ഞങ്ങളുടെ ഉണ്യേട്ടൻ !!

mt-raveendran-on-mt

വല്യമ്മയുടെ നാല് ആൺമക്കളിൽ ഇളയ ആളാണ് എം.ടി. ഞാനും സഹോദരിയും വിളിച്ചു ശീലിച്ചത് ഉണ്യേട്ടൻ എന്നാണ്. കുട്ടിക്കാലം മുതൽ ഞങ്ങളുടെ മനസ്സിൽ ദൈവതുല്യമായ സ്ഥാനമാണ് അദ്ദേഹത്തിന്. വിദ്യാഭ്യാസത്തിന്റെ വഴികളിലൂടെ സ്വന്തം മക്കളെ നയിക്കാനാണ് വല്യമ്മയും വല്യച്ഛനും ശ്രമിച്ചത്. കോളേജ് വിദ്യാഭ്യാസം നാട്ടിൻ പുറത്തെ കുട്ടികൾക്ക് അന്യമായ കാലത്ത് നഗരങ്ങളിലെ കോളേജ് കളിലേക്ക് മക്കളെ പറഞ്ഞയക്കാൻ അവർ തെയ്യാറായി. എന്നാൽ മക്കൾ വളർന്ന് വലുതായി ഉദ്യോഗസ്ഥരായി കണ്ട് ഏറെക്കാലം ജീവിക്കാൻ വല്യമ്മക്ക് കഴിഞ്ഞില്ല. ഇളയമകൻ വലിയ എഴുത്ത്കാരനായി മാറുമെന്ന് വല്യമ്മ കരുതിയിട്ടുമുണ്ടാവില്ല. ലോകമറിയുന്ന എഴുത്ത്കാരന്റെ പ്രഭാവലയത്തിൽ ഒരു ദിവസമെങ്കിലും കഴിയാൻ ദൈവം അധികം ആയുസ്സ് നൽകിയില്ല ആ അമ്മയ്ക്ക്.

മാടത്ത് തെക്കേപ്പാട്ട് തറവാട്ടിന് നിരവധി താവഴികളുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥയിൽ ബാല്യകൗമാരങ്ങൾ ചെലവഴിച്ചതുകൊണ്ടാകാം ഏത് ബന്ധുവിനെയും എളുപ്പം തിരിച്ചറിയാൻ ഉണ്യേട്ടന് കഴിയും. പരസ്പരം അറിയാതെ കഴിഞ്ഞിരുന്ന കുടുംബത്തിലെ പിന്മുറക്കാർ പലപ്പോഴും ഉണ്യേട്ടനെ അന്വേഷിച്ചുവരാറുണ്ട്. അവരെയൊക്കെ ഒരു പ്രാവശ്യം പരിചയപ്പെടുത്തിയാൽ മതി, കൃത്യമായ ബന്ധം ഉണ്യേട്ടൻ തന്നെ പറഞ്ഞു കൊടുക്കും. വല്യമ്മയുടെ മക്കൾ,ചെറിയമ്മയുടെ മക്കൾ എന്ന വേർതിരിവ് ഒരിക്കലും അദ്ദേഹം കാണിച്ചിരുന്നില്ല. കുട്ടിക്കാലത്ത് ഉണ്യേട്ടൻ വലിയ വാശിക്കാരനും വികൃതിക്കാരനുമാണെന്ന് അമ്മ പറയാറുണ്ട്. പിന്നീട് വായനയിലൂടെയും എഴുത്തിലൂടെയും അതിനെയൊക്കെ മറികടന്നു എന്ന് വേണം കരുതാൻ. ഇത്രയും വായിച്ച മനുഷ്യൻ ലോകത്ത്തന്നെയുണ്ടോ എന്ന് സംശയമാണ്. ലോകത്തിന്റെ ഏതു കോണിൽ പുതിയ പുസ്തകമെഴുതിയാലും അത് ഒരാഴ്ചക്കുള്ളിൽ തന്നെ ഉണ്യേട്ടന്റെ ഷെൽഫിലുണ്ടാകും.

ഞങ്ങളുടെ കുടുംബത്തിന്റെ തണൽ മരമാണ് ഉണ്യേട്ടൻ. ഇപ്പോൾ അപൂർവമായേ അദ്ദേഹം കൂടല്ലൂരിലേക്ക് വരാറുള്ളൂ. ഇതുവഴിയാണ് യാത്ര യെങ്കിൽ കൂടല്ലൂരിൽ ഇറങ്ങി വിശ്രമിക്കും. അപ്പോഴേക്കും പഴയ കൂട്ടുകാരിൽ ആരെങ്കിലുമെത്തും. അവരോട് എത്ര സംസാരിച്ചാലും ഉണ്യേട്ടന് മതിവരില്ല.

സംസാരിക്കാൻ വേണ്ടി തന്നെയാണ് നിളയുടെ തീരത്ത് അരയേക്കർ സ്ഥലം വാങ്ങി ചെറിയൊരു വീട് നിർമ്മിച്ചത്. മകളുടെ പേരാണ് ആ വീടിനിട്ടത്, ”അശ്വതി”. ഇന്നിപ്പോൾ നിളയുടെ അവസ്ഥ പരിതാപകരമാണ്. കാടും പുല്ലും വളർന്ന് ഇടവപ്പാതിയിൽ പോലും ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. കുട്ടിക്കാലത്ത് ഉണ്യേട്ടനും ഞാനുമൊക്കെ പോയിരിക്കാറുള്ള മണൽപ്പരപ്പുകളെല്ലാം നഷ്ടപ്പെട്ടു. നിളയുടെ ഈ അവസ്ഥയിൽ ഉണ്യേട്ടന് അതിയായ സങ്കടമുണ്ട്. അതുകൊണ്ടായിരിക്കണം അദ്ദേഹം കൂടല്ലൂരിലേക്കുള്ള യാത്ര കുറച്ചിട്ടുണ്ടാവുക.

ആദ്യകാലത്ത് ഉണ്യേട്ടൻ ”അശ്വതി”യിലെത്തുമ്പോൾ ഒരുപാട് ബാല്യകാല സുഹൃത്തുക്കൾ കാണാനെത്തും. അടുത്ത കൂട്ടുകാരൻ കുഞ്ഞാൻ മരിച്ചു. ദീർഘകാലം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അപ്പുണ്ണിമേനോനും ഇപ്പോഴില്ല. ”സ്വർഗ്ഗ വാതിൽ തുറക്കുന്ന സമയം” നോക്കിയിരുന്ന കുട്ടിനാരായണനും ഈലോകം വിട്ടുപോയി. കഥാപാത്രങ്ങൾ പടിയിറങ്ങിപ്പോയതിലും ഉണ്യേട്ടന് വേദനയുണ്ട്. ഇപ്പോൾ കൂടല്ലൂരിലെത്തുന്നത് ഉണ്യേട്ടന്റെ വായനക്കാരും ആരാധകരുമാണ്. ജനിച്ച ഗ്രാമവും തറവാട്ടുവീടുമൊക്കെ കണ്ട് അവർ മടങ്ങുന്നു. ഉണ്യേട്ടന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ക്ഷേത്രങ്ങളിൽ വഴിപാട് നടത്തുന്ന ആരാധകരെ വരെ കണ്ടിട്ടുണ്ട്. ഒരുപക്ഷെ ലോകത്ത് ഒരെഴുത്തുകാരനും കിട്ടാത്തൊരു ഭാഗ്യമാണിതൊക്കെ. പലരും വിചാരിക്കുന്നത് എം.ടി ഇപ്പോഴും താമസിക്കുന്നത് കൂടല്ലൂരിലെന്നാണ്. ഇപ്പോഴും കൂടല്ലൂരിലെ പോസ്റ്റ് ഓഫീസിൽ ഉണ്യേട്ടനെ തേടി കത്തുകൾ വരാറുണ്ട്. അതെല്ലാം പോസ്റ്റുമാൻ കോഴിക്കോട്ടേക്ക് റീഡയറക്ട് ചെയ്യും.

ഉണ്യേട്ടന് എന്റെമ്മയെ വളരെ ഇഷ്ടമായിരുന്നു.ഒരുപാട് നോവലുകളിലും കഥകളിലുമൊക്കെ അമ്മ കഥാപാത്രമായി വന്നിട്ടുണ്ട്. ഉണ്യേട്ടൻ വലിയ എഴുത്തുകാരനായി മാറിയ അവസരത്തിലും അമ്മയെ കാണാൻ ഇടയ്ക്കിടെ കൂടല്ലൂരിലെ വീട്ടിലെത്തും. അമ്മയ്ക്കും ഉണ്യേട്ടനോട് വലിയ താല്പര്യമാണ്. വരുന്നു എന്നറിഞ്ഞാൽ തലേ ദിവസം മുതൽ അമ്മ അതിയായ സന്തോഷത്തിലായിരിക്കും . ഇടയ്ക്കിടെ എന്നെ വിളിച്ച് ചോദിക്കും – രവിയേ,ഉണ്ണി നാളെയല്ലേ ഇവിടേക്ക് വരണത്?. വന്നു കഴിഞ്ഞാൽ അമ്മയ്ക്ക് എന്തെങ്കിലും കൈനീട്ടം കിട്ടണം. ഇക്കാര്യം ഉണ്യേട്ടനും അറിയാവുന്നതിനാൽ കൈനീട്ടം നൽകിയ ശേഷമേ പോകാറുള്ളൂ. അമ്മയോടുള്ള ഇഷ്ടം തന്നെയാണ് എന്നോടുമുണ്ടായിരുന്നത്. ചെറുപ്പത്തിൽ തന്നെ എന്റെ അച്ഛൻ മരിച്ചിരുന്നു. അതിനുശേഷം എന്നിൽ ഒരു ശ്രദ്ധ എപ്പോഴുമുണ്ടാകാറുണ്ട്. ഞങ്ങൾ തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണ്.ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് ഉണ്യേട്ടന് ജോലി ”മാതൃഭൂമി”യിലാണ്. അക്കാലത്തു സ്കൂളിൽ ആറുരൂപ ഫീസ് കൊടുക്കണം.സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കാലമാണത്.എങ്ങനെ ഫീസ് അടക്കുമെന്ന ടെൻഷനിൽ കഴിയുന്ന സമയത്താണ് ഉണ്യേട്ടൻ സഹായവുമായി എത്തിയത്. അദ്ദേഹം എന്റെ അവസ്ഥ എങ്ങിനെയോ അറിഞ്ഞു.അതിന് ശേഷം എല്ലാമാസവും പത്ത് രൂപ മണിയോർഡറായി അയച്ചുതരും. ആ പണം കൊണ്ടാണ് ഫീസ് കൊടുത്തിരുന്നത്. പത്ത് പൈസ കൊടുത്താൽ സ്കൂൾ ക്യാന്റീനിൽ നിന്ന് ഊണ് കിട്ടും, അത് കഴിച്ച് ബാക്കി വരുന്ന കാശ് അമ്മയുടെ കൈയിൽ കൊടുക്കും.

കുടുംബത്തോട് വല്ലാത്ത ഒരിഷ്ടമാണ് ഉണ്യേട്ടന്.വലിയ എഴുത്തുകാരനായി മാറിയിട്ടും ആരെയും മറന്നില്ല. കുടുംബത്തിലെ ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതി അദ്ദേഹത്തിന് നന്നായി അറിയാം. പ്രധാന പുസ്തക പ്രസാധകർ റോയൽറ്റി അയക്കാൻ തുടങ്ങുമ്പോൾ അത് ഇന്ന ആളുടെ പേരിൽ അയച്ചേക്കൂ എന്നാണ് പറയാറ്. പ്രസാധകരുടെ വരവ് ചെലവ് പുസ്തകത്തിൽ ഇപ്പോഴുമുണ്ടാകും ആ കണക്കുകൾ. എന്നാൽ അതാരാണെന്ന് ഒരിക്കലും പറയാറില്ല. അസുഖം വന്ന് കിടപ്പിലായ നിരവധിപേരെ സഹായിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എഴുത്തുകാർ വരെയുണ്ട്.

പണ്ടൊക്കെ ഓണത്തിനും വിഷുവിനുമൊക്കെ കുടുംബസമേധം തറവാട്ടിൽ വരുമായിരുന്നു.ഒരു ദിവസം കുടുംബത്തോടൊപ്പം കഴിഞ്ഞ് പിറ്റേ ദിവസം തിരിച്ച് പോകും.വിശേഷ ദിവസങ്ങളിൽ കൂടല്ലൂരിലേക്ക് വരാൻ നിർബന്ധിക്കുന്നത് വല്യേട്ടനും ഭാര്യയുമാണ്. വല്യേട്ടന്റെ ഭാര്യ ഉണ്യേട്ടന് ”ഓപ്പു”വാണ്.അച്ഛന്റെ മരുമകളാണവർ.ഉണ്യേട്ടന് കഷ്ടിച്ച് പത്ത് വയസ്സായ കാലത്തായിരുന്നു വല്യേട്ടന്റെ വിവാഹം.ഓപ്പു നന്നായി വായിക്കുമായിരുന്നു. എഴുതാൻ തുടങ്ങിയ കാലത്ത് ഉണ്യേട്ടന്റെ ആദ്യവായനക്കാരി ഏട്ടത്തിയമ്മയാണെന്ന് കേട്ടിട്ടുണ്ട്. അവർ കൃത്യമായ അഭിപ്രായവും പറയും.

എന്റെ സഹോദരിയുടെ വീട് കുന്നിൻ മുകളിലാണ്. താണിക്കുന്നിലെ പ്രകൃതി രമണീയമായ ഇടം ഉണ്യേട്ടന് ഭയങ്കര ഇഷ്ടമാണ്. എഴുത്തുകാരനായി അറിയപ്പെട്ട സമയത്ത് കൂടല്ലൂരിലെ വീട്ടിലെത്തു മ്പോൾ ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളു മൊക്കെയായി ഒരുപാട് പേർ കാണാനെത്തും. ആ സമയത്ത് ഒന്നും എഴുതാൻ കഴിയില്ല. എന്തിന്,ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടില്ല.”രണ്ടാമൂഴം” എഴുതുന്നത് സഹോദരിയുടെ താന്നിക്കുന്നിലെ വീട്ടിൽ വെച്ചാണ്.

തറവാട്ടിലെ മചിലെ ഭഗവപതിയുടെ അനുഗ്രഹം എപ്പോഴും ഉണ്യേട്ടനൊപ്പമുണ്ട്. ഒരു കർഷക കുടുംബത്തിൽ ജനിച്ച് നാട്ടിൻ പുറത്തെ നന്മകൾ കണ്ട് വളർന്നതു കൊണ്ടാകാം അത് ജീവിതത്തിലും പിന്തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാവുക. ഉണ്യേട്ടൻ ഒരിക്കലും സ്വന്തം ഗ്രാമത്തിന്റെ പേര് ചേർത്തിയല്ല എഴുതിയിരുന്നത്.വായനക്കാർ എഴുത്തുകാരന്റെ ജന്മദേശം കണ്ടെത്തുകയായിരുന്നു. കൂടല്ലൂർ എന്ന ഗ്രാമം അങ്ങനെയാണ് ആഗോള പ്രശസ്തിയിലായത്. എം.ടി എന്ന പ്രതിഭയുടെ വെളിച്ചത്തിലാണ് ഞങ്ങൾ ഇപ്പോഴും കഴിയുന്നത്. എന്ത് കാര്യം പറഞ്ഞാലും സാധിച്ചുതരും ഉണ്യേട്ടൻ. ആ തണലിന്റെ തണുപ്പിൽ എല്ലാവരും കൃതാർത്ഥരാണ്. അതുമാത്രം മതി ഞങ്ങൾക്ക്…

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *