സുകൃതം പിറന്ന നാള്‍

അന്നൊരു പിറന്നാള്‍പ്പിറ്റേന്നായിരുന്നു. മലയാളത്തിനു പ്രിയങ്കരനായ എം.ടിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസം. കുട്ടിക്കാലത്ത്‌ ഏറെക്കൊതിച്ചിട്ടും പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെപോയ, പില്‍ക്കാലത്ത്‌ ഒരിക്കല്‍പ്പോലും പിറന്നാള്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കാത്ത എം.ടിയുടെ പിറന്നാളിന്റെ പിറ്റേദിവസം. ആഘോഷിക്കാറില്ലെന്ന്‌ അറിയാമെങ്കിലും ആശംസ നേരാന്‍ പിറന്നാള്‍ ദിനത്തില്‍തന്നെ ഫോണില്‍ വിളിച്ചിരുന്നു. അപ്പോഴാണ്‌ ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയത്‌ അറിഞ്ഞത്‌. കാല്‍മുട്ടു വേദനയെത്തുടര്‍ന്നു കുറച്ചുദിവസമായി കോട്ടയ്‌ക്കല്‍ ആശുപത്രിയിലായിരുന്നു എം.ടി.

‘പിഴിച്ചിലും ധാരയുമെല്ലാം കഴിയാറായി. കുറച്ചുദിവസംകൂടി ചികിത്സ തുടരണമെന്നാണു ഡോക്‌ടര്‍ പറഞ്ഞത്‌’ സുഖവിവരം അന്വേഷിച്ചു കുറച്ചുനാള്‍മുമ്പു വിളിച്ചപ്പോള്‍ എം.ടി. പറഞ്ഞത്‌ ഇങ്ങനെയായിരുന്നു. അതിനാല്‍, ഇക്കുറി പിറന്നാളിന്‌ ആശുപത്രിയില്‍തന്നെ ആയിരിക്കുമെന്നാണു കരുതിയത്‌. വീട്ടിലെത്തിയെന്നറിഞ്ഞപ്പോള്‍ കോഴിക്കോട്ടേക്കുള്ള ആഴ്‌ചയിലെ യാത്ര രണ്ടുദിവസം നേരത്തെയാക്കി.’ഇത്തവണ ഇവന്‍ പതിവിലും നേരത്തെയാണെത്തിയത്‌’-പുറത്തു പെയ്യുന്ന മഴയുടെ താളം ശ്രദ്ധിച്ച്‌ കൊട്ടാരം റോഡിലെ വീട്ടിലിരുന്ന എം.ടി ആത്മഗതമെന്നോണം പറഞ്ഞു. കാല്‍മുട്ടിന്റെ വേദനയെക്കുറിച്ചാണു പറഞ്ഞത്‌. വര്‍ഷത്തിലൊരിക്കല്‍ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയ്‌ക്കു പോകാറുണ്ട്‌. പ്രത്യേക അസുഖത്തിനല്ല. ഉഴിച്ചിലും പിഴിച്ചിലും ധാരയും മറ്റും. കൈകാല്‍ മുട്ടുകള്‍ക്ക്‌ ഇടയ്‌ക്കിടെയുണ്ടാകുന്ന വേദനയ്‌ക്കു കുറച്ചുകാലത്തേക്കു ശമനമാകും.

”സാധാരണ കുറച്ചുനാള്‍ കഴിഞ്ഞാണു ചികിത്സയ്‌ക്കു പോകുക. മുമ്പത്തെ ചികിത്സ കഴിഞ്ഞ്‌ എട്ടുമാസമേ ആയുള്ളൂ. പക്ഷേ, ഇക്കുറി കാല്‍മുട്ടുവേദന നേരത്തെവന്നു. വല്ലാത്ത അസഹ്യത. മുകളിലെ മുറിയിലേക്കുള്ള നടകള്‍ കയറാന്‍ ബുദ്ധിമുട്ട്‌. കയറാന്‍ വിഷമമാണെങ്കില്‍ കിടപ്പു താഴത്തെ മുറിയിലേക്കു മാറ്റിക്കൂടേയെന്നു മകള്‍ അശ്വതി ചോദിച്ചു.”

അപ്പോ…രാവിലത്തെ നടത്തം?

”ഈ കാലാവസ്‌ഥയിലു നടക്കാന്‍ പറ്റില്ലല്ലോ. ട്രെഡ്‌മില്ലില്‍ വ്യായാമം ചെയ്യും. അപ്പഴും കാല്‍മുട്ടുവേദന ശല്യമായി. അതുകൊണ്ടാ നേരത്തേ ചികിത്സയ്‌ക്ക് പോയത്‌. ഇപ്പോ, നല്ല ഭേദംണ്ട്‌. വേദനയില്യ. എങ്കിലും മരുന്നു കഴിക്കണം. കുറച്ചുദിവസം കൂടി. കഷായംണ്ട്‌, തൈലംണ്ട്‌, ഒക്കെ ഇവിടന്ന്‌ ചെയ്‌താ മതി”
വേദനയിങ്ങനെ വീണ്ടും വരാതിരിക്കാന്‍ള്ള ചികിത്സ വല്ലതും ണ്ടാവില്യേ?

”തുടര്‍ച്ചയായി മരുന്നു കഴിക്കണം. എന്നാല്‍, ഭേദാവുംന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്ന്‌ണ്ട്. എന്റെ കൈമുട്ട്‌ വേദന മാറിയല്ലോ. അതൊരു വല്ലാത്ത ശല്യായിരുന്നു. ഡോക്‌ടര്‍മാര്‌ ടെന്നിസ്‌ എല്‍ബോ എന്നു പറയും. സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസ്‌ ഉണ്ടായിട്ടും കുറേയേറെ വിഷമിച്ചു. അതൊക്കെ ഇപ്പോ മാറി. ഇതൊക്കെ…എന്താച്ചാ… വന്നാല്‍ വായിക്കാന്‍ പറ്റില്ല. കഠിനവേദനയല്ല. അസ്വാസ്‌ഥ്യംണ്ടാക്കുന്ന ഒരുതരം വേദന. ശ്രദ്ധ കിട്ടില്ല. മുമ്പൊക്കെ കോട്ടയ്‌ക്കല്‌ ചികിത്സയ്‌ക്കു പോയാല്‍ വായന നന്നായി നടക്കും. ചികിത്സ കഴിഞ്ഞ സമയം വെറുതെ കിടക്ക്വല്ലേ. നന്നായി വായിക്കും. ഇത്തവണ മുട്ടുവേദനമൂലം വായന നടന്നില്ല… പിന്നെ… ഇതൊക്കെ, ഇത്തരം അസുഖമൊക്കെ പ്രായാവുമ്പോ വര്‍ധിക്കും. ചികിത്സ കഴിഞ്ഞ്‌ ഒരു കൊല്ലാവണേനു മുമ്പേ മുട്ടുവേദന വന്നത്‌ അതാണ്‌.”

പ്രായത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ്‌ തലേന്നു കടന്നുപോയ പിറന്നാളിനേക്കുറിച്ച്‌ ഓര്‍മവന്നത്‌. പിറന്നാളാഘോഷം ഉണ്ടായിട്ടുണ്ടാവില്ല എന്നറിയാം. എങ്കിലും ചോദിച്ചു. ‘ചികിത്സ നേരത്തെ കഴിഞ്ഞതുകൊണ്ട്‌ പിറന്നാളിനു വീട്ടില്‍തന്നെ ഉണ്ടാവാന്‍ പറ്റീ ല്ലേ?

”പക്ഷേ, ആഘോഷൊന്നൂല്യ. ഇന്നുവരെ ആഘോഷിച്ചിട്ടില്ല, എന്റെ പിറന്നാള്‍. കുറേ വര്‍ഷായിട്ട്‌ മൂകാംബികയില്‍ പോവ്വായിരുന്നു. അതെന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ മാത്രമാണോന്നു ചോദിച്ചാല്‍ അല്ല. എന്റെ പിറന്നാള്‍ കഴിഞ്ഞാണ്‌ മകള്‍ അശ്വതിയുടെ പിറന്നാള്‍. രണ്ടും ഒരേ മാസം. കര്‍ക്കടകത്തില്‌. എന്റേത്‌ കര്‍ക്കടകത്തിലെ ഉതൃട്ടാതി. അശ്വതിയുടെ പിറന്നാള്‍ രേവതിയില്‌. ആ ദിവസങ്ങളിലേതിലെങ്കിലും മൂകാംബികയില്‍ പോകും. പത്തു പതിനാറു കൊല്ലമായി പോകാറുണ്ട്‌. എങ്കിലും. ആഘോഷല്യാ…ണ്ടായിട്ടില്ല്യ..”

