മനസ്സില്‍ കഥയുണ്ട്; എഴുതണം..

എം ടി വീണ്ടും കാഥികന്റെ പണിപ്പുരയിലേക്ക്…കഥയില്‍ ഇനിയുമൊരു രണ്ടാമൂഴം ഈ എഴുത്തുകാരന്‍ സ്വപ്നം കാണുന്നുണ്ട്. വായനദിനത്തില്‍ എം ടി വാസുദേവന്‍ നായരുടെ വാക്കുകളില്‍ കഥയുടെ ലോകത്തേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയുണ്ട്.

പുതിയൊരു കഥയെഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും അതിനുള്ള ചില പ്രമേയങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും എം ടി പറഞ്ഞു. വായനദിനത്തില്‍ എഴുത്തിന്റെയും വായനയുടെയും അനുഭവങ്ങള്‍ ദേശാഭിമാനിയുമായി പങ്കുവയ്ക്കുകയായിരുന്നു എം ടി. ‘കഥയുടെ കരട്രൂപം എനിക്ക്തന്നെ എഴുതണം. അതെനിക്ക് നിര്‍ബന്ധമാണ്. പിന്നീട് ഞാന്‍ പറഞ്ഞുകൊടുത്ത് മാറ്റിയെഴുതിക്കാറുണ്ട്’. അവസാനമായി എഴുതിയ കഥ കാഴ്ചയാണ്.

പ്രമേഹം കണ്ണിനെ ബാധിച്ചതിനാല്‍ പണ്ടത്തെ പോലെ അത്ര വായിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു എം ടി സംഭാഷണത്തിന് തുടക്കമിട്ടത്. “നൈനാ ജോര്‍ജ് എഴുതിയ ദി ലിറ്റില്‍ പാരീസ് ബുക്ക്ഷോപ്പ് എന്ന നോവലാണ് ഇപ്പോള്‍ വായിക്കുന്നത്. വളരെ ആവേശകരമായ നോവലാണിത്. ആളുകളുമായി ഏറെനേരം സംസാരിച്ചതിനുശേഷം അവര്‍ക്കുവേണ്ട പുസ്തകം ഏതെന്ന് മനസ്സിലാക്കി അത് മാത്രം നല്‍കുന്ന പുസ്തകവില്‍പ്പനക്കാരനെക്കുറിച്ചുള്ള കഥയാണിത്. ചിലര്‍ക്ക് പുസ്തകങ്ങള്‍ ആവശ്യപ്പെട്ടാലും നല്‍കില്ല. നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയില്ലെന്നാണ് പറയുക. ഒരു കത്തെഴുതിവച്ച് ഭാര്യ അയാളെ ഉപേക്ഷിച്ച് പോയി. 20 കൊല്ലമായിട്ടും ആ കത്ത് അയാള്‍ ഇതുവരെ വായിച്ചിട്ടില്ല. അതിലെ ഉള്ളടക്കം അവസാനഭാഗത്ത് വരുന്നുണ്ട്. അത് എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഞാന്‍”- എഴുത്തില്‍ ഒരു തുടക്കക്കാരന്റെ ആവേശത്തോടെ കാലത്തിന്റെ കഥാകാരന്‍ പറഞ്ഞു. അച്ഛന് ഏറെ ഇഷ്ടപ്പെടുമെന്ന് പറഞ്ഞ് മകള്‍ അശ്വതിയാണ് ഈ പുസ്തകം നല്‍കിയത്. എഴുത്തും പുസ്തകങ്ങളും പ്രമേയങ്ങളാകുന്ന കൃതികളാണ് ഇപ്പോള്‍ കൂടുതലും പുറത്തിറങ്ങുന്നതെന്നും എം ടി പറഞ്ഞു.

ദിവസവും നിരവധി പുസ്തകങ്ങളും മാസികകളും വീട്ടില്‍ എത്താറുണ്ട്. ചിലതെല്ലാം വായിക്കും. ഇപ്പോഴുള്ളവര്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് എല്ലാ വായനയും ഒറ്റ ടച്ചില്‍ സാധ്യമാണ്.

മാനാഞ്ചിറയിലെ സെന്‍ട്രല്‍ ലൈബ്രറിക്ക് താഴെയുള്ള പുസ്തകക്കടയും എം ടിയുമായി വര്‍ഷങ്ങളായി തുടരുന്ന ഒരു അക്ഷരബന്ധമുണ്ട്. വീട്ടിലുള്ള പഴയ പുസ്തകങ്ങള്‍ എം ടി കടയില്‍ നല്‍കും. അവര്‍ അതിനൊരു വില നിശ്ചയിച്ചിട്ട് ആ വിലയ്ക്ക് പുതിയ പുസ്തകം നല്‍കും. കൂടല്ലൂരില്‍നിന്ന് കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പോയി പഠിക്കാന്‍ തുടങ്ങിയതോടെയാണ് സാഹിത്യവായനയില്‍ എത്തുന്നത്. കാലത്തിനൊപ്പം കൂടല്ലൂര്‍ മാറിയെങ്കിലും തന്റെ നിരവധി കഥാപാത്രങ്ങള്‍ അവിടെയാണുള്ളതെന്നും എം ടി പറഞ്ഞു.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *