വാക്കിന്റെ വിസ്‌മയം

 – കരുവന്നൂർ രാമചന്ദ്രൻ  – 

തലമുറകളെ കോരിത്തരിപ്പിച്ച ആ സർഗധനന്റെ ജീവിതത്തിനു മുമ്പിൽ കാലം ഇങ്ങനെ കുറിച്ചിടുന്നു എൺപത്തി മൂന്നു വയസ്. സ്വർഗീയ ഗായകനായ ഓർഫ്യൂസിന്റെ ഗാനം പോലെ ആ പൊൻതൂലിക ജീവൻ കൊടുത്ത കഥകളും നോവലുകളും തിരക്കഥകളും യാത്രാ വിവരണങ്ങളും നാടകവുമൊക്കെ നമ്മുടെ മനസിൽ വസന്ത ഭംഗിയോടെ പൂത്തു പരിമളം പരത്തി നിൽക്കുന്നു. അചുംബിതവും ആർദ്രവുമായ ജീവിത കാമനകളുടെ ശില്പ ഭംഗിയാർന്ന എത്രയെത്ര നാലുകെട്ടുകൾ ആമനീഷി നമ്മുടെ മനസിൽ പണിതുയർത്തി. ഓപ്പോൾ, കുട്ട്യേടത്തി, ഭ്രാന്തൻ വേലായുധൻ, സേതു, വിമല എന്നിങ്ങനെ നമ്മുടെ മനസിൽ ചൈതന്യത്തിന്റെ ഓളങ്ങളിളക്കി ജീവിക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ.

എം.ടി.സ്നേഹാദരങ്ങളോടെ മാത്രം കാണുന്ന അക്കിത്തം ഒരു പ്രസംഗത്തിൽ പറഞ്ഞു:

ചങ്ങമ്പുഴ മലയാള കവിതയിൽ എന്താണോ അതു തന്നെയാണ് എം.ടി.മലയാള ചെറുകഥാ സാഹിത്യത്തിൽ.

ഇതുകേട്ട് ഇടശ്ശേരി അക്കിത്തത്തോടു പറഞ്ഞു: ”താനാ പറഞ്ഞത് വാസ്തവമാണ്. ചങ്ങമ്പുഴക്കവിത വായിക്കുമ്പോൾ നാം അതിലെ അനുഭൂതിയിൽ അലിയുന്നു. വാസുവിന്റെ കഥ വായിക്കുമ്പോഴും അതാണ് സംഭവിക്കുന്നത്. നമ്മുടെ അസ്തിത്വത്തെ നാം മറക്കുന്നു.”

മലയാളത്തിന്റെ ജീനിയസ് എന്ന വിശേഷണത്തിന്റെ പൊൻ കിരീടം അണിയുവാൻ ബഷീറിനു ശേഷം എം.ടി.ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. തൊട്ടതെല്ലാം പൊന്നാക്കാൻ കഴിയുന്ന ആ കഴിവ് ജന്മസിദ്ധവുമാണ്. സാധനയും കൊണ്ട് തളിർത്തതുമാണ്. എം.ടിക്ക് തന്നെക്കുറിച്ച് പറയാനുള്ളത് ഇതാണ്:

ഉൾനാട്ടിൽ ജനിച്ചുവളർന്ന ഒരു ഗ്രാമീണൻ എന്നും എന്റെ മനസിലുണ്ട്. കുറെയൊക്കെ വായിച്ചു. കുറച്ചെഴുതി. തെറ്റുകളും ശരികളുമൊക്കെയുള്ള ഒരു ശരാശരി മനുഷ്യൻ. ദേവനല്ല, ചെകുത്താനുമല്ല.

വായിൽ പൊന്നിൻ കരണ്ടിയുമായി പിറന്നുവീണ ഒരു ജീവിതമായിരുന്നില്ല എം.ടിയുടേത്. ഒരുപിടി ചോറ് സ്വപ്നം കണ്ടുനടന്ന ബാല്യകാലം മുതൽ ഒരു കറുക നാമ്പു പോലുമില്ലാത്ത ജീവിതത്തിന്റെ ഊഷരഭൂമിയിലൂടെ അദ്ദേഹം സഞ്ചരിച്ചു. ബാല്യകാലത്തു മാത്രമല്ല ജീവിതത്തിന്റെ കരിമുഖങ്ങൾ കണ്ടത്. യൗവനകാലത്തെപ്പറ്റിയും എം.ടി. പറയുന്നു:

ഒരു നവ യുവാവിന്റെ ആഗ്രഹങ്ങളൊന്നും എനിക്ക് അക്കാലത്ത് സാധ്യമായിരുന്നില്ല. കൂട്ടത്തിൽ നടക്കുന്നവരെപ്പോലെ മികച്ച വസ്ത്രങ്ങൾ ധരിക്കുക, പുറത്തുപോവുക, ഭക്ഷണം കഴിക്കുക, ധാരാളമായി ചെലവഴിക്കുക, കോളേജ് വിദ്യാഭ്യാസ കാലത്തെ അത്തരം ആഗ്രഹങ്ങളൊന്നും നിറവേറ്റുവാൻ എനിക്കു കഴിയുമായിരുന്നില്ല. എന്റെ സംഘത്തിലെ യുവാക്കളുമായി ഒരുതരത്തിലും മത്സരിക്കാൻ എനിക്കു ശേഷിയുണ്ടായിരുന്നില്ല. ഒന്നിച്ചു നടക്കാനോ ഹോട്ടലുകളിലോ സിനിമയ്ക്കോ പോകാനും കഴിഞ്ഞില്ല. ആദ്യമായി മുണ്ടുടുത്തത് കോളേജിലെത്തിയശേഷമാണ്. ഒരു കുട്ടി യുവാവായി എന്നതിന്റെ അടയാളമായിരുന്നു അന്ന് മുണ്ടുടുക്കൽ. ഏതൊരു യുവാവിനെയും പോലെ എനിക്ക് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. അവയെക്കുറിച്ചുള്ള വിഷമങ്ങളും. പക്ഷേ ഇളംപ്രായത്തിൽ തന്നെ വലിയ ദുഃഖങ്ങൾ അനുഭവിച്ച് വളർന്നതിനാൽ ഒന്നും എന്നെ ബാധിച്ചില്ല. പട്ടിണി ഞാൻ അനുഭവിച്ചിട്ടുണ്ട്. കോളേജിൽ എത്തിപ്പെടുക എന്നതു തന്നെ ഭാഗ്യമായിരുന്നു. നല്ല ഭക്ഷണമില്ലല്ലോ, ഉടുപ്പില്ലല്ലോ എന്നോർത്ത്, അച്ഛനോടോ അമ്മയോടോ പരിഭവം തോന്നിയിട്ടില്ല. ഇവയ്ക്കെല്ലാം പരിഹാരം ലഭിച്ചത് വായനയിലൂടെയാണ്.

എം.ടിക്ക് ആരാധ്യനായ എഴുത്തുകാരനാണ് ഹെമിങ്വേ. ഹെമിങ്വേയെക്കുറിച്ച് അദ്ദേഹമൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഹെമിംഗ്വെയെക്കുറിച്ച് സാധാരണ പറയുന്ന ഒരു വാചകമുണ്ട്.

താനാഗ്രഹിക്കുന്നതരത്തിൽ അദ്ദേഹം സ്‌നേഹിച്ചു. താനാഗ്രഹിക്കുന്ന തരത്തിലദ്ദേഹം പൊരുതി. താനാഗ്രഹിക്കുന്ന തരത്തിലദ്ദേഹം മരിച്ചു.

ഇതിൽ ആദ്യത്തെ രണ്ടു വിശേഷണങ്ങളും എം.ടിക്കും ചേരുന്നതാണ്.

