ഇനിയില്ല ത്രിഫലയിൽ ആ സ്നേഹ സ്വാന്തനം.. ഡോ. ഹുറൈർ കുട്ടി വിട വാങ്ങി..
പ്രശസ്ത ആയുർവേദ വൈദ്യൻ ഡോ. ഹുറൈർ കുട്ടി (67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൂടല്ലൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര സമര സേനാനിയായിരുന്ന കൂടല്ലൂർ പള്ളിമാഞായലിൽ പി. കെ അബ്ദുള്ള കുട്ടിയുടെയും, വൈദ്യരുമ്മ എന്നപേരിൽ പ്രശസ്തയായ പെരുങ്ങാട്ട്തൊടിയിൽ തീത്തീമു ഉമ്മയുടെയും മകനായി 1954 ഡിസംബർ നാലിലായിയിരുന്നു ജനനം.
ആയുർവേദ രംഗത്തു രാജ്യാന്തര പ്രശസ്തി നേടിയ സേവനമായിരുന്നു അദ്ദേഹത്തിന്റേത്. തിത്തീമു ഉമ്മ ആയുർവേദിക് ഹോസ്പിറ്റലിന്റെ സ്ഥാപകൻ കൂടിയാണ്. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആര്യഔഷധി അവാര്‍ഡുള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നാട്ടുകാരുടെ ഇടയിൽ ഏറെ ജനകീയനായിരുന്നു ഹുറൈർ വൈദ്യർ. നാട്ടുകാർ സ്നേഹത്തോടെ കുഞ്ഞിമാൻക്ക എന്ന് വിളിക്കുന്ന ഹുറൈർ ഡോക്ടർ ഏറെ വൈകി പാതിരാത്രിയിലും രോഗികൾക്കു ശ്രുശൂഷക്കായി രംഗത്തുണ്ടായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ ആരും മറക്കാത്ത മുഖമായിരുന്നു ഡോക്ടറുടേതു. കുടുംബത്തിലെ അംഗങ്ങളോടെന്ന പോലുള്ള ഇടപെടൽ കൊണ്ട് അദ്ദേഹം എല്ലാവർക്കും വിളിപ്പുറത്തുള്ള ഉറ്റ സുഹൃത്തിനെ പോലെയായിരുന്നു. സംസാരിക്കാന്‍ ഒട്ടും പിശുക്കുകാണിക്കാതെ ഡോക്ടര്‍ രോഗിയെ കേള്‍ക്കും. കിടപ്പിലായ രോഗികളെ വീടുകളില്‍ പോയി ചികിത്സിക്കാറുമുണ്ടായിരുന്നു.
ആയുർവേദ രംഗത്തെ നിസ്തുല സേവനത്തിനു പുറമെ സാമൂഹിക സാംസ്കാരിക രംഗത്തും ഊർജ്ജസ്വലതയോടെ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ഡോക്ടറുടേത്. കൂടല്ലൂരിലെ എല്ലാ സദസ്സുകളിലും നിറസാന്നിധ്യമായിരുന്ന ഹുറൈർ കുട്ടി താൻ സേവനം അനുഷ്ടിച്ച എല്ലാ നാട്ടിലും കർമ്മരംഗത്തിനപ്പുറം തന്റെ സേവനം പൊതു സാമൂഹിക രംഗത്തും നടത്തിയിരുന്നു.
ഡോ: ഷിയാസ്, ഡോ : നിയാസ്, നിഷിത എന്നിവർ മക്കളും , ഫിറോസ് ( ബഹ്‌റൈൻ ) ഹസീന, മുഹ്സിന എന്നിവർ മരുമക്കളുമാണ്.
Recent Comments