മലയാളത്തിന്റെ മക്കൊണ്ടയായ കൂടല്ലൂരിലേക്ക്
ലത്തീഫ് പറമ്പില്‍
തന്റെ ആദ്യവായനക്കാരി എന്ന് എം.ടി തന്നെ വിശേഷിപ്പിക്കുന്ന, ജ്യേഷ്ഠന്‍ എം.ടി.ബി നായരുടെ ഭാര്യ, ‘ഓപ്പു’ എന്ന് എം.ടി വാത്സല്യത്തോടെ വിളിക്കുന്ന, മാധവിക്കുട്ടിയുടെ ആദ്യ കവിതാ സമാഹാരം പ്രകാശനം, കഥാകാരന്റെ 78-ാം പിറന്നാള്‍ തുടങ്ങിയ ചടങ്ങുകള്‍ കൊണ്ടനുഗൃഹീതമായ ഒരു ദിനത്തിലെ തീര്‍ത്തും കാല്‍പ്പനികമായൊരു പുറപ്പാടായിരുന്നു അത്. നിളയും താന്നിക്കുന്നും മാടത്ത് തെക്കേപ്പാട്ട് തറവാടും നരിമാളന്‍ കുന്നും കുരുതിത്തറയും ഭഗവതിക്കാവും നിഗൂഢങ്ങളായ നാട്ടിടവഴികളും മഞ്ഞിന്‍കണമൂറുന്ന വയലിറമ്പുകളും… അങ്ങനെ, കഥകളിലൂടെ മാത്രം മലയാളി നെഞ്ചേറ്റു വാങ്ങിയ, ഏതൊക്കെയോ ഭൂപ്രദേശങ്ങളിലേക്കുള്ള ഒരു ആത്മാന്വേഷണ യാത്ര തന്നെയായിരുന്നു അത്. ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞ ഓഗസ്റ്റ് 14-ന് (മലയാള വര്‍ഷം പ്രകാരം കര്‍ക്കിടകത്തിലെ രണ്ടാമത്തെ ഉതൃട്ടാതിനാള്‍) 81 വയസ്സിലേക്ക് കടന്നു നില്‍ക്കുമ്പോഴും കഥാകാരന്റെ മനസ്സിലും ആയിരക്കണക്കിന് വായനക്കാരുടെ മനസ്സിലും ഹരിതാഭമായി നില്‍ക്കുകയാണ് ആ ഹൃദയഭൂമി. ചടങ്ങുകള്‍ക്കുശേഷം കഥാകാരനൊപ്പം വികാരഭരിതമായ മാടത്തുതെക്കേപ്പാട്ട് തറവാട്ടിലെ ചാണകം മെഴുകിയ തറയിലിരുന്ന് പിറന്നാള്‍സദ്യ കഴിക്കാന്‍ കഴിഞ്ഞതിന്റെ മധുരവും ഇവിടെ പങ്കുവക്കുന്നു. ഓപ്പുവിന്റെ മരണശേഷം മാടത്തുതെക്കേപ്പാട്ട് വീട് ഇപ്പോള്‍ കാലത്തിന്റെ അടയാളമായി നില്‍ക്കുകയാണ്, നിശബ്ദമായ്…
ലിയോ ടോള്‍സ്‌റ്റോയ്ക്ക് യാസ്‌നോ പോളി പോലെ, ഗബ്രിയേല്‍ ഗാര്‍സ്യേ മാര്‍കേസിന് മക്കൊണ്ട പോലെ, മലയാളത്തിന്റെ മഹാകഥാകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ഹൃദയഭൂമിയും എഴുത്തിന്റെ ജലലവണങ്ങളടിഞ്ഞു കിടക്കുന്നതുമായ കൂടല്ലൂര്‍ എന്ന ഗ്രാമം… പാലക്കാട് ജില്ലയിലെ തൃത്താലക്കടുത്ത, പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന, വിശുദ്ധമായ ഒരു ഗ്രാമം.
ജീവിതായോധനങ്ങളിലെ വേഗങ്ങളില്‍, തിരക്കുകളില്‍ ക്ഷീണിച്ച് വീണുകിടക്കുമ്പോള്‍, ഊര്‍ജവും കരുത്തും നേടാനായി സ്വന്തം മണ്ണിനോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന ട്രോജന്‍ കുതിരയെപ്പോലെയാണ് കൂടല്ലൂരിനും നാട്ടുകാര്‍ക്കും എം.ടി… എഴുത്തിന്റെ, ആദരങ്ങളുടെ, പുരസ്‌കാരങ്ങളുടെ വേവുകളില്‍ നിന്നെല്ലാം അല്‍പമൊന്ന് തണുക്കാന്‍, തെല്ല് ശാന്തത നേടാന്‍, കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ഇന്നും ഈ എഴുത്തുകാരന്‍ വന്നണയുന്നത് ഈ കന്യാദേശത്തേക്കു തന്നെയാണ്…
എഴുത്തുകാരന്റെ ദേശം അയാളെ മാത്രമല്ല, വായനക്കാരനേയും ഭ്രമിപ്പിക്കും. എം.ടിയുടെ കാല്‍പാടുകള്‍ പതിഞ്ഞ കൂടല്ലൂരിലെ മണല്‍ത്തരികളിലൂടെയുള്ള ഒരു തീര്‍ഥയാത്ര… ‘അറിയാത്ത അര്‍ഥങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമുദ്രത്തെക്കാള്‍ എനിക്കിഷ്ടം അറിയുന്ന ഈ നിളയെയാണ്.’- എന്ന് എം.ടി എന്നോ കുറിച്ചിട്ട വരികള്‍ അര്‍ഥവത്താക്കുന്നതുപോലെ സാന്ത്വനമേകുന്ന ഒരു സഹയാത്രികയായി നിളയും…
1954 ജനുവരി 1ന് കുമരനല്ലൂര്‍ ഹൈസ്‌കൂള്‍ ജൂബിലിയാഘോഷം നടക്കുകയാണ. ആഘോഷത്തിനെത്തുന്ന സാഹിത്യകാരന്‍മാരെ സ്വീകരിക്കാന്‍ അന്ന് വിദ്യാര്‍ഥിയായ മാടത്ത് തെക്കേപ്പാട്ട് വാസു എന്ന കുട്ടിയും കുറ്റപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തി. അപ്പോഴാണ് ലോകകഥാമത്സരത്തില്‍ ‘വളര്‍ത്തുമൃഗങ്ങള്‍’എന്ന തന്റെ കഥക്ക് ഒന്നാം സ്ഥാനം ലഭിച്ച വിവരം ആ കുട്ടി അറിയുന്നത്, ചങ്കിടിപ്പോടെ…അന്ന് ചടങ്ങില്‍വച്ച് മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍പോലും ആ കുട്ടിയെ ആവോളം പ്രശംസിച്ചു. എല്ലാവരോടും നന്ദി രേഖപ്പെടുത്തി 1954 ഡിസംബര്‍ 26-ന് വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ അച്ചടിച്ചുവന്ന മാതൃഭൂമിയില്‍ ‘എന്റെ കഥ’ എന്നൊരു ലേഖനംകൂടി എം.ടി എഴുതിയത് ഏറെ ശ്രദ്ധേയമായി. ‘ഇരുപത്തൊന്ന് വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ മാത്രമാണെന്റെ മുന്നിലുള്ളത്…’ എന്നുതുടങ്ങുന്ന ആ ലേഖനം കൂടല്ലൂരിന്റെകൂടി ഭൂമിശാസ്ത്രത്തെക്കുറിച്ചും താന്‍ ജനിച്ചുവളര്‍ന്ന തറവാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചുമൊക്കെ വിവരണത്തോടെയാണ് പുരോഗമിക്കുന്നത്.
വാസുവിന്റെ സ്വന്തം ഓപ്പോള്‍
കൂടല്ലൂരിലെ ശ്രീധര്‍ ടാക്കിസിനടുത്തുള്ള വയല്‍വരമ്പിലൂടെ തെല്ലുദൂരം നടന്നാല്‍ മാടത്ത് തെക്കേപ്പാട്ട് തറവാടിന്റെ പടിപ്പുര കാണാം. പടിപ്പുര കടന്ന് കാലത്തിന്റെ കല്‍പ്പടവുകള്‍ പിന്നിട്ടാല്‍ പൂമുഖത്തെത്തുകയായ്. ഓപ്പു പൂമുഖത്തുതന്നെയുണ്ട്. കോഴിക്കോട്ടു നിന്നും വരികയാണെന്നറിഞ്ഞപ്പോള്‍ ആ മുഖത്ത് പ്രകാശം പരക്കുന്നതറിഞ്ഞു. അവരുടെ ഭര്‍ത്താവ് എം.ടിയുടെ ജ്യേഷ്ഠന്‍ എം.ടി.ബി നായര്‍ മരിച്ചിട്ട് രണ്ടുവര്‍ഷമാകുന്നു. ഓപ്പുവിന്റെ മകള്‍ നളിനിയും ഭര്‍ത്താവ് ശങ്കരന്‍ മേനോനും ഓപ്പുവിന് കൂട്ടായുണ്ട്.
എം.ടിയുടെ വിശേഷങ്ങളോടെ തുടങ്ങിയപ്പോള്‍ ഓപ്പുവിന് ആയിരംനാവ്. സംസാരത്തിനിടെ അവര്‍ അകത്തുപോയി കുറേ ഡയറിക്കുറിപ്പുകളുമായെത്തി. ‘കഴിഞ്ഞ കുറേ വര്‍ഷമായി ഡയറിയെഴുതുന്നു, ഒരു സാന്ത്വനമായി.’ – ഓപ്പു പറഞ്ഞു. ഞാന്‍ ചില ഡയറിക്കുറിപ്പുകളിലൂടെ കണ്ണോടിച്ചു. തറവാട്ടിലെ പലസംഭവങ്ങളെക്കുറിച്ചും അതില്‍ കാവ്യാത്മകമായി കോറിയിട്ടിരിക്കുന്നു. ജ്ഞാനപീഠ പുരസ്‌കാരം കിട്ടിയപ്പോള്‍ ആഹ്ലാദം പങ്കിടാന്‍ എം.ടി ആദ്യമെത്തിയത് ഓപ്പുവിന്റെയടുത്താണ്. വൈകാരികമായ ആ രംഗം അന്ന് മാതൃഭൂമിയില്‍ വന്നത് ഒരു ജലച്ചായച്ചിത്രംപോെല പഴയൊരാല്‍ബത്തില്‍ക്കണ്ടു. എല്ലാമായിരുന്ന തന്റെ പ്രിയതമന്‍ ആശുപ്രത്രിക്കിടക്കയില്‍ക്കിടന്നത്, തറവാട്ടിലേയും ഗ്രാമത്തിലേയും ആഘോഷങ്ങള്‍, കഥയിലെ കഥാപാത്രങ്ങളായ നാട്ടുകാരെക്കുറിച്ച്… എല്ലാം വികാരസാന്ദ്രമായ അക്ഷരങ്ങളില്‍…
നളിനിയുടെ മകള്‍, എം.ടിയുടെ വാത്സല്യമായ റാണി ഇപ്പോള്‍ അധ്യാപികയാണ്. റാണിക്ക് നാലുവയസ്സുള്ളപ്പോള്‍ എം.ടി അയച്ച ഒരു കത്ത് അവര്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു. മാതൃഭൂമിക്കാലത്ത് എം.ടി അയച്ച കത്താണത്രേ അത്. എമ്പാടും വിശേഷങ്ങള്‍ക്കൊടുവില്‍ ആ എഴുത്ത് ഇങ്ങനെ അവസാനിക്കുന്നു, ‘മോള്‍ ഞാന്‍ അയക്കുന്ന കത്തുകളെല്ലാം സൂക്ഷിച്ചുവെക്കണം. മോള്‍ വലുതാകുമ്പോള്‍, എല്ലാത്തിനും ചിലപ്പോള്‍ ആവശ്യക്കാരുണ്ടായേക്കാം. പത്രക്കാരും മറ്റും മോളെത്തേടി വന്നേക്കാം. കത്തുകളൊക്കെ നല്‍കിയാല്‍ അവര്‍ മോള്‍ക്ക് കൈനിറയെ മിഠായിതരും.’
തറവാട്ടിലെ അക്ഷരം സ്പന്ദിക്കുന്ന തറയിലിരുന്ന് എം.ടിക്കൊപ്പം പിറന്നാള്‍സദ്യ കഴിക്കുമ്പോള്‍, മനസ്സ് മന്ത്രിച്ചു, ‘ഇതൊരു സുകൃതമാണ്. അപ്രതീക്ഷിതമായി വീണുകിട്ടിയ പുണ്യം.’ പച്ചരിച്ചോറ്, സാമ്പാറ്, അവിയല്‍, പരിപ്പുകറി, ഓലന്‍, പപ്പടം, കണ്ണിമാങ്ങാ അച്ചാര്‍…നാവില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്ന വിഭവങ്ങളേറെ… ഊണിനിടെ ഓപ്പു വാചാലയായി. ‘ ഉണ്ണി(എം.ടി ) ഇപ്പോള്‍ പോകാത്ത രാജ്യങ്ങളില്ല. എപ്പോഴും യാത്രതന്നെ. എത്ര തിരക്കായാലും എവിടെയാണെങ്കിലും ഓണത്തിനും വിഷുവിനും അവന്‍ ഇവിടെയോടിയെത്തും. എന്തുതിരക്കായാലും ഏട്ടന്റെ കൈയ്യില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങാന്‍ അവനെത്തും. ഏട്ടന്റെയൊപ്പം ഉണ്ണാത്ത ഒരോണവും ഉണ്ണിക്കുണ്ടായിരുന്നില്ല. ഏട്ടന്‍ പോയതിനാല്‍ ഇത്തവണ ഞങ്ങള്‍ക്കോണമില്ലായിരുന്നു. ഏട്ടന്റെ മരണം അവനെ വല്ലാതെ തളര്‍ത്തിയിരുന്നു. അതുകൊണ്ട് ഓണത്തിന് അവന്‍ വന്നതുമില്ല. ഒടുവില്‍ അവന്‍ എത്തിയത് കഴിഞ്ഞ വിഷുവിനാണ്, എന്തുചെയ്യാം, ഓരോരുത്തര്‍ക്ക് ഓരോ സമയം…’ – ഇതുംപറഞ്ഞ് ഓപ്പു കണ്ണുതുടക്കുന്നതു കണ്ടപ്പോള്‍, എനിക്കും നിയന്ത്രിക്കാനായില്ല.
ഇലഞ്ഞിമരം സാക്ഷി
ഇപ്പോള്‍ പഴയപോലെ യാത്രചെയ്യാനൊന്നും എം.ടിക്ക് വയ്യ. തറവാടിന്റെ പിറകുവശത്തൂടെ മുറ്റംവരെയുള്ള ഒരു റോഡ് പുതുതായി വെട്ടിയതിനാല്‍ കാറ് നേരെ മുറ്റംവരെയെത്തും. ജര്‍മനിയിലെ ലോക എഴുത്തുകാരുടെ സമ്മേളനത്തില്‍ പങ്കെടുത്തതിനുശേഷം എം.ടി നേരെയെത്തിയത് തറവാട്ടിലേക്കാണ്. എത്തിയയുടനെ അവിടെ ഒരു അക്ഷരവിശേഷം നടന്നു. ഓപ്പുവിന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങ്. മലയാളത്തിന്റെ മഹാകവി അക്കിത്തമായിരുന്നു പ്രകാശനം നിര്‍വഹിച്ചത്. കവികളായ പി.എം.പള്ളിപ്പാട്, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവരും പിന്നെ, കഥയിലെ കഥാപാത്രങ്ങളായ നാട്ടുകാരും ഉള്‍പ്പെട്ട ലളിതമായ ഒരു ചടങ്ങ്. കോഴിക്കോട്ടെ പുതുക്കുടി ബാലചന്ദ്രനൊപ്പം ആ അപൂര്‍വ്വ ചടങ്ങില്‍ പങ്കെടുക്കാനായതും കഥാകാരനൊപ്പം ചില നിമിഷങ്ങള്‍ പങ്കിടാനായതും അനുഗ്രഹമായിക്കരുതുകയാണ്.
ജീവിതത്തിലെ നോവുകളും വേവുകളും പലപ്പോഴായി കടലാസിലേക്ക് പകര്‍ത്തുകയായിരുന്നു ഓപ്പു. അക്കിത്തം അവ കാണാനിടവരികയും അദ്ദേഹത്തിന്റെ തന്നെ അവതാരികയോടെ അത് പുസ്തകമാക്കി പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുക്കുകയുമായിരുന്നു. ‘ഇലഞ്ഞിമരം സാക്ഷി’ എന്ന സമാഹാരത്തിന്റെ കോപ്പികള്‍ ഓപ്പുവിന്റെ കൈയ്യൊപ്പോടെ എല്ലാവര്‍ക്കും സമ്മാനമായി കിട്ടി. കൂടല്ലൂരിന്റെ ആത്മാവിലൂടെ നടന്നപ്പോള്‍, എം.ടി അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കിയ, ഇന്ന് മരിച്ചുകൊണ്ടിരിക്കുന്ന നിളയും പുഴക്കരയില്‍ ശ്മശാനംപോലെ പുതുതായി ഉയര്‍ന്നു നില്‍ക്കുന്ന ഇഷ്ടികക്കളവും കണ്ടു. അവശേഷിക്കുന്ന തെളിനീരില്‍ കുളിക്കുന്ന നാട്ടുകാര്‍. കൂട്ടത്തില്‍ മുതിര്‍ന്നൊരാള്‍ നിളയുടെ മരണത്തെക്കുറിച്ച് ഖിന്നനായി. ‘ഇത് ഞങ്ങളുടെ കഥാകാരന്റെ നിളയായിരുന്നു ഒരുകാലത്ത്. എന്നാല്‍ ഇപ്പോള്‍ മരുപ്പറമ്പായത് കണ്ടില്ലേ പുഴകാണാനായിട്ടാണ് വാസു പുഴക്കരയിലെ വീട്, ‘അശ്വതി’പണിതത്. എന്നാല്‍ ഇപ്പോള്‍ പൂമുഖത്തിരുന്ന് നോക്കിയാല്‍ നിളക്കുപകരം നിളയുടെ കാലനായ ഈ ഇഷ്ടിക്കച്ചൂളയാണ് കാണുക.’- ശരിയാണ്. എണ്ണമറ്റ കഥകളിലെ ജലസാന്നിധ്യമായ നിള ഇന്ന് പുതിയകാല മനുഷ്യന്റെ ആര്‍ത്തിയാല്‍ ഊര്‍ധശ്വാസം വലിക്കുകയാണ്. കഥാകാരന്റെ ഏകാന്ത സങ്കടങ്ങളാല്‍ ഇപ്പോള്‍ ഭരണ തലങ്ങളിലും നാട്ടുകൂട്ടങ്ങളിലും പുഴയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
ആണിപ്പുണ്ണുള്ള അഞ്ചലോട്ടക്കാരന്‍
കൂടല്ലൂരിലെ പഴയ സിനിമാ ടാക്കീസും സ്‌കൂളും തപാലാപ്പീസുമെല്ലാം മലയാളിക്ക് ഗൃഹാതുരമാര്‍ന്ന അടയാളങ്ങളാണ്. ലീലയാണ് തപാലാപ്പീസിലെ ഇപ്പോഴത്തെ പോസ്റ്റ്മാസ്റ്റര്‍. തന്റെ കഥകള്‍ അച്ചടിച്ചുവരുന്ന ആഴ്ചപ്പതിപ്പുകള്‍ക്കായി ഹൃദയമിടിപ്പോടെ, കാലില്‍ ആണിപ്പുണ്ണുള്ള അഞ്ചല്‍ക്കാരനെക്കാത്ത് തപാലാപ്പീസിലേക്കോടിയ, നിറംമങ്ങിയ ബാല്യത്തെക്കുറിച്ച് എം.ടി എഴുതിയിട്ടുണ്ട്. ആനക്കരയിലാണ് ആ തപാലാപ്പീസ്. അന്നത്തെ അഞ്ചല്‍ക്കാരന്‍ രാവുണ്ണി നമ്പ്യാരുടെ മകളാണ് ലീല. അവര്‍ പോയകാലത്തിന്റെ ചില താളുകള്‍ പൊടിതട്ടിയെടുത്തു. ‘ഒരിക്കല്‍ അച്ഛന് എം.ടിയെ കാണാന്‍ അതിയായ മോഹം. എവിടെച്ചെന്നാലാണ് കാണാന്‍ സൗകര്യമുണ്ടാവുക എന്ന് അച്ഛന്‍ അക്കിത്തത്തിനോട് ചോദിച്ചു. അക്കിത്തം ഇത് എം.ടിയെ അറിയിച്ചപ്പോള്‍, ‘നമ്പ്യാര്‍ എന്നെ ഇങ്ങോട്ടല്ല, ഞാന്‍ അങ്ങോട്ടാണ് പോയിക്കാണേണ്ടത്. എഴുത്തിനായുള്ള എന്റെ നെഞ്ചിടിപ്പുകള്‍ക്ക് ശമനംതന്നയാളാണ് നമ്പ്യാര്‍’ എന്ന് പറഞ്ഞ് വികാരാധീനനായത്രേ! ഏറെ താമസിയാതെ തന്നെ തൃശൂരിലെ ഞങ്ങളുടെ വീട്ടില്‍ അക്കിത്തത്തോടൊപ്പം വന്ന് എം.ടി അച്ഛനെക്കണ്ടു. ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ കൂടിക്കാഴ്ച. അന്ന് എം.ടി വല്ലാത വികാരഭരിതനാവുകയും അച്ഛന്റെ കാല്‍തൊട്ടു വന്ദിക്കുകയും ചെയ്തു. സുകൃതം എന്നല്ലാതെ എന്താ പറയ്യാ, ല്ലെ’- ഇതുപറയുമ്പോള്‍ ലീലേടത്തി ഒരുപാടുകാലം പിറകിലായിരുന്നു.
നളിനിയുടെ ഭര്‍ത്താവ് ശങ്കരന്‍മേനോനാണ് ഞങ്ങള്‍ക്ക് താന്നിക്കുന്നിലേക്കുള്ള വഴി കാണിച്ചുതന്നത്. അതിന്റെ താഴ്‌വാരത്തിലാണ് എം.ടി യുടെ ചെറിയമ്മയുടെ മകള്‍ വിലാസിനിയുടെ വീട്. വീടിന്റെ പുമൂഖത്ത് കാലത്തിന്റെ സാക്ഷിയായി ഒരു ചാരുകസേര വിശ്രമിക്കുന്നു. മോനോന്‍ ആ കസേരയിലേക്ക് ചൂണ്ടിക്കൊട്ടി പറഞ്ഞു, ‘ഇതിലിരുന്നാണ് ഏതാനും ദിവസങ്ങള്‍കൊണ്ട് എം.ടി ‘രണ്ടാമൂഴം’ എഴുതിത്തീര്‍ത്തത്. എഴുതുമ്പോള്‍ ആ വീട്ടിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. ദിനേശ് ബീഡിയും കട്ടന്‍ചായയും നല്‍കാന്‍ വിലാസിനിക്കു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.’
തിരിച്ചുവരും
ഒടുവില്‍, അക്ഷരങ്ങളിലൂടെ ഒരുകാലഘട്ടത്തെ, ഒരു ജനതയെ ആഴത്തില്‍ സ്വാധീനിച്ച, ലോകസാഹിത്യത്തില്‍തന്നെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന സമാദരണീയ, സാര്‍വ്വകാലിക രൂപം കൈവരിച്ച ആ മഹാനായ എഴുത്തുകാരന്റെ വാഗ്ദത്തഭൂമിയില്‍ നിന്നും പിന്മടക്കം നടത്തുമ്പോള്‍, മനസ്സ് വെറുതെ മന്ത്രിച്ചു; നാലുകെട്ടിലെ അപ്പുണ്ണിയെപ്പോലെ, ‘ സങ്കടപ്പെടേണ്ട, ഇനിയും വരാം, തിരിച്ചുവരാം, കൈകള്‍ക്ക് നല്ല കരുത്തുണ്ടാകുമ്പോള്‍, ഈ സ്വപ്നഭൂമിയിലേക്ക്…’
Recent Comments