എം ടിയും അക്കിത്തവും ‘ന’ എന്ന അക്ഷരത്തില്‍
കോഴിക്കോട്: ഒരൊറ്റ അക്ഷരത്തിലൂടെ തുടക്കമിട്ട പരിചയത്തിന് കഥയുടെയും കവിതയുടെയും ആത്മബന്ധം. ജ്ഞാനപീഠം ജേതാവായ എംടിയും മഹാകവി അക്കിത്തവും തമ്മിലുള്ള ഉറ്റ സ്‌നേഹത്തിന്റെയും അന്യോന്യമുള്ള ആദരവിന്റെയും തുടക്കം ‘ന’ എന്ന അക്ഷരത്തിലൂടെയാണ്. അക്കിത്തത്തിന്റെ സാന്നിധ്യത്തില്‍ എം ടി തന്നെയാണ് കൗമാരത്തിലേ തന്റെ ആരാധ്യപുരുഷനായ അക്കിത്തവുമായുള്ള പരിചയത്തിന്റെ ആരംഭം അനുസ്മരിച്ചത്. എംടിക്ക് ചെറുപ്പത്തില്‍ അക്ഷരശ്ലോകം ചൊല്ലുന്നതില്‍ വലിയ കമ്പമായിരുന്നു. കൂടല്ലൂരിലെ ചെറിയ ഒരു വീട്ടില്‍ രാത്രി മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ അത്താഴം കഴിഞ്ഞാല്‍ വിളക്ക് ഊതി സഹോദരിയും സഹോദരന്മാരും വട്ടമിട്ടിരുന്ന് മത്സരാടിസ്ഥാനത്തില്‍ അക്ഷരശ്ലോകം ചൊല്ലുമായിരുന്നു.
ഈ താല്‍പ്പര്യം വളര്‍ന്ന് സ്‌കൂളിലും ക്ലാസുകളിലും നടക്കാറുള്ള അക്ഷരശ്ലോക സദസ്സുകളില്‍ മത്സരിച്ച് ധാരാളം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് എം ടി. ഏതെങ്കിലും ഒരക്ഷരത്തില്‍ ധാരാളം ശ്ലോകങ്ങള്‍ ആവര്‍ത്തിച്ച് എതിരാളികളെ നിഷ്പ്രഭരാക്കുന്നതായിരുന്നു മത്സരത്തില്‍ എം ടി സ്വീകരിച്ചിരുന്ന തന്ത്രം. അത്തരത്തില്‍ ‘ന’ എന്നൊരക്ഷരത്തില്‍ മറ്റാര്‍ക്കും അറിഞ്ഞുകൂടാത്ത ഒരു പുതിയ ശ്ലോകം കണ്ടെത്താനായിരുന്നു എം ടിയുടെ ശ്രമം. അത്തരമൊരു ശ്ലോകം തേടിയാണ് താന്‍ ആദ്യമായി അക്കിത്തത്തെ സമീപിക്കുന്നതെന്ന് എം ടി അനുസ്മരിച്ചു. അക്കിത്തമാവട്ടെ നിഷ്പ്രയാസം ഒരു ശ്ലോകം കുറിച്ചു കൊടുക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അക്കിത്തം കുറിച്ചുകൊടുത്ത ശ്ലോകം മറന്നുപോയെന്ന ആമുഖത്തോടെ ശ്ലോകത്തിന്റെ ആദ്യ വരി സദസ്സില്‍ ചൊല്ലുകയും ചെയ്തു.
അക്ഷരശ്ലോക മത്സരത്തിന്റെ അവസാനത്തില്‍ ഈ ശ്ലോകം ചൊല്ലി താന്‍ സമ്മാനം നേടിയതായും എം ടി ഓര്‍ക്കുന്നു.ഹരിതം ബുക്ക്‌സ് പ്രസിദ്ധീകരിച്ച അക്കിത്തത്തിന്റെ ലേഖനസമാഹാരങ്ങളുടെ മൂന്നു വാള്യങ്ങള്‍ കോഴിക്കോട്ട് പ്രകാശനം ചെയ്യുകയായിരുന്നു മലയാളത്തിന്റെ പ്രിയ കഥാകാരന്‍.
Recent Comments