സാഹസികത എം.ടിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു വികാരമാണ്. വളർന്ന് ഉദ്യോഗസ്ഥനായപ്പോഴും ഈ സ്വഭാവത്തിനൊരു മാറ്റവും വന്നില്ല.പതിനൊന്നു മാസം ജോലി ചെയ്താൽ ഒരു മാസത്തെ ഏൺഡ് ലീവ് കിട്ടും. ഈ സമയത്ത് ഒരു സഞ്ചിയെടുത്ത് ഏതെങ്കിലും ഭാഗത്തേക്ക് യാത്ര പുറപ്പെടും. ഭാഷയറിയില്ല, വേണ്ടത്ര കാശില്ല, അരിഷ്ടിച്ചുള്ള ജീവിതം. പക്ഷേ, അദ്ദേഹമതിൽ സന്തോഷം കണ്ടെത്തി.

ഭീരുക്കൾ അനവധി പ്രാവശ്യം മരിക്കുന്നു. ധീരന്മാർ ഒരിക്കൽമാത്രം എന്നു പറയാറുണ്ട്. എം.ടി. ഒരിക്കലും ഒരു കാര്യത്തിലും ഭീരുവായിരുന്നിട്ടില്ല. ജീവിതം രൂപപ്പെട്ടതു തന്നെ ഒരു സാഹസിക പ്രവൃത്തിയിലൂടെയാണ്. ജീവിതം യൗവന തീഷ്ണമായ കാലത്തെ ഈ രംഗം ശ്രദ്ധിക്കുക: ”അന്ന് ഒരു സന്ധ്യാ സമയമായിരുന്നു. വീട്ടുകാരെല്ലാവരും കൂടി ഊണുകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അച്ഛൻ ആ മകനെ നോക്കിപ്പറഞ്ഞു: ”കണ്ട ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കഥയെഴുതിക്കൊണ്ടു നടക്കണ ഇവനെ പഠിപ്പിക്കണ കാശോണ്ട് ഒരു തെങ്ങിൻ പറമ്പു വാങ്ങിയിരുന്നെങ്കിൽ ഗുണമായേനെ!”

താൻ ജീവവായു പോലെ കരുതുന്ന കഥയെഴുത്തിനെപ്പറ്റിയാണ്, തന്നേപ്പറ്റിയാണ് അച്ഛൻ പറഞ്ഞത്. അവന്റെ സപ്തനാഡികളും തളർന്നു. രക്തം സിരകളിലൂടെ പതഞ്ഞൊഴുകി. ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങാതെയായി. ഒരുവിധം കഴിച്ചുവെന്നു വരുത്തി കൈകഴുകിപ്പോയി. അന്നത്തെ രാത്രി നിദ്രാവിഹീനമായിരുന്നു. ആയിരംചിന്തകൾ മഴമേഘങ്ങൾ പോലെ കൂട്ടിമുട്ടി. ഇടിയും മിന്നലും പേമാരിയും നടന്നു. ചുട്ടുപഴുത്ത മനസിലേക്ക് ആശ്വാസത്തിന്റെ ഒരിളം തെന്നൽപോലും കടന്നുവന്നില്ല. അമ്മയുണ്ടായിരുന്നെങ്കിൽ…! ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി. ഇല്ല. താൻ ഏകനാണ്. ഈ വീട് തനിക്കൊരു കാരാഗൃഹമായിരിക്കുന്നു. ഇവിടെ ശ്വസിക്കുന്ന വായുപോലും അസ്വാതന്ത്ര്യത്തിന്റേതാണ്. അപമാനം സഹിച്ച് വീർപ്പുമുട്ടി ഇവിടെ ജീവിച്ചു കൂടാ. പൊട്ടി വിടർന്ന പ്രഭാതം അവന് പ്രത്യാശയുടെ വെളിച്ചം പകർന്നു കൊടുത്തു. അത്യാവശ്യം വേണ്ട സാധനങ്ങൾ കുത്തിനിറച്ച ബാഗുമായി വീടുവിട്ടിറങ്ങി. ചെമ്മണ്ണു നിറഞ്ഞ പാതയിലൂടെ തിരിഞ്ഞു നോക്കാതെ നടന്നു.

എത്തിച്ചേർന്നതു കുന്നംകുളംബസ് സ്റ്റാന്റിലാണ്. അവിടെ നിന്നും പാലക്കാട്ടേക്കു ബസു കയറി. സ്വന്തം വിയർപ്പു നീരിൽ ആ ജീവിതം തളിരിട്ടു. ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായി. ഹൈസ്‌കൂളിൽ ലീവ് വേക്കൻസിയിൽ അദ്ധ്യാപകനായി. ഗ്രാമ സേവകനായി. ഗ്രാമ സേവകന്റെ ജോലി പോയത് സിഗരറ്റുവലി കണ്ടുപിടിക്കപ്പെട്ടതോടെയാണ്.

പാലക്കാട്ട് ട്യൂട്ടോറിയലിൽ പഠിപ്പിക്കുമ്പോഴാണ് പാതിരാവും പകൽ വെളിച്ചവും എന്ന ആദ്യ നോവലെഴുതുന്നത്. അവരുടെ വക ‘മലയാളി ‘ എന്ന മാസികയിലാണ് അത് വെളിച്ചം കണ്ടത്.

എം.ടിയുടെ വാക്കുകൾ:

‘താളക്കേടുകളുള്ള ലോകത്ത്അതിനപ്പുറത്തു താളം അന്വേഷിക്കുന്നവനാണ് എഴുത്തുകാരൻ. താളം തെറ്റിയ ജീവിതത്തിന്റെ തിക്തതകൾക്കു നടുവിൽ നിന്നുകൊണ്ടു തന്നെ ഒരു മാധുര്യം, ഒരു താളം സൃഷ്ടിക്കാനാവുമോ എന്ന് എഴുത്തുകാരൻ നടത്തുന്ന അന്വേഷണമാണ് എഴുത്ത്.’

ആരും മോഹിക്കാത്ത ഒരു കുഞ്ഞായിട്ടാണ് എം.ടി. ഈ ലോകത്ത് പിറന്നു വീണത്.നാലാമതും ഒരു കുഞ്ഞു വേണ്ടെന്ന് വീട്ടുകാരൊക്കെ തീരുമാനിച്ചു. ഗർഭഛിദ്രത്തിന് അമ്മ ഏതോ ആയുർവേദ മരുന്നുകളും കഴിച്ചു. നമ്മുടെ ഭാഗ്യത്തിന് ആ മരുന്നുകൾ ഫലപ്രദമായില്ല.

കൂടല്ലൂർ എന്ന ഗ്രാമത്തിൽഇടത്തരക്കാരിലും താഴെയുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. സാഹിത്യപരമായ ഒരു സുഗന്ധവും ആ വീടിനോ നാടിനോ ഉണ്ടായിരുന്നില്ല. ആറു നാഴിക നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. അന്ന് ഒരു കവിയെപ്പറ്റി കേട്ടിരുന്നു. സാഹിത്യാഭിരുചിയുടെ പൂമ്പൊടി എങ്ങനെയോ മനസിൽ വീണു. കവിയാകാനായിരുന്നു ആഗ്രഹം. കുറെ കവിതകൾ തല്ലിക്കൂട്ടി. പല പത്രങ്ങൾക്കും അയച്ചു. ഒന്നും വെളിച്ചം കണ്ടില്ല. പിന്നെ ചില്ല മാറ്റിപ്പിടിച്ചു. കുറെ ലേഖനങ്ങളെഴുതി നോക്കി. ഒടുവിലാണ് കഥയുടെ പൂങ്കൊമ്പിൽ പിടിച്ചത്. അന്ന് കഥയെഴുതുന്ന എല്ലാവരുടെയും സ്വപ്ന ഭൂമി മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു. കുറെ കഥകളയച്ചു. ഒരനക്കവുമില്ല. ഒരിക്കൽ പത്രാധിപരുടെ കത്തുവന്നു, കഥ പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നുവെന്ന്. പ്രതീക്ഷയുടെ പൊന്നു നൂലിൽ മനസ് ആകാശത്തോളമുയർന്നു. പക്ഷേ, ആ കഥയും കമ്പോസിറ്ററുടെ കരസ്പർശമേറ്റില്ല. ഒടുവിൽ അതു ജയകേരളം വാരികയ്ക്ക് അയച്ചു. അവരത് പ്രസിദ്ധീകരിച്ചു. പിന്നെ കുറെ കഥകളെഴുതി. ആദ്യമായി പ്രതിഫലം കിട്ടിയതും ജയകേരളത്തിൽ നിന്നായിരുന്നു പത്തുരൂപ.

തുടർന്ന് എം.ടിയുടെകഥയുടെ നെൽപ്പാടത്ത് നൂറുമേനി വിളഞ്ഞു. ഓരോ കഥയും മലയാളത്തിലെ നിത്യവസന്തമായി.കഥയെഴുതുമ്പോളുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കൽ അദ്ദേഹം പറഞ്ഞു: ”ഒരു കഥയെഴുതിയപ്പോൾ മാത്രം ഞാൻ കരഞ്ഞുപോയി.അത് ‘നിന്റെ ഓർമ്മയ്ക്കാണ്. അതു രൂപമെടുത്ത നില വ്യക്തമായി വിവരിക്കാൻ എനിക്കു കഴിയില്ല. പക്ഷേ, ആ കഥ എഴുതിക്കഴിയുന്നതുവരെ അനുഭവിച്ച വേദന ഓർമ്മിക്കുവാൻ സാധിക്കുന്നുണ്ട്.”

ഇന്ന് എം.ടിയുടെ ഒരു പുസ്തകത്തിനുവേണ്ടി പ്രസാധകർ മത്സരിക്കുന്നു.പക്ഷേ, ആദ്യത്തെ കഥാസമാഹാരത്തിന്റെ കഥ കേൾക്കൂ: കോളേജിൽ പഠിക്കുന്ന കാലത്താണ് ആ ആഗ്രഹം മനസിൽ മൊട്ടിട്ടത്. പലർക്കും എഴുതി നോക്കി. ഒരു രക്ഷയുമില്ല.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം കൂട്ടുകാരനായഉണ്ണി പറഞ്ഞു:

”വാസുവിന്റെ കഥകൾനമുക്ക് ബുക്കാക്കാം.”

”അതിനു കാശുവേണ്ടേ?”

വഴിയുണ്ടാക്കാം എന്നായി ഉണ്ണി.

ഉണ്ണി ശേഖരിച്ച 120 രൂപ നഗരത്തിലെഏറ്റവും ചെറിയ പ്രസിൽ ഏൽപ്പിച്ചു. ധാരാളം അച്ചടിത്തെറ്റുകളോടെ പുസ്തകം പുറത്തുവന്നു. കുറെ കോപ്പി വിദ്യാർത്ഥികൾക്കിടയിൽ വിറ്റു. കാശ് പലപ്പോഴായിട്ടാണ് പിരിഞ്ഞു കിട്ടിയത്. പ്രസിലെ പണം ബാക്കി. പ്രസുടമ ഉണ്ണിയെത്തേടി നടന്നു. ഉണ്ണി മുങ്ങി. അയാൾ പിന്നെ എം.ടിയെത്തേടിയെത്തി. ഭാഗ്യത്തിന് ശകാരിച്ചില്ലായെന്നേയുള്ളൂ. പുസ്തകത്തിന്റെ പേര് രക്തം പുരണ്ട മണൽത്തരികൾ.’

മുപ്പതിലധികം വർഷങ്ങൾ എം.ടി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തു. പത്രപ്രവർത്തനത്തിലുള്ള താൽപര്യം കൊണ്ടൊന്നുമല്ല ജോലിക്ക് അപേക്ഷിച്ചത്. ‘ആ കാലത്ത് ഏതു ജോലിയും ഞാൻ സ്വീകരിക്കുമായിരുന്നു’ എന്നാണ് അതേപ്പറ്റി പറഞ്ഞത്. ബിരുദാനന്തര ബിരുദവും ജേർണലിസത്തിൽ ഡിപ്‌ളോമയും ഒന്നുമുണ്ടായിരുന്നില്ല. ‘വളർത്തുമൃഗങ്ങൾ’ എന്ന കഥാ മത്സരത്തിൽ സമ്മാനം നേടിയതുമാത്രമായിരുന്നു ആകെയുള്ള യോഗ്യത.

ഇന്റർവ്യൂവൊക്കെക്കഴിഞ്ഞപ്പോൾചീഫ് എഡിറ്റർ കെ.പി.കേശവമേനോൻ പറഞ്ഞു: ”ജോലിയൊക്കെത്തരാം. പക്ഷേ ഈ വേഷമൊന്നുമാറ്റണം.”

പത്രാധിപരുടെ ജോലിക്ക് ഒരു സംതൃപ്തി ഉണ്ടെന്നദ്ദേഹം പറയുന്നു.എഴുത്തുകാരുടെ ഒരു പുതിയ തലമുറയെ നനച്ചു വളർത്താൻ എം.ടിക്കു കഴിഞ്ഞു. പുനത്തിൽ കുഞ്ഞബ്ദുള്ള, സേതു, സക്കറിയ, എം. മുകുന്ദൻ തുടങ്ങിയവരുടെ തലമുറ കൺമിഴിച്ചത് എം.ടി എന്ന പത്രാധിപരുടെ സുഖശീതളമായ കരസ്പർശമേറ്റാണ്. ‘എം.ടി ദ എഡിറ്റർ’ എന്നൊരു പുസ്തകം തന്നെ പുറത്തു വന്നു. മലയാളത്തിൽ അത് ആദ്യ സംഭവമാണ്.

പ്രസിദ്ധമായ ‘രണ്ടാമൂഴ’ത്തിനു പിന്നിൽ വർഷങ്ങളുടെ തപസ്യയുണ്ട്.അന്ന് വായിക്കുവാൻ പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നത് വാനിലായിരുന്നു. സ്വന്തം കഥയായ ‘മുറപ്പെണ്ണിന്’ തിരക്കഥയെഴുതിക്കൊണ്ടാണ് സിനിമാ രംഗത്ത് പദമൂന്നുന്നത്.അമ്പതിൽപ്പരം തിരക്കഥയെഴുതി. തിരക്കഥയുടെ ലോകത്ത് അദൃശമായ ഒരു ഹിമവൽ പർവതം പോലെ എം.ടി നിലകൊള്ളുന്നു. തിരക്കഥയെക്കുറിച്ച് പുസ്തകങ്ങളൊന്നുമില്ലാത്ത കാലത്താണ് എം.ടി. ഈ രംഗത്തേക്കു വരുന്നത്.

അവാർഡുകളെക്കുറിച്ച് എം.ടിക്കുള്ള അഭിപ്രായംഇതാണ്:

”എഴുത്തുകാരന്റെക്‌ളേശഭരിതമായ യാത്രയ്ക്കിടയിൽ അവനു കിട്ടുന്ന പാഥേയമാണ് അവാർഡ്.”

എഴുത്ത് ആരംഭിച്ച കാലം മുതൽ എം.ടി അതിനെ അന്തസുള്ള ഒരു തൊഴിലായി കണ്ടിരുന്നു.എം.ടി യുടെ വാക്കുകൾ:

”എഴുത്തുകാരൻ നിസാരനാണെന്ന ആറ്റിറ്റിയൂഡ് പണ്ട് മുതൽ ഇവിടെയുണ്ട്. സാഹിത്യം എന്നു പറയുന്നത് ഒരു ചെറിയ കാര്യമൊന്നുമല്ല. ആ രംഗത്ത് പ്രവർത്തിക്കുന്നവർ നിസാരന്മാരുമൊന്നുമല്ല. സാഹിത്യമെഴുതിയവനും മറ്റാരുടെ കൂടെയും നിൽക്കാമെന്ന നിലവരണം.”

എം.ടി മലയാള സാഹിത്യത്തിലെ നിത്യ സുരഭിലമായ ഒരു പൂന്തോട്ടമാണ്. ഈ ലേഖനം അതിലെ ഒരു പൂവിതൾ മാത്രം. ഷേക്സ്പിയറെപ്പറ്റി പറഞ്ഞത് നമുക്കിങ്ങനെ മാറ്റിപ്പറയാം: മലയാള ഭാഷ രജസ്വലയായൊരു നവോഢയെപ്പോലെ ചൈതന്യവതിയായിത്തീർന്നത് എം.ടി യുടെ വരവോടെയാണ്.

(ലേഖകന്റെ ഫോൺ : 9544600969.)

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *