എണ്‍പതിന്റെ നിറവില്‍ എംടി

MT - ONV

പാഠപുസ്തകങ്ങള്‍ക്കപ്പുറത്തെ വായനയുടെ വിശാല ലോകത്തേയ്ക്ക് മലയാളിയെ കൈപിടിച്ചുയര്‍ത്തിയ എംടി വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15ന് എണ്‍പതാം പിറന്നാള്‍ മധുരം. സാഹിത്യത്തിലും സിനിമയിലും പത്രപ്രവര്‍ത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന ധന്യജീവിതം എണ്‍പതിന്റെ നിറവിലും തിരക്കിലാണ്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഏഴാം വരവിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ അദ്ദേഹം രണ്ടാമൂഴം എന്ന സ്വപ്നസിനിമയുടെ രചനാലോകത്താണ്. സാഹിത്യത്തിലും സിനിമയിലും ഇനിയുമേറെ വിസ്മയങ്ങള്‍ നമുക്കായ് ഒരുക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

പുറംലോകം അധികം അറിഞ്ഞിട്ടില്ലാത്ത എംടിയുടെ പത്രാധിപ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പത്രാധിപര്‍ എംടി എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ അദ്ദേഹത്തെ പത്രാധിപര്‍ എന്ന നിലയില്‍ ഓര്‍മ്മിക്കുന്ന കൃതിയില്‍ രമണീയം ഒരു കാലം എന്ന ലേഖനത്തിലൂടെ മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറുപ്പും തന്റെ ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. എണ്‍പത്തിമൂന്നാം പിറന്നാളിന്റെ നിറവില്‍ നില്‍ക്കുന്ന പ്രിയകവി പ്രിയകഥാകാരനുമൊത്തുള്ള നിമിഷങ്ങള്‍ അയവിറക്കുന്നത് വായിക്കാന്‍ കൗതുകമുള്ളവര്‍ക്കായി ആ ലേഖനം ചുവടെ പ്രസിദ്ധീകരിക്കുന്നു.

രമണീയം ഒരു കാലം

ചങ്ങമ്പുഴയുടെ രമണനെപ്പറ്റി എം.ടി. എഴുതിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകമാണ് രമണീയം ഒരു കാലം. അതാണ് ഈ കുറിപ്പെഴുതാനാരംഭിക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞുവന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചരിത്രത്തില്‍ രമണീയമായ ഒരു കാലം സൃഷ്ടിച്ചവരാണ് എന്‍.വി.യും എം.ടി.യും.

ഞാന്‍ കോളജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മാതൃഭൂമിക്കയച്ചുകൊടുത്ത അനുജത്തി എന്ന കവിതയായിരുന്നു ആഴ്ചപ്പതിപ്പില്‍ ആദ്യമായി അച്ചടിച്ചുവന്ന എന്റെ കവിത. അത് 1952-ല്‍ ആയിരുന്നു എന്നാണെന്റെ ഓര്‍മ്മ. (ആറ് പതിറ്റാണ്ടെത്ര വേഗം കടന്നുപോയി!) തുടര്‍ന്ന് ഓരോ കവിത കിട്ടുമ്പോഴും എന്‍.വി.യുടെ കത്ത് വരും. അതിലെ പ്രോത്സാഹജനകമായ വാക്കുകള്‍ വായിക്കുമ്പോള്‍ നവാഗതനായൊരു കവിക്കുണ്ടാവുന്ന ത്രില്‍ എത്രയോകുറി ഞാനനുഭവിച്ചിട്ടുണ്ട്!

നാലുമണിപ്പൂക്കളും ചോറൂണും മറ്റും എന്‍.വി. ആഴ്ചപ്പതിപ്പില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചവയാണ്. എന്‍.വി.യുടെ കാലത്തുതന്നെ ആഴ്ചപ്പതിപ്പിലെ കഥാവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത് എം.ടി.യാണെന്ന് കേട്ടിരുന്നു. എന്‍.വി.യെപ്പോലെതന്നെ പല പുതിയ എഴുത്തുകാരെയും എം.ടി.യും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാക്കി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്‍.വി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല ഒഴിഞ്ഞുപോയപ്പോള്‍ എം.ടി.ക്കായിരുന്നു പൂര്‍ണ്ണമായും അതേറ്റെടുക്കേണ്ടിവന്നത്. അത് മനോഹരമായ ഒരു തുടര്‍ച്ചയായിരുന്നു.

പിന്നെയും ഓണം/റിപ്പബ്ലിക് പതിപ്പുകള്‍ക്കുവേണ്ടിയും മറ്റും എം.ടി.യുടെ കത്തു വരും. സമയത്തുതന്നെ കവിത അയയ്ക്കും. ശ്രദ്ധേയമായി അച്ചടിച്ചുവരും. ഒരിക്കല്‍ അന്നാ അഖ്മത്തോവയുടെ കവിതകളുടെ പരിഭാഷ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ സംഗതമായി വന്നു. ഫോണിലൂടെ എം.ടി. അതേപ്പറ്റി സംസാരിച്ചു. കുറേ കവിതകള്‍ ഞാനും പരിഭാഷപ്പെടുത്തി അയച്ചു. ആ ലക്കം അന്നാ അഖ്മത്തോവയെപ്പറ്റി അറിയാനാഗ്രഹിച്ചിരുന്ന പലരും സൂക്ഷിച്ചുവച്ചിരുന്നു എന്നറിയാം. അന്ന് അവരുടെ കവിതാപുസ്തകങ്ങള്‍ ഇവിടെ ഒരപൂര്‍വ്വവസ്തുവായിരുന്നു എന്നുകൂടി ഓര്‍ക്കണം.

അങ്ങനെ പലതുമോര്‍ക്കുന്ന കൂട്ടത്തില്‍ ഒരു കവിതയുടെ കാര്യം പ്രത്യേകമെടുത്തു പറയാതെ വയ്യ! ഞാനൊരു കാവ്യാഖ്യായിക എഴുതുന്നു എന്നറിഞ്ഞപ്പോള്‍ എം.ടി. വളരെ താത്പര്യത്തോടെ അതിന്റെ ഒരദ്ധ്യായമെങ്കിലും തുഞ്ചന്‍പറമ്പില്‍ ഞാന്‍ വായിച്ചവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഉജ്ജയിനിയാണാ കൃതി. തുഞ്ചന്‍പറമ്പിലെ ഒരു സദസ്സില്‍, ഗുരുസമക്ഷത്തിലെന്നപോലെ, ഞാനതു വായിച്ചു. എന്റെ കാവ്യജീവിതത്തില്‍ ഉജ്ജയിനിക്കുള്ള പ്രാധാന്യമൊന്നും ഇവിടെ വിവരിക്കുന്നില്ല. തുഞ്ചന്‍പറമ്പിലത് ആദ്യമായി വായിക്കാന്‍ കഴിഞ്ഞത് ഒരു സുകൃതമായി ഞാന്‍ കരുതുന്നു. അന്ന് എം.ടി. തിരൂരെ ഒരു ഹോട്ടല്‍മുറിയിലിരുന്ന് അതു മുഴുവനും വായിച്ചു കേള്‍ക്കുകയും ഇത് മാതൃഭൂമിക്കെന്നുപറഞ്ഞ് എന്റെ കൈയില്‍നിന്നതിന്റെ കൈയെഴുത്തുപ്രതി ഏറ്റുവാങ്ങുകയുംചെയ്തു. എന്റെ പൂര്‍വ്വശിഷ്യനായ ഡോ. എം.എം. ബഷീര്‍ മാത്രം അതിനു സാക്ഷിയായുണ്ടായിരുന്നു. ഉജ്ജയിനി പിന്നെ ആഴ്ചപ്പതിപ്പിലൂടെ മൂന്നിലേറെ മാസങ്ങളിലായി ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നു– മദനന്റെ ചിത്രങ്ങളോടെ.

പത്രാധിപരായ എം.ടി.യെ ഓര്‍ക്കുമ്പോള്‍ അങ്ങനെ തിളക്കമുള്ള പലതുമുണ്ട്. അതെല്ലാം ഓര്‍ത്തുകൊണ്ടു പറയട്ടെ — രമണീയം ഒരു കാലം!

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *