നാലുകെട്ടിന്റെ നാലു നാൾ

എം.ടി വാസുദേവന്‍ നായരുടെ പ്രഥമ നോവല്‍ നാലുകെട്ട് പ്രസിദ്ധീകരിച്ച് അന്പതു വര്‍ഷം തികയുന്നു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 2008 ജനുവരി 10 മുതല്‍ 13 വരെ തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ നാലുകെട്ടിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ഇതോടനുബന്ധിച്ച് സാഹിത്യ അക്കാദമി അങ്കണത്തില്‍ നടന്ന ആദര സമ്മേളനം സാംസ്കാരിക മന്ത്രി എം.എ.ബേബി ഉത്ഘാടനം ചെയ്തു. നാലുകെട്ട് പോലൊരു നോവല്‍ രചിച്ച, നിര്‍മ്മാല്യം പോലൊരു സിനിമ സംവിധാനം ചെയ്ത, എം ടിയെ ആദരിക്കേണ്ടത് എന്തുകൊണ്ടും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വികാരം മുറിപ്പെട്ടു എന്ന് കേട്ടാല്‍ സൃഷ്ടിയുമായി ഇരുട്ടിലേയ്ക്ക് മാറേണ്ട അവസ്ഥയിലാണ് കലാകാരന്‍. ഇത് ആലോചിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്‍റെ തൂലികത്തുന്പിലേയ്ക്ക് വരാന്‍ ഇനിയും ചില കഥാപാത്രങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടെന്ന് എം.ടി. വാസുദേവന്‍ നായര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കൂടല്ലൂരിലെ ഇടവഴികളിലും മലഞ്ചരിവുകളിലും ഇനിയും ചില മനുഷ്യര്‍ തന്നെ കാത്തു നില്‍ക്കുന്നു. നാലുകെട്ടിന്‍റെ ആഘോഷവേള വായന സംസ്കാരത്തിനുള്ള ആദരവാണെന്നും വായനക്കാരോടും തന്‍റെ ഗ്രാമത്തോടുമാണ് തനിക്ക് കടപ്പാടെന്നും എം.ടി അഭിപ്രായപ്പെട്ടു.

ആദരസമ്മേളനം എം.ടിക്കുള്ള വൈകാരിക നമോവാകമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡോ. സുകുമാര്‍ അഴിക്കോട് പറഞ്ഞു. സ്വന്തം നാട് എം.ടി. കാണുകയും ലോകത്തെ കാണിക്കുകയും ചെയ്തു. ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും മനുഷ്യന് അവന്‍റെ സ്വന്തം ഗ്രാമത്തിലേയ്ക്ക് മടങ്ങാതെ പറ്റില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എം.പി. വീരേന്ദ്ര കുമാര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു.

കേരള സാഹിത്യ അക്കാദമിയുടെ വെബ്‌ പേജിൽ നിന്നും..

You may also like...

Leave a Reply

Your email address will not be published. Required fields are marked *