നിറങ്ങളുടെ ലയവുമായി അച്യുതന് കൂടല്ലൂര്‍
ചെന്നൈ: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അച്യുതന് കൂടല്ലൂര്‍ വീണ്ടും ചെന്നൈയില്‍ ഏകാംഗ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രമെഴുത്തില്‍ അച്യുതന്റെ മേല്‍വിലാസം അനന്യമാണ്. എഴുത്തിന്റെ വഴിയില്‍ മറ്റൊരു കൂടല്ലൂരുകാരന് തീര്‍ത്ത മേല്‍വിലാസം പോലെ തന്നെ തലയെടുപ്പോടെ നില്ക്കുന്ന ഒന്ന്. ”2002-ലാണ് ഇതിനുമുമ്പ് ചെന്നൈയില്‍ തനിച്ച് ഒരു പ്രദര്‍ശനം നടത്തിയത്. ഇടയ്ക്ക് പലരുമായും ചേര്‍ന്നുള്ള സംരംഭങ്ങളുണ്ടായിരുന്നു. ഇതിപ്പോള്‍ തനിച്ചുള്ള ഒരു ഷോയ്ക്ക് വീണ്ടും സമയമായെന്നു തോന്നുന്നു.” ചെന്നൈയില്‍ തിരുവാണ്മിയൂരിലെ വീട്ടില്‍ ചായക്കൂട്ടുകള്‍ക്കും കാന്വാസുകള്ക്കുമിടയില് ഒരു അവധൂതനെപ്പോലെ ഇരുന്നുകൊണ്ട് അച്യുതന് പറഞ്ഞു.
നിറങ്ങളുടെ കവിതയാണ് അച്യുതന് കൂടല്ലൂരിന്റെ രചനകള്‍. അതുകൊണ്ടുതന്നെ അച്യുതന്റെ സൃഷ്ടികള്‍ നമ്മുടെ കണ്ണുകളെ ക്ഷീണിപ്പിക്കുന്നില്ല. നിറങ്ങളുടെ സവിശേഷമായ ലയം അച്യുതന്റെ കാന്‍വാസുകളെ പ്രോജ്ജ്വലിപ്പിക്കുന്നു. ”എന്റെ മനസ്സുനിറയെ നിറങ്ങളാണ്. കേരളത്തില്‍ ജനിച്ചുവീഴുന്ന ആരുടെ മനസ്സിലാണ് നിറങ്ങളില്ലാത്തത്.” നിറങ്ങളോടുള്ള അച്യുതന്റെ കമ്പം രസകരമാണ്. ”പ്രധാനപ്പെട്ട പല രേഖകളും ഞാന്‍ പല നിറങ്ങളിലുള്ള കൂടുകളിലാണ് സൂക്ഷിക്കുന്നത്. ഇല്ലെങ്കില്‍ ഇവയൊക്കെ എവിടെയാണെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയെന്നു വരില്ല.”
1977-ലായിരുന്നു ചെന്നൈയില്‍ അച്യുതന്റെ ആദ്യ പ്രദര്‍ശനം. ചിത്രമെഴുത്തില്‍ അച്യുതന്റെ തുടക്കവും സമൂര്‍ത്തമായ വരകളിലൂടെയായിരുന്നു. ”റിയലിസത്തിന് ഞാന്‍ എതിരല്ല. രാജാ രവിവര്മയെയൊക്കെ ഞാന്‍ പണ്ടു വിമര്‍ശിച്ചിരുന്നു. പക്ഷേ, രവിവര്‍മയുടെ സൃഷ്ടിയുടെ ശക്തി ഇന്നു ഞാന്‍ കൂടുതലായി തിരിച്ചറിയുന്നുണ്ട്. ഏത് തലത്തിലായാലും രചനയുടെ മൗലികതയാണ് പ്രധാനം.”
അച്യുതന്റെ അബ്സ്ട്രാക്ഷനുകള് ശ്വസിക്കുന്നുണ്ടെന്നു നമുക്ക് അനുഭവപ്പെടുമെന്നാണ് ആര്‍ട്ട് ഹിസ്റ്റോറിയന്‍ ഏണസ്റ്റ് കൊളിന്സ്പെര്ഗര് നിരീക്ഷിക്കുന്നത്. അമൂര്‍ത്ത കലയുടെ വികാസത്തില്‍ അച്യുതന്റെ രചനകള്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്നതില്‍ സംശയമില്ലെന്നും ഏണസ്റ്റ് വ്യക്തമാക്കുന്നുണ്ട്.
എഴുത്തിന്റെ വഴി ഒന്ന് തിരിച്ചു പിടിക്കണമെന്ന് അച്യുതനുണ്ട്. ”ഈ പ്രദര്‍ശനത്തിനു ശേഷം ഒരിടവേളയുണ്ടാവും. വായനയുടെയും എഴുത്തിന്റെയും ഇടവേള.” കഥകളെഴുതിയിരുന്ന കാലം ഓര്‍ത്തുകൊണ്ട് അച്യുതന് പറയുന്നു.
സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയുമായി ’64-ല്‍ ചെന്നൈയിലെത്തിയതാണ് അച്യുതന്. റെയില്‍വേയില്‍ ഒമ്പതു മാസം ജോലി നോക്കി. അപ്പോഴാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പില്‍ സ്ഥിരംജോലി ശരിയായത്. 25 കൊല്ലത്തോളം ചെന്നൈയില്‍ മറീന കടല്ക്കരയിലുള്ള പൊതുമരാമത്ത് ഓഫീസില്‍ അച്യുതനുണ്ടായിരുന്നു. ഇപ്പോള്‍ മുല്ലപ്പെരിയാര്‍പ്രശ്നം കത്തിനില്‍ക്കെ പണ്ട് തമിഴകത്തെ വിവിധ അണക്കെട്ടുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ ശേഖരിച്ചിരുന്ന കാലം അച്യുതന്റെ മനസ്സിലേക്ക് കടന്നുവരുന്നു.
സാമ്പത്തികമാന്ദ്യം കഴിഞ്ഞ രണ്ടുകൊല്ലമായി ചിത്രകലാ വിപണിയെ തളര്‍ത്തിയിരിക്കുകയാണെന്ന് അച്യുതന് പറയുന്നു. എങ്കിലും അച്യുതന്റെ ചിത്രങ്ങള്‍ ഇപ്പോഴും വിറ്റുപോകുന്നുണ്ട്. ”കൃത്യമായി നികുതി കൊടുക്കുന്ന ചിത്രകാരന്മാരിലൊരാളാണ് ഞാന്‍.”
ഏകാംഗ പ്രദര്‍ശനങ്ങള്‍ സ്വയം നവീകരിക്കുന്നതിന് സഹായിക്കുന്നുണ്ടെന്ന് അച്യുതന് ചൂണ്ടിക്കാട്ടുന്നു. ”എന്റെ മനസ്സിന്റെ തുടര്‍ച്ചയാണ് എന്റെ കാന്‍വാസുകള്‍. ഉള്ളില്‍ നിന്നുള്ള പ്രകാശത്താല്‍ ശോഭിക്കുന്നില്ലെങ്കില്‍ ഏതൊരു പെയിന്റിങ്ങും മൃതമായിരിക്കും. ഗാലറിയില്‍ നമ്മുടെ സൃഷ്ടികള്‍ നമ്മള് തന്നെ കാണുമ്പോള്‍ അതിലൊരു പഠനപ്രക്രിയ നടക്കുന്നുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ സ്വയം തിരുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള ചില തുറസ്സുകള്‍ തുറക്കപ്പെടുകയാണ്.”
ചെന്നൈയില്‍ മൈലാപ്പുരിലുള്ള വിന്യാസ ആര്‍ട്ട് ഗാലറിയില്‍ ജനവരി ആറിന് വൈകിട്ട് 6.30 ന് ചിത്ര പ്രദര്‍ശനത്തിന് തുടക്കമാവും. അക്രിലിക്കിലും എണ്ണച്ചായത്തിലുമായി അച്യുതന്റെ മുപ്പതോളം രചനകള്‍ പ്രദര്‍ശനത്തിലുണ്ടാവും. ജനവരി 20 വരെ പ്രദര്‍ശനം നീണ്ടു നില്ക്കും.
Recent Comments