിയന്‍ കാര്‍ബൈഡ്’, ‘കളിത്തരങ്ങള്‍’, ‘വിധാതാവിന്‍െറ ചിരി’ എന്നിങ്ങനെ കഥകളുടെ എണ്ണം പന്ത്രണ്ടോടടുത്തു. നാട്ടുനടപ്പനുസരിച്ച് ഒരു സമാഹാരം പുറത്തിറക്കണ്ടേയെന്ന് സുഹൃത്തുക്കള്‍ ചോദിച്ചു. എഴുതിയ കഥകളെല്ലാം പെറുക്കിക്കൂട്ടി എന്‍.ബി.എസിന് സമര്‍പ്പിച്ചു. വിതരണാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ചെലവിലേക്ക് നാലായിരത്തി അഞ്ഞൂറു രൂപ ശമ്പളത്തില്‍നിന്ന് മിച്ചംപിടിച്ച് മോപ്പസാങ് വാലത്തിന് അയച്ചുകൊടുത്തു. എം. അച്യുതന്‍ മാഷെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെയും ശരണംപ്രാപിച്ച് അവതാരികയും കവര്‍ചിത്രവും സംഘടിപ്പിച്ചു. പുസ്തകം അച്ചടിച്ച് തയാറായതും പിന്നീടുള്ള കടമ്പ പ്രകാശനച്ചടങ്ങെന്ന താലിമംഗലമായിരുന്നു.
ഇഷ്ടംകൊണ്ടായാലും അനിഷ്ടംകൊണ്ടായാലും ആരാണീ രാമനുണ്ണി എന്നു ചോദിച്ച എം.ടി എന്നെ ശ്രദ്ധിച്ചിരിക്കുമല്ലോ എന്ന ധൈര്യത്തില്‍ അദ്ദേഹത്തെതന്നെ പ്രകാശകനായി ക്ഷണിക്കാനാണ് ഞാന്‍ തീരുമാനിച്ചത്.
പണിത്തിരക്കുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍െറ ഓഫിസ് വിങ്ങുന്ന ദിവസമായിരുന്നു അത്. ഞാന്‍ കയറിച്ചെന്നതും ഒരു കൂമ്പാരം കൈയെഴുത്തുപ്രതികള്‍ക്കും പത്രമാധ്യമങ്ങള്‍ക്കും ഇടയിലിരുന്ന് എം.ടി. വാസുദേവന്‍ നായര്‍ വായിക്കുന്നു. മുഖമൊന്ന് ഉയര്‍ത്തിക്കിട്ടാനുള്ള സമയം ടക് , ടക് , ടക് വലിഞ്ഞുമുറുകിയതും പ്രകാശനത്തിനൊന്നും ഒഴിവില്ലെന്ന മുഖത്തടികിട്ടിയിട്ടെങ്കിലും പെട്ടെന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന് ഞാന്‍ വെമ്പി.
ഒടുവില്‍, എം.ടിക്കണ്ണുകള്‍ പൊങ്ങിക്കിട്ടിയ തക്കത്തില്‍ എന്‍െറ ആദ്യ കഥാസമാഹാരം അങ്ങ് പ്രകാശനംചെയ്യണമെന്ന് മോഹമുണ്ടെന്നും ഏറ്റുവാങ്ങുന്നത് ഡോക്ടര്‍ പി.എം. മാത്യു വെല്ലൂരായിരിക്കുമെന്നുമുള്ള വാക്കുകള്‍ എന്നില്‍നിന്ന് പുറത്തു ചാടി.
‘‘എന്താ, പി.എം. മാത്യു?’’
ആഞ്ഞുവലിച്ചുവിട്ട ബീഡിപ്പുകയിലൂടെ ചോദ്യം പുറത്തുവന്നു.
ഒരു ചെറുപ്പക്കാരന്‍ പൊതുവെ ഗുപ്തമാക്കാന്‍ ആഗ്രഹിക്കുന്ന സ്വന്തം പ്രാന്ത്പിടിക്കേസും അതില്‍നിന്ന് ഡോക്ടര്‍ പി.എം. മാത്യു എന്നെ രക്ഷിച്ചതുമെല്ലാം ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു തീര്‍ത്തു.
എം.ടിയുടെ ബീഡിവലി നിന്നു. കുറ്റി ആഷ്ട്രേയില്‍ അമര്‍ന്നു. കണ്ണുകളില്‍ വിസ്മയം വിടര്‍ന്നു. മുന്നിലിരിക്കുന്ന എല്ലന്‍കോലന്‍െറ മേശക്കുമുകളിലുള്ള ഭാഗം അടിമുതല്‍ മുടിവരെ അദ്ദേഹം നോക്കി.
ആ നോട്ടത്തില്‍ അദ്ഭുതകരമാംവണ്ണം ഞാനൊരു കഥയുടെ കൈയെഴുത്തുപ്രതിയായി രൂപംമാറുകയായിരുന്നു. അമര്‍ത്തി മറിക്കുന്ന എം.ടിയുടെ വിരലുകളില്‍ എന്നിലെ പേജുകള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരുന്നു. ചിലപ്പോള്‍ അദ്ദേഹമൊന്ന് ഊന്നിവായിക്കും. മറ്റ് ചിലപ്പോള്‍ ഓടിച്ചങ്ങനെ പോകും. അപൂര്‍വമായി പിന്നോട്ട് മടങ്ങിവരും. എത്ര അപ്രഗല്ഭമായി എഴുതപ്പെട്ടതായാലും ഒരു രചനയില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഗുണം-അതായത് ആര്‍ജവം മുന്നിലുള്ള ചെറുപ്പക്കാരനില്‍ കണ്ടെത്തി രേഖപ്പെടുത്തുകയായിരുന്നു അപ്പോള്‍ എം.ടിയെന്നു തോന്നി.
പിന്നീട് അദ്ദേഹത്തിന്‍െറ പത്രാധിപത്യത്തില്‍ എന്‍െറ ധാരാളം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കൈകൊണ്ടുതന്നെ ‘ചരമവാര്‍ഷികം’ എന്ന രണ്ടാമത്തെ നോവല്‍ വെളിച്ചംകണ്ടിട്ടുണ്ട്. ‘സൂഫി പറഞ്ഞ കഥ’യെക്കൂടി നല്ലതു പറഞ്ഞുകൊണ്ട് ‘ചരമവാര്‍ഷിക’ത്തിന് അവതാരിക എഴുതിത്തന്നിട്ടുണ്ട്. സ്റ്റേറ്റ്ബാങ്കില്‍നിന്ന് മുന്‍കൂര്‍ വിരമിച്ചപ്പോള്‍ തുഞ്ചന്‍പറമ്പിലെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിട്ടുണ്ട്. എന്നാല്‍, കൃതികളെ തെരഞ്ഞെടുത്തപ്പോഴും ആളെ തെരഞ്ഞെടുത്തപ്പോഴും ആദ്യ പുസ്തകപ്രകാശനത്തിന് ക്ഷണിക്കാന്‍ ചെന്നപ്പോള്‍ കണ്ടെടുത്തു എന്ന് ഞാന്‍ വിശ്വസിക്കുന്ന ആ ഗുണംതന്നെയായിരിക്കും (ചിലപ്പോള്‍ അത് മാത്രമായിരിക്കും) എം.ടിക്ക് എന്നെ സ്വീകാര്യനാക്കിയിട്ടുള്ളത്.
കാര്യമാത്രപ്രസക്തമായ, പ്രോത്സാഹനപരമായ പ്രസംഗത്തോടെ എം.ടി ‘വിധാതാവിന്‍െറ ചിരി’ എന്ന എന്‍െറ ആദ്യകഥാസമാഹാരം പ്രകാശനംചെയ്തു. ഡോക്ടര്‍ പി.എം. മാത്യു വെല്ലൂര്‍ അത് ഏറ്റുവാങ്ങി. ചടങ്ങ് സാമാന്യം ഭംഗിയായി കോഴിക്കോട് അളകാപുരിയില്‍ കഴിഞ്ഞു. പുസ്തകപ്രകാശകന്‍ എന്ന ബന്ധം സ്ഥാപിച്ചിട്ടും തുടര്‍ന്നുള്ള മാസങ്ങളില്‍ എം.ടിയുമായി കൂടുതല്‍ വര്‍ത്തമാനത്തിനോ അടുപ്പത്തിനോ ഞാന്‍ നിന്നില്ല. വല്ല പരിപാടികളിലും കണ്ടുമുട്ടുമ്പോള്‍ സമീപത്തുകൂടെ ഒന്നു സഞ്ചരിക്കും, നല്ല സൗകര്യമുണ്ടെങ്കില്‍ ചിരിക്കാന്‍ ശ്രമിക്കും. അത്രതന്നെ.
ലോഗ്യക്കാരന്‍, സ്വന്തക്കാരന്‍, സഹായി എന്നീ കാറ്റഗറിയിലേക്കൊന്നുമല്ല, ഏറ്റവും കുറഞ്ഞ ഉപദ്രവി എന്ന കാറ്റഗറിയിലേക്കാണ് എം.ടിക്കറിയുന്ന എഴുത്തുകാര്‍ക്കിടയില്‍ ഞാന്‍ മത്സരിക്കാന്‍ ശ്രമിച്ചത്. കാരണം ഹ,ഹ,ഹ, എം.ടി, എന്തൊക്യാ വര്‍ത്തമാനം, വാസ്വോട്ടാ വാസ്വോട്ടാ, എടുക്കണോ, കൊടുക്കണോ, പിടിക്കണോ തുടങ്ങിയ നിരന്തര ശല്യങ്ങള്‍ അന്തര്‍മുഖനായ ആ മനുഷ്യനെ എത്രത്തോളം വലയ്ക്കുന്നുണ്ടെന്ന കാര്യം കോഴിക്കോടിന്‍െറ അന്തരീക്ഷത്തില്‍നിന്ന് ഞാന്‍ പിടിച്ചെടുത്തിരുന്നു. അതിനാല്‍, എം.ടിയുടെ പൊന്നാനിത്തട്ടകത്തില്‍തന്നെയാണ് എന്‍െറ വീടെന്ന് ശത്രുഘ്നന്‍ വിവരം നല്‍കിയിരുന്നെങ്കിലും കൂടല്ലൂര്‍ കിസ പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ ബോറടിപ്പിക്കാന്‍ ചെന്നില്ല. ലോകത്തുള്ള സകല നായര്‍-മേനോന്‍ വര്‍ഗങ്ങള്‍ക്കിടയിലും മൂത്രം പാത്തിയ ബന്ധം കാണുമെന്ന് ഉറപ്പുണ്ടെങ്കിലും മാടത്ത് തെക്കെപ്പാട്ടും കരുമത്തില്‍ പുത്തന്‍ വീടും തമ്മിലുള്ള ചാര്‍ച്ചകളുടെ ഗവേഷണം ആരംഭിച്ചില്ല. എന്തിന്, പ്രസിദ്ധീകരിച്ച് വരുന്ന എന്‍െറ കഥകളെക്കുറിച്ച് എം.ടിയോട് അഭിപ്രായം ചോദിക്കാന്‍പോലും മാതൃഭൂമിയിലേക്ക് കയറിച്ചെന്നില്ല.
പക്ഷേ, ‘സൂഫി പറഞ്ഞ കഥ’ക്കുശേഷം ‘ചരമവാര്‍ഷികം’ എന്ന നോവലിന്‍െറ ആദ്യകരട് എഴുതിയതും ഈ നിലപാട് തുടരാന്‍ എനിക്ക് പ്രയാസമായി. പ്രമേയത്തിലും ഘടനയിലും തീര്‍ത്തും വ്യത്യസ്തമായൊരു സമീപനമായിരുന്നു ‘ചരമവാര്‍ഷിക’ത്തില്‍ ഞാന്‍ സ്വീകരിച്ചിരുന്നത്. അത് ഏശിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ എത്ര ആലോചിച്ചിട്ടും എം.ടിയെപ്പോലൊരു പരിശോധകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടും കല്‍പിച്ച് നോവലിന്‍െറ കൈയെഴുത്തുപ്രതിയുമായി ഞാന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. പുതിയ നോവലിന്‍െറ കരടാണിതെന്ന് ബോധിപ്പിച്ച് ഉപദേശനിര്‍ദേശങ്ങള്‍ക്ക് ആവശ്യപ്പെട്ട് ഞൊടിയിടകൊണ്ട് ഇറങ്ങിപ്പോന്നു.
വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ചെയ്തുപോയ കാര്യത്തിന്‍െറ കെണിച്ചില്‍ തിരിച്ചറിഞ്ഞത്. ആദ്യപകര്‍പ്പാണെങ്കിലും നോവലില്‍ ആവേശകരമായ ഒന്നും എം.ടി കണ്ടെത്തിയില്ലെങ്കിലോ? മാത്രമല്ല, സംഭവം മോശമായി എന്നുകൂടി തോന്നിയെങ്കിലോ? ഏറ്റവും കുറഞ്ഞ ഉപദ്രവി എന്ന പ്രതിച്ഛായ പൊട്ട നോവല്‍ വായിപ്പിക്കുന്ന മഹാദ്രോഹി എന്നാക്കി ഞാന്‍തന്നെ എം.ടിക്ക് മുന്നില്‍ മാറ്റിസ്ഥാപിച്ചോ? ങ്ഹാ, എല്ലാം നശിച്ചു, എല്ലാം നശിപ്പിച്ചു എന്ന ചിന്തതന്നെയാണ് മനസ്സില്‍ നിരന്തരം കാളിയത്.
കൊട്ടാരം റോഡ്, കെ.പി. കേശവമേനോന്‍ റോഡ്, എം.ടി എത്താവുന്ന പൊതുപരിപാടികള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം ചിപ്പിമാറേണ്ട ഗതികേട് അതോടെ എനിക്കുണ്ടായി. നോവല്‍ കൊടുപ്പിനുശേഷവും മാതൃഭൂമിയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു വന്നതിനാല്‍ കഥാവിലക്കിലേക്കൊന്നും കാര്യങ്ങള്‍ നീങ്ങിയിട്ടില്ലെന്ന് സമാധാനമായി. എന്താ എം.ടി പറയുന്ന്, സുഖംതന്നെയല്ലേ എന്നെല്ലാം ഇടക്ക് ശത്രുഘ്നനോട് തിരക്കിയെങ്കിലും ഞാന്‍ ഭയപ്പെട്ട ബോംബ് ഭാഗ്യത്തിന് പൊട്ടിയില്ല.
പക്ഷേ, പ്രശ്നത്തെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞും മാറിയും രക്ഷപ്പെടാവുന്ന അവസ്ഥ ഇക്കാര്യത്തില്‍ എനിക്ക് ഇല്ലായിരുന്നു. രണ്ടാം നോവലിന്‍െറ ആകക്കൂടിയുള്ള കൈയെഴുത്തുപ്രതിയായിരുന്നു ഞാന്‍ എം.ടിക്ക് കൈമാറിയിരുന്നത്. ആകാശം ഇടിഞ്ഞുപൊളിഞ്ഞുവീണാലും താന്‍ എഴുതിയുണ്ടാക്കിയ ഇരുനൂറോളം പേജ് അക്ഷരക്കുഞ്ഞുങ്ങളെ ഒരു എഴുത്തുകാരനും കുരുതികൊടുക്കില്ലല്ലോ. വിധിപോലെ വരുമെന്ന ഒരേയൊരു വിശ്വാസബലത്തില്‍ ഞാന്‍ വീണ്ടും കെ.പി. കേശവമേനോന്‍ റോഡിലെ മാതൃഭൂമി ഓഫിസിലെ ഗൗരവമുറി തള്ളിത്തുറന്നു. എ.സിത്തണുപ്പില്‍, ബീഡിപ്പുകയില്‍, വായനയില്‍നിന്ന് വളഞ്ഞു കുത്തി എണീക്കുന്ന എം.ടിയുടെ ദൃഷ്ടിക്കു മുന്നില്‍ ചന്തിയമരാതെ ഇരുന്നു.
‘‘അന്ന് തന്നിരുന്ന നോവല്‍ വായിച്ചോ? എന്തോ ഒരു ഇതിന് എഴുതിപ്പോയതാണ്. തീരെ നന്നായിട്ടുണ്ടാവില്ല , അല്ലേ?’’
സ്വയം ശകാരിച്ചിട്ടെങ്കിലും അദ്ദേഹത്തില്‍നിന്നു വരുന്ന കഠിന വിമര്‍ശത്തിന്‍െറ ശക്തി കുറക്കാനായി ഞാന്‍ ചാടിപ്പറഞ്ഞു.
‘‘അല്ലല്ല, അതില്‍ പുതുമയുള്ള നല്ലൊരു ത്രഡുണ്ട്.’’
പെറുക്കിവെച്ചു പെറുക്കിവെച്ച് എം.ടി വാക്കുകള്‍ പൂര്‍ത്തീകരിച്ചു. പിന്നീട് ചെറിയൊരു അരച്ചിരിയും.
പൊടുന്നനെ ബീഡിപ്പുകയുടെ വാട സൗഗന്ധികപ്പൂ ഗന്ധമായി അനുഭവപ്പെട്ടു എന്നതാണ് എനിക്കുണ്ടായ ആദ്യമാറ്റം. തുടര്‍ന്ന് ഉള്ളകംനിറഞ്ഞ ആഹ്ളാദം വിറയലും വിയര്‍പ്പും ശബ്ദം പൊന്തായ്കയും ഷഡ്ഡിയില്‍ കിനിഞ്ഞ ശിങ്കിരിവെള്ളവുമായി വെളിപ്പെട്ടുകൊണ്ടിരുന്നു.
‘‘അപ്പോള്‍ ഉപേക്ഷിക്കാതെ ഇതില്‍ പണിയെടുക്കാമല്ലേ?!’’
തൊണ്ട ഉലര്‍ന്നുകിട്ടിയപ്പോള്‍ ഞാന്‍ മെല്ലെ ചോദിച്ചു.
‘‘ഉം’’,
എം.ടി മൂളി.
ഇനിയും ആ വാക്കുകള്‍ ദുര്‍വ്യയപ്പെടാന്‍ അനുവദിക്കാതെ നോവലിന്‍െറ കൈയെഴുത്തുപ്രതിയും വാങ്ങി മുറിയില്‍നിന്ന് ഞാന്‍ പുറത്തുചാടി. എന്താ രാമനുണ്ണി ആകെ വിയര്‍ത്തുകുളിച്ചിരിക്കുന്നത് എന്ന ശത്രുഘ്നന്‍െറ ചോദ്യത്തിന് ഒളിസേവക്ക് ശേഷം ആള് കണ്ടവനെപ്പോലെ നാണിച്ചു ചുകന്നു.
പടച്ചോന്‍ വിചാരിച്ചാലും നീ നന്നാവില്ലേ പണ്ടാറക്കാലാ എന്ന് അയീക്കാരന്‍ മൊയ്തീന്‍ക്ക കുണ്ടന്മാരോട് ചാടിയിരുന്നത് വാസുദേവന്‍ നായര് വിചാരിച്ചാലും നീ നന്നാവില്ലേ പണ്ടാറക്കാലാ എന്ന് സ്വയം പരിഷ്കരിച്ച് ശാസിച്ചായിരുന്നു വീട്ടിലേക്കുള്ള എന്‍െറ മടക്കം. നോവലിന്‍െറ ശരിയാക്കിയെടുക്കലും പകര്‍ത്തിയെഴുതലും ജീവനുണ്ടെങ്കില്‍ ഇനിയും വെച്ചുവൈകിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. വരുന്ന വഴിക്കുതന്നെ രണ്ടു ക്വയര്‍ മാപ്ലത്തോ പേപ്പറും ബ്രില്‍ ഇങ്കിന്‍െറ ഒരു ബോട്ടലും വാങ്ങി വണ്ടിയിലിട്ടു. അടുത്ത തിങ്കളാഴ്ച മുതല്‍ മൂന്നാഴ്ചത്തെ പ്രിവിലേജ് ലീവിന് ബാങ്കില്‍ എഴുതിക്കൊടുത്തു. കാജാ ബീഡിയില്‍നിന്നുള്ള സൗഗന്ധികപുഷ്പസുഗന്ധം സദാ സ്മരണയില്‍ നിറഞ്ഞതുകൊണ്ടായിരിക്കാം ‘ചരമവാര്‍ഷിക’ത്തിനകത്തെ നവീകരണ കലശങ്ങള്‍ ശ്ശഡുങ്ങനെ മുന്നോട്ടു നീങ്ങി.
ലീവ് തീരുന്നതിന്‍െറ തലേദിവസം നോവലിന്‍െറ അവസാനത്തെ അധ്യായത്തിലെ ഒടുക്കത്തെ വാചകവും പൂര്‍ത്തീകരിച്ച് ഞാന്‍ ആവിവിടുമ്പോഴുണ്ട് അടുത്ത വീട്ടില്‍നിന്ന് വിളിതെളി.
അയല്‍ക്കാരനായ ബാങ്ക് ഓഫിസര്‍ വീടുപൂട്ടി പുറത്തിറങ്ങുമ്പോള്‍ ഫോണടി കേട്ട് തിരിച്ചുചെന്ന് എനിക്കുള്ള കാളാണെന്നറിഞ്ഞ് ഒച്ചവെക്കുന്നതായിരുന്നു അത്. ഓടിയെത്തി ഞാന്‍ ഫോണെടുത്തപ്പോള്‍ മറുതലക്കല്‍ ശത്രുഘ്നന്‍.
‘‘നാലു ദിവസമായി ഞാന്‍ ഉണ്ണിയെ കിട്ടാന്‍ കളിക്കുന്നു. എം.ടി ചോദിക്കുന്നുണ്ട്, രാമനുണ്ണി ഒരു നോവല്‍ ശരിയാക്കാന്‍ കൊണ്ടുപോയത് തിരിച്ചെത്തിച്ചില്ലേയെന്ന്. ഉടന്‍ എത്തിക്കൂ.’’
‘‘ഇപ്പൊ എത്തിക്കാം.’’
ഫോണ്‍ വെച്ച ഞാന്‍ പണി കഴിഞ്ഞ ‘ചരമവാര്‍ഷിക’വുമായി ചുടുക്കനെ മാതൃഭൂമിയിലേക്ക് പറന്നു.
‘‘എം.ടി നാളെ മുതല്‍ കുറച്ചുദിവസം യാത്രയിലാണ്. ഇപ്പോള്‍ തന്നെ ഞാനിത് മേശപ്പുറത്തുവെക്കാം’’,
കൈയെഴുത്തുപ്രതി ഏറ്റുവാങ്ങി സീറ്റില്‍നിന്ന് പൊങ്ങുമ്പോള്‍ ശത്രുഘ്നന്‍ എന്നോടു പറഞ്ഞു.
അടുത്ത ലക്കം മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ചരമവാര്‍ഷികം’ എന്ന കൃതി ഖണ്ഡശ$ പ്രസിദ്ധീകരിക്കാന്‍ ആരംഭിക്കുകയായിരുന്നു. ആധുനികാനന്തരനായ ഒരു കഥാകൃത്തിന്‍െറ ആഴ്ചപ്പതിപ്പില്‍ വരുന്ന ആദ്യത്തെ നോവല്‍ സാന്നിധ്യം. അതിനുള്ള ചിറ്റെഴുതി ‘ചരമവാര്‍ഷിക’ത്തിന്‍െറ കൈയെഴുത്തുപ്രതിയില്‍ തിരുകിവെച്ചാണത്രെ എം.ടി പിറ്റേന്ന് ഓഫിസ് വിട്ടത്.
ശത്രുഘ്നന്‍െറ വിളി വന്നപ്പോഴേക്ക് നോവലിന്‍െറ പണി ഞാന്‍ പൂര്‍ണമായി തീര്‍ത്തിരുന്നില്ലെങ്കിലോ? വീട് പൂട്ടി പുറത്തിറങ്ങിയ അയല്‍ക്കാരന്‍ ആ ഫോണടി കേട്ട് തിരിച്ചുവന്നിരുന്നില്ലെങ്കിലോ?
ആരുടെ അനുഗ്രഹാശിസ്സുകള്‍കൊണ്ടാണ് ദാമുവിന്‍െറയും ഇസ്മയിലിന്‍െറയും കഥ ചമയ്ക്കുന്ന ‘ചരമവാര്‍ഷികം’ എത്തേണ്ടിടത്ത് എത്തേണ്ടപ്പോള്‍ എത്തി കൃത്യമായി വെളിച്ചം കണ്ടത്?
കൊടുങ്ങല്ലൂരമ്മേ, മമ്പുറത്തെ തങ്ങളേ, പട്ടാറമ്പില്‍ ദാമോദരന്‍ നായരേ, പത്തോടി അബ്ദുള്ളാജിയേ, നന്ദി!
മാതൃഭൂമിയിലെ ഖണ്ഡശ$ കഴിഞ്ഞ് ആ രണ്ടാം നോവല്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കാന്‍ എടുത്തപ്പോള്‍ അതിന് എം.ടിയോട് അവതാരിക ചോദിക്കാനുള്ള അന്തക്കേട് ഏതോ ഗൂഢശക്തി എന്നില്‍ ഉണ്ടാക്കി. ആഴ്ചപ്പതിപ്പിന്‍െറ എഡിറ്റേഴ്സ് റൂമില്‍ കടന്നപ്പോഴേക്കും ചെയ്യാന്‍പോകുന്ന സാഹസത്തെക്കുറിച്ച് ബോധം തെളിഞ്ഞെങ്കിലും സംഗതി പറയാതിരിക്കാന്‍ പറ്റാത്ത അവസ്ഥയിലുമെത്തി.
‘‘വലിയൊരു അവതാരികയോ പഠനമോ ഒന്നും നിരൂപകരെപ്പോലെ ഞാന്‍ എഴുതില്ല. രണ്ടോ മൂന്നോ പേജു വരുന്ന ഒരു പ്രവേശകംതരാം. രണ്ടാഴ്ച കഴിഞ്ഞ് വന്നോളൂ.’’
‘‘അദ്ഭുതകരമാംവണ്ണം എം.ടി സമ്മതിച്ചു. അങ്ങനെ ജീവിതത്തിന്‍െറ ആഘോഷം നഷ്ടപ്പെട്ട നമ്മുടെ നിത്യദുരന്തത്തിന്‍െറ തിരിച്ചറിവാണ് ‘ചരമവാര്‍ഷിക’മെന്ന് പ്രവേശകത്തില്‍ അദ്ദേഹം എഴുതി. ഒന്നാം നോവലിനെയും രണ്ടാം നോവലിന്‍െറ മുഖവുരയില്‍ വിലയിരുത്തിക്കൊണ്ട് പഴയ വാക്കുകളുടെ വിന്യാസത്തില്‍ പുതിയ അര്‍ഥതലങ്ങള്‍ സൃഷ്ടിക്കുന്ന അദ്ഭുതമാണ് ‘സൂഫി പറഞ്ഞ കഥ’യെന്നും അതില്‍ പരാമര്‍ശിച്ചു.
രണ്ടാഴ്ച കഴിഞ്ഞ് തയാറായ പ്രവേശകം കൈയോടെ വാങ്ങാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ടീപ്പോയിയിലെ കടലാസ് കൂമ്പാരത്തില്‍നിന്ന് കുറച്ച് കാപ്പായക്കടലാസുകള്‍ എം.ടി പുറത്തെടുത്തു.
‘‘ചില കാര്യങ്ങള്‍കൂടി എനിക്കിതില്‍ എഴുതണമെന്നുണ്ടായിരുന്നു. ഹോമോസെക്ഷ്വാലിറ്റിയുടെ വല്ലാത്തൊരു ത്രെഡ് ഈ നോവലിലൂടെ കടന്നുപോകുന്നുണ്ട്. പക്ഷേ, അതൊന്നും വേണ്ടപോലെ സ്വീകരിക്കാന്‍ നമ്മുടെ വായനക്കാര്‍ ആയിട്ടില്ല. അതുകൊണ്ട്, വെറുതെ സൂചിപ്പിച്ച് വിവാദമുണ്ടാക്കേണ്ടെന്നുവെച്ചു.’’
അദ്ദേഹം പറഞ്ഞുനിര്‍ത്തി. അപ്പോള്‍ ആ മുഖത്തു തെളിഞ്ഞ അരച്ചിരി ആദ്യവായനക്കുശേഷം അഭിപ്രായമറിയാന്‍ ചെന്നപ്പോള്‍ കണ്ട അതേ സാധനമാണെന്ന് പെട്ടെന്ന് ഞാന്‍ തിരിച്ചറിയുകയും ചെയ്തു. ലൈംഗികതയും അതിന്‍െറ വ്യതിയാനങ്ങളുമെല്ലാം മനുഷ്യനെ സംബന്ധിച്ച വിഷയങ്ങളായതിനാല്‍ സാഹിത്യത്തിന് വര്‍ജ്യമല്ലെന്ന നിലപാട് മലയാളികള്‍ക്ക് ആദരണീയനായ എം.ടി എത്രയോ കാലംമുമ്പ് സ്വീകരിച്ചിട്ടുള്ളതാണ്. എന്നിട്ടും, ഇപ്പോഴും, ലൈംഗികതയെന്ന ഇമ്പാച്ചി പറഞ്ഞ് സാഹിത്യകൃതികളെയും പ്രസിദ്ധീകരണങ്ങളെയും കരിവാരിത്തേക്കുന്ന പ്രവണത നമ്മള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദൃശ്യമാധ്യമങ്ങളിലോ ഇന്‍റര്‍നെറ്റിലോ വരുന്ന ആഭാസപ്രവണതകള്‍ക്ക് ഒരുവിധ പ്രശ്നവും ഇല്ലതാനും.
എം.ടി. വാസുദേവന്‍ നായര്‍ എന്ന ലിറ്റററി എഡിറ്ററില്‍നിന്ന് കഥാകാരന്‍ എന്ന നിലക്ക് എനിക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങള്‍ വ്യക്തിപരം മാത്രമല്ല. ഒരു എഴുത്തുകാരന്‍ നല്ലൊരു ലിറ്റററി എഡിറ്ററായി മാറിയതിനു പിറകിലുള്ള പല പല കഴിവുകളും സമീപനവിശേഷങ്ങളും അതിനകത്ത് ലീനമായിക്കിടക്കുന്നുണ്ട്.
ഒന്നാമതായി, അക്ഷരലോകത്തേക്ക് വരുന്നവരെ സൂക്ഷ്മമായി ശ്രദ്ധിക്കാനും പിന്തുടരാനുമുള്ള സന്മനസ്സ്- ഏതെങ്കിലും കഥാകാരനെയോ കവിയെയോ പരിചയപ്പെട്ടുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഗുണകരവും ദോഷകരവുമായ പരിണാമങ്ങള്‍ എം.ടി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഗുണം കാണുന്നുണ്ടെങ്കില്‍ സ്വീകരിക്കും കെട്ടുപോകുകയാണെങ്കില്‍ ഒഴിവാക്കിവിടും. അയച്ചുകിട്ടുന്ന നൂറായിരം പുസ്തകങ്ങളും പത്രമാസികകളും എം.ടി പിന്തുടരുന്നുണ്ടാവില്ല എന്ന സമാധാനത്തില്‍ മാറ്റ് കുറഞ്ഞ തങ്ങളുടെ കൃതികളെ അദ്ദേഹത്തെക്കൊണ്ട് പ്രകാശിപ്പിക്കാനോ നല്ലതാക്കി പരാമര്‍ശിപ്പിക്കാനോ ചിലര്‍ ശ്രമിക്കാറുണ്ട്. വേല കൈയിലിരിക്കുകയേയുള്ളൂ. അതിനൊന്നും എം.ടി വഴങ്ങിക്കൊടുക്കില്ല. ചൂടും പുകയും ഉണ്ടാക്കാതെതന്നെ മാന്ത്രികമായ ഫയര്‍ എസ്കേപ്പ് നടത്തി അദ്ദേഹം അത്തരം വലവണ്ടികളില്‍നിന്ന് അസാന്നിധ്യപ്പെടും. നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ തൃപ്തിയില്ലാത്ത ഏതെങ്കിലും കഥയെക്കുറിച്ചോ നോവലിനെക്കുറിച്ചോ സംസാരിക്കുകയോ എഴുതുകയോ വേണ്ടിവന്നാല്‍ ലോകത്തുള്ള സകല കഥ-നോവല്‍ സാഹിത്യത്തെക്കുറിച്ചും പരാമര്‍ശിച്ചശേഷം ഇതാ ഇങ്ങനെയും ഒന്നു സംഭവിച്ചിരിക്കുന്നു എന്നു പറഞ്ഞൊതുക്കുകയും ചെയ്യും.
രണ്ടാമതായി, തനിക്ക് ആവശ്യമുള്ള കഴിവുകള്‍ മറ്റുള്ളവരില്‍ എത്രത്തോളമുണ്ട് എന്ന് കണ്ടെത്താനുള്ള പാടവം- വ്യത്യസ്ത ശ്രേണിയിലുള്ള സാഹിത്യകാരന്മാരില്‍നിന്ന് കുഴിച്ചെടുക്കാവുന്ന എഴുത്തുഖനികളുടെ ആഴത്തെക്കുറിച്ച് കൃത്യമായ ധാരണ എം.ടി സൂക്ഷിച്ചിരിക്കും. അതുകൊണ്ടാണ്, അദ്ദേഹം എഴുത്തുകാരെ പറഞ്ഞും ഉത്തേജിപ്പിച്ചും ചെയ്യിച്ചിട്ടുള്ള സൃഷ്ടികളെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ വിജയം കൈവരിച്ചിട്ടുള്ളത്. തിക്കോടിയന്‍െറ ‘അരങ്ങ് കാണാത്ത നടന്‍’, എന്‍.പി. മുഹമ്മദിന്‍െറ ‘ദൈവത്തിന്‍െറ കണ്ണ്’, ‘അര്‍ധവിരാമം’, ശത്രുഘ്നന്‍ ചെയ്ത കെ.എം. മുന്‍ഷിയുടെ കൃതികള്‍, ശ്രീകൃഷ്ണ ആലനഹള്ളിയുടെ വിവര്‍ത്തന നോവലുകള്‍ തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍. എഴുത്തുകാരുടെ അക്ഷരനിധികള്‍ നിര്‍ണയിക്കുന്നതിലുള്ള കത്രികക്കണ്ണ് വ്യക്തികളുടെ മറ്റ് ഗുണശേഖരങ്ങള്‍ കണ്ടുപിടിക്കുന്നതിലേക്കും എം.ടി നീട്ടിയെടുത്തിട്ടുണ്ട്. തെറ്റായ ആളെ എന്തെങ്കിലും പണി ഏല്‍പിക്കുകയോ സ്ഥാനത്തിരുത്തുകയോ ചെയ്യുന്ന പരിപാടി വാസുദേവന്‍ നായരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ഒരിക്കലും ഉണ്ടാവില്ല. അത്രക്കാണ് ആളെ മനസ്സിലാക്കാനും അവരുടെ ഉള്ളകങ്ങള്‍ അളന്ന് തൂക്കി തിട്ടപ്പെടുത്താനുമുള്ള അദ്ദേഹത്തിന്‍െറ കഴിവ്. എം.ടി എന്ന സ്കാനര്‍ മെഷീനിലൂടെ തെരഞ്ഞെടുക്കാനുള്ള എന്തെങ്കിലും സംവിധാനം ഉണ്ടാക്കുകയാണെങ്കില്‍ പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ ഏജന്‍സികളെല്ലാം അടച്ചുപൂട്ടാം എന്നുപോലും നമുക്ക് തോന്നിപ്പോകും.
മൂന്നാമതായി, ഭാഷാപരവും പ്രമേയപരവുമായ പുതുസ്ഫോടനങ്ങളോടുള്ള ആദരം- സാധാരണയായി സര്‍ഗാത്മക എഴുത്തുകാര്‍ അവര്‍ അവകാശപ്പെടുന്നതരത്തില്‍ അത്ര വലിയ വായനക്കാരൊന്നുമായിരിക്കില്ല. എന്നാല്‍, തന്നിലെ എഴുത്തുകാരനുമായി മത്സരിച്ചോടി പുതുപുത്തന്‍ അതിശയലോകങ്ങള്‍ക്കായി അണച്ചുകൊണ്ടിരിക്കുന്ന വായനക്കാരന്‍ എം.ടിയിലുണ്ട്. ആ വായനക്കാരനാണ് അദ്ദേഹത്തെ നിരന്തരം നവീകരിക്കുന്നത്. വ്യത്യസ്ത പ്രവണതകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും എം.ടിയിലെ എഡിറ്റര്‍ കാണിച്ച സന്നദ്ധത മലയാള ഭാഷയുടെ സുകൃതമായി ഭവിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ അദ്ദേഹം ഒരുക്കിക്കൊടുത്ത അരങ്ങുകൊണ്ടുമാത്രമാണ് ആധുനികസാഹിത്യം മലയാളത്തില്‍ ഇത്രയേറെ ശോഭിച്ചത്. ആധുനികാനന്തര എഴുത്തുകാരുടെ വഴിമാറി നടത്തത്തിലേക്കും എം.ടി മുള്ളുകളല്ല, പുഷ്പങ്ങള്‍തന്നെയാണ് വിരിച്ചത്.
നാലാമതായി, ആത്മരതിയില്‍നിന്നും ആത്മഹിതങ്ങളില്‍നിന്നും മുക്തമായുള്ള സെന്‍സിബിലിറ്റി-എഴുത്തുകാരന്‍ പത്രാധിപരായാലുള്ള പ്രധാന പ്രശ്നം, അയാള്‍ സ്വന്തം എഴുത്തിനെ താപാലില്‍ വരുന്ന കൈയെഴുത്തുപ്രതികളിലെല്ലാം തിരഞ്ഞുകൊണ്ടിരിക്കും എന്നതാണ്. തന്‍െറ സൃഷ്ടിയുടെ വികൃതാനുകരണത്തിന് പുരസ്കാരം നല്‍കാന്‍ ജഡ്ജിങ് കമ്മിറ്റിയില്‍ ബഹളംവെക്കുന്ന നാര്‍സിസക്കോമരങ്ങള്‍ക്കുവരെ മലയാള സാഹിത്യം സാക്ഷിയാകാറുണ്ട്. ആ സാഹചര്യത്തിലാണ് അവനവന്‍െറ പ്രമേയത്തിനോടും ശൈലിയോടും സാഹിത്യകാരന് സ്വാഭാവികമായുണ്ടാകുന്ന ഇഷ്ടം വാസുദേവന്‍ നായര്‍ നിഷ്ഠുരമായി മാറ്റിവെച്ചത്.
തറവാടും ഓപ്പോളും വള്ളുവനാടന്‍ ഭാഷയുമായി അക്കാലത്ത് തഴച്ചുവളര്‍ന്ന തകരസാഹിത്യത്തെ അദ്ദേഹം മാതൃഭൂമിയുടെ പടിക്ക് പുറത്തുനിര്‍ത്തി. പകരം, അസ്തിത്വ ചിന്തകളുടെയും ഭ്രമാത്മക അനുഭവങ്ങളുടെയും അക്ഷരപ്രപഞ്ചത്തിന് പച്ചപ്പരവതാനി വിരിച്ചു. ആത്മരതിയില്‍നിന്നുള്ള വിമോചനം സുഖിപ്പിക്കലിന്‍െറയും മുഖസ്തുതിയുടെയും കെണികളില്‍നിന്നും എം.ടിയെ രക്ഷിച്ചെടുത്തു എന്നുപറയാം. എത്രയെല്ലാം പിറകെ നടന്നാലും സ്തുതിഗീതങ്ങള്‍ ചമച്ചാലും അഭിമുഖങ്ങള്‍ മിന്നിച്ചാലും നൂറുശതമാനം അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ വാസ്വോട്ടനില്‍നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും കിട്ടുകയുള്ളൂ.
സത്യത്തില്‍, പത്രാധിപപ്പണിയിലുള്ള എം.ടി. വാസുദേവന്‍ നായരുടെ പ്രോജ്ജ്വലവിജയത്തില്‍ ജീവിതസംബന്ധിയായ വലിയൊരു പൊരുളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കൃത്യമായ തെരഞ്ഞെടുപ്പുകള്‍കൊണ്ടുമാത്രം അര്‍ഥം സൃഷ്ടിച്ചെടുക്കാവുന്ന പദപ്രശ്നമാണ് ജീവിതം. എന്തെല്ലാം ചെയ്യണം എന്നതിനെക്കാള്‍ എന്തെല്ലാം ചെയ്യാതിരിക്കണം എന്നതാണ് ഒരു എഴുത്തുകാരന്‍െറ പ്രധാന വെല്ലുവിളിയെന്ന് അയ്യപ്പപ്പണിക്കര്‍ പറയാറുണ്ട്. ഓരോ വാക്കിലും പുലര്‍ത്തിയ ത്യാജ്യഗ്രാഹ്യവിവേചനമാണ് സ്വന്തം ജീവിതമെഴുത്തില്‍ എം.ടി. വാസുദേവന്‍ നായരെ കേരളത്തിന്‍െറ മഹാവിജയിയായി ഉയര്‍ത്തിയത്.
– കെ.പി. രാമനുണ്ണി
Recent Comments