ഈ മുറിയിലിരുന്ന് മരങ്ങള്‍ കാണാം…. മഴ നനയാം

P Surendran

എഴുത്തുമുറി / പി. സുരേന്ദ്രന്‍

എഴുത്തുമുറി എന്നൊരു സങ്കല്‍പമൊന്നും യഥാര്‍ഥത്തില്‍ എനിക്കില്ലായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ അതിനൊരു കാരണമാണ്. വട്ടംകുളത്ത് ഞങ്ങള്‍ ആദ്യം താമസിച്ച വീട്ടില്‍വെച്ചാണ് എന്‍െറ ആദ്യകഥകള്‍ പിറന്നത്. എന്‍െറ പുസ്തകങ്ങള്‍പോലും ശരിക്കും സൂക്ഷിക്കാന്‍ ആ വീട്ടില്‍ ഇടമില്ലായിരുന്നു. എല്ലാ മുറികളിലും ആളായിരുന്നു. ഞാന്‍ വിവാഹിതനായപ്പോള്‍ മുകളില്‍ ബെഡ്റൂം പണിതു. രണ്ടായി ഭാഗിച്ച ഒരു മുറി. രണ്ടും കുടുസ്സായിരുന്നു. രചനകള്‍ മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ കഥയുടെ ഏതെങ്കിലും വഴിത്തിരിവോ വാക്യമോ ബിംബമോ വീണുകിട്ടിയാല്‍ പാതിരകഴിഞ്ഞ് ഞാന്‍ എഴുതാനിരുന്നിട്ടുണ്ട്. സുജാത അപ്പോള്‍ ഉറങ്ങുകയായിരിക്കും. ചിലപ്പോള്‍ കഥ പൂര്‍ത്തിയാക്കി ഞാന്‍ വീണ്ടും ഉറങ്ങും. ആന്തരികമായി ഏകാന്തത ലഭിച്ചാല്‍ പുറത്തെ ബഹളങ്ങള്‍ പ്രശ്നമായിട്ടില്ല.

ഞാന്‍ ആദ്യം ജോലിയില്‍ ചേര്‍ന്നത് കൂടല്ലൂര്‍ സ്കൂളിലായിരുന്നു. കൂടല്ലൂര്‍, എം.ടിയുടെ നാട് എന്ന നിലയില്‍ എനിക്ക് നേരത്തേ സുപരിചിതമായിരുന്നു. ദീനംപിടിച്ച ഒരു പ്രൈമറി സ്കൂള്‍. ധാരാളം വയലുകളുടെ നടുക്ക് ഒരു തുരുത്തിലായിരുന്നു ആ സ്കൂള്‍. തുരുത്ത് ഇടിയാതിരിക്കാനായി തോട്ടുകൈത അതിരില്‍ വെച്ചു പിടിപ്പിച്ചിരുന്നു. കൈതച്ചുവട്ടില്‍ കുളക്കോഴികള്‍ പാര്‍ത്തു. കൈതോലത്തുമ്പത്ത് പൊന്മകള്‍ നിറയെ ഉണ്ടായിരുന്നു. വളരെ ഇക്കോ ഫ്രണ്ട്ലി ആയിരുന്നു ആ വിദ്യാലയം. അവിടെ കുട്ടികളുടെ ബഹളത്തിനിടയിലിരുന്നാണ് ‘ഹരിതവിദ്യാലയം’ എന്ന കഥ പൂര്‍ത്തിയാക്കിയത്; ‘സാമൂഹ്യപാഠം’ എന്ന നോവലിന്‍െറ കുറിപ്പുകള്‍ തയാറാക്കിയത്.

