പി. ഫൗണ്ടേഷന്‍െറ സമഗ്ര സംഭാവന പുരസ്കാരം എം.ടിക്ക്

പാലക്കാട്: മഹാകവി പി. ഫൗണ്ടേഷന്‍െറ 2016ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തെയും ഭാഷയെയും സൗന്ദര്യത്തിന്‍െറ ഒൗന്നത്യത്തിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായര്‍ക്കാണ് സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള ‘കളിയച്ഛന്‍’ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് സമ്മാനം.

മലയാളത്തിലെ മികച്ച നോവലിനുള്ള ‘സമസ്തകേരളം’ നോവല്‍ പുരസ്കാരത്തിന് സുഭാഷ് ചന്ദ്രന്‍െറ ‘മനുഷ്യന് ഒരാമുഖം’ അര്‍ഹമായി. 15,000 രൂപയും നാരായണ ഭട്ടതിരി രൂപകല്‍പന ചെയ്ത ശില്‍പവുമാണ് അവാര്‍ഡ്. മികച്ച വിവര്‍ത്തകനുള്ള ‘തേജസ്വിനി’ അവാര്‍ഡ് ചന്ദ്രശേഖര കമ്പാറിന്‍െറ ‘ശിഖരസൂര്യ’ന്‍െറ പരിഭാഷ നിര്‍വഹിച്ച സുധാകരന്‍ രാമന്തളിക്ക് ലഭിച്ചു. മികച്ച കഥക്കുള്ള ‘നിള’ പുരസ്കാരം കെ. രേഖയുടെ ‘നിന്നില്‍ ചായുന്ന നേരത്ത്’ കഥാസമാഹാരത്തിനും കവിതക്കുള്ള ‘താമരത്തോണി’ അവാര്‍ഡ് ഇ. സന്ധ്യയുടെ ‘പേരില്ലാവണ്ടിയില്‍’ കവിതാ സമാഹാരവും അര്‍ഹമായി.

മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള ‘പയസ്വിനി’ അവാര്‍ഡ് എസ്. കൃഷ്ണകുമാര്‍ രചിച്ച ‘യക്ഷഗാനം’ ഗ്രന്ഥത്തിന് ലഭിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. ഫൗണ്ടേഷന്‍ ജന. സെക്രട്ടറി എം. ചന്ദ്രപ്രകാശ്, കെ.എ. മുരളീധരന്‍, ഇയ്യങ്കോട് ശ്രീധരന്‍, മഹാകവിയുടെ മകന്‍ വി. രവീന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. എം.ടിയുടെ പിറന്നാള്‍ ദിനമായ ആഗസ്റ്റ് അഞ്ചിന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പി. സാഹിത്യോത്സവത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *