എം.ടി. പറഞ്ഞു, മമ്മൂട്ടി സഹായിച്ചു; സന്ദീപിന് തിരിച്ചുകിട്ടിയത് ജീവിതം
കോട്ടയം: എം.ടി.പറഞ്ഞത് തന്റെ അയല്‍വാസിയായ നിര്‍ധനയുവാവിന്റെ ജീവനുവേണ്ടി. മമ്മൂട്ടിയാവട്ടെ ഇതിഹാസ സാഹിത്യകാരന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റി മുടക്കിയത് രണ്ടു ലക്ഷം. ദേഹമാസകലം പൊള്ളലേറ്റ സന്ദീപിന് തിരിച്ചുകിട്ടിയതാകട്ടെ സ്വന്തം ജീവിതം.
ഒന്നരവര്‍ഷം മുമ്പായിരുന്നു ഇത്. പാലക്കാട് കുമ്പിടി പുറമ്മതില്‍ശേരി മനക്കലവളപ്പില്‍ ധര്‍മ്മദേവീക്ഷേത്രത്തില്‍ തീയാട്ട് ഉത്സവത്തിന്റെ ഭാഗമായി ഭഗവതിയാട്ടം നടത്തുമ്പോഴായിരുന്നു കൂടല്ലൂര്‍ മലമേല്‍ക്കാവ് തോണിക്കളത്തില്‍ സന്ദീപിന് പൊള്ളലേറ്റത്. ദേഹത്ത് പിടിപ്പിച്ചിരുന്ന മയില്‍പ്പീലിയില്‍ താലത്തില്‍ നിന്ന് തീപിടിച്ച് കത്തുകയായിരുന്നു. കൈയില്‍ ധരിച്ചിരുന്ന വഞ്ചിയിലും മാര്‍ത്താലിയിലും ഉടയാടകളിലും തീ പടര്‍ന്നുകത്തി.
”തീപിടിച്ചപ്പോള്‍ത്തന്നെ നാട്ടുകാര്‍ ഓടിപ്പോയി വെള്ളം കൊണ്ടുവന്ന് ഒഴിച്ചെങ്കിലും മയില്‍പ്പീലിയായതിനാല്‍ അത് ഉരുകിയൊലിച്ച് ദേഹം വേവുകയായിരുന്നു. രണ്ടു കൈയും പുറംഭാഗവും പൂര്‍ണ്ണമായി വെന്തുപോയി. ബോധം മാത്രം പോയില്ല”- സന്ദീപ് പറഞ്ഞു.
അപകടംപറ്റിയ ഉടനെ സന്ദീപിനെ പതഞ്ജലി ആയുര്‍വേദ ചികിത്സാലയത്തിലെ വൈദ്യന്‍ ജ്യോതിഷ്‌കുമാറിന്റെ അടുത്തെത്തിച്ചു. തന്റെ അയല്‍വാസിയും അടുത്തറിയാവുന്നവനുമായ ‘വാര്‍ക്കപ്പണിക്കാരന്‍ പയ്യന്റെ’ ദുരിതമറിഞ്ഞ് എം.ടി.വാസുദേവന്‍ നായര്‍ പതഞ്ജലിചികിത്സാലയത്തിന്റെ ഡയറക്ടര്‍കൂടിയായ മമ്മൂട്ടിയെ വിളിച്ച്പ റഞ്ഞത് ഇത്രമാത്രം… ”എങ്ങനെയെങ്കിലും അവനെ രക്ഷിക്കണം… എന്റെ അയല്‍വാസിയാണ്. എനിക്കറിയാം അവനെ”. ഇതോടെ, സന്ദീപിനെ രക്ഷിക്കാന്‍ ആവുന്ന ശ്രമമെല്ലാം നടത്തണമെന്ന് മമ്മൂട്ടി ജ്യോതിഷ്‌കുമാറിന് നിര്‍ദേശം നല്‍കി. സന്ദീപിനെ അയാളുടെ കൊച്ചുവീട്ടില്‍ത്തന്നെ കിടത്തി ചികിത്സയും തുടങ്ങി.
ഏതാണ്ട് മൂന്നുമാസത്തോളം വാഴയിലയില്‍ത്തന്നെയായിരുന്നു കിടത്തിയിരുന്നത്. എണ്ണയും അരിഷ്ടങ്ങളും ചൂര്‍ണവും മറ്റും ഏറെയായി. ഒന്നരവര്‍ഷം രാത്രിയേത് പകലേത് എന്നറിയാതെയുള്ള ദീര്‍ഘചികിത്സയിലൂടെ പതിയെപ്പതിയെ സന്ദീപ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. സന്ദീപ് പണിക്കുപോകാത്തതിനാല്‍ പട്ടിണിയിലായ ഉറ്റവരെ രക്ഷിക്കാന്‍ നാട്ടുകാരും പഞ്ചായത്തും ബ്ലോക്കുമെല്ലാം കൈകോര്‍ത്തു. ഇടിഞ്ഞുവീഴാറായ വീട് ബ്ലോക്ക്പഞ്ചായത്തിന്റെ െചലവില്‍ പണിതുകൊടുത്തു.
ഒരിക്കലും പഴയ അവസ്ഥയില്‍ എത്തില്ലെന്നുകരുതിയ കൈകളാല്‍ സന്ദീപ് ഇപ്പോള്‍ സിമന്റും മണലുമൊക്കെ കോരിത്തുടങ്ങി… ഓണത്തിന് കൊച്ചിക്ക് പോകാനൊരുങ്ങുകയാണ് അയാളിപ്പോള്‍, മമ്മൂട്ടിയെ നേരില്‍ക്കണ്ട് നന്ദി പറയാന്‍.
Recent Comments