എം.ടി അക്കാര്യം എഴുതിയത്‌ ഓര്‍മയില്‍ വന്നു. കവിതപോലെ മനോഹരമായ ‘അമ്മയ്‌ക്ക്’ എന്ന ഓര്‍മക്കുറിപ്പില്‍.

അതിങ്ങനെ- പിറന്നാളുകള്‍ ഞാന്‍ ആഘോഷിക്കാറില്ല. കുറച്ചുകാലമായി ചില കൊല്ലങ്ങളില്‍ മൂകാംബികയില്‍ പോകും, അത്‌ എന്റെ പിറന്നാളിനോ അതു കഴിഞ്ഞാല്‍ മൂന്നാംദിവസം വരുന്ന മകള്‍ അശ്വതിയുടെ പിറന്നാളിനോ. മൂകാംബികയില്‍ ഗോവിന്ദ അഡിഗളുടെ വീട്ടിലെ ശാപ്പാട്‌. ആ ക്ഷേത്രവും പരിസരവും എനിക്ക്‌ സ്വാസ്‌ഥ്യം നല്‍കുന്നു. വീട്ടുകാര്‍ ഇങ്ങനെ ഒരു ചിട്ട നിശ്‌ചയിക്കാത്തതുകൊണ്ട്‌ കൊല്ലത്തിലൊരിക്കല്‍ അവിടെ എത്തിച്ചേരാന്‍ ബാധ്യസ്‌ഥനാകുന്നു.

‘ഇത്തവണ മൂകാംബിക യാത്ര നടന്നില്ല. ചികിത്സ തീരുംമുമ്പേ ദീര്‍ഘയാത്ര വേണ്ടെന്നുവച്ചു. കുറച്ചു നാളത്തേക്ക്‌ യാത്ര കുറയ്‌ക്കണമെന്ന്‌ ഡോക്‌ടര്‍മാരും പറഞ്ഞു. സന്ധിവാതമാണ്‌. മരുന്നിനേക്കാള്‍ വിശ്രമത്തിനാണ്‌ പ്രാധാന്യം. കുറച്ചുദിവസത്തേക്ക്‌ ചടങ്ങുകളില്‍പ്പോലും പങ്കെടുക്കേണ്ടെന്നുവച്ചു. വേദന വന്നാല്‍ വല്ലാത്ത അസ്വാസ്‌ഥ്യമാണ്‌’
എം.ടി. പിന്നീട്‌ പോയകാലത്തെ മൂകാംബിക യാത്രകളെക്കുറിച്ച്‌ പറഞ്ഞു. ‘കോഴിക്കോട്ടുനിന്ന്‌ ട്രെയിനില്‍ മംഗലാപുരത്തെത്തും. അവിടെനിന്ന്‌ കാറില്‍ മൂകാംബികയിലേക്ക്‌. ചിലപ്പോള്‍ കൊങ്കണ്‍ റൂട്ടിലൂടെയാകും യാത്ര. അപ്പോള്‍ കോഴിക്കോട്ടുനിന്ന്‌ ട്രെയിനില്‍ കുന്താപുരത്ത്‌ ഇറങ്ങാം. കുന്താപുരത്തുനിന്ന്‌ റോഡ്‌ യാത്രയുടെ ദൂരം കുറവാണ്‌. പണ്ടൊക്കെ കോഴിക്കോട്ടുനിന്നു കാറില്‍ മൂകാംബികയിലേക്ക്‌ പോകാറുണ്ടായിരുന്നു. നല്ല ദൂരമുണ്ട്‌. എന്നാലും രസമാണ്‌. ഇപ്പോള്‍ അതിനൊന്നും വയ്യ. അധികദൂരം റോഡിലൂടെ യാത്രചെയ്യാന്‍ പ്രയാസാണ്‌. വല്ലാത്ത റോഡാണ്‌. വളവും തിരിവും കയറ്റവുമെല്ലാം…’

എം.ടിയുടെ അതിമനോഹരമായ ചെറുകഥകളിലൊന്നാണ്‌ ‘ഒരു പിറന്നാളിന്റെ ഓര്‍മ’. കാഴ്‌ചയ്‌ക്ക് എടുപ്പും പ്രതാപവുമുള്ള നാലുകെട്ടിനുള്ളില്‍ പിറന്നാള്‍ സദ്യ സ്വപ്‌നം കാണാനാവാതെ കഴിഞ്ഞുകൂടുന്ന ദുരിതബാല്യത്തിന്റെ കഥ. അക്കാലത്തെ നാലുകെട്ടുകള്‍ക്കുള്ളിലെ ദയനീയ യാഥാര്‍ത്ഥ്യങ്ങളിലൊന്ന്‌. സ്വത്തില്‍നിന്നുള്ള വരുമാനമെല്ലാം കൈയടക്കി വയ്‌ക്കുകയും ഭാര്യയ്‌ക്കും മക്കള്‍ക്കും സമൃദ്ധിയൊരുക്കുകയും ചെയ്യുന്ന തറവാട്ടുകാരണവര്‍. തങ്ങള്‍ക്കവകാശപ്പെട്ട സ്വത്തില്‍നിന്നുള്ള വരുമാനംകൊണ്ട്‌ കാരണവരുടെ ഭാര്യയും മക്കളും സുഖിക്കുന്നതുകണ്ട്‌ അരവയറും ചിലപ്പോള്‍ മുഴുപ്പട്ടിണിയുമായി

കഴിയേണ്ടിവരുന്ന പെങ്ങന്മാരും മരുമക്കളും. എം.ടിക്കഥകളുടെ പൊതുവെയുള്ള പശ്‌ചാത്തലം അതുതന്നെയാണല്ലോ. ‘ഒരു പിറന്നാളിന്റെ ഓര്‍മ’ എന്ന കഥയില്‍ അമ്മാവന്റെ മകന്‍ വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയുണ്ണുന്നത്‌ ചിറ്റഴിയുടെ വിടവിലൂടെ കൊതിയോടെ നോക്കിയിരിക്കുന്ന മരുമകന്റെ മനസ്‌ എം.ടി. വരച്ചുകാട്ടുന്നുണ്ട്‌:
‘വല്യമ്മാവനും ദാമോദരനും ഉണ്ണുന്നത്‌ ഞങ്ങള്‍ കുത്തഴിയിലൂടെ പാളി നോക്കും. കാച്ചിയ പപ്പടവും അരച്ചകലക്കിയും കൊണ്ടാട്ടവും ഇലയില്‍ കാണാം. പയറ്റുകൊണ്ടാട്ടം എനിക്ക്‌ വലിയ ഇഷ്‌ടമാണ്‌. ദാമോദരന്‍ കൊണ്ടാട്ടം കടിക്കുമ്പോള്‍ എന്റെ വായില്‍ വെള്ളം നിറയും.’
‘ആ കഥയില്‍ പറഞ്ഞപോലുള്ള നേരനുഭവം ഉണ്ടായിട്ടുണ്ടോ, ചെറുപ്പത്തില്‍? അത്രയും കാരുണ്യമില്ലാതെ പെരുമാറുന്ന അമ്മാവന്‍…?’
‘കഥയില്‍ അമ്മാവന്റെ മകന്‍ പിറന്നാള്‍ സദ്യയുണ്ണുന്നതു സ്വന്തം വീട്ടില്‍വച്ചു മരുമകന്‍ കൊതിയോടെ നോക്കി നില്‍ക്കുന്നതും മറ്റും ഫിക്ഷനാണ്‌. അങ്ങനെയൊരു അനുഭവം ചെറുപ്പകാലത്ത്‌ എനിക്കു നേരിട്ടുണ്ടായിട്ടില്ല. പക്ഷേ, അത്‌ അക്കാലത്തെ ഒരു യാഥാര്‍ത്ഥ്യമായിരുന്നു. കാരണവന്മാരുടെ ഭരണം-ദുര്‍ഭരണം-നടക്കുന്നിടത്തൊക്കെയുള്ള അനുഭവമായിരുന്നു. എന്റെ ജീവിതത്തിന്റെ പശ്‌ചാത്തലം തന്നെയായിരുന്നു അത്‌. ഞാനൊക്കെ ജനിക്കുമ്പഴേക്കും മാടത്ത്‌ തെക്കേപ്പാട്ട്‌ തറവാട്ടില്‍ ഭാഗം കഴിഞ്ഞിരുന്നു. വളരെ പ്രതാപമുള്ളതായിരുന്നു അമ്മയുടെ തറവാടെങ്കിലും ഭാഗം വച്ചു പിരിഞ്ഞതോടെ ഒന്നുമില്ലാതായി. ഞങ്ങളുടെ താവഴിക്കാണ്‌ ഏറ്റവും ദുരിതം നേരിട്ടത്‌. തറവാടും ബാക്കിയുള്ള എടുപ്പുകളും മറ്റു താവഴിയില്‍പ്പെട്ടവര്‍ കൈക്കലാക്കി. മുത്തശ്ശിയും മക്കളും പെരുവഴിയിലായി. കുറച്ചൊക്കെ സ്‌ഥലമുണ്ട്‌. പക്ഷേ, കയറിക്കിടക്കാന്‍ ഒരിടമില്ല. താമസിക്കാന്‍ സ്വന്തമായൊരു വീടുപോലുമില്ലാത്ത അവസ്‌ഥയില്‍ പിറന്നാള്‍ ആഘോഷിക്കാനാവില്ലല്ലോ..’

ആ ദുരിതകാലത്തെക്കുറിച്ച്‌ എം.ടി. എഴുതി: ‘തറവാട്‌ ഭാഗം നടക്കുമ്പോള്‍ അമ്മയുടെ തായ്‌വഴിക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല. അമ്മയുടെ താഴെയുള്ള ആങ്ങളമാര്‍ മുതിര്‍ന്നിട്ടില്ല. അമ്മയ്‌ക്ക് മൂന്നു ചെറിയ കുട്ടികള്‍. കിട്ടിയത്‌ കൃഷി സ്‌ഥലമാണ്‌. സമ്പന്നനായ ഭര്‍ത്താവുള്ളതുകൊണ്ട്‌ വീടുവച്ചു താമസം മാറ്റിയ ഒരു വലിയമ്മയുടെ പറമ്പിലെ കൊട്ടിലില്‍ മുത്തശ്ശിയും കുടുംബവും താമസിക്കുന്നു. അവിടെനിന്നു കുന്നിന്‍പുറത്തെ ചെറിയൊരു വീട്ടിലേക്ക്‌. ‘ചെട്ടിപ്പുര’ എന്ന ആ വീട്ടില്‍ മുമ്പ്‌ പപ്പടപ്പണിക്കാരായിരുന്നു. അവിടെനിന്ന്‌ തറവാട്ടിലെ കയ്യാലപ്പുരയിലേക്ക്‌. അച്‌ഛന്‍ അയയ്‌ക്കുന്ന പണം ഈട്ടം കൂട്ടിവച്ച്‌ അമ്മ പിന്നെ പത്തായപ്പുര വാങ്ങി. നാലുകെട്ട്‌ വാങ്ങി..’

പണ്ട്‌ തറവാട്ടില്‍ സമൃദ്ധിയുടെ കാലമുണ്ടായിരുന്നെന്ന്‌ എഴുതിയിട്ടുണ്ടല്ലോ. അക്കാലത്ത്‌ ജ്യേഷ്‌ഠന്മാരുടെ പിറന്നാള്‍ ആഘോഷിച്ചു കാണുമല്ലേ?

‘ഇല്ല. ഞങ്ങടെ തറവാട്ടില്‍ പിറന്നാള്‍ ആഘോഷം നടന്നതായി ഓര്‍ക്കുന്നില്ല. എന്റേതുമില്ല. ജ്യേഷ്‌ഠന്മാരുടേതുമില്ല. അങ്ങനെയൊരു പതിവില്ല. സ്വത്തുണ്ടായിരുന്നപ്പോഴും ജീവിതത്തില്‍ അത്ര സമൃദ്ധിയൊന്നുമില്ല. അച്‌ഛന്‍ സിലോണില്‍ പോയശേഷമാണ്‌ വരുമാനമുണ്ടായത്‌. അക്കാലത്ത്‌ അച്‌ഛന്‍ അയച്ചുകൊടുത്ത പണത്തില്‍ കുറേശേ സ്വരൂപിച്ചാണ്‌ അമ്മ അല്‌പം സ്‌ഥലമൊക്കെ വാങ്ങിയത്‌. ഞങ്ങളുടെ തറവാടിന്റെ പത്തായപ്പുര വാങ്ങി. തറവാട്ടിലെ മറ്റു താവഴിക്കാര്‍ വിറ്റ കുറച്ചു സ്‌ഥലം വാങ്ങി. അങ്ങനെ കുന്നിന്‍പുറത്തെ ചെട്ടിപ്പുരയുടെ അസൗകര്യങ്ങളില്‍നിന്ന്‌ ജീവിക്കാന്‍ സൗകര്യമുള്ള വീട്ടിലേക്ക്‌ മാറാന്‍ കഴിഞ്ഞു. അപ്പോഴും സമൃദ്ധിയെന്നു പറഞ്ഞുകൂടാ. അച്‌ഛന്‍ സിലോണില്‍ നിന്നയയ്‌ക്കുന്ന പണംകൊണ്ട്‌ അമ്മയ്‌ക്കും മക്കള്‍ക്കും സുഭിക്ഷമായി ജീവിക്കാമായിരുന്നു. എന്നാല്‍, അമ്മയ്‌ക്കു മക്കളെ മാത്രമല്ല നോക്കാനുണ്ടായിരുന്നത്‌. അമ്മയുടെ സ്വഭാവം അങ്ങനെയായിരുന്നു. താവഴിയിലുള്ളവരെയെല്ലാം പോറ്റിവളര്‍ത്തണം. നല്ലൊരു ബാദ്ധ്യതയായിരുന്നു അത്‌. ആരും നിര്‍ബന്ധിച്ചിട്ടല്ല. അമ്മ അങ്ങനെയായിരുന്നു. മറ്റുള്ളവര്‍ കഷ്‌ടപ്പെടുന്നതു കാണുമ്പോള്‍ അമ്മ അറിയാതെ സഹായിച്ചുപോകും. വീട്ടില്‍ കഞ്ഞികുടിക്കാന്‍ അരിയുണ്ടോ നെല്ലുണ്ടോ എന്ന്‌ നോക്കില്ല. എടുത്തുകൊടുക്കും. വീട്ടില്‍ അരിയില്ലാതായാല്‍ പിന്നെ വെപ്രാളമാണ്‌’

തികച്ചും വ്യത്യസ്‌ത വ്യക്‌തിത്വമുള്ള അമ്മയെക്കുറിച്ച്‌ എം.ടി. എഴുതിയിട്ടുണ്ട്‌. പല കഥകളിലും അമ്മ തിളങ്ങുന്ന കഥാപാത്രമായി നമ്മുടെ മുന്നിലെത്തി. രണ്ടാമൂഴത്തിലെ കുന്തിയില്‍പ്പോലും വായിച്ചെടുക്കാനാവുക മാടത്ത്‌ തെക്കേപ്പാട്ടെ അമ്മാളു അമ്മയുടെ മുഖവും മനസുമാണ്‌. കടമകളുടെ തീരാത്തിരക്കില്‍പ്പെട്ട്‌ സ്‌നേഹം പ്രകടിപ്പിക്കാന്‍ മറന്നുപോകുന്ന ആ അമ്മയെക്കുറിച്ച്‌ രണ്ടാമൂഴത്തില്‍ ഭീമസേനന്‍ ഇങ്ങനെ പറയുന്നുണ്ട്‌. ‘നിങ്ങള്‍ക്ക്‌ ഈ സ്‌ത്രീയെ അറിയില്ല. എന്റെ അമ്മയെ’.

‘ഞാനൊരുത്തിയില്ലെങ്കില്‍ കാണായിരുന്നു’ എന്നു കാലത്തിലെ സേതുവിന്റെ അമ്മയെപ്പോലെ കലഹിക്കുമ്പോള്‍ ആ അമ്മ പ്രതികരിച്ചെന്നിരിക്കും.

സുഹൃത്തും സഹോദരനും വീട്ടിലെത്തുമ്പോള്‍ ചായ കൊടുക്കാന്‍ അപേക്ഷിക്കുന്ന സേതുവിനോട്‌ പറയുമ്പോലെ ‘പെയ്‌ക്കോ ചെക്കാ…എന്തെടുത്തിട്ടാ സല്‍ക്കരിക്കണ്ട്‌. നിന്റെ തന്ത സിലോണില്‍നിന്ന്‌ അയച്ചുതരുന്ന നാലുകാശുകൊണ്ടോ’ എന്നു പറഞ്ഞെന്നുമിരിക്കും. അതേസമയം പരുപരുത്ത ബാഹ്യപ്രകൃതിക്കുള്ളിലെ സ്‌നിഗ്‌ദ്ധമായ മനസ്‌ എം.ടിയുടെ കഥകളിലൂടെയും ഓര്‍മക്കുറിപ്പുകളിലൂടെയും നാം എത്രയോ വട്ടം തിരിച്ചറിഞ്ഞതാണ്‌. വറുതിക്കിടയില്‍ കടന്നെത്തിയ ഓണക്കാലത്ത്‌ കാലത്തിലെ സേതുവിന്റെ അമ്മ ഇങ്ങനെ പരിതപിക്കുന്നുണ്ട്‌. ‘എന്തെടുത്തിട്ടാ കാര്യങ്ങള്‍ നിവൃത്തിക്യാ. സിലോണില്‍ നിന്നുള്ള കാശും വന്നിട്ടില്യ. വീട്ടിലുള്ളോര്‍ക്ക്‌ ഇല്ലെങ്കിലും ഉത്രാടത്തിന്റന്ന്‌ ചെറുമക്കള്‍ക്ക്‌ ഒരുപിടി ചോറു കൊടുക്കണ്ടേ..?’
‘കുടുംബത്തിലെ പട്ടിണി മാത്രമല്ല അമ്മയെ അലട്ടിയത്‌. നാട്ടുകാരുടെ പട്ടിണിയിലും വേവലാതിപ്പെട്ടു. അമ്മയുടെ മനസറിയാവുന്ന അയല്‍ക്കാരില്‍ പലരും അത്യാവശ്യത്തിനു സഹായം തേടിയെത്തും. ഉണ്ടെങ്കില്‍ കൊടുക്കുമെന്നറിയാം. വീട്ടിലെ കഷ്‌ടപ്പാടറിയിക്കാതെ അമ്മ മറ്റുള്ളവരെ സഹായിക്കും. പലപ്പോഴും മറ്റുള്ളിടത്തുനിന്നു കടം വാങ്ങിയ നെല്ലായിരിക്കും കൊടുക്കുന്നത്‌. തറവാട്ടിന്റെ അന്തസ്‌ കാത്തുസൂക്ഷിക്കുന്നതില്‍ കണിശക്കാരിയായിരുന്നു അമ്മ. വലിയ അഭിമാനിയായിരുന്നു..’

അമ്മയുടെ അഭിമാനസ്വഭാവത്തെക്കുറിച്ച്‌ ‘കര്‍ക്കിടകം’ എന്ന കഥയില്‍ എം.ടി എഴുതി.
‘വീട്ടില്‍ ദാരിദ്ര്യമാണ്‌. കാലത്തു കഞ്ഞികുടിച്ച്‌ സ്‌കൂളില്‍ പോകുന്ന വാസുവിന്‌ വൈകിട്ട്‌ തിരിച്ച്‌ വീട്ടിലെത്തിയാല്‍ മാത്രമേ വല്ലതും കഴിക്കാന്‍ കിട്ടൂ. മിക്കവാറും കഞ്ഞിയായിരിക്കും. ചക്കയോ വാഴയ്‌ക്കായോ കൊണ്ടൊരു തീയല്‍. സിലോണില്‍നിന്ന്‌ അച്‌ഛന്റെ കാശു വന്നാല്‍ മൂന്നോ നാലോ ദിവസം അമ്മ രണ്ടണ വീതം കൊടുക്കും. അതുകൊണ്ട്‌ മാരാരുടെ ചായക്കടയില്‍നിന്ന്‌ ഉച്ചയ്‌ക്ക് വല്ലതും കഴിക്കാം. ബാക്കിയുള്ള ദിവസങ്ങളില്‍ ഉച്ചപ്പട്ടിണി..’

അങ്ങനെയൊരു ഉച്ചപ്പട്ടിണി ദിവസം സ്‌കൂള്‍ വിട്ടെത്തുന്ന വാസുവിന്റെ അനുഭവമാണ്‌ ‘കര്‍ക്കിടകം’ എന്ന കഥ. വൈകിട്ട്‌ വിശന്നു തളര്‍ന്നുവരുന്ന മകനു കൊടുക്കാന്‍ ആ വീട്ടില്‍ ഒന്നുമില്ല. അടുപ്പു പുകഞ്ഞിട്ടില്ല. ഒരുമണി നെല്ലില്ല. അമ്മ, വീട്ടില്‍ ആശ്രിതയായി നില്‍ക്കുന്ന മീനാക്ഷിയെന്ന അകന്ന ബന്ധുവിനെ പലയിടത്തേക്കും നെല്ലോ അരിയോ കടം വാങ്ങാന്‍ അയയ്‌ക്കുന്നു. കിട്ടുന്നില്ല. ഒടുവില്‍ ജോലിക്കാരിയായ കല്യാണി എവിടെനിന്നോ മൂന്നുനാഴി നെല്ലുമായെത്തുന്നു. അത്‌ കുത്തി അരിയാക്കി വേവിക്കുന്ന സമയത്താണ്‌ ഓര്‍ക്കാപ്പുറത്തൊരു വിരുന്നുകാരനെത്തുന്നത്‌. ശങ്കുണ്ണിയേട്ടന്‍. വാസുവിന്റെ അച്‌ഛന്റെ തറവാട്ടില്‍പെട്ടയാള്‍.

അകന്നബന്ധമേയുള്ളെങ്കിലും അമ്മയ്‌ക്കു വെപ്രാളമായി. ഭര്‍ത്താവിന്റെ വീട്ടുകാരെ സ്വന്തം തറവാട്ടിലെ ദാരിദ്ര്യം അറിയിക്കാതിരിക്കാനുള്ള നെട്ടോട്ടമായി. അയല്‍വീട്ടില്‍നിന്ന്‌ കടം വാങ്ങിയ നെല്ലുകൊണ്ടുണ്ടാക്കിയ ചോറും കറിയും വിരുന്നുകാരന്‌. മകന്റെ വിശപ്പുപോലും ആ അമ്മയുടെ അഭിമാനബോധം അപ്പോള്‍ ഓര്‍ക്കുന്നില്ല.
‘ഞാനൊരു നൂറു സ്‌ഥലത്തു പോയി തെണ്ടീട്ടാ മൂന്നുനാഴി അരി കിട്ടിയത്‌. അതുണ്ണാന്‍ അപ്പോഴേക്കും ആളെത്തി’ എന്നു മീനാക്ഷിയേടത്തി പ്രതിഷേധിക്കുമ്പോള്‍ അമ്മയുടെ പ്രതികരണം ഇങ്ങനെ- ‘അസത്തേ, വായടയ്‌ക്ക്. നമ്മുടെ ഇല്ലായ്‌മയും വല്ലായ്‌മയും മറ്റുള്ളവരെ അറിയിക്കണ്ട..’ വീട്ടിലെ ദാരിദ്ര്യത്തിനിടയില്‍ ഉള്ള കഞ്ഞിയുടെ പങ്കുപറ്റാന്‍ വലിഞ്ഞുകയറി വന്നതിന്‌ മീനാക്ഷിയേട്ടത്തിയെ കുറ്റപ്പെടുത്തിക്കൊണ്ട്‌ ചെറിയമ്മ പറയുമ്പോഴും അമ്മ ശകാരിക്കുന്നു. ‘ജീവിക്കാന്‍ വഴിയില്ലാത്തതുകൊണ്ടല്ലേ മീനാക്ഷി നമ്മോടൊപ്പം കഴിയുന്നതെ’ന്നാണ്‌ അമ്മ ചെറിയമ്മയെ ഓര്‍മപ്പെടുത്തുന്നത്‌.

[hr]കര്‍ക്കിടകത്തില്‍ എഴുതിയതൊക്കെ അക്കാലത്തെ അനുഭവം തന്നെയാണെന്ന്‌ എം.ടി പറഞ്ഞു. ‘വിശന്നു വിശന്നു വിശപ്പ്‌ കെട്വാന്ന്‌ പറയാറില്ലേ. അത്‌ ഞാന്‍ പലതവണ ചെറുപ്പത്തില്‍ അനുഭവിച്ചിട്ടുണ്ട്‌. പിറന്നാളില്‍പ്പോലും. പിറന്നാള്‍ ആഘോഷത്തോട്‌ പില്‍ക്കാലത്ത്‌ താത്‌പര്യമില്ലാതായതും അത്തരമൊക്കെ അനുഭവം കൊണ്ടായിരിക്കാം.

എന്റെ പിറന്നാള്‍ കര്‍ക്കിടകത്തിലാണ്‌. കര്‍ക്കിടകമെന്നാല്‍ ഇന്നത്തെപ്പോലെയല്ല. പഞ്ഞമാസമാണ്‌. വറുതിയില്ലാത്തവര്‍ക്കും വറുതി വരുന്ന മാസം. ഞങ്ങള്‍ക്കന്ന്‌ സ്‌ഥലമുണ്ടെങ്കിലും കൃഷി കുറവാണ്‌. ഒരു പൂവല്‍ കൃഷിയാണ്‌. രണ്ടു പൂവല്‍ കൃഷിയുണ്ടെങ്കില്‍ കൊല്ലത്തോടുകൊല്ലം പട്ടിണിയില്ലാതെ ജീവിക്കാം. രണ്ടു പൂവല്‍കൃഷി നടത്താന്‍ സൗകര്യമില്ല. ആളില്ല. അതുകൊണ്ട്‌ മിഥുനം തുടങ്ങുംമുമ്പേ വീട്ടിലെ നെല്ലെല്ലാം തീര്‍ന്നിട്ടുണ്ടാകും. പിന്നെ പട്ടിണിയാണ്‌. പട്ടിണി മാറ്റാന്‍ വല്ലയിടത്തുനിന്ന്‌ കടം വാങ്ങണം. ആദ്യകാലത്തൊക്കെ സിലോണില്‍ നിന്ന്‌ അച്‌ഛന്റെ പണം വരുമായിരുന്നു. അതുകൊണ്ട്‌ ദാരിദ്ര്യം അറിയാതെ ജീവിച്ചു. യുദ്ധകാലം വന്നതോടെ പണമയയ്‌ക്കുന്നതില്‍ നിയന്ത്രണമുണ്ടായി. കുറച്ചുനാള്‍ കഴിയുമ്പോഴേക്കും അമ്മയും അച്‌ഛനും തമ്മില്‍ പ്രശ്‌നമായി. അതോടെ അച്‌ഛന്‍ വീട്ടില്‍ വരുന്നതുപോലും വല്ലപ്പോഴുമായി. വീണ്ടും ദുരിതവും ദാരിദ്ര്യവും. കര്‍ക്കിടകത്തിലെ പിറന്നാളുകാരന്‌ ഇത്തരമൊരവസ്‌ഥയില്‍ സമൃദ്ധമായ പിറന്നാള്‍ സദ്യ സ്വപ്‌നം കാണാനാവില്ലല്ലോ. സദ്യ പോകട്ടെ. സമയത്ത്‌ ഒരുപിടി ചോറുപോലും കിട്ടാത്ത പിറന്നാള്‍ അനുഭവം എനിക്കുണ്ട്‌’

‘ഒരു പിറന്നാളിനു വീട്ടില്‍ നെല്ലും അരിയുമില്ല. കര്‍ക്കിടകമെന്ന കഥയില്‍ എഴുതിയ പോലെ നെല്ല്‌ കടംവാങ്ങാന്‍ അമ്മ ആരെയോ അയല്‍വീടുകളിലേക്ക്‌ അയച്ചു. വീട്ടിലെല്ലാവരും പട്ടിണിയിലാണ്‌. അമ്മയടക്കം. അതൊന്നുമായിരുന്നില്ല അന്ന്‌ അമ്മയെ അലട്ടിയത്‌. പിറന്നാളിന്‌ എനിക്ക്‌ നേരത്തിന്‌ ഒരുരുള ചോറെങ്കിലും തരണ്ടേ. അതിനുള്ള പരക്കംപാച്ചിലിലായിരുന്നു. അയല്‍വീടുകളിലെ സ്‌ഥിതിയും ഭേദമായിരുന്നില്ല. കുറേക്കൂടി ദുരിതമായിരുന്നു. എന്നിട്ടും എവിടെ നിന്നോ രണ്ടോ മൂന്നോ നാഴി നെല്ല്‌ കിട്ടി. അത്‌ പുഴുങ്ങിയുണക്കി കുത്തി അരിയാക്കാന്‍ സമയമില്ല. ഉച്ചനേരം കഴിഞ്ഞിരിക്കുന്നു. അക്കാലത്ത്‌ എളുപ്പത്തില്‍ നെല്ല്‌ അരിയാക്കാന്‍ വറുത്തു കുത്തുന്ന പതിവുണ്ട്‌. അമ്മ ധൃതിയില്‍ നെല്ല്‌ വറുത്തു കുത്തി. ധൃതിയില്‍ എനിക്കായി പിറന്നാള്‍ ചോറൊരുക്കി. പക്ഷേ, അപ്പോഴേക്കും എന്റെ വിശപ്പ്‌ കെട്ടുകഴിഞ്ഞിരുന്നു. അതൊരു സദ്യയായിരുന്നില്ല. പിറന്നാള്‍ സദ്യയോടുള്ള എല്ലാ താല്‍പര്യവും ഇല്ലാതായത്‌ അങ്ങനെയാവണം’

‘അച്‌ഛന്റെ തറവാട്ടില്‍ അക്കാലത്ത്‌ പട്ടിണിയും വറുതിയുമൊന്നുല്യ. അതിനാല്‍, ഇടയ്‌ക്ക് പുന്നയൂര്‍ക്കുളത്തു പോവുന്നത്‌ വലിയ സന്തോഷായിരുന്നു. പുന്നയൂര്‍ക്കുളത്തുള്ള പല കൃഷിയും മരങ്ങളും കൂടല്ലൂരിലില്ല. ഞങ്ങളുടെ പറമ്പിലെന്നല്ല ആ ഭാഗത്ത്‌ ഒരിടത്തും കണ്ടിട്ടില്ല. പുന്നയൂര്‍ക്കുളത്ത്‌ ധാരാളം ഈന്തുണ്ട്‌. ഈന്തിന്റെ പട്ട (ഓല) അക്കാലത്ത്‌ കല്യാണ വീടുകളിലൊക്കെ അലങ്കരിക്കാന്‍ ഉപയോഗിക്കും. ഈന്തിന്റെ കായ ഉണക്കിപ്പൊടിച്ച്‌ പലഹാരംണ്ടാക്കും. അവിടെ അയനി പ്‌ളാവുണ്ട്‌. പ്‌ളാവിന്റെ വകഭേദം. ചെറിയ ചക്ക. തിന്നാന്‍ നല്ല രസമാണ്‌. തെക്കേപ്പാട്ടേപ്പോലെയായിരുന്നില്ല അച്‌ഛന്റെ തറവാട്ടില്‍. അവിടെ രാവിലെ കഞ്ഞിയല്ല. പലഹാരമാണ്‌. വൈകിട്ടുമുണ്ട്‌ ചായയും പലഹാരവും. നാലുമണി പലഹാരം. അതു തെക്കേപ്പാട്ടില്ല. അതുകൊണ്ട്‌ വല്ലപ്പോഴും അവിടെ പോകാന്‍ ഉത്സാഹമാണ്‌.

[hr]അസുരവിത്തില്‍ ഇങ്ങനെയൊരു ഭാഗമുണ്ട്‌ : ‘രാവിലെ കഞ്ഞിയില്ലായിരുന്നു. കുഞ്ഞ്യോപ്പോള്‌ അടുത്ത ചില വീടുകളിലെല്ലാം പോയി വെറും കയ്യോടെ മടങ്ങിവന്നു.
പത്തുമണിയായപ്പോള്‍ അമ്മ പറഞ്ഞു: ‘ഇന്ന്‌ പൂന്തോട്ടത്തില്‍ കൊച്ചപ്പന്റെ പിറന്നാളാണ്‌. നെന്നോടു ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌.’ വിശ്വാസം വന്നില്ല.
‘എപ്പളേ പറഞ്ഞത്‌?’
‘ആവോ!’ അമ്മയ്‌ക്കു ദേഷ്യം വന്നു, ”നല്ലതു നായയ്‌ക്കു ചേരില്ലാന്നൊരു ശാസ്‌ത്രംണ്ട്‌. നിയ്യ്‌ പൊയ്‌ക്കോ. സുഖായിട്ടു സദ്യേമുണ്ടു പോരെ.”
പിന്നെയും സംശയമായിരുന്നു. ”കൊറവൊന്നും വിചാരിക്കാന്‍ ല്യ. നെന്റെ ഒടപ്പെറന്നോള്‍ടെ വീടല്ലേ അത്‌?”
സംശയിച്ചു മടിച്ചാണു പോയത്‌. ഭയം ഒന്നായിരുന്നു കയറിച്ചെല്ലുമ്പോള്‍ ആരെങ്കിലും

എന്തിനേ വന്ന്‌ എന്നു ചോദിച്ചെങ്കിലോ? ആരും ചോദിച്ചില്ല.
കൊച്ചപ്പന്റെ കൂടെ അകത്തും പുറത്തും പലേടത്തും കളിച്ചുനടന്നു. പടിപ്പരയ്‌ക്കപ്പുറത്തെ റാവു ബഹദൂര്‍ മേനോന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്ന ലെഗോണ്‍ കോഴിക്കുട്ടിയെ കണ്ടുനില്‍ക്കുമ്പോള്‍ കൊച്ചപ്പന്‍ പൊടുന്നനെ ചോദിച്ചു,

‘എന്തേ ഗോയിന്ദുട്ട്യേട്ടന്‍ പോന്ന്‌?’
ഒന്നും മിണ്ടിയില്ല.
‘ഏട്ടന്റോടിന്നു വെച്ചിട്ടില്ലേ?’ ‘ ഒന്നും പറയാനില്ല.
കൊച്ചപ്പന്‍ കാണാതെ, മാധവിയേട്ടത്തിയും ശേഖരേട്ടനും കാണാതെ ഉണ്ണുന്നതിനു മുമ്പ്‌ ഓടിപ്പോരികയാണു ചെയ്‌തത്‌.
‘അത്‌ സത്യത്തിലെന്റെ ജീവിതത്തില്‍ സംഭവിച്ചതു തന്നെയാണ്‌. എന്റെ ഒരു വലിയമ്മേടെ വീടുണ്ട്‌. സാമ്പത്തികശേഷിയുള്ളവരാണ്‌. ഞങ്ങളെപ്പോലെ ദുരിതമില്ല. അവിടെ എന്റെ സമപ്രായക്കാരനായ ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടന്‍. ഒരുദിവസം ഉച്ചയ്‌ക്ക് എന്റെ വീട്ടിലൊന്നും വച്ചിട്ടില്ല. മിഥുനം-കര്‍ക്കിടകം കാലത്താണെന്നാണ്‌ ഓര്‍മ്മ.

അമ്മ പറഞ്ഞു, ‘എടാ… നീയാ കുട്ടന്റോടയ്‌ക്ക് ചെല്ല്‌. ഇന്നവന്റെ പെറന്നാളാണ്‌’ മറ്റൊരു വീട്ടില്‍ ക്ഷണിക്കാതെ പിറന്നാളുണ്ണാന്‍ പോകാന്‍ ഞാന്‍ മടിച്ചു. ‘അതിനെന്താടാ… അവര്‌ അന്യന്മാരാ…? നിന്റെ വല്യമ്മടെ വീടല്ലേ? കുട്ടന്‍ നിന്റെ കൂട്ടല്ലേ?’ അമ്മയുടെ പ്രേരണപ്രകാരം ഞാന്‍ പോയി. കുട്ടന്റെ കൂടെ കുറച്ചുനേരം കളിച്ചു. ഉച്ചയൂണിന്റെ നേരാവണതിനു മുമ്പെപ്പൊഴോ കളിക്കിടയില്‍ കുട്ടന്‍ ചോദിച്ചു, അപ്പോ… വാസ്വോ…ഇന്നു തെക്കേപ്പാട്ട്‌ ഉച്ചയ്‌ക്കൊന്നും വച്ചിട്ടില്ല്യേ..? ഞാന്‍ വല്ലാതായി. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലാത്തതിനാലാണ്‌ ക്ഷണിക്കാതെ ഞാന്‍ പിറന്നാളിന്‌ അവിടെയെത്തിയതെന്ന്‌ അവന്‍ മനസ്സിലാക്കിയിരിക്കുന്നു. എന്നെ കളിയാക്കാന്‍ ചോദിച്ചതൊന്നുമായിരുന്നില്ല. പക്ഷേ, എനിക്ക്‌ വല്ലായ്‌മ തോന്നി. പതുക്കെ, ആരും കാണാതെ ഞാന്‍ അവിടെനിന്ന്‌ മടങ്ങി. കുട്ടന്റെ പിറന്നാള്‍ സദ്യയ്‌ക്ക് മുമ്പ്‌..’

അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയുടെ അനുഭവമായി അത്‌ എഴുത്തില്‍ മാറി അല്ലേ? ‘അതുമാത്രമല്ല. കുട്ടന്റെ ഷര്‍ട്ട്‌ കടം വാങ്ങിയിട്ട അനുഭവവും എഴുതീട്ടുണ്ട്‌. അക്കാലത്ത്‌ ഞങ്ങള്‍ക്കൊക്കെ വളരെ കുറച്ചു ഷര്‍ട്ടും മുണ്ടുമാണുണ്ടാവുക. രണ്ടോ മൂന്നോ ജോടി. സ്‌കൂളില്‍ പോകാനും വിരുന്നു പോകാനും കല്യാണത്തിനു പോകാനുമൊക്കെ ഇതുതന്നെയാണ്‌. ഇന്നങ്ങനെയല്ല. കുട്ടികള്‍ക്ക്‌ ഇന്നയിന്ന കാര്യങ്ങള്‍ക്ക്‌ പോകുമ്പോള്‍ ഉടുക്കാനുള്ള പ്രത്യേകം വസ്‌ത്രങ്ങളുണ്ട്‌. അക്കാലത്ത്‌ ചിലപ്പോള്‍ വിരുന്നു പോകുമ്പോഴോ കല്യാണത്തിന്‌ പോകുമ്പോഴോ ഉടുക്കാന്‍ നല്ല ഷര്‍ട്ടുണ്ടാകില്ല. അപ്പോള്‍, അമ്മ പറയും, ‘എടാ നീയാ കുട്ടന്റടുത്തു പോയി ഒരു ഷര്‍ട്ട്‌ കടം ചോദിച്ചാ… അവന്‌ ഇഷ്‌ടംപോലെ ഷര്‍ട്ട്‌ണ്ടല്ലോ’ മടിച്ചുമടിച്ചാണെങ്കിലും ഞാനങ്ങനെ ചിലപ്പോഴെല്ലാം ഷര്‍ട്ട്‌ കടം ചോദിക്കാന്‍ പോയിട്ടുണ്ട്‌. അവന്‍ തന്നിട്ടുമുണ്ട്‌..’

ഒരു പിറന്നാളിന്റെ ഓര്‍മ എന്ന കഥയില്‍ ഇങ്ങനെ പറയുന്നുണ്ട്‌: നാളെയാണെന്റെ പിറന്നാള്‍. ഞാനത്‌ ഓര്‍മ്മിച്ചിരുന്നില്ല. അവളുടെ കത്തില്‍ നിന്നാണത്‌ മനസിലാക്കിയത്‌. ചെറുപ്പകാലത്തു ദാരിദ്ര്യത്തിനിടയിലും കൊതിച്ചതാണു പിറന്നാളാഘോഷം.’

സ്വന്തം കാലില്‍ നില്‌ക്കാറായപ്പോള്‍ എന്തുകൊണ്ടാണ്‌ വിമുഖത തോന്നിയത്‌?
‘ചെറുപ്പത്തില്‍ താത്‌പര്യണ്ടായിരുന്നു എന്നത്‌ സത്യമാണ്‌. പക്ഷേ, ചെറുപ്പത്തില്‍ത്തന്നെ താത്‌പര്യം കെട്ടുതുടങ്ങിയിരുന്നു. വിശന്നു വിശന്ന്‌ വിശപ്പു കെടുമ്പോലെ, പിറന്നാളിന്‌ കൊതിച്ചു കൊതിച്ചു പിറന്നാള്‍ക്കൊതി തീരുന്നു. ആ കഥയുടെ തുടക്കത്തില്‍ പറഞ്ഞതു മാതിരി ഞാന്‍ മറന്നാലും മറ്റു പലരും എന്റെ പിറന്നാള്‍ ഓര്‍ത്തുവയ്‌ക്കുന്നു. അവര്‍ അമ്പലത്തില്‍ വഴിപാടു നടത്തിയ പ്രസാദം അയച്ചുതരുന്നു. ആശംസകള്‍ അറിയിക്കുന്നു. ചിലപ്പോള്‍ എനിക്കായി സദ്യയൊരുക്കി കൊടുത്തയയ്‌ക്കുന്നു’

എം.ടി അതു പറഞ്ഞപ്പോള്‍ ഓര്‍മ വന്നതു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രശസ്‌ത കവയിത്രി സുഗതകുമാരി എഴുതിയ ഒരു ലേഖനത്തിലെ വരികളാണ്‌. അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനെ സാക്ഷിനിര്‍ത്തി സുഹൃത്തുക്കള്‍ എം.ടിക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച കഥ. (എം.ടിക്കൊപ്പം എന്നു പറയുന്നതിനെക്കാള്‍ എം.ടിയുടെ സാന്നിധ്യത്തില്‍ എന്നുപറയുന്നതാകും ശരി. പിറന്നാള്‍ കൊണ്ടാടിയത്‌ മറ്റുള്ളവരായിരുന്നു. എം.ടി അതില്‍ പങ്കാളിയായെന്നു മാത്രം).

ആ ദിവസത്തെക്കുറിച്ച്‌ സുഗതകുമാരി എഴുതി: എം.ടി ദേവതകള്‍ക്ക്‌ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്‌ എനിക്ക്‌ തിരിച്ചറിയാനായത്‌ വിദേശത്തുവച്ചാണ്‌. ആയിരമായിരം മൈലുകള്‍ക്കപ്പുറത്തുള്ള നയാഗ്രയില്‍ വച്ച്‌. വെളുത്ത പാതപോലെ മേഘങ്ങള്‍ ചിതറിപ്പാറുന്ന പരമവിശാലമായ ആകാശത്തിനു ചുവട്ടില്‍ ഒരായിരം ഇടിമുഴങ്ങി പാല്‍ക്കടല്‍ ഇരമ്പിമറിഞ്ഞു വരുമ്പോലൊരു മഹാജല പ്രവാഹം..! ഇവളത്രേ അഹങ്കാരിയായ സ്വര്‍ഗ ഗംഗ!… ഇവള്‍ കളിയായി വീശിയെറിയുന്ന ജലകണങ്ങളേറ്റുകൊണ്ട്‌ ഞങ്ങളിരുന്നു. എം.ടിയും ഒ.എന്‍.വിയും വിഷ്‌ണുവും ഡോ. എം.വി. പിള്ളയും എന്‍.ആര്‍.എസ്‌. ബാബുവും അമേരിക്കയിലെ ചില മലയാളി സുഹൃത്തുക്കളും അഭയയിലെ ഇന്ദിരയും ഈ ഞാനും. ആഹ്‌ളാദിക്കുക. ഇന്ന്‌ എം.ടിയുടെ പിറന്നാളാണ്‌. ഞങ്ങള്‍ മതിമറന്ന്‌ കവിത ചൊല്ലി. പാട്ടുപാടി. ഈ മേളത്തിന്റെയെല്ലാം സൂത്രധാരനായ എം.വി. പിള്ള എം.ടിയുടെ ഒരു പിറന്നാള്‍ കഥ ഉറക്കെ വായിച്ചു. എം.ടി പഴയ കഥകള്‍ പറഞ്ഞു. വയറ്റില്‍ വിശപ്പും ഉള്ളില്‍ തീയുമായി നടന്ന കാലം. ദരിദ്ര്യവും അപമാനിതവുമായ കുട്ടിക്കാലത്തിന്റെ ചവര്‍പ്പ്‌. വൈരാഗ്യം. തികച്ചും പ്രശാന്തഭാവത്തിലാണ്‌ എം.ടി പറഞ്ഞതെങ്കിലും പലവട്ടം ഞങ്ങളുടെ കണ്ണു നിറഞ്ഞു.

‘പിന്നെ എല്ലാം കിട്ടിക്കഴിഞ്ഞപ്പോഴോ..?’ ഞാന്‍ ചോദിച്ചു. ‘ഒന്നും വേണ്ടാതായിക്കഴിയുമ്പോഴാണല്ലോ നമുക്ക്‌ പണ്ടൊരിക്കല്‍ മോഹിച്ചതൊക്കെ കിട്ടുക…’ അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ ഒരുക്കിയ പായസം ഒന്നിച്ചിരുന്നു കുടിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു:

എം.ടി, ആര്‍ക്കു കിട്ടും ഇതുപോലൊരു പിറന്നാളാഘോഷം! ദേവതകള്‍ക്കല്ലാതെ? ഒളിമ്പസിലെ ദേവന്മാര്‍ ഈവിധമാകും തിരുനാള്‍ ആഘോഷിക്കുക! മഞ്ഞുമലയുടെ മുകളില്‍ പ്രകൃതി മുന്നില്‍ വന്നു നൃത്തം വയ്‌ക്കുന്ന മാസ്‌മരലഹരിയില്‍ മുഴുകിയിരുന്നു തോഴരൊത്ത്‌ അമൃതം നുകര്‍ന്ന്‌ ദേവഗായകരുടെ ഗാനങ്ങള്‍കേട്ട്‌ – ഇങ്ങനെയാവും സ്യൂസ്‌ ദേവന്റെ പിറന്നാള്‍ മേളം! അതാണ്‌ എം.ടിക്ക്‌ കിട്ടിയിരിക്കുന്നത്‌… എം.ടി വിഷാദമയമായ ഒരു ചിരിയോടെ മുഖം കുനിച്ചിരുന്നു.

പെട്ടെന്നൊരു മഴ ചാറി. ഒരു നൂറു നീര്‍ക്കിളികള്‍ ഇളകിപ്പറന്നു! വെളുവെളുത്ത കടല്‍ക്കിളിക്കൂട്ടങ്ങള്‍. ഇളവെയിലും ചാറ്റല്‍മഴയും നീര്‍ക്കിളിപ്പറക്കലും പ്രസന്നമായ ആകാശവും പിന്നില്‍ അനവദ്യസുന്ദര സ്വര്‍ഗംഗാപ്രവാഹവും. മനുഷ്യഭാഷയിലൊതുങ്ങാത്ത മംഗലദൃശ്യം. നിറവും അഴകും അദ്‌ഭുതവും ആനന്ദവും സൗഹൃദവും കവിതയും മധുരവും കോരിനിറച്ച ആ വേളയില്‍ ഞങ്ങള്‍ എം.ടിയോടു പറഞ്ഞു: ‘ഈ മുഹൂര്‍ത്തം ഒരിക്കലും മറക്കാതിരിക്കുക. ആര്‍ക്കും കിട്ടാനാവാത്ത ഈ പിറന്നാളിന്റെ പ്രസാദം. ദേവന്മാരുടേതായ ഈ അസുലഭ സമ്മാനം എന്നും ഉള്ളില്‍ സൂക്ഷിക്കുക’

‘ഫൊക്കാനോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ്‌ ആ അനുഭവം’-സുഗതകുമാരിയെഴുതിയ വരികള്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ എം.ടി പറഞ്ഞു. ‘ഫൊക്കാനോ സമ്മേളനത്തിന്റെ ആദ്യകാലത്ത്‌. എം.വി. പിള്ള ക്ഷണിച്ചിട്ടാണ്‌ പോയത്‌. ഞാന്‍ ഒരു തവണയേ പോയിട്ടുള്ളൂ. അന്ന്‌ ഞങ്ങളൊക്കെ ഓരോരോ വീടുകളില്‍ അതിഥികളായാണ്‌ താമസിച്ചത്‌. അവിടെ ഞാന്‍ താമസിച്ച വീട്ടിലെ ആരോ ആണ്‌ അന്നെന്റെ പിറന്നാളാണെന്നു കണ്ടുപിടിച്ചത്‌. പുസ്‌തകത്തിലെ ജീവചരിത്രക്കുറിപ്പില്‍നിന്ന്‌ മനസ്സിലാക്കിയതാണ്‌. അവിടെയുള്ളവരൊക്കെ നന്നായി വായിക്കും. അവരെല്ലാംകൂടി പിറന്നാള്‍ ആഘോഷമാക്കുകയായിരുന്നു. അമേരിക്കയില്‍നിന്ന്‌ ലണ്ടന്‍
വഴിയാണു ഞാന്‍ തിരിച്ചുപോന്നത്‌’

ഇംഗ്ലീഷ്‌ മാസത്തിലെ ജന്മദിനം അമേരിക്കയില്‍ സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ച എം.ടിക്ക്‌ അതേവര്‍ഷത്തെ മലയാളമാസത്തിലെ പിറന്നാള്‍ ആഘോഷത്തില്‍ ലണ്ടനില്‍ വച്ച്‌ പങ്കാളിയാകാനും കഴിഞ്ഞു.

ലണ്ടനിലെ ജന്മദിനം എം.ടിയെ സംബന്ധിച്ച്‌ മഹത്തായ തീര്‍ത്ഥയാത്രയുടെ ദിവസമായിരുന്നു. ലോകത്തെ എക്കാലത്തെയും മഹാസാഹിത്യകാരന്മാരില്‍ ഒരാളായ ഷേക്‌സ്പിയറുടെ ജന്മഗൃഹത്തിലേക്കുള്ള തീര്‍ത്ഥയാത്ര. ഷേക്‌സ്പിയര്‍ മ്യൂസിയത്തിനടുത്തുള്ള ‘എ വണ്‍’ നദിക്കരയിലിരുന്ന്‌ കവികൂടിയായ മലയാള സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍, പ്രശസ്‌തപത്രപ്രവര്‍ത്തകനായ വി. രാജഗോപാല്‍ തുടങ്ങിയ സുഹൃത്തുക്കളോടൊപ്പമിരുന്നൊരു പിറന്നാള്‍ സദ്യ.

കെ. ജയകുമാര്‍ ആ മുഹൂര്‍ത്തം ഇങ്ങനെ ഓര്‍ക്കുന്നു: ഹീത്രു വിമാനത്താവളത്തിലെ അറൈവല്‍ ലൗഞ്ചില്‍ ചായ കുടിച്ചു നില്‌ക്കേ, എം.ടി ഓര്‍മ്മിപ്പിച്ചു, അപ്പോള്‍ നാളെ സ്‌ട്രാറ്റ്‌ഫോര്‍ഡിലേക്ക്‌ അല്ലേ? യാത്രാക്ഷീണവും ജെറ്റ്‌ലാഗും ഒക്കെ മാറിയിട്ട്‌ പോരെയെന്ന ചോദ്യം എം.ടി. കേട്ടതായി നടിച്ചില്ല. പിറ്റേന്ന്‌, ജൂലായ്‌ 21ന്‌ തന്നെ യാത്രയാവാമെന്ന്‌ എം.ടി നിര്‍ബന്ധം പിടിച്ചതിന്റെ പൊരുള്‍ എനിക്കപ്പോള്‍ പിടികിട്ടിയില്ല.
പിറ്റേന്ന്‌ രാവിലെ കാര്‍ നീങ്ങിക്കഴിഞ്ഞപ്പോള്‍ പ്രത്യേകിച്ചൊരു ഭാവഭേദവും കൂടാതെ എം.ടി പറഞ്ഞു: ഇന്നെന്റെ പിറന്നാളാണ്‌.

ഒട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ആതിഥേയ പെട്ടെന്നു കാര്‍ മറ്റൊരു വഴിക്ക്‌ തിരിച്ചു. ഈസ്‌റ്റ്ഹാമിനു സമീപമുള്ള ഒരു മുരുകന്‍ ക്ഷേത്രത്തിന്റെ നടയില്‍ കാര്‍ നിന്നു. സ്‌ട്രാറ്റ്‌ഫോര്‍ഡിലേക്കുള്ള യാത്ര പുനരാരംഭിക്കുമ്പോള്‍ എം.ടി. പറഞ്ഞു: ഇതിലും വലിയ കോവിലിലേക്കാണ്‌ ഇനിയുള്ള യാത്ര. ഒരെഴുത്തുകാരന്റെ തീര്‍ത്ഥയാത്ര. ഒരു വലിയ എഴുത്തുകാരന്റെ വിനയത്തില്‍ കലര്‍ന്ന ആരാധനയായിരുന്നു ആ വാക്കുകളില്‍. ഇത്രയും വിവരിച്ചെഴുതിയ ജയകുമാര്‍ സുഗതകുമാരി ടീച്ചറെപ്പോലെ ഈയൊരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു: ‘ഇങ്ങനെയൊരു ജന്മദിനം ആഘോഷിക്കാന്‍ പറ്റുക ഭാഗ്യം തന്നെ’

എം.ടിയുടെ സപ്‌തതിയാഘോഷം ഗംഭീരമായി നടത്താന്‍ സുഹൃത്തുക്കള്‍ ആലോചിച്ചിരുന്നു. പരമാവധി
സ്വാതന്ത്ര്യമുപയോഗിച്ച്‌ അവര്‍ എം.ടി.യെ അതിന്‌ നിര്‍ബന്ധിച്ചു. എം.ടി വഴങ്ങിയില്ല. സ്‌നേഹപൂര്‍വം തന്നെ അവരുടെ ഇംഗിതം നിരസിച്ചു.

‘സപ്‌തതിദിനത്തില്‍ ഞാന്‍ തിരുവനന്തപുരത്തായിരുന്നു. ആഘോഷങ്ങളുടെ ബഹളമൊന്നുമുണ്ടാകാതിരിക്കല്‍ കൂടി ആ യാത്രയുടെ ലക്ഷ്യമായിരുന്നു. തിരുവനന്തപുരത്ത്‌ ഒരു ഹോട്ടലില്‍ വിശ്രമിക്കുമ്പോള്‍ എനിക്ക്‌ പരിയമുള്ള ഒരു വീട്ടുകാര്‍ ഉച്ചഭക്ഷണവുമായി വന്നു. പിറന്നാള്‍ ആണെന്നറിഞ്ഞ്‌ അവര്‍ സദ്യയൊരുക്കി വരികയായിരുന്നു’ ഒഴിഞ്ഞുമാറിയിട്ടും സ്‌നേഹപൂര്‍വം നല്‍കിയ പിറന്നാള്‍ സദ്യയുണ്ട ഓര്‍മ എം.ടി. പങ്കുവെച്ചു.

[hr]സപ്‌തതിയാഘോഷത്തിനുള്ള കൂട്ടുകാരുടെ നിര്‍ബ്ബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറിയതിനെക്കുറിച്ചും പ്രായത്തിന്റെ പിടിയില്‍നിന്നു കുതറിമാറി താന്നിക്കുന്നിന്റെ ചെരുവില്‍ തനിയെ കഥകള്‍ മെനഞ്ഞുനടക്കുന്ന അമ്മയുടെ വാസുവായി മാറാനുള്ള മോഹത്തെക്കുറിച്ചും എം.ടി. പിന്നീട്‌ എഴുതിയിട്ടുണ്ട്‌. അമ്മയ്‌ക്ക് എന്ന ഓര്‍മക്കുറിപ്പില്‍: അമ്മ ചോദിക്കുന്നുവെന്നു തോന്നി. എന്തിനാ കുട്ട്യേ, നീയീ പഴംപുരാണം ഇപ്പോ പറേണത്‌? അതോ? ആവശ്യമായി വന്നു, അമ്മേ. ഇവിടെ ചിലര്‍, എന്റെ പ്രിയ സുഹൃത്തുക്കള്‍, എനിക്ക്‌ എഴുപതായെന്നു കണ്ടെത്തിയിരിക്കുന്നു. പടുവാര്‍ധക്യത്തിന്റെ കമ്പിളിപ്പുതപ്പും കഞ്ചിപ്രാക്കും എന്നെ അണിയിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍, അമ്മയുടെ കാല്‍ക്കീഴിലിരിക്കുന്ന ആ കുട്ടിയുടെ സ്‌ഥാനത്ത്‌ എത്തിപ്പെടാന്‍ മോഹം തോന്നി. അതിനുവേണ്ടി അമ്മയെപ്പറ്റി, ചിലരോടുപറഞ്ഞുപോയതാണ്‌. മുഴുവന്‍ പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും ബാക്കിയുണ്ട്‌, സൂക്ഷിച്ചു വയ്‌ക്കുന്നു.

[hr]പുറത്ത്‌ അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ഏറെ നേരം മനസുതുറന്ന എം.ടി. ഇപ്പോള്‍ നിശബ്‌ദനാണ്‌. ഇടയ്‌ക്ക് വര്‍ത്തമാനം പറഞ്ഞും ഇടയ്‌ക്ക് ഒന്നും പറയാതെയും ഞങ്ങള്‍ അവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടുമണിക്കൂറോളമായെന്ന്‌ ക്ലോക്കിലെ സൂചി നിശബ്‌ദം അറിയിച്ചു.
മൗനത്തില്‍ നിന്നുണര്‍ന്ന്‌ എം.ടി ബന്ധുവായ ശ്രീരാമനെ വിളിച്ചു: ‘ശ്രീരാമാ….ഇന്നലെ വന്ന ആ ഇ-മെയിലിന്റെ പ്രിന്റ്‌ തരൂ…’ ശ്രീരാമന്‍ നാലു കടലാസുകളുമായെത്തി. ഇ-മെയില്‍ സന്ദേശങ്ങളാണ്‌ രണ്ടു കടലാസില്‍. രണ്ടെണ്ണത്തില്‍ എം.ടിയുടെ ഫോട്ടോയും ചില എഴുത്തുകളുമായി പുസ്‌തകത്തിന്റെ പുറംചട്ടപോലെ.
‘ബുക്ക്‌ കവറാണോ?’ കടലാസിനുനേരെ കൈനീട്ടി ചോദിച്ചു.

‘ഇന്നലെ വന്നതാണ്‌. പിറന്നാള്‍ ആശംസകള്‍. കഴിഞ്ഞതവണ അയര്‍ലന്‍ഡില്‍ പോയിരുന്നല്ലോ. അന്നു പരിചയപ്പെട്ട ചിലര്‍. അവരും ഞാന്‍ പറയാതെ ഓര്‍ത്തുവച്ചിരിക്കുന്നു. എന്റെ പിറന്നാള്‍..! എം.ടിയുടെ ചുണ്ടിന്‍കോണില്‍ സംതൃപ്‌തിയുടെ തിളക്കം. പതിവായി അമ്പലത്തില്‍ വഴിപാടു കഴിച്ച്‌ പ്രസാദം അയച്ചു തരാറുള്ള ചിലരുണ്ടായിരുന്നില്ലേ? അവരൊക്കെ ഇത്തവണയും അയച്ചിരുന്നോ?
‘അത്‌ മലയാളമാസത്തെ പിറന്നാളിനാണ്‌. ഇത്തവണയും വിളിച്ചിരുന്നു. വഴിപാട്‌ പ്രസാദവുമായി വരട്ടേന്നു ചോദിച്ചു. നമ്മള്‍ ഇതൊന്നും ഓര്‍ക്കുന്നില്ലെങ്കിലും നമ്മളെ സ്‌നേഹിക്കുന്ന ചിലര്‍ ഓര്‍ക്കുന്നു. അതൊക്കെ കാണുമ്പോള്‍ സന്തോഷം തന്നെ’ വീണ്ടും… ഞങ്ങളിരുവര്‍ക്കുമിടയില്‍ എം.ടി. തനിച്ചാവുന്നു.
ഓര്‍മ്മകള്‍ നിറഞ്ഞ മൗനത്തില്‍…

എ. സജീവന്‍

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *