പുഴ വരളുന്നു, ഒരു സംസ്കാരവും
പുഴ പഴമയുടെ ഓര്‍മയിലേക്കു ചേക്കേറിത്തുടങ്ങിയിരിക്കുന്നു. പുഴവെള്ളത്തിനൊപ്പം തീരം സമ്മാനിച്ച ഒരു നല്ല സംസ്കാരവും വറ്റി വരളുകയാണിന്ന്. പുഴകാണാന്‍ പുഴയോരത്തു ഭൂമി വാങ്ങി വീടുവച്ചയാളാണു ഞാന്‍. പ്രകൃതിയോടു കാട്ടുന്ന അതിക്രമം ആ ശ്രമത്തിന്റെ അര്‍ഥംതന്നെ ഇല്ലാതാക്കി. ഇന്ന് അവിടെനിന്നു നോക്കിയാല്‍ മണല്‍വാരാന്‍ വന്ന ലോറികളും കുറേ പൊന്തക്കാടുകളും മാത്രമാണു കാഴ്ച. പുഴയും തീരവും തീര്‍ത്തും ഇല്ലാതായിരിക്കുന്നു..!
പുഴയുടെ നാശം ഈ നാട്ടില്‍ മാത്രമല്ല. കുട്ടിക്കാലത്തു ഭൂമിശാസ്ത്രം പഠിക്കുമ്പോള്‍ പെണ്ണാര്‍, പാലാര്‍, കാവേരി തുടങ്ങിയവയെക്കുറിച്ചൊക്കെ ഏറെ പഠിച്ചിരുന്നു. മുതിര്‍ന്ന ശേഷം, തമിഴ്നാട്ടില്‍ ഈ വഴിക്കു പോയപ്പോള്‍, പണ്ടു പഠിച്ച പുഴകളുടെ പേരെഴുതിയ ബോര്‍ഡുകള്‍ മാത്രമേയുള്ളൂ. പുഴ വരണ്ടുകിടക്കുന്നു. വരണ്ട ഭൂമിയില്‍ കഴുതകള്‍ മേയുന്നു. കുട്ടിക്കാലത്തു പഠിച്ച പുഴകളല്ലേ ഇങ്ങനെ വരണ്ടുണങ്ങിക്കിടക്കുന്നത് എന്നു കണ്ടപ്പോള്‍ അത്ഭുതംതോന്നി.
ഭാരതപ്പുഴയുമായി ബന്ധപ്പെട്ടു ജീവിച്ചയാളാണു ഞാന്‍. അതിന്റെ തീരത്തു ജനിച്ചു. ആ ഗ്രാമത്തില്‍ വളര്‍ന്നു. എന്റെ ജീവിതവുമായി ഏറ്റവും അടുപ്പമുണ്ടായിരുന്നതാണു ഭാരതപ്പുഴയും അതിനോടു ചേര്‍ന്നുള്ള വയലും കുന്നുകളുമെല്ലാം. ഓരോ ഗ്രാമത്തിനും പുഴയുമായി പല ബന്ധങ്ങളുമുണ്ട്. പുഴയോരത്ത് ഗ്രാമത്തിന്റെ പ്രവേശന കവാടമായി ഒരു കടവുണ്ടാകും. കടവ് കടന്നുവേണം പുറംലോകത്തേക്കു പോകാന്‍. പോയി തിരിച്ചുവരുന്നതും ഈ കടവുവഴിയാണ്.
പുഴയ്ക്ക് ഒരു പാരമ്പര്യമുണ്ട്
എന്റെ വീടുമായി ബന്ധപ്പെട്ട് ഒരു കഥ പറഞ്ഞു കേട്ടിട്ടുണ്ട്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ വീട്ടില്‍ ഒരു വിധവയായ സ്ത്രീയും മക്കളും മാത്രമാണുണ്ടായിരുന്നത്. അവര്‍ക്കു പശുക്കളുണ്ടായിരുന്നു. പശുക്കളെ കറന്നു കിട്ടുന്ന പാലുമായി ഈ സ്ത്രീ എന്നും രാവിലെ പുഴവക്കത്തു തോണികാത്തു നില്ക്കും. അക്കരെയുള്ള ക്ഷേത്രത്തിലേക്കാണു പാല്. പാല് കൊടുത്ത് അല്‍പ്പനേരം ക്ഷേത്രപരിസരത്തു ചുറ്റിപ്പറ്റി നില്ക്കും. അവിടെനിന്നു നിവേദ്യച്ചോറു കിട്ടാനാണ്. ആ ചോറുംകൊണ്ടാണ് ഈ സ്ത്രീ വീട്ടിലേക്കു വന്നിരുന്നത്.