വട്ടംകുളത്തുനിന്ന് കൂടല്ലൂരിലേക്ക് ആറേഴു കിലോമീറ്റര്‍ സൈക്കിളിലാണ് സഞ്ചാരം. ബഹളം കുറഞ്ഞ നാട്ടുപാതയിലൂടെ. ആ യാത്രയും എഴുത്തിന്‍െറ പണിശാലയായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ടീച്ചേഴ്സ് ട്രെയ്നിങ്ങിന് ചേരുന്നതിനിടക്ക് കുറെ മാസങ്ങള്‍ മൈസൂരില്‍ മദ്യശാലയിലായിരുന്നു. മൂന്നുമണി കഴിഞ്ഞ് അഞ്ചുമണി വരെ മദ്യശാലയില്‍ തിരക്ക് കുറവായിരിക്കും. ബാര്‍കൗണ്ടറില്‍നിന്നുകൊണ്ട് അപ്പോള്‍ എഴുതി.

മാതൃഭൂമി കഥാമത്സരത്തില്‍ 1981ല്‍ ഒന്നാം സമ്മാനം ലഭിച്ച ‘ജ്വരബാധ’ എന്ന കഥക്കു മുമ്പ് എഴുതിയ ‘ഒരു ശിശിരത്തിന്‍െറ അവസാനം’ എന്ന കഥ പ്രഭാത് മിലിറ്ററി ഹോട്ടലിലെ ബാര്‍കൗണ്ടറില്‍വെച്ച് എഴുതിയതാണ്. എഴുതാന്‍ ഇത്രയൊക്കെ സാഹചര്യം മതിയായിരുന്നു എനിക്ക്.

എഴുതാനും വായിക്കാനുമായി സ്വകാര്യമായ ഒരിടം പില്‍ക്കാലത്ത് ഞാനാഗ്രഹിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടുകാലം കഥയെഴുതിക്കഴിഞ്ഞപ്പോഴാണ് അങ്ങനെയൊന്ന് പണിയാന്‍ സാധിച്ചത്. ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വട്ടംകുളത്തെ ‘പ്രാര്‍ഥന’യെന്ന വീടിന്‍െറ മുകളിലാണത്. ഇഷ്ടികകൊണ്ട് കോസ്റ്റ്ഫോര്‍ഡ് ശൈലിയിലാണ്. എഴുത്തിടം ഒരു ഗോപുരംപോലെ ചെയ്തു. മൂന്നു ഭാഗത്തും വിശാലമായ ആര്‍ച്ച്. അതിലൂടെ ചുറ്റുഭാഗത്തെ മരങ്ങള്‍ കാണാം. മരങ്ങളില്‍ മഴപെയ്യുന്നത് കാണാം. കാഴ്ചയില്‍തന്നെ മഴനനയുന്ന അനുഭവം അകത്തിരുന്നറിയാം.

വേപ്പുമരംകൊണ്ട് ഒരു ഈസി ചെയര്‍. തുണിക്കുപകരം മര അഴികള്‍. അതിന്‍െറ പിടിയില്‍ പലകവെച്ചാണ് എഴുത്ത്. ഈ ഗോപുരത്തെയും കസേരയെയും ഈയിടെയായി വല്ലാതെ ഇഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഒരുപക്ഷേ, ഈ സാഹചര്യത്തില്‍നിന്നു മാറിയാല്‍ എഴുത്തുവരുമോ എന്ന് ആശങ്കവരുംവിധം ഒരിഷ്ടം. എഴുത്തിടത്തോടുചേര്‍ന്ന് ഒരു ഗ്രന്ഥാലയവുമുണ്ട്. മഴക്കാലമാണ് എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാലം. വേനല്‍ സഹിക്കാനേ പറ്റില്ല. വല്ലാതെ ഉഷ്ണിക്കുകയും വിയര്‍ക്കുകയും ശരീരപ്രകൃതമാണ്. ശരീരം വിയര്‍ക്കുമ്പോള്‍ എഴുത്തുവരില്ല. കുറെനേരം ഷവറിനു താഴെനിന്ന് ശരീരം തണുപ്പിച്ചശേഷം ഈറനുമായി വന്ന് ഫാനിന്‍െറ ചുവട്ടിലിരുന്ന് എഴുതും. ഉഷ്ണം അസഹനീയമായ മാസങ്ങളില്‍ ശരീരം നനഞ്ഞ ഷാള്‍കൊണ്ട് പുതച്ചാണ് ഇരിക്കുക. ഇങ്ങനെയാണെങ്കിലും എ.സി മുറിയിലിരുന്ന് എഴുതുന്നത് ആലോചിക്കാനേ പറ്റില്ല. ധാരാളം ശുദ്ധവായു ശ്വസിച്ച് പച്ചപ്പുകളെ നിറയെ കണ്ടുകൊണ്ട് എഴുതുന്നതാണ് ഇഷ്ടം.

കാര്യമായി എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍കോള്‍ വരുന്നതോ സുഹൃത്തുക്കളാരെങ്കിലും വിളിക്കുന്നതോ എനിക്കിഷ്ടമല്ല. എഴുത്തുവേളകളില്‍ മിക്കപ്പോഴും എന്‍െറ മൊബൈല്‍ നിശ്ശബ്ദമായിരിക്കും. ആരെങ്കിലും അടുത്തുവന്നിരിക്കുന്നതോ എഴുതുന്നത് നോക്കിയിരിക്കുന്നതോ അരോചകമാണ്.

ഉറക്കമിളച്ചിരുന്നെഴുതുമ്പോള്‍പോലും കട്ടന്‍ചായ കുടിക്കുന്ന ശീലമില്ല. സിഗരറ്റ് ഉപയോഗിക്കുന്ന ശീലമില്ലാത്തതിനാല്‍ എഴുതുമ്പോള്‍ പുകച്ചുരുള്‍ വീട്ടില്‍ വട്ടം കറങ്ങാറുമില്ല.

എഴുത്തിന്‍െറ തീവ്രസംഘര്‍ഷത്തിനിടയില്‍ നഖംകടിക്കുന്ന ശീലമുണ്ടായിരുന്നു. നഖം കടിച്ചെടുത്ത് ചോരപൊടിഞ്ഞങ്ങനെ ഇരിക്കും. പിന്നെ, പേനപിടിക്കുമ്പോള്‍ വിരലുകള്‍ വേദനിക്കും. എഴുത്തിന് ചോരയുടെ മുദ്ര.

എന്‍െറ കഥകളുടെയും നോവലുകളുടെയും ആദ്യ വായനക്കാരി ഭാര്യ സുജാതതന്നെയാണ്. ധൈഷണിക സ്വഭാവമുള്ള കഥകള്‍ പൊതുവെ അവള്‍ക്കിഷ്ടമല്ല. കഥ പൂര്‍ത്തിയാക്കിയശേഷം വളരെ പ്രിയപ്പെട്ട കൂട്ടുകാരെ വായിച്ചു കേള്‍പ്പിച്ചതിനുശേഷം പ്രസിദ്ധീകരണത്തിന് അയക്കുന്നതാണ് എന്‍െറ രീതി. ആദ്യകാല കഥകളുടെ വായനക്കാരന്‍ പി. ജ്യോതിഭാസായിരുന്നു. എന്‍െറ തറവാട് വീടിന്‍െറ അടുത്തായിരുന്നു അവന്‍. രാത്രി പൂര്‍ത്തിയാക്കുന്ന കഥയുമായി ഞാന്‍ അവനെ തേടിപ്പോകും. പുലരിയില്‍, ഏറ്റവും സാന്ദ്രമായ ആ നിമിഷങ്ങളില്‍ അവന്‍ കഥ വായിക്കും. അവന്‍ പറയുന്ന തിരുത്തലുകള്‍ സ്വീകരിക്കും. ആദ്യകാലത്ത് എന്‍െറ രചനാജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചത് ജ്യോതിഭാസാണ്.

പിന്നീട് ഇ. ജയകൃഷ്ണനും ആലങ്കോട് ലീലാകൃഷ്ണനും വായനാസൗഹൃദങ്ങളിലേക്കുവന്നു. ജ്ഞാനം കൊണ്ടും സൗന്ദര്യ ബോധം കൊണ്ടും വിശുദ്ധമാക്കപ്പെട്ട മനസ്സാണ് ജയകൃഷ്ണന്‍േറത്. കാലുഷ്യം ഒട്ടുമില്ല. ശരിക്കും ക്രെഡിബിലിറ്റിയുള്ള വായനക്കാരനായ ജയകൃഷ്ണന്‍ കൊള്ളില്ളെന്നുപറഞ്ഞ കഥകള്‍ കത്തിച്ചുകളയുന്നതാണ് നല്ലതെന്നാണ് എന്‍െറ തോന്നല്‍. ആലങ്കോട് ലീലാകൃഷ്ണന്‍ എന്‍െറതന്നെ തുടര്‍ച്ചയായി പരിഗണിക്കുന്ന പ്രിയ ചങ്ങാതി ആയതിനാല്‍ ഞാന്‍ സ്വയം വായിക്കുന്നതുപോലെയാണ് ലീലാകൃഷ്ണന്‍െറ വായന. യുവ സുഹൃത്തുക്കളായ ഹരി, ആനന്ദകുമാര്‍, ഗംഗാധരന്‍ പണ്ടാരത്തില്‍, അജയന്‍, മുരളി വിരിത്തറയില്‍, അഭിലാഷ്, ലിയാഖത്ത് മുഹമ്മദ്… ഇവരെയൊക്കെ പല രചനകളും പ്രസിദ്ധീകരണത്തിനുമുമ്പ് വായിച്ചുകേള്‍പ്പിച്ചിട്ടുണ്ട്.

ആഖ്യാനത്തിന്‍െറ സവിശേഷതകളെക്കാള്‍ പ്രമേയത്തില്‍ ഊന്നുന്ന മോശപ്പെട്ട വായനാരീതിയാണ് കേരളത്തിലുള്ളത്. വി.എസിനെ രൂപകമാക്കി ‘ഗ്രീഷ്മമാപിനി’ എന്ന നോവല്‍ എഴുതിയപ്പോള്‍ ഞാനത് ശരിക്കും അനുഭവിച്ചു. കുറച്ചു പ്രസംഗങ്ങളും കുറച്ചു ഫോണ്‍കോളുകളും മാത്രമുള്ള അതിന്‍െറ സവിശേഷമായ ആഖ്യാനരീതിയല്ല ചര്‍ച്ച ചെയ്യപ്പെട്ടത്. എഴുത്തുകാരന് രാഷ്ട്രീയം അവന്‍െറ കലാസൃഷ്ടികളുടെ പ്രമേയം മാത്രമാണ്. അല്ലാതെ, രാഷ്ട്രീയ ആശയങ്ങള്‍ക്ക് എഴുത്ത് കീഴടങ്ങിയാല്‍ അത് പ്രചാരണകല മാത്രമാണ്. ഏതെങ്കിലും പ്രത്യയശാസ്ത്ര ഭാരം ഉണ്ടാവാതിരിക്കുന്നതാണ് എഴുത്തിന് നല്ലത്. എന്‍െറ എഴുത്തിലെ ആത്മീയതയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ളത് ബുദ്ധദര്‍ശനങ്ങളാണ്. ഒന്നിനോടും തീവ്രമായ ഇഷ്ടമോ അകലമോ ഇല്ലാത്ത ഒരു മാനസികാവസ്ഥയെ രൂപപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ബുദ്ധദര്‍ശനങ്ങള്‍ അതിനു സഹായിക്കുന്നു. ചിത്ര രചനകള്‍ എന്‍െറ പണിപ്പുരയില്‍ വലിയ പ്രചോദനമാവാറുണ്ട്. എഴുതിക്കൊണ്ടിരിക്കെ മാര്‍ഗതടസ്സം വരുമ്പോള്‍ മികച്ച ചിത്രങ്ങളിലേക്ക് നോക്കിയിരിക്കും. യാത്രകളും എനിക്കിഷ്ടമാണ്. യാത്രകളോടൊപ്പം കഥകള്‍ കൈവരും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *