കൂടല്ലൂരിലെ കാഴ്‌ചകൾ

ജോയി നാലുന്നാക്കൽ

മഹാനഗരങ്ങൾ പിന്നിടുമ്പോഴും കൂടല്ലൂർ എന്ന സ്വന്തം ഗ്രാമം എം.ടിയുടെ മനസ്സിന്റെ മഹാമൗനങ്ങളിൽ, ചിന്തകളിൽ നിറഞ്ഞുനിൽക്കുന്നു. കൂടല്ലൂരിന്റെ സൗന്ദര്യവും നൊമ്പരങ്ങളും ആത്മാവിന്റെ ഭാഷയിൽ ഒപ്പിയെടുത്തപ്പോൾ മലയാളത്തിനെന്നു മാത്രമല്ല സമകാലീന ലോകസാഹിത്യത്തിനു തന്നെ അഭിമാനിക്കാവുന്ന സാഹിത്യകൃതികൾ രൂപം കൊള്ളുകയായിരുന്നല്ലോ. ‘കാലം’ വരെയുള്ള എം.ടിയുടെ രചനകൾ വായിച്ചശേഷമാണ്‌ 1971ൽ ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി ഞാൻ കൂടല്ലൂരെത്തുന്നത്‌. സുമാർ ഒരു വർഷം അവിടെ താമസിച്ചു.

വയലുകളും, കുന്നുകളും, തെങ്ങിൻ പറമ്പും നിറഞ്ഞ പാലക്കാടൻ ഗ്രാമം. ജനങ്ങളിലേറെയും സാധാരണക്കാർ. വടക്കുവശത്തുകൂടി നിളാനദി ഒഴുകുന്നു. പ്രളയകാലത്ത്‌ പുഴ, കരയുടെ തിട്ടയിടിച്ചു കൊണ്ടു പോകാതിരിക്കാൻ കൂറ്റൻ കരിങ്കൽകൂപ്പുകൾ പുഴയിലേക്കിറങ്ങിനിൽക്കുന്നു. നദിയ്‌ക്കക്കരെ ഷൊർണ്ണൂർനിന്നും തിരിഞ്ഞു കുറ്റിപ്പുറം കടന്നുപോകുന്ന തീവണ്ടിപ്പാത. ഭാരതപ്പുഴയിൽ തൂതപ്പുഴ സംഗമിക്കുന്നത്‌ കൂടല്ലൂരിന്റെ അതിർത്തിയിലാണ്‌. അപരിചിതർക്ക്‌ പുഴയുടെ വിസ്തൃതി അത്ഭുതമുളവാക്കും.

തൃത്താലനിന്നും കുമ്പിടി വരെയുള്ള ടാറിട്ടവഴി കൂടല്ലൂരിൽ കൂടി ഏതാണ്ട്‌ പുഴയുടെ സമാന്തരമായി കടന്നുപോകുന്നു. കൂട്ടക്കടവ്‌ അങ്ങാടിയെ കൂടല്ലൂരിന്റെ തലസ്ഥാനമെന്നു വിളിക്കാം. നോക്കെത്താത്ത നെൽവയലുകൾക്കിടയിൽ ഒരു തുരുത്തുപോലെയുള്ള ഭാഗം. കുറച്ചു പീടികകൾ. ബസ്സിനെയോ, സമാന്തസർവ്വീസിനെയോ കാത്തുനിൽക്കുന്ന യാത്രക്കാരുടെ ചെറിയകൂട്ടം. രാവിലെ ഓത്തുപള്ളിയിലേക്കു പോകുന്ന കൊച്ചുകുട്ടികൾ. ബാങ്ക്‌ വിളിയുടെ ശബ്ദം. അങ്ങാടിയിൽ നിന്നും അകലെയല്ലാതെ എം.ടിയുടെ സ്വന്തക്കാരിൽ ചിലർ താമസക്കാരായിട്ടുണ്ട്‌. സ്നേഹമുള്ള വ്യക്തികൾ, ആഭിജാത്യമുള്ളവർ.

കൂടല്ലൂർ ഇതിഹാസനിർഭരമായ പ്രദേശമാണ്‌. കൊടുങ്ങല്ലൂർ ഭഗവതിയുടെ സാത്വികയായ സഹോദരിയുടെ പ്രതിഷ്‌ഠകൊണ്ടു സത്യമായ ചെറിയൊരു ക്ഷേത്രം. പന്ത്രണ്ടുവർഷത്തിലൊരിക്കലേ ഉത്സവം നടത്താറുള്ളു. അതു കൂടല്ലൂർ ദേശത്തിന്റെ ഉത്സവമാണ്‌. ഒരു വിളിപ്പാടകലത്തിൽ തൃത്താലയപ്പൻ, പറയിപെറ്റ പന്തിരുകുലം, മേഴത്തൂർ അഗ്നിഹോത്രി…

ഒരു കഥാകാരൻ എന്നപേരിൽ എം.ടിയെ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും, കൂടല്ലൂരിൽ ഞാൻ ചെന്നുചേരുന്നത്‌ അദ്ദേഹത്തിന്റെ കഥാസാമ്രാജ്യത്തിന്റെ അടിത്തറയെന്ന തിരിച്ചറിവോടെയായിരുന്നില്ല. അന്ന്‌ വൈദ്യുതിപോലുമില്ലാതെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ആ പ്രദേശത്ത്‌ താമസിക്കാനിടം സൗകര്യപ്പെടുത്തിയത്‌ ചായക്കടക്കാരൻ ശങ്കുണ്ണിയാണ്‌. അവിടെവച്ചു നാരായണൻ എന്ന മൈനർ ഇറിഗേഷൻ ജീവനക്കാരനെ പരിചയപ്പെട്ടു. സാമാന്യ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്നു നാരായണൻ അസാമാന്യവായനാശീലമുള്ളയാളും നല്ല ആസ്വാദകനും യഥാർത്ഥത്തിൽ അന്തർമുഖനുമായിരുന്നു. പി.എസ്‌.എൻ പെരിഞ്ചേരി എന്ന പേരിൽ കൂടല്ലൂരിനു സമീപമുള്ള ചമ്മിണിക്കാവിലെ പൂരത്തെപ്പറ്റി തൃശൂരിൽനിന്നും ഇറങ്ങുന്ന ഒരു പത്രത്തിന്റെ വാരാന്ത്യപതിപ്പിൽ അദ്ദേഹം ഒരു ഫീച്ചറെഴുതിയിരുന്നു. നാരായണൻ വ്യക്തിജീവിതത്തിൽ എന്തൊക്കെയോ നിരാശകൾ അനുഭവിച്ചിരുന്നു. അവിവാഹിതനായിരുന്നു. ഒരിക്കലും സ്വന്തം കാര്യങ്ങൾ തുറന്നുപറയാൻ താല്പര്യം കാട്ടിയില്ല. എം.ടിയുടെ കഥകളിലെ കൂമൻതോടും, മലമേൽക്കാവും, വാഴവിലമ്പലവും ഒക്കെ കാട്ടിത്തന്നത്‌ അദ്ദേഹമാണ്‌. അസുരവിത്തിലെ ഗോവിന്ദൻകുട്ടി തൊട്ടുള്ള പല കഥാപാത്രങ്ങളുടെ മാതൃകകളെ അയാൾ കാണിക്കുകയും കൂടുതൽ വിശദീകരണങ്ങൾ നൽകുകയും ചെയ്തു. അതോടെ ആ കൃതികളൊക്കെ ഒരിക്കൽക്കൂടി വായിക്കാൻ എനിക്കു പ്രേരണയുണ്ടായി. കൂടല്ലൂരിൽ താമസിച്ചുകൊണ്ട്‌ എം.ടിയുടെ കൃതികൾ വായിച്ചപ്പോൾ എനിക്ക്‌ കഥാ സാഹിത്യത്തോട്‌ കൂടുതൽ മമത തോന്നി. ചില പുതിയ തിരിച്ചറിവുകൾ പ്രദാനം ചെയ്യുകയും ചെയ്തു.

കൂടല്ലൂരിൽ നിന്നും 1975ൽ ഞാൻ മടങ്ങി. പിൽക്കാലത്ത്‌ ‘കൂടാരമില്ലാത്തവൻ’ എന്ന നോവൽ രചിക്കാൻ എന്നെ പ്രേരിപ്പിച്ചത്‌ ആ തിരിച്ചറിവുകളായിരുന്നു. അതുകൊണ്ടാവാം കൂടല്ലൂരിൽ നിന്നും വളരെയകലെയല്ലാത്ത മേഴത്തൂരോളം ആ കഥയിൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്‌. പി.എസ്‌.എൻ പെരിഞ്ചേരിയെ കൂടാതെ കൂടല്ലൂരിൽ ചിലർ അടുത്ത സുഹൃത്തുക്കളായി. ആ പരിചയം എം.ടിയുടെ ചില ബന്ധുക്കളോളം വരെയെത്തി. പോസ്‌റ്റുമാസ്‌റ്റർ എം.റ്റി വേലായുധൻനായർ പറഞ്ഞുഃ “ഞാനുമൊരു എം.റ്റിയാണ്‌. വാസുദേവൻനായരല്ലന്നേയുള്ളൂ.” ആ തപാലാപ്പീസ്‌ എം.ടിയുടെ പല ലേഖനങ്ങളിലും പരാമർശവിധേയമാണ്‌. പി.എസ്‌.എൻ പെരിഞ്ചേരി സ്വയമൊരു ദുരന്തനായകനായി; ഗുരുവായൂരിലെ ഒരു ലോഡ്‌ജിൽ. ‘മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നു’ തെളിയിച്ചപ്പോൾ ഞാൻ ഞെട്ടി. ഉണ്ണികൃഷ്ണൻ പുതൂരിനേയും വിലാസിനിയേയും ഒക്കെപ്പറ്റി വാതോരാതെ സംസാരിച്ച ആ മനുഷ്യൻ അങ്ങനെയൊരു വഴി കണ്ടെത്തുമെന്ന്‌ ഞാൻ തീരെ കരുതിയതല്ല. എന്റെ ആത്മവിശ്വാസക്കുറവുകൊണ്ടോ, പരിഭ്രമം കൊണ്ടോ ഞാനൊരുകഥയെഴുത്തുകാരനാണെന്നു പറയാന ധൈര്യം വന്നില്ല. എങ്കിലും ഞാനും അദ്ദേഹവുമായി സംവേദിച്ച നിമിഷങ്ങൾ എന്നെ ധന്യനാക്കിയിരുന്നു. ഞാൻ വായിച്ചുമറന്ന പലകഥയും കഥാപാത്രങ്ങളും അദ്ദേഹം വീണ്ടും ഓർമ്മപ്പെടുത്തി; പിന്നീട്‌ എനിക്കൊരു കഥാപാത്രമായി മാറിയെങ്കിലും. എം.ടിയുടെ കഥയെപ്പറ്റിയുള്ള ഗൗരവമായ ചർച്ചയല്ല ഞാനിവിടെ ഉദ്ദേശിച്ചത്‌. അദ്ദേഹത്തിന്റെ അന്യാദൃശ്യമായ രചനാവൈഭവം, ശൈലി ഇതൊക്കെ പുതിയ തലമുറയിലെ ഏത്‌ എഴുത്തുകാർക്കും മാതൃകയാണ്‌. കൂടല്ലൂരിന്റെ തെരുവോരത്ത്‌ ഒരിക്കൽകൂടി എ.ടി കാറിൽ വന്നിറങ്ങി തറവാട്ടിലേക്കു പാടം മുറിച്ചു നടക്കുമ്പോൾ ജനങ്ങൾ ആരാധനയോടെ നോക്കിനിൽക്കുന്നതു കണ്ടു. ആ കാഴ്‌ചക്കാരിൽ ഒരുവനായിരുന്നു ഞാനും; ഇന്നും കാഴ്‌ചക്കാരൻ മാത്രം.

കൂടല്ലൂരിലെ കാഴ്‌ചകൾ : ഉറവിടം – പുഴ

You may also like...

Leave a Reply

Your email address will not be published. Required fields are marked *