ഒരു തുലാവര്‍ഷകാലത്ത് പതിവുപോലെ രാവിലെ പാലുമായി സ്ത്രീ പുഴയോരത്തു ചെന്നു. തോണി വിലങ്ങില്ലെന്നു തോണിക്കാരന്. ഞങ്ങളുടെ ഭാഷയില്‍ അങ്ങോട്ട് കടക്കാന്‍ പറ്റില്ലെന്നാണ് അതിന്റെ അര്‍ഥം. അവള് വളരെ വിഷമത്തിലായി. ഉച്ചയ്ക്കുശേഷം പോയി. ഒരു നിവൃത്തിയുമില്ലെന്നു തോണിക്കാരന് പറഞ്ഞു. ക്ഷേത്രത്തില്പ്പോക്കു മുടങ്ങി. വൈകിട്ടായപ്പോള്‍ കറന്ന പാലൊക്കെ കുട്ടികള്‍ക്കു കൊടുത്തു.
അന്നു രാത്രി ഇരുട്ടില്‍ ആരോ വീട്ടിലേക്കു നടന്നുവരുന്നതുകണ്ടു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടതുപ്രകാരം അവര്‍ വാതില്‍ തുറന്നു. വന്നയാള്‍ ഒരു പാത്രത്തില്‍ കുറച്ചു ചോറ് നല്കി. ഇതു കുട്ടികള്‍ക്കു കൊടുക്കൂ എന്നു പറഞ്ഞു. ഇവര്‍ പാത്രവുമായി അകത്തു പോയി തിരിച്ചെത്തിയപ്പോള്‍ വന്നയാളെ കാണാനില്ല. ഭഗവതിതന്നെയാണ് ഈ ചോറ് കൊണ്ടുവന്നു നല്‍കിയതെന്നാണു ഞങ്ങളുടെ ഒരു പാരമ്പര്യമായി പറഞ്ഞുവരുന്ന കഥ. ഞങ്ങളൊക്കെ മുതിര്‍ന്നപ്പോള്‍ മുത്തശ്ശിമാരും അമ്മമാരും ഈ കഥ പറഞ്ഞുതുന്നു. ഞങ്ങളുടെ അടുത്ത തലമുറയും അതിന്റെ അടുത്ത തലമുറയും കുട്ടികളിലുമെല്ലാം ഈ വിശ്വാസത്തിന്റെ പാരമ്പര്യമുണ്ട്. പുഴയുമായി ഞങ്ങള്‍ക്കുള്ള ബന്ധം അതാണ്.
മലവെള്ളം ഇറങ്ങാറില്ല, വെള്ളപ്പൊക്കം ഉണ്ടാവാറില്ല
എന്റെ ചെറുപ്പകാലത്ത് രണ്ടു വലിയ വെള്ളപ്പൊക്കം ഞാന്‍ കണ്ടിട്ടുണ്ട്. മലവെള്ളമെന്നാണു വെള്ളപ്പൊക്കത്തിനു ഞങ്ങള്‍ പറയുന്നത്. ആ പ്രയോഗം ശരിയായ അര്‍ഥത്തിലാണ്. മലയില്‍നിന്നു വരുന്ന വെള്ളമാണ്. മലമ്പുഴ ഡാം ഉണ്ടാകുന്നതിനു മുന്‍പുള്ള കാര്യമാണിത്. വലിയ മഴ മലയില്‍ പെയ്താല്‍ അതു നേരേ താഴേയ്ക്കെത്തും. എന്റെ വീടൊക്കെ വയല്വക്കത്താണെങ്കിലും കുറച്ച് ഉയരത്തിലാണ്. ഞങ്ങളുടെ ബന്ധുക്കളൊക്കെ പുഴവക്കത്തു താമസിക്കുന്നുണ്ട്. ഇവര്‍ വെള്ളം വരുന്നുവെന്നു മനസിലായാല്‍ കെട്ടും ഭാണ്ഡവുമായി ഉയരത്തില്‍ താമസിക്കുന്നവരുടെയടുത്തേക്കു വരും. വെള്ളം എപ്പോള്‍ എവിടെ പൊട്ടുന്നതെന്നറിയാന്‍ ആളുകള്‍ കാത്തുനില്ക്കും. പിന്നീട് അങ്ങനത്തെ വലിയ മലവെള്ളമൊന്നുമുണ്ടായിട്ടില്ല. അണക്കെട്ട് വന്നു.
അന്നു മലവെള്ളം വരുമ്പോള്‍ മൂന്നോ നാലോ ദിവസം വയലുളെല്ലാം വെള്ളത്തില്‍ മുങ്ങിക്കിടക്കും. ഞാന്‍ എന്റെ വീട്ടുപടിക്കല്‍നിന്നു കുളിച്ചിട്ടുണ്ട്. നിറയെ വെള്ളമായിരിക്കും. വേറെ കുളിക്കാന്‍ വഴിയൊന്നുമില്ല. ഞങ്ങള്‍ക്ക് അന്ന് അതൊരു രസമായിരുന്നു. മൂന്നോ നാലോ ദിവസം കഴഞ്ഞേ വെള്ളം ഇറങ്ങൂ. വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ പ്രദേശമാകെ ചളി കെട്ടിക്കിടക്കും. അടുത്ത കൃഷിക്ക് അത് ഉപകാരപ്പെടും. നല്ല വളക്കൂറുള്ള മണ്ണാകും. ഡാമൊക്കെ വന്നതിനുശേഷം അങ്ങനെയുള്ള വെള്ളപ്പൊക്കമുണ്ടായിട്ടില്ല. അര ദിവസം വെള്ളം നിറഞ്ഞു നില്ക്കുന്നതു മാത്രം.
അന്നും പുഴയില്‍ വെള്ളക്കുറവൊക്കെ ഉണ്ടാകുമായിരുന്നു. വേനല്‍ക്കാലമായാല്‍ ഞങ്ങളുടെ പടിക്കല്‍ വെള്ളമുണ്ടാകില്ല. അപ്പോള്‍ വടക്കേ പുഴയില്‍ പോയി കുളിക്കും. അവിടെയും വറ്റുമ്പോള്‍ നടന്ന് കരുന്നൂര്‍ പാലത്തിനു താഴെ പോയി കുളിക്കും. അവിടെ എന്നും വെള്ളമുണ്ടാകും. കുന്തിപ്പുഴ അവിടെയാണു വന്നു ചേരുന്നത്.
കടവത്തു കൂടുന്ന പരിചയ ലോകം
ഇനി കടവിന്റെ കാര്യം. കടവ് എന്നുപറഞ്ഞു ഞാനൊരു സിനിമതന്നെ എടുത്തിട്ടുണ്ട്. കടവ് ഒരു പ്രസ്ഥാനമായിരുന്നു. കടവുകടന്ന് വേറൊരു ലോകത്തേക്കു പോകുന്നു എന്ന പ്രത്യേകത മാത്രമല്ല. ഈ കടവത്തുവരുന്ന സ്ഥിരം ആളുകള്‍, അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍, അടുപ്പങ്ങള്‍, നനുത്ത പ്രേമങ്ങള്‍.. കടവുതന്നെ ഒരു പ്രത്യേക ലോകമായിരുന്നു. പലതരം ആളുകള്‍ ദിവസവും കണ്ടുമുട്ടുന്ന ഇടം. ഒരാളെ കണ്ടില്ലെങ്കില്‍ എന്താ പറ്റിയതെന്ന് അന്വേഷിക്കും.
ഇന്ന് ഇതെല്ലാം ഇല്ലാതായിരിക്കുന്നു. പുഴയ്ക്ക് ഒരുപാടു മാറ്റംവന്നു. വെള്ളമില്ലായ്മ മാത്രമല്ല, പുഴയുടെ സംസ്കാരംതന്നെ മാറി. പണ്ട് വരള്‍ച്ചയുടെ സമയത്ത് ഈ പുഴയുടെ ഇരുവശത്തും താമസിക്കുന്നവര്‍ മണലില്‍ കുഴികുത്തിയിടുന്ന പതിവുണ്ടായിരുന്നു. ഓരോ വീട്ടുകാരും സ്വന്തമായി കുഴിയുണ്ടാക്കും. അതു വൃത്തികേടാകാതിരിക്കാന്‍ മൂടിവയ്ക്കും. ഇന്നു ഇതും കാണാനില്ല. പുഴവക്കത്തെ കിണറ്റില്‍പ്പോലും വെള്ളമില്ലാതിയിരിക്കുന്നു. അടിവെള്ളമില്ലാത്തതാണു കിണറ്റില്‍ വെള്ളമില്ലാത്തതിനു കാരണം.
പുഴയോരത്ത് എനിക്കു ചെറിയൊരു കോട്ടെജുണ്ട്. പാരമ്പര്യമായി കിട്ടിയതൊന്നുമല്ല. പുഴകാണാന്വേണ്ടി ഉണ്ടാക്കിയതാണ്. ചെറിയ കഷണം സ്ഥലംവാങ്ങി. എവിടെനിന്നു നോക്കിയാലും പുഴ കാണത്തക്ക വിധത്തില്‍ വീടുണ്ടാക്കണമെന്ന് ആശാരിയോടു പറഞ്ഞു ചെയ്യിച്ചു.മുന്‍പൊരു ദിവസം ഞാന്‍ യാത്രയ്ക്കിടയില്‍ ഒരിക്കല്‍ അവിടെ പോയി. അന്ന് അവിടെ ഒരു കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചു. കുഴിച്ചങ്ങി ചെന്നപ്പോള്‍ത്തന്നെ ഭയങ്കരമായി വെള്ളം പുറത്തേക്കു വരുന്നു. അതിശയോക്തിയുടെ ആള്‍ക്കാരാണു ഞങ്ങളുടെ നാട്ടുകാര്‍. അയ്യോ ഇതു പ്രളയമായി വരുമല്ലോ എന്നൊക്കെ പറഞ്ഞു മണല്‍ച്ചാക്കും അതും ഇതുമൊക്കെ ഇട്ടു. അത്രയധികം വെള്ളം വരികയാണ്.
ഈ സ്ഥലത്ത് എന്ന സ്ഥലത്ത് നാലുകൊല്ലം കഴിഞ്ഞപ്പോള്‍ വെള്ളമില്ലാതായി. ഇന്നത്തെ കാര്യമാണ്. കാരണം അടിവെള്ളമില്ല. ഈ പ്രദേശത്തുകൂടി ചില വേനല്ക്കാലത്തു ഞാന്‍ പോകുമ്പോള്‍, നഗരത്തില്‍ മാത്രം കാണുന്ന, വെള്ളത്തിന്റെ വണ്ടികള്‍ വരുന്നതും പ്രതീക്ഷിച്ചു കുടങ്ങളുമായി പെണ്ണുങ്ങള് നില്ക്കുന്നതു കണ്ടിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് 50 സെന്റ് സ്ഥലം വാങ്ങി ഞാന്‍ വീടുവച്ചിടത്തുനിന്ന് ഇന്നു നോക്കിയാല്‍ പുഴ കാണാനില്ല. ലോറികളാണു കാണുന്നത്. തമിഴ്നാട്ടില്‍നിന്നു മണല്കയറ്റാന് വരുന്ന ലോറികള്‍ ഊഴംകാത്തു കിടക്കുന്നു. ഒരു നിയമവും നിയന്ത്രണവുമില്ലാത്ത മണലെടുപ്പ്. ഏറെ വിഷമമുണ്ട്. എനിക്കു പുഴ കണ്ടുകൊണ്ടിരിക്കണമെന്നു കരുതി വാങ്ങിച്ച ഭൂമിയില്‍ നിന്നാല്‍ പുഴ കാണാനില്ല. ലോറികളും പൊന്തക്കാടുമാണ്. പൊന്തക്കാട്ടുകളില് കള്ളവാറ്റ് തുടങ്ങി. ജീവിതംതന്നെ മാറി. പുറത്തേക്കിറങ്ങാന്‍ വയ്യ. പണ്ട് സന്ധ്യകഴിഞ്ഞാല്‍ ഗ്രാമം ശാന്തം. ഇപ്പോള്‍ ആ ഇടത്തേക്കു ഞാന്‍ പോകാറില്ല. അടിച്ചുവാരാന്‍പോലും ആളില്ല.
പുഴയ്ക്കൊപ്പം നശിച്ച നമ്മുടെ സംസ്കാരം
പുഴകളുടെ നാശം നമ്മുടെ സംസ്കാരത്തിലും വലിയ മാറ്റമുണ്ടാക്കി. ഭാരതപ്പുഴയുടെ തീരം സംഗീതത്തിന്റെയും വാദ്യകലയുടേയുമൊക്കെ ഒരു ബെല്‍റ്റായിരുന്നു. ഒന്നുകില്‍ പുഴയുടെ വക്കില്‍ അല്ലെങ്കില്‍ മലയിലാണു സംസ്കാരങ്ങളുണ്ടാകുന്നത്. നമ്മുടെ തീരങ്ങളില്‍ ഒരുപാട് കലകളും കലാരൂപങ്ങളുമുണ്ടായിരുന്നു. പുഴ നശിച്ചപ്പോള്‍ ഒപ്പം ആ സംസ്കാരവും നശിച്ചു.
പുഴയിലൂടെ ജലഗതാഗതവും ചരക്കുനീക്കവുമൊക്കെ ഉണ്ടായിരുന്നു പണ്ട്. എളുപ്പത്തിലുള്ള ഗതാഗത സംവിധാനമായിരുന്നു. പന്നിയൂര്‍ തുറയില്‍ കപ്പലുകള്‍പോലും വന്നിട്ടുണ്ടെന്നു പറയുന്നു. പൊന്നാനി വഴിചരക്കുനീക്കമുണ്ടായിരുന്നതു തോണികളിലൂടെയായിരുന്നു. വലിയ വള്ളങ്ങളില്‍ സാധനങ്ങളുമായി പോകുന്നതു ചെറുപ്പകാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്. തോണിക്കാര്‍ തോണി രാത്രി അടുപ്പിച്ചു നിര്‍ത്തും. അവര്‍ ഭക്ഷണം വയ്ക്കും. പാട്ടുകള്‍ പാടും. ആ സംസ്കാരമൊക്കെ ഇന്നു മാറി. വെള്ളമില്ലായ്മ മാത്രമല്ല, പുഴയും പുറയെ ആശ്രയിച്ചിട്ടുള്ള ജീവിതവും മാറി. തീരത്തെ ജീവിതവുമായി സംയോജനം നടത്തിയുന്ന ജീവനുള്ള വസ്തുവായിരുന്നു പണ്ടു പുഴ. ഇന്ന് അതൊരു ജഡവസ്തുവായി മാറി. വയലും പോയി. പത്ത് ഏക്കര്‍വരെ ആര്‍ക്കും നികത്താമെന്ന സ്ഥിതിയായില്ലേ ഇന്ന്.
നല്ല വെള്ളവും വായുവുമില്ലാത്ത വികസനത്തിന് എന്ത് അര്‍ഥം?
ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ ഇരുവശവും ഷോപ്പുകളാണ്. ഇവിടുത്തെ വേസ്റ്റ് മുഴുവന്‍ പിന്നിലേക്കാണിടുന്നത്. ഒരു മഴ പെയ്താല്‍ ഈ മാലിന്യം മുഴുവന്‍ പൊന്തും. ഒന്നു രണ്ടുതവണ ഞാന്‍ അവിടെപ്പോയി പറഞ്ഞതാണ്. കണ്ണില്ക്കണ്ടതിനൊക്കെ കല്ലെറിയാന്‍ നടക്കുന്നുണ്ടല്ലോ വിദ്യാര്‍ഥി സംഘടനകള്‍. അവര്‍ ഇവരെ പറഞ്ഞു മനസിലാക്കൂ, പുഴ നിങ്ങളുടേ വേസ്റ്റ്ബിന്‍ അല്ലെന്ന്. ഒറ്റപ്പാലത്തെ ഈ സ്ഥലത്തു ചെന്നാല്‍ കടകള്‍ക്കു പിന്നിലേക്കു നോക്കാന്‍ വയ്യാത്ത സ്ഥിതിയാണിന്ന്. കലക്ടര്മാരോടൊക്കെ ഞാന്‍ ഇതേക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. എല്ലാവര്ക്കും താത്പര്യമുണ്ടെങ്കിലും പുഴയെ പഴയ സ്ഥിതിയിലേക്കു കൊണ്ടുവരാന്‍മാത്രം കഴിയുന്നില്ല.
പുഴയെ സംരക്ഷിക്കാന്‍ വലിയ ഫണ്ടുണ്ട്. ഓരോ കലക്ടറേറ്റിലും അനേകം ലക്ഷങ്ങള്‍ കിടക്കുന്നു. അത് എങ്ങനെ ഗുണപരമായി ചെലവാക്കുമെന്നതാണ്. അനുയോജ്യമായ വേസ്റ്റ് മാനെജ്മെന്റ് വേണം. ഒരു വ്യവസ്ഥയുമില്ലാതെ മണല്‍ വാരിക്കൊണ്ടുപോകുന്ന സ്ഥിതി മാറണം. എല്ലാം പോയിക്കഴിഞ്ഞിട്ടു നിയന്ത്രണം കൊണ്ടുവന്നിട്ടു കാര്യമില്ല. കുടിവെള്ളമില്ലാതെ നാടു വികസിപ്പിച്ചിട്ട് എന്തു കാര്യം. മനുഷ്യനു വേണ്ട പ്രാഥമിക ആവശ്യങ്ങള്‍. വെള്ളം, ശുദ്ധവായു ഇതൊക്കെ ഇല്ലാത്ത വികസനത്തിന് എന്ത് അര്‍ഥം. അനേകം സൗധങ്ങളുണ്ട്. പക്ഷേ കുടിക്കാന്‍ വെള്ളമില്ലെങ്കിലോ? കയറിക്കിടക്കാന്‍ ഇടം, കുടിക്കാന്‍ വെള്ളം, ശ്വസിക്കാന്‍ നല്ല വായു, നേരത്തിനു ഭക്ഷണം ഇതൊക്കെ കഴിഞ്ഞിട്ടേ വികസനമുണ്ടായിട്ടുള്ളൂ.
പുഴയൊഴിയുന്നതിന്റെ വിപത്ത് കുട്ടികള്‍ മനസിലാക്കട്ടെ
പുഴയില്ലാത്തതിന്റെ വിപത്ത് കുട്ടികളെ പറഞ്ഞു മനസിലാക്കേണ്ട സമയമാണിത്. അവര്‍ക്കു കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. പുഴ ഇല്ലെങ്കിലുണ്ടാകുന്ന വിപത്ത് എന്താണെന്ന് അവര്‍ക്കു മനസിലായിട്ടില്ല. പ്രകൃതിയോടു ചെയ്യുന്ന സംഹാരക്രിയകളെക്കുറിച്ച് അവര്‍ക്കു ബോധ്യമില്ല. നമ്മള് അവരെ അതു പഠിപ്പിച്ചിട്ടില്ല. അത് അവരുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വന്നിട്ടില്ല.
ഞാന്‍ ഈ ഗ്രാമത്തില്‍ രണ്ടാം ക്ലാസിലും അടുത്തുള്ള സ്കൂളില്‍ നാലിലും പഠിച്ചു. അന്നു മരക്കണക്കും കായക്കണക്കുമൊക്കെ പഠിപ്പിക്കും. ഞങ്ങളുടെ പ്രദേശത്ത് ചെറു കായ ധാരാളം വെട്ടി വില്‍ക്കുമായിരുന്നു. അതിന് ഒരു കണക്കുണ്ട്. ഓരോന്നായി എണ്ണുകയല്ല. കായക്കണക്ക് പ്രത്യേകമാണ്. അന്നത്തെ ജീവിതത്തിന്റെ ആവശമായിരുന്നു അത്. അന്നു കുട്ടികളെ അതു പഠിപ്പിച്ചപ്പോലെ ഇന്നു നദിയെക്കുറിച്ചും അതു നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം പഠിപ്പിക്കണം. അഞ്ചിലും ആറിലുമൊക്കെ കംപ്യൂട്ടറിട്ടു പഠിക്കുന്നകുട്ടികളാണിന്ന്. പ്രകൃതിക്കു സംഭവിക്കുന്ന വിപത്തിനെക്കുറിച്ച് അവരെ പറഞ്ഞാല്‍ അവര്‍ക്ക് അസ്സലായി മനസിലാകും.
നഗരത്തിലെ കുട്ടികളോടു പറഞ്ഞാല്‍ ഇക്കാര്യം എളുപ്പം മനസിലാകും. മൂന്നു ദിവസമായി വെള്ളമില്ലല്ലോ വെള്ളം എപ്പോള്‍ വരുമെന്നറിയില്ല എന്നൊക്കെ അവര്‍ സ്ഥിരം കേള്‍ക്കുന്നതല്ലേ. ഗ്രാമങ്ങളിലും ഇതുതന്നെ സംഭിക്കുന്നുണ്ട്. വരിവരിയായി കുടങ്ങള്‍ നിരത്തിവച്ച് വെള്ളം കൊണ്ടുവരുന്ന ലോറിയും കാത്ത് എന്റെ ഗ്രാമത്തിലെ ആളുകള്‍ നില്ക്കുന്നുതണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. കിണര്കുഴിച്ചപ്പോള് പ്രളയംവരുമെന്നു പറഞ്ഞവര്‍..!
പണ്ട് ഒരു വേനല്‍ക്കാലത്ത് അമ്പലത്തിലെ ഉത്സവംകഴിഞ്ഞു രണ്ടുമൂന്ന് ആനകളെ എന്റെ വീടിനടുത്തുകൂടി കൊണ്ടുപോവുകയാണ്. പുഴയാകെ വരണ്ടുകിടക്കുന്ന സമയം. ഞാന്‍ വീടിന്റെ പടിക്കലുണ്ട്. ആനകളെ വഴിയില്‍ ആനക്കാര് എന്റെ അടുത്തേക്കു വന്നു “ഈ കിണറ്റില്‍ വെള്ളമുണ്ടെന്നു കേട്ടു. പുഴയില്‍ വെള്ളമില്ല. ഇവറ്റകള്‍ക്കു ദാഹിച്ചിട്ടു നിന്നതാണ്. കിണറ്റില്‍നിന്നു വെള്ളം കൊടുത്തോട്ടെ” ചെറിയ സ്ഥലമായതുകൊണ്ട് ഓരോന്നിനെയും നടത്തി വെള്ളംകൊടുത്തു മാറ്റി മാറ്റി നിര്‍ത്താന്‍ പറഞ്ഞു. അതനുസരിച്ച് അവര്‍ ചെയ്തു. ആനകള്‍ സമൃദ്ധമായി വന്നു വെള്ളംകുടിച്ചുപോയി. അന്നു പുഴയുടെ ഏതെങ്കിലും വശത്തു വെള്ളമുണ്ടാകും. പക്ഷേ ഇന്നു പുഴ വരളുന്നു എന്നതിന്റെ അര്‍ഥം ആ ഭൂപ്രദേശം മുഴുവനായി വരളുന്നുവെന്നതാണ്.
(‘എന്റെ പുഴ’ പരിപാടിയില്‍ എം.ടി. വാസുദേവന്‍ നായര്‍ സംസാരിച്ചതിന്റെ കേട്ടെഴുത്ത്)
Recent